അച്ചൻകോവിലിൻ്റെ സൗന്ദര്യം തേടി ഒരു മനോഹര യാത്ര..

By :- #പ്രശാന്ത്_കൃഷ്ണ.

ഓരോ അവധി ദിവസങ്ങളിലും ട്രിപ്പുകൾ പോകുന്നത് പതിവായതിനാൽ ഞായറാഴ്ച കഴിഞ്ഞു ഓഫീസിൽ പോകുമ്പോൾ എല്ലാവരുടെയും ആദ്യ ചോദ്യം ഇന്നലെ എവിടെയാണ് കറങ്ങാൻ പോയത് എന്നതാണ്. അങ്ങനെ ഒരു യാത്രയെ പറ്റി സംസാരിക്കുന്നതിനിടയിൽ ഓഫീസിലെ വിജയകുമാർ സാർ ഞങ്ങൾക്ക് സജസ്റ് ചെയ്ത ഒരു സ്ഥലമായിരുന്നു അച്ചൻകോവിൽ….. അങ്ങനെ ഒരു ദിവസം ഒരു അവസരം വന്നപ്പോൾ ഞങ്ങൾ അച്ചൻകോവിൽ യാത്രയ്ക്ക് പ്ലാൻ ചെയ്തു. പെട്ടന്നുള്ള യാത്ര ആയതിനാൽ ആരൊക്കെ ഉണ്ടാകും എന്ന ആശങ്കയായിരുന്നു മനസ്സിൽ എന്തായാലും എന്റെ ബൈക്കിന്റെ പുറകിൽ ഒരാൾ കാണും , അനന്ദു ഞങ്ങൾ രണ്ടുപേർ പോകാൻ തീരുമാനിച്ച യാത്രയിൽ പുതുതായി 4 അതിഥികൾ കൂടി അവസാനനിമിഷം വന്നുചേർന്നു. അനന്ദുവിന്റെ രണ്ടു സുഹൃത്തുക്കളും പിന്നെ നമ്മുടെ സ്വന്തം അപ്പു, കണ്ണൻ എന്നിവരും….. അങ്ങനെ ആദ്യമായി നമ്മുടെ യാത്ര സംഘത്തിൽ 6 പേരായി…..

24-06-2018 നു രാവിലെ 7 am നു ഞങ്ങൾ അച്ചൻകോവിൽ യാത്ര ആരംഭിച്ചു. സ്ഥിരം പോകുന്ന റൂട്ട് ആയതിനാൽ ഞങ്ങൾ ഇത്തവണ തെന്മല വഴിയുള്ള യാത്ര തിരഞ്ഞെടുക്കാതെ പുനലൂർ വഴിയാണ് പോയത് . കഴിഞ്ഞ യാത്രയിൽ തീരുമാനിച്ചതാണ് ഇനി അടുത്തെങ്ങും തെന്മല വഴി ഒരു യാത്രയ്ക്കില്ലെന്നു…. അങ്ങനെ പുനലൂർ വഴി അച്ചൻകോവിൽ ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഞായറാഴ്ചയും പോരാത്തതിന് രാവിലെയും ആയതിനാൽ റോഡിൽ അധികം വാഹനങ്ങളുടെ ശല്യമില്ല. വളരെ ശാന്തമായി റൈഡ് ചെയ്യാനായി ആയൂർ ചെന്ന് പുനലൂർ റൂട്ട് തിരിഞ്ഞു പുനലൂർ തൂക്കുപാലം കാണാനായി അല്പസമയം അവിടെ ഇറങ്ങി …..

ഞാൻ വീട്ടിൽ നിന്ന് രാവിലെ തന്നെ കാപ്പിയൊക്കെ കുടിച്ചിട്ടാണ് ഇറങ്ങിയത് അതുകൊണ്ടു തന്നെ വിശപ്പും തോന്നിയിരുന്നില്ല എന്നാൽ കൂടെയുണ്ടായിരുന്നവർക്കു വിശപ്പു തോന്നിയതുകാരണം അവർ ഒരു ചെറിയ ചായക്കടയിൽ നിന്ന് രാവിലത്തെ കാപ്പികുടി കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു . റോഡൊക്കെ വളരെ മോശം അവസ്ഥയിലാണ് പിന്നെ അല്പം ഓഫ്‌റോഡ് ഇല്ലെങ്കിൽ പിന്നെ എന്ത് യാത്ര ….തോട്ടങ്ങൾക്കു നടുവിലൂടെ ഞങ്ങളുടെ മൂന്നു ബൈക്കുകൾ അച്ചൻകോവിൽ ലക്ഷ്യമാക്കി സഞ്ചരിച്ചു. തോട്ടങ്ങൾ കഴിഞ്ഞു കുറെ ദൂരം യാത്ര തുടർന്നപ്പോൾ ആ കാനന സൗന്ദര്യം കാണാൻ തുടങ്ങി.ആ സൗന്ദര്യത്തിനു മാറ്റുകൂട്ടുമ്പോലെ രണ്ടു മയിലുകൾ കണ്ണിനു വിരുന്നായി, സത്യത്തിൽ അപ്പോഴാണ് യാത്രയ്ക്ക് ഒരു ഉണർവ് തോന്നിത്തുടങ്ങിയത്. ഇടയ്ക്കു ആ കാനന സൗന്ദര്യം ആസ്വദിക്കാനായി ഞങ്ങൾ ബൈക്കിൽനിന്നു ഇറങ്ങി അപ്പോഴേയ്ക്കും അപ്പു ഫോട്ടോഷൂട്ട് തുടങ്ങിയിരുന്നു. കൂടെ ഞങ്ങളും കൂടി. ഫോട്ടോഷൂട്ടും തമാശകളുമായി സമയം പോയതറിഞ്ഞില്ല വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്തു… അല്പം മുന്നോട്ടുപോയതും എന്റെ ബൈക്കിനു മുന്നിലൂടെ ഒരു മൂർഖൻ പാമ്പ് ക്രോസ്സ് ചെയ്തപോയി . പുറകെ വന്നവർ അത് കണ്ടില്ല. വീണ്ടും കണ്ടു റോഡിൽ ഒരു രണ്ടുമൂന്നു പാമ്പുകളെ കൂടി … സത്യം പറയാമല്ലോ മനസ്സിൽ പ്രതീക്ഷിച്ചത് വേറെ പല അതിഥികളെയുമാണ്…

അവസാനം ഞങ്ങളുടെ യാത്ര അച്ചൻകോവിൽ ക്ഷേത്രത്തിലെത്തി … ബൈക്കുകൾ ഒതുക്കി ആ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം കാണാനായി ഞങ്ങൾ അകത്തുകയറി…. വളെരെ മനോഹരമായ ക്ഷേത്രം, ക്ഷേത്രനിര്മാണവും മനോഹരം തന്നെ…. ഒരു പ്രേത്യേക സുഖമുണ്ട് അകത്തു നിൽക്കുമ്പോൾ ദർശനം കഴിഞ്ഞു ഞങ്ങൾ ഇറങ്ങി നേരെ മണലാർ വെള്ളച്ചാട്ടം കാണുന്നതിനായി യാത്ര തുടർന്നു. അച്ചന്കോവിലിലെ മറ്റൊരു മനോഹരമായ വെള്ളച്ചാട്ടമായ കുംഭാവരട്ടി കാണാൻ ഭാഗ്യമില്ലാതെ പോയ വിഷമം മനസ്സിലുണ്ടായിരുന്നു. ചില സുരക്ഷാ കാരണങ്ങളാൽ അതിപ്പോൾ സഞ്ചാരികൾക്കായി തുറന്നു തുറന്നുകൊടുക്കുന്നില്ല എന്ന് നേരത്തെ തന്നെ അറിയാൻ കഴിഞ്ഞു. എന്നാലും മണലാർ എന്ന മറ്റൊരു വെള്ളച്ചാട്ടവും അച്ചൻകോവിലിൽ ഉണ്ട് അത് കാണാമല്ലോ എന്ന് വിചാരിച്ചു ഞങ്ങൾ മണലാർ ലക്ഷ്യമാക്കി യാത്രതുടർന്നു.

അച്ചൻകോവിൽ മുതൽ മണലാർ വരെ ആറിന് കുറുകെ ഒരുപാട് തടയണകൾ കാണാം. സഞ്ചാരികളെല്ലാം ഓരോ തടയണകളിൽ ആസ്വദിച്ചു കുളിക്കുന്നുണ്ട് . റോഡിൽ ഇടയ്ക്കിടെ ചെറിയ ചപ്പാത്തുകൾ ഉണ്ട്… അതെല്ലാം കണ്ടും ആസ്വദിച്ചും ഞങ്ങൾ മണലാർ എത്തി അവിടെ സഞ്ചാരികളുടെ നല്ല തിരക്കുണ്ട് ഞങ്ങൾ ബൈക്കുകൾ ഒതുക്കിവച്ച ശേഷം വെള്ളച്ചാട്ടത്തിലേക്ക് നടന്നു റോഡിൽനിന്നും കഷ്ടിച്ച് ഒരു 500 മീറ്റർ കാണും വെള്ളച്ചാട്ടത്തിലേക്ക്. നല്ല തിരക്കുണ്ട് രണ്ടുമൂന്നു തട്ടുകളുണ്ട് വെള്ളച്ചാട്ടത്തിനു. ഞങ്ങൾ അതിന്റെ ഏറ്റവും മുകളിൽ കയറി അവിടെയാണെങ്കിൽ തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളുടെ തിക്കും തിരക്കും. നല്ല ഭംഗിയുള്ള വെള്ളച്ചാട്ടം കണ്ടപ്പോൾ തന്നെ കുളിക്കാൻ തോന്നി ഞാനും കണ്ണനും അപ്പുവും ചാടിയിറങ്ങി കുളിതുടങ്ങി ഒരു രക്ഷയുമില്ല…. ഞങ്ങൾ കുറെ നേരം കുളി ആസ്വദിച്ചു അതിനു ശേഷം മറ്റുള്ളവരുടെ ഊഴമായിരുന്നു…. എല്ലാവരും കുളികഴിഞ്ഞശേഷം ഞങ്ങൾ അവിടുന്ന് നേരെ തമിഴ്നാട് ബോർഡർ വരെ പോയി….. കാട്ടിലൂടെയുള്ള ആ യാത്ര വളരെ ആസ്വാദ്യകരമായിരുന്നു….. തമിഴ്നാട് ബോർഡർ വരെ പോയശേഷം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു……..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply