ലക്ഷ്യമല്ല പോവുന്ന വഴിയാണ് ആസ്വദിക്കേണ്ടത് എന്നു മനസ്സിലാക്കിത്തന്ന ഒരു യാത്ര..

ഇത് ഒരു വല്യ യാത്ര വിവരണം ഒന്നും അല്ല ( ന്റ്റെ ഭാര്യനേം കൂട്ടി ഒരു റൈഡ് അത്ര ഒള്ളു ).. ഇനി ഊട്ടി പോവുന്നവർക്ക് പരീക്ഷിക്കാവുന്ന.. അല്ല തീർച്ചയായും പോവേണ്ട ഒരു റൂട്ട് ആണ്.ഒരു സുഹൃത്ത് (ശരത്ത്) പറഞ്ഞു തന്ന റൂട്ട് ആയിരുന്നു. ഒരു ഇരുപത് കിലോമീറ്റര് ദൂരം കൂടുമെങ്കിലും അതൊന്നും ഒന്നും അല്ല എന്ന് വഴിയേ നിങ്ങൾക്ക് മനസ്സിൽ ആവും.

വെളുപ്പാൻകാലത് 4 മണിക്ക് ഞങ്ങടെ നാട്ടിൽ നിന്ന് പുറപ്പെട്ടു അതായത് മേല്പത്തൂർ നിന്ന്.എപ്പോഴും പോവുന്ന നിലംബൂർ ഗുഡല്ലൂർ റൂട്ടിൽ അല്ല..ഒന്ന് മാറി അട്ടപ്പാടി വഴി പോവാം വിചാരിച്ചു. റോഡ് ഒഴിഞ്ഞു കിടക്കുന്നത് കൊണ്ടാകാം 5 മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ പെരിന്തൽമണ്ണ കഴിഞ്ഞു മണ്ണാർക്കാട് റോഡിൽ കയറി.. വൃശ്ചികമാസം നല്ലോണം അറിയാൻ ഉണ്ട്. നല്ല തണുപ്പും മഞ്ഞും.. .ഭാര്യയോട് ഒന്ന് ചേർന്ന് ഇരിക്കാൻ പറഞ്ഞു. മുൻപോട്ട് നോക്കിയാൽ ഒന്നും കാണാൻ ഇല്ല..വേഗത ഒന്ന് കുറച്ചു.

സമയം 7:30 – 8 ആയിക്കാണും.. തണുപ്പും മഞ്ഞും എവിടേക്കോ പോയി മറഞ്ഞു.മണ്ണാർക്കാടും കഴിഞ്ഞു അട്ടപ്പാടി എത്താറായി..ചെറിയ ഒരു ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു..നല്ല ഒരു ഗ്രാമാന്തരീക്ഷം.. റോഡ് തീരെ ചെറുതായി.കൊറേ നിഷ്കളങ്കരായ ആളുകളെ കാണാൻ ഉണ്ട്
റോഡിന്റെ ഇരു വശവും.. അട്ടപ്പാടിയും കഴിഞ്ഞു മുള്ളി എത്താറായി…

പോവുന്ന വഴിക്കെല്ലാം നല്ല മനോഹരമായ പുഴയും കുന്നും മലയും.. ആസ്വദിക്കേണ്ട കാഴ്ച തന്നെ… പുഴ ഞങ്ങളുടെ കൂടെ ഒഴുകി വരുന്ന പോലെ തോന്നി.. ബുള്ളറ്റ് ഇനി അവളോടിക്കാം പറഞ്ഞപ്പോ ഞാൻ കൊടുത്തു.. കുഴപ്പമില്ലാതെ ഓടിക്കുന്നുണ്ട്. കുറച്ചു ദൂരം അവൾ ഓടിച്ചു, അപ്പോഴേക്കും ബോർഡർ എത്തി. ചെക്പോസ്റ്റിൽ ഇറങ്ങി RC യും ലൈസൻസും കാണിച്ചു..ഗേറ്റ് പൊക്കി.. ഗേറ്റിനു അപ്പുറത്തു എത്തിയപ്പോ വല്ല പറമ്പിലേക്കും ഇറങ്ങിയ പോലെ.. ടാറും ഇല്ല ഒന്നും ഇല്ല.. കുറച്ചു ദൂരം ആ പറമ്പിലൂടെ പോയപ്പോൾ തമിഴ്നാടിന്റെ ഊഴം എത്തി.. അവർ ഗേറ്റ് തുറന്നു തരാൻ വേണ്ടി ഇരുപത് രൂപ ചോദിച്ചു..ഞാൻ ഇരുപത് ഇല്ല പത്തു രൂപ ഒള്ളു ചില്ലറ പറഞ്ഞപ്പോ അതും വാങ്ങി ഗേറ്റ് തുറന്നു..(പൈസ കൊടുക്കേണ്ട ആവശ്യം ഒന്നും ഇല്ല.. അയാളെ കണ്ടപ്പോ കൊടുക്കാൻ തോന്നി ). 10 രൂപയുടെ നന്ദി അയാൾ കാണിച്ചു.. ശ്രദ്ധിച്ചു പോണം,ആന ഉണ്ടാവും, വളവെല്ലാം നോക്കി ഓടിക്കണം എന്നൊക്കെ പറഞ്ഞു.

ഇനി ആണ് മഞ്ചുരിലേക്ക് കയറുന്നത്. 43 ഹെയർപിൻ വളവ്.. ഓരോന്നും കയറും തോറും ഭംഗി കൂടിക്കൂടി വന്നു. കൂടെ തണുപ്പും..ഊട്ടി എത്തിയ ഒരു ഫീലിംഗ് ആയിരുന്നു. കോടമഞ്ഞു പൊങ്ങി പൊങ്ങി വരുന്നത് നമുക്ക് കാണാൻ കഴിയും..ഒരു ഹെയർപിൻ കയറിയതും മുൻപിൽ ഒരു കാട്ടുപോത്ത്. ഒന്ന് പേടിച്ചു. പക്ഷെ അത് കാട്ടിലേക്ക് തിരികെ ഓടി കയറി. കാമെറയിൽ പകർത്താൻ കഴിഞ്ഞില്ല..കറുപ്പും ചെമ്പൻ കളറും ചേർന്ന ഭംഗി ആയിരുന്നു അതിനു. കുറച്ചു ദൂരം പോയപ്പോൾ ഉടുമ്പും.. പോവുന്ന വഴിയിലെല്ലാം ആന ഒടിച്ചിട്ട മരച്ചില്ലകളും കൊറേ ചൂടാറാത്ത ആനപിണ്ഡവും കണ്ടു. ചെറിയ പേടി ഉള്ളിൽ ഒതുക്കി ഞങ്ങൾ മുന്നോട്ട് പോയി.

അങ്ങനെ മഞ്ചൂരിന്റെ ഭംഗി ആസ്വദിച് ഊട്ടിയിലെത്തി. OYO റൂംസ് ബുക്ക് ചെയ്തത് കൊണ്ട് നേരെ അവിടേക്ക് പോയി.. ഭാര്യ കൂടെ ഉള്ളത് കൊണ്ട് നാളെ മടങ്ങാം വിചാരിച്ചു.പിറ്റേ ദിവസം കുതിര സവാരി യും ബോട്ടിങ്ങും ചെയ്തിട്ട്, ബൊട്ടാണിക്കൽ ഗാർഡൻ,വാക്സ് വേൾഡ്,ത്രെഡ് വേൾഡ്,ദൊഡ്ഡബേട്ട പീക്ക്, ഷൂട്ടിങ്ങ് പോയിന്റ് എല്ലാം സന്ദർശിച്ചിട്ട് ഉച്ചക്ക് 3 മണി ആവുമ്പൊ മസിനഗുഡി – ഗൂഡല്ലൂർ വഴി യാത്ര തിരിച്ചു.

ഊട്ടിയിൽ നിന്ന് കുരങ്ങുകൾക്ക് വാങ്ങിയ 5 കിലോ ചെറുപഴം കയ്യിൽ പിടിച്ചാണ് ഭാര്യയുടെ ഇരിപ്പ്. ഒരു 6 KM കൂടുമെങ്കിലും മസിനഗുഡി ഒരു നഷ്ടമേ അല്ല. 36 ഹെയർപിൻ ബെന്റുകൾ ഉണ്ട്. ഓരോന്നും ആസ്വദിച്ചു ഇറങ്ങി കൊണ്ടിരുന്നു…കുരങ്ങു കൂട്ടത്തെ കണ്ടപ്പോ വണ്ടി നിർത്തി..വണ്ടിയിൽ ഇരുന്നു തന്നെ പഴം ഇട്ടു കൊടുക്കാൻ തീരുമാനിച്ചു. 10 – 15 എണ്ണം കൊടുത്തപ്പോഴേക്കും എവ്ടെന്ന അറിയില നൂറുകണക്കിന് കുരങ്ങന്മാർ ഓടി വരുന്നു..പഴം എല്ലാം കൂടെ അവിടെ ഇട്ടു ഞങ്ങൾ വണ്ടി എടുത്തു പാഞ്ഞു…

 

ഗുഡല്ലൂർ എത്തിയപ്പോ ഒറ്റക്ക് നിന്ന് കൊണ്ട് റിലാക്സ് ആയി പട്ട തിന്നുന്ന കാട്ടാനയെ കണ്ടു.. ഹാവു… ഇത്രേം നേരം പിണ്ഡം മാത്രം കണ്ടുള്ളു ഇപ്പൊ കാണാൻ പറ്റിയല്ലോ.. ചെറിയ പേടി ഉള്ളിൽ ഒതുക്കി സെൽഫിയും വീഡിയോയും എല്ലാം എടുത്തു. വഴിയരികില്ലെല്ലാം മാൻ കൂട്ടങ്ങളും കുരങ്ങന്മാരും കൂടെ തന്നെ ഉണ്ടായിരുന്നു.. എടക്കര – നിലമ്പൂർ – മഞ്ചേരി വഴി ഞങ്ങൾ തിരികെ വീട്ടിൽ എത്തിയപ്പോഴേക്കും അമ്മ ഭക്ഷണം എല്ലാം ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു..

© വിപിന്‍ അപ്പു

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply