മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു ബോർഡില്ലാ കട. പക്ഷേ മനോഹരമായൊരു പേരുണ്ട് മാളൂട്ടി. വിജയൻ ചേട്ടൻ മകളെ സ്നേഹത്തോടെ വിളിക്കുന്ന ആ പേര്. 1983 മുതൽ വിജയൻ ചേട്ടൻ മാളൂട്ടി ചിക്കൻ കോർണറിലുണ്ട്. പാലോട്ടുവിളയിൽ പലയിടങ്ങളിലായി മാറി ഈ ഒറ്റ മുറി കടയിൽ വന്നിട്ട് 15 വർഷമായി. 37 വർഷത്തെ പാചക അനുഭവങ്ങളുമായി ഇപ്പോൾ ഈ ലോക്ക്ഡൗണിലും ഭക്ഷണപ്രേമികൾക്ക് ഒരു വിരുന്നായി നമ്മളേയും കാത്തിരിക്കുന്നു.

ഈ വർഷം മാർച്ച് 7 നാണ് ആദ്യമായി പോയത്. വൈകുന്നേരം ഒരു നാല് മണി കഴിഞ്ഞ് കുടംബസമേതം ആണ് എത്തിയത്. വലിയ മേശയുടെ അരികിലെ കസേരകളിൽ നമ്മൾ നാല് പേർ സ്ഥാനം പിടിച്ചു. ഉച്ചയ്ക്ക് ഒന്നും കഴിച്ചിരുന്നില്ല. പെറോട്ട, ഹാഫ് ചിക്കൻ പെരട്ട്, ഹാഫ് ചിക്കൻ ഫ്രൈ, ബീഫ് റോസ്റ്റ് ഇവയാണ് വാങ്ങിയത്. എല്ലാം കൊള്ളാം. ഒന്നും മോശമല്ല. എങ്കിലും എന്തോ നല്ല വിശപ്പുണ്ടായിരുന്നിട്ടും അടിപൊളി എന്ന് ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ഉള്ള ഒരു അനുഭവം അന്ന് ആ ദിവസം ഉണ്ടായില്ല. വിജയൻ ചേട്ടനോട് അനുഭവങ്ങൾ പങ്ക് വച്ചു, വിശേഷങ്ങൾ തിരക്കി വീണ്ടും വരാമെന്ന ഉറപ്പോടെ സ്നേഹപൂർവ്വം പടിയിറിങ്ങി.

അങ്ങനെയൊരു ലോക്ക്ഡൗൺ ദിനത്തിന് മുമ്പ് ബീഫ് പാഴ്സലായി വാങ്ങിക്കാൻ ചെന്നപ്പോൾ അത് തീർന്നിരുന്നു. വിട്ടില്ല. ലോക്ക്ഡൗണിന്റെ ഈ ദിനങ്ങളിൽ മെയ് 20 ന് വീണ്ടും ചെന്ന് ഒരു ബീഫ് പാഴ്സലായി വാങ്ങി. ഭാഗ്യം അത് ലാസ്റ്റ് ബീഫായിരുന്നു. എന്റെ പുറകിൽ നിന്ന ആൾക്ക് കിട്ടിയില്ല. മാസ്ക്ക് ഉണ്ടായിരിന്നിട്ടും ചേട്ടൻ എന്നെ തിരിച്ചറിഞ്ഞത് എനിക്കൊരു അദ്‌ഭുതമായി.

വീട്ടിൽ ചെന്ന് പൊതി തുറന്നു. ആ ഗ്രേവി എടുത്ത് ചുണ്ടിൽ വച്ചപ്പോഴേ തലയിൽ നൂറ് ബൾബുകൾ കത്തി. കിടുക്കാച്ചി. ഇപ്രാവശ്യം ശരിക്കും പൊളിച്ചു. ചേട്ടനെ സംതൃപ്തിയോടെ സ്മരിച്ച് ആ ബീഫ് നമ്മളെല്ലാം കൂടി അങ്ങ് തട്ടി. ആമ്പിയൻസ് ഒന്നും പ്രതീക്ഷിച്ച് അവിടെ ആരും പോകേണ്ട. ഇപ്പോൾ അതിന് ഒരു സ്ഥാനവും ഇല്ലെന്നത് വേറെ കാര്യം. മുമ്പ് പറഞ്ഞത് പോലെ ഒരു ഒറ്റ മുറി കടയാണ്. ഒരു ഏഴ് പേർക്ക് ഇരിക്കാം. പുറത്ത് ബോർഡ് ഒന്നും തന്നെ വച്ചിട്ടില്ല. കൂടുതലും പാഴ്സലകളുടെ ബഹളമാണ്. ഇപ്പോൾ ഈ ലോക്ക്ഡൗൺ സമയത്ത് പാഴ്സലുകൾ മാത്രമേ ഉള്ളു.

മുൻപ് രാവിലെ 10 മണി മുതൽ 9 മണി വരെ പ്രവർത്തിച്ചിരുന്നത് ഇപ്പോൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയാണ്. വിഭവങ്ങൾ പഴയത് പോലെ പെറോട്ട, ബീഫ് റോസ്റ്റ്, ചിക്കൻ ഫ്രൈ, ചിക്കൻ പെരട്ട്. മായമില്ലാതെ വീട്ടിലെ പോലെ വിശ്വസിച്ച് കഴിക്കാമെന്നാണ് സ്വന്തം അനുഭവം.

താൻ ഉണ്ടാക്കുന്നത് ഒരു തരി മായം ഉണ്ടായിരിക്കരുതെന്നും അത് മറ്റുള്ളവർ നൂറ് ശതമാനം ഇഷ്ടത്തോടെ കഴിക്കണമെന്ന് കരുതലോടെ ആത്മാർത്ഥതയോടെ ഭക്ഷണം ഉണ്ടാക്കുന്ന വിളമ്പുന്ന ഒരു പക്കാ നാട്ടിൻപുറത്തുകാരന്റെ ശൈലികളുള്ള സഹൃദയനായ വിജയൻ ചേട്ടൻ. വിജയൻ ചേട്ടന്റെ കൂടെ വർഷങ്ങളായി ചേട്ടന്റെ സ്വന്തം ചേട്ടനായ രാമചന്ദ്രൻ ചേട്ടനും കൂടെയുണ്ട്. ഞായറായ്ഴ്ച കടയില്ല.

ലൊക്കേഷൻ: പേയാട്, തച്ചോട്ടുക്കാവ് നിന്ന് മലയൻകീഴ് പോകുമ്പോൾ മലയൻകീഴ് ജംഗ്ഷൻ എത്തുന്നതിന് ഒരു അര കിലോമീറ്റർ മുന്നിലായി വലതുവശത്ത്, പാലോട്ടുവിള എന്ന സ്ഥലത്ത്. അതു വഴി പോകുമ്പോൾ ഈ കടയും മറക്കണ്ട. രുചികൾ ഇവിടേയും ഒളിഞ്ഞിരിപ്പുണ്ട്.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply