കെഎസ്ആർടിസി ബസുകൾക്കു നേരെ കർണാടകയിൽ അക്രമങ്ങൾ ആവർത്തിക്കുന്നു
കെഎസ്ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു പുറപ്പെട്ട യുവാവിനു തമിഴ്നാട്ടിലെ ഹൊസൂരിനു സമീപം ഷൂലെഗിരിയിലുണ്ടായ കല്ലേറിൽ ഗുരുതര പരുക്ക്.
തലയ്ക്കു പരുക്കേറ്റ എറണാകുളം പുത്തൻകുരിശ് കുറിഞ്ഞി സ്വദേശി സോനു ജോർജിനു (23) കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. തലച്ചോറിനും താടിയെല്ലിനും ക്ഷതമുണ്ട്.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെത്തിയ സോനുവും സുഹൃത്ത് ബോബിയും തിങ്കളാഴ്ച രാത്രി ഏഴിനുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ നാട്ടിലേക്കു പുറപ്പെട്ടതാണ്. ഡ്രൈവർ സീറ്റിനു പിന്നിൽ രണ്ടാം നിരയിൽ ജനാലയ്ക്കടുത്താണു സോനു ഇരുന്നത്. പുറത്തു നിന്ന് ഒരു കല്ലു സോനുവിന്റെ ചെവിയിൽ വന്നുകൊള്ളുകയായിരുന്നു. വലിയ കല്ലാണു കൊണ്ടതെന്നും ആരോ വലിച്ചെറിഞ്ഞതാണെന്നും ബോബി പറഞ്ഞു.
അതേസമയം എതിരെ വന്ന വാഹനത്തിന്റെ ടയറിൽ തട്ടി തെറിച്ചതുമാകാമെന്ന് ബസ് ഡ്രൈവർ കെഎസ്ആർടിസി അധികൃതരോടു വിശദീകരിച്ചു.
ബിഡദിയിൽ മാസങ്ങൾക്കു മുൻപു രണ്ടു കെഎസ്ആർടിസി ബസുകൾക്കു നേരെ ഒരേസമയം കല്ലേറു നടന്ന സംഭവമുണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ യാത്രികർക്കു നേരെയും കല്ലേറ് ഉണ്ടായിട്ടുണ്ട്.
നഷ്ടപരിഹാരം കിട്ടാൻ വേണ്ട സഹായങ്ങൾ ലഭ്യമാക്കുമെന്ന് എറണാകുളം കെ എസ് ആർ ടി സി ഡിപ്പോ അധികൃതർ സോനുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകി.
കർണാടകയിൽ വച്ച് കെ എസ് ആർ ടി സി ബസുകൾ ആക്രമിക്കപ്പെടുന്നതും, കവർച്ച ചെയ്യപ്പെടുന്നതുമായ സംഭവങ്ങൾ ആവർത്തിച്ചിട്ടും കേരളത്തിൽ നിന്നുള്ള ബസുകൾക്ക് സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
Source – http://www.manoramaonline.com/news/kerala/2017/10/10/injured-in-stone-pelting.html