കോട്ടഗുഡിയിൽ ഒരു മഴക്കാലത്ത്…

യാത്രാവിവരണവും ചിത്രങ്ങളും – രഞ്ജിത്ത് റാം റോണി.

എന്നാ പിന്നെ ഇങ്ങോട്ട് പോര് ഭായ്, പതിവ് പോലെ ഒന്നങ്ങോട്ടു(ഇടുക്കി )വന്നാലോ എന്ന ചോദ്യത്തിന് സലീമിന്റെ മറുപടി..ഇത്തവണ കാര്യങ്ങളെല്ലാം അനുകൂലം, വീടീന്ന് കുറച്ചകലെയുള്ള സലീമിന്റെ സുഹൃത്തും വരാമെന്നു പറഞ്ഞിട്ടുണ്ട്.. ഇത്തവണത്തെ റൈഡിനൊരു പ്രത്യേകതയുള്ളതു പഴയതു പോലെ അങ്ങോട്ട്‌ ഇറങ്ങി പോവാൻ പറ്റില്ല വേറൊന്നുമല്ല ഒരു കല്യാണം കഴിച്ചു, അമ്മയ്ക്കു നമ്മുടെ ഊരു തെണ്ടലിനെ കുറിച്ചു ഏറെ കുറേ അറിയാം അതു കൊണ്ട് ആ ഭാഗം ഡബിൾ ഓക്കേ… പുതുതായി വന്ന ആൾക്ക് കുറച്ചൊക്കെ അറിയാമെങ്കിലും നാളെ ഞാൻ ഒരു യാത്ര പോവുന്നു മൂന്നു ദിവസം കഴിഞ്ഞേ വരൂ എന്നൊക്കെ പറഞ്ഞാൽ എത്രത്തോളം ദഹിക്കുമെന്നറിയില്ല.. എന്തായാലും നുമ്മട ബഡിയെ(pulsar 150) കൊണ്ട് വർക്ക് ഷോപ്പിൽ കാണിച്ചു റെഡിയാക്കി ഇറക്കി വൈകുന്നേരം ആവുന്നതും കാത്തിരുന്നു.. ഭാര്യയെ കോളേജിൽ നിന്നു വിളിച്ചു കൊണ്ട് വരുന്ന വഴി കാര്യം പറഞ്ഞു, ആദ്യം ഒന്നു അമ്പരന്നെങ്കിലും പുള്ളിക്കാരി ഓക്കേ പറഞ്ഞു..(പറഞ്ഞിട്ടും കാര്യമില്ലെന്നറിഞ്ഞിട്ടാവും).. രാത്രി കൂടെ വരാമെന്നേറ്റ കൂട്ടുകാരന്റെ വിളി വന്നു എമർജൻസി വരാൻ കഴിയില്ല.. അപ്പോ പതിവ് പോലെ ഞാനും ബഡിയും പിന്നെ പുതിയ കൂട്ടുകാരൻ Nikon D750യും..

രാവിലെ നേരത്തെ തന്നെ ഇറങ്ങാമെന്നാണ് കരുതിയേ, ഇറങ്ങുമ്പോഴേ മണി ഒന്ന് കഴിഞ്ഞു.. ഫുഡ് കഴിക്കാൻ നിൽക്കാതെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.. ഒരു സ്മൂത്ത്‌ റൈഡ്, പഴയ പോലെ വേഗതയൊന്നുമില്ല കടിഞ്ഞാൺ വീണു, വഴിയരികിലൊന്നും നിൽക്കാതെ ലക്ഷ്യ സ്ഥാനത്തേയ്ക്ക്..പൊള്ളാച്ചി വഴി ഉടമൽപ്പേട്ടയിൽ നിന്നു മൂന്നാർ റൂട്ടിലേയ്ക് കയറി അപ്പോഴാ ആലോചിച്ചേ..വേഗതയ്ക്കു അത്ര കുറവൊന്നും വന്നിട്ടില്ല.. പക്ഷേ ഇനിയങ്ങോട്ട് തനിയെ കുറഞ്ഞോളും അമരാവതി ഡാം റോഡിൽ നിന്നും ആനമലൈ കാട്ടിലോട്ട് കയറി,ഇരു വശത്തും പുളി മരങ്ങൾ നിറഞ്ഞ ഈ വഴികളിലൂടെ എത്ര തവണ ബൈക്കോടിച്ചാലും മതിയാവില്ല കത്തുന്ന വെയിലിൽ അവരു നിങ്ങളെ സംരക്ഷിക്കും, വികസനത്തിന്റെ പേരിൽ തമിഴ്‌നാടും മരങ്ങളെല്ലാം ഇപ്പോൾ വെട്ടി മാറ്റാൻ തുടങ്ങിയിട്ടുണ്ട്, ഇതിന്റെ ചിത്രങ്ങൾ എടുക്കാൻ മാത്രം ബൈക്കുമായി പലതവണ ഈ വഴി വന്നിട്ടുണ്ട്..

തമിഴ്നാട് ചെക്പോസ്റ്റിനു മുന്നേ വലതു വശത്തൊരു ഓലപ്പുരയിലൊരു ഭക്ഷണശാല ഉണ്ട്, കൗസൂന്റെ കട എന്ന് ഞങ്ങൾ പറയും.. ചിന്നാർ -മൂന്നാർ യാത്രകളിൽ മിക്കവാറും ഭക്ഷണവും ചായയുമൊക്കെ അവിടെ നിന്നായിരിക്കും, ഒരിക്കലൊരു യാത്രയിലാണ് അവിടെ ചെന്ന് കയറുന്നതും ഓരോ തവണയും അണ്ണാ അണ്ണാ (സഹോദരൻ ) എന്ന് വിളിച്ച് വളരെ നല്ല രീതിയിൽ നമ്മളെ സത്കരിക്കും ഒപ്പം നമ്മള് സാധാരണ കഴിക്കുന്നതിനെക്കാളും കൂടുതൽ കഴിപ്പിക്കാനും.. ഒരു കുഞ്ഞു മാർക്കറ്റിംഗ് 😉 ഇങ്ങനെയൊക്കെ ആണേലും രുചിയുടെ കാര്യത്തിലൊരു വിട്ടു വീഴ്ച്ചയില്ല.. കൗസല്യേ അവിടെയൊന്നും കണ്ടില്ല കോളേജിൽ പോയിരിക്കുവാന് ആളൊരു ബി. കോം കാരിയാണ്..

ഫുഡ് കഴിഞ്ഞു ചിന്നാറിലേയ്ക്, തമിഴ്‌നാട് ചെക്പോസ്റ്റിൽ(എൻട്രൻസ് ) ഒന്നും ചോദിച്ചില്ല… ബൈക്ക് പതിയെ തിരുപ്പൂർ റേഞ്ച് കാടുകകളിലൂടെ നീങ്ങി (വേഗത 30 കി. മി )അല്ലേലും കാട്ടിലൂടെ വേഗതയിൽ പായുന്നതിനോട് എനിക്ക് പണ്ടേ യോജിപ്പില്ല.. കണ്ണിനു വിരുന്നായി ഇടയ്ക്കു കാണുന്ന ബിഗ് ബോസുകളെയൊന്നും(ആനക്കൂട്ടങ്ങൾ ) വഴിയിൽ കണ്ടില്ല തമിഴ്‌നാട് അതിർത്തി കഴിഞ്ഞു കേരള എക്സൈസ് ചെക്പോസ്റ്റിൽ പതിവില്ലാതെ തടഞ്ഞു.. ബാഗ് തുറന്നു നോക്കി പൊയ്ക്കോളാൻ പറഞ്ഞു… ചിന്നാർ കേരള ചെക്പോസ്റ്റിൽ നമ്പറും പേരും എഴുതി പരിചയക്കാരോട് വിശേഷങ്ങൾ ആരാഞ്ഞു വീണ്ടും ബൈക്ക് പതിയേ മുന്നോട്ടു നീങ്ങി നാലരയോടെ മറയൂർ എത്തി,അന്ന് അവിടെ താങ്ങാനാണ് പ്ലാൻ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സലീമും എത്തി..കൂട്ടുകാരന്റെ റിസോർട്ടിൽ അന്ന് രാത്രി ശുഭനിദ്ര.. Zzzzzzzzzz…. Goodnit.

രണ്ടാം ദിനം കിഴക്കു വെള്ള കീറി.. അതൊന്നും കണ്ടില്ല എഴുന്നേൽക്കുമ്പോൾ ഇച്ചിരി വൈകി രാവിലെ ഒരു ചെറിയ ട്രെക്കിങ്ങും ചിത്രങ്ങളുമായി അവിടെ നിന്നിറങ്ങി.. ബൈക്കുമായി പോവുന്നത് റിസ്കാണെന്നു തോന്നി..
കനത്ത മഴ, സാഹസികത അപകടമാവും പ്രത്യേകിച്ച് ക്യാമറ ബാഗ് റെയിൻ പ്രൂഫ് അല്ലാത്ത അവസ്ഥയിൽ.. അവിടെയൊരു ചേട്ടന്റെ വീട്ടിൽ ബഡിയെ കയറ്റി യാത്ര പറഞ്ഞു.. (ഇച്ചിരി സങ്കടത്തോടെയാണേലും )
കാറിലിരുന്നുള്ള യാത്രകൾ എനിക്കധികം സുഖകരമല്ല,വേറെ വഴിയില്ലാത്തതു കൊണ്ട് യാത്ര തുടർന്ന്.. മറയൂരിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു നേരെ മൂന്നാറിലോട്ട് യാത്ര തുടർന്ന്.. ഇടയ്ക്കൊരു വെള്ളചാട്ടം കാണിച്ചു തന്ന് അതിനടിയിൽ പോവണോ എന്നൊരു ചോദ്യം കേട്ട പാതി കേൾക്കാത്ത പാതി ചാടിയിറങ്ങി ഒരു പ്രൈവറ്റ് എസ്സ്റ്റേറ്റിനകത്തു കൂടെ അവിടെ ചെന്ന് നല്ലൊരു കുളി പാസ്സാക്കി വീണ്ടും യാത്ര തുടർന്ന്.. മുന്നാറിൽ നിന്ന് പെട്രോളും രണ്ടു പായ്ക്കറ്റ് മാഗിയും വാങ്ങി ടോപ്പ് സ്റ്റേഷൻ റൂട്ടിലോട്ടു തിരിഞ്ഞു.

സമയം അഞ്ചു മണി കഴിഞ്ഞു.. കാർമേഘങ്ങൾ മൂടി കെട്ടി നില്കുന്നു.. മെയ്യിൻ റോഡിൽ നിന്നും കാട്ടിലൂടെ നാലു കി. മി നടന്നു വേണം ക്യാപ് സൈറ്റിലെത്താൻ.. കാർ പതുകെ മാട്ടുപ്പെട്ടി ഡാം കഴിഞ്ഞു തിരക്കിലൂടെ മുന്നോട്ട് നീങ്ങികൊണ്ടിരുന്നു.. എങ്ങിനെയെങ്കിലും കാറിൽ നിന്നിറങ്ങി നടന്നാൽ മതിയായിരുന്നു,കാറിന്റെ ഡോർ ചില്ലുകൾ താഴ്ത്തി മഴ തുള്ളികളെ ആവോളം ആസ്വാദിച്ചു, പോവുന്ന സ്ഥലത്തെ കുറിച്ച് അധികം വിവരങ്ങളൊന്നും സലീം നൽകിയിലാരുന്നു..ഞാൻ ചോദിച്ചതുമില്ല.(ഒന്ന് മാത്രം സ്ഥലം ലീഗലാണോ എന്ന് ) യെല്ലപ്പെട്ടി എന്ന ബോർഡ് വഴിയരുകിൽ കണ്ടപ്പോൾ ഒരു ആശ്വാസം നടക്കാലോ.. യെല്ലപെട്ടിയിലെ ഒരു ചായക്കടയ്ക്കു സമീപം വാഹനം ഒതുക്കി നിർത്തി ടെന്റും ചെയറുകളും പുറത്തെടുത്തു തോളിൽ തൂക്കി നടക്കാൻ തുടങ്ങി, ഇരുൾ വീഴുന്നതിന് മുന്നേ ക്യാംപിലെത്തണം സലീം ആരോടെന്നില്ലാതെ പറഞ്ഞു ..

ക്യാമറയും മറ്റും തോളിൽ തൂക്കി നടത്തം തുടങ്ങി…കുറച്ചു മാസങ്ങളായി ട്രക്കിങ്ങും നടത്തവും ഒന്നും ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും ഫീൽ ചെയ്യുന്നുണ്ട്.. ശരീരത്തെ മറന്നു ആവേശം പാടില്ല.. നടത്തം പതുക്കെയാക്കി…യെല്ലപ്പെട്ടി ഊരിലൂടെ നടക്കുമ്പോൾ അവിടുത്തെ മനോഹരമായ കൃഷി സ്ഥലങ്ങൾ എന്നെ തെല്ലു പുറകോട്ടു വലിച്ചെങ്കിലും സലീമിന്റെ വാക്കുകളും ഇപ്പൊ പെയ്യുമെന്ന കണക്കേ നിൽക്കുന്ന കാർമേഘങ്ങളും അവിടെ നിന്ന് ചിത്രങ്ങളെടുക്കുവാൻ സമ്മതിച്ചില്ല.. ശരീരം പതുക്കെ ചൂടാവാൻ തുടങ്ങി നടത്തത്തിനു വേഗത കൂടി,ദേഹത്ത് അങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്ന സാധന ജംഗമ വസ്തുക്കൾക്ക് കനം കൂടി വരുന്നു… ആരാദ്യം എന്ന മട്ടിൽ ഞങ്ങളും മഴയും,അധികം എത്തിയില്ല..ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ എന്നുറക്കെ പറഞ്ഞു കൊണ്ട് കുടം കണക്കെ ഒരായിരം മഴത്തുള്ളികൾ ഞങ്ങളുട ദേഹത്തു വന്നലച്ചു..ഇളകി കിടക്കുന്ന കല്ലുകളും ചളിയും മുന്നോട്ടുള്ള പ്രയാണത്തെ സാരമായി ബാധിച്ചു…

എന്ത് ചെയ്യാമെന്ന മട്ടിൽ സലീം എന്നെ നോക്കി.. സലീമിന്റെ കയ്യിലുള്ള കുടയും നിവർത്തി നടന്നോളാൻ പറഞ്ഞു, കയ്യിലുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജാക്കറ്റ് തലവഴി മൂടി ഞാനും പതിയേ നടത്തം തുടങ്ങി, യൂക്കാലി കാടുകൾ വഴിമാറി നല്ല ഒറിജിനൽ കാട്ടിലൂടെയാണ് നടത്തം.. ഇടയ്ക്കു മലയിറങ്ങി വരുന്ന ആളിലൊരാളെ കണ്ടതും സലീം “മാമ സൗഖ്യമാ “എന്നൊക്കെ ചോദിച്ചു കൊണ്ട് കുശലാന്വേഷണം നടത്താൻ തുടങ്ങി പുള്ളിക്കാരൻ ക്യാംപിലെ പാചകക്കാരനാണ്, അവിടെ ജോലിക്കാരുണ്ടെന്നും ഭക്ഷണം അവർക്കു വച്ചതിൽ നിന്നെടുത്തു കഴിച്ചോളാനും നാളെ അതിരാവിലെ എത്തിക്കൊള്ളമെന്നും പറഞ്ഞു അങ്ങേരു നടന്നകന്നു..കാലുകളിലെവിടെയൊക്കയോ ചെറിയ ഒരു ചൊറിച്ചൽ പോലെ, മ്മ്മ്… മനസ്സിലായി തത്കാലം അവിടെ കിടന്നോ എന്നു മനസ്സിൽ കരുതി വീണ്ടും ചുവടുകൾ ശ്രദ്ധയോടെ വച്ചു നടത്തം തുടർന്ന്, വലത്താട്ടു പോണാ ഇടത്താട്ടു പോണാ അതോ മുന്നാട്ടു പോണാ എന്നോടാണു ചോദ്യം ഇരുവശത്തോട്ടും നല്ല അമിട്ടൻ കയറ്റങ്ങളാണ് മുന്നോട്ടാണേൽ ഇറക്കവും ചോദിച്ച അവസ്ഥയ്ക്കു കാര്യം പുടി കിട്ടി,എന്തായാലും മുന്നോട്ടല്ല ഞാൻ പറഞ്ഞു.. എന്നാ വലത്തോട്ട് നടന്നോളീൻ എന്നും പറഞ്ഞു സലീം കയറ്റം കയറാൻ തുടങ്ങി(മഴ സലാം പറഞ്ഞു മടങ്ങി ).

ഇത് വരെ വന്നതൊക്കെ പരവതാനി ഇനിയാണ് മോനെ കയറ്റം എന്ന് സലീമിന്റെ വക ഒരു മുന്നറിയിപ്പ്,മഴ പെയ്തു വഴി മുഴുവൻ നല്ല തെന്നലാരുന്നു..കയറുമ്പോഴും ഇറങ്ങുമ്പോഴും വീഴാനുള്ള എല്ലാ സാധ്യതയും ഉണ്ടാരുന്നു.. അതു പോലുള്ള മൂന്നോ നാലോ കയറ്റം ഉണ്ടാരുന്നു വീണ്ടും..അവസാനം ക്യാംപിലെത്തി..നല്ല കട്ടയ്ക്കുള്ള മൂടൽ മഞ്ഞാണ് ഞങ്ങളെ സ്വാഗതം ചെയ്യ്തത്.. എത്തിയ പാടെ നേരത്തെ ചൊറിഞ്ഞ ഭാഗങ്ങളിലോട്ട് അന്വേഷണം നടത്തി..കയറി കൂടിയവർ കാര്യം നടത്തി യാത്രയായിരിക്കുന്നു, പതിയെ ക്യാമ്പിലെ സ്ലീപ്പിങ് ബാഗിനുള്ളിൽ ചുരുണ്ടു കൂടി.. രാത്രി ജോലികാർ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു.. എന്റമ്മോ എന്നാ ഒരു രുചിയാ.. മാമന്റെ കൈപുണ്യം…മഴ പെയ്തൊഴിഞ്ഞിരി ക്കുന്നു,കമ്പം തേനി ഭാഗത്ത് തെളിഞ്ഞ ലൈറ്റുകൾ നല്ല ഒരു കാഴ്ചയായിരുന്നു..അതും നോക്കി ഭക്ഷണം അകത്താക്കി.. കുറച്ചു കഴിഞ്ഞു വീണ്ടും സ്ലീപ്പിങ് ബാഗിനുള്ളിലേയ്ക്ക്.. Zzzzzzzz😴😴😴

പുലർച്ചെ സലീം വിളിച്ചു 4.30am റെഡിയാകു പോവേണ്ടേ…ക്യാമറയും കസേരകളും ടെന്റും എടുത്ത് വീണ്ടും വന്ന വഴിയ്ക്കു മൊബൈൽ ടോർച്ചിന്റെ സഹായത്തോടെ പതിയെ നീങ്ങി.. വീണ്ടും ആ കവല സംശയമില്ല നേരെ മുന്നോട്ടു തന്നെ..വരുന്ന വഴിയ്ക്കു തന്നെ എത്തി ചെല്ലേണ്ട ആ മല സലീം കാണിച്ച് തന്നിരുന്നു, ഭഗവാനേ ഈ അടുത്ത കാലത്തെന്നും ഇതു പോലൊരു മല കയറിയിട്ടില്ല, വരുന്നിടത്തു വച്ച് കാണാം വേറെ വഴിയില്ലല്ലോ…കയറ്റം തുടങ്ങി പതിവു പോലെ തുടക്കത്തിൽ പതിയെ കയറി.. വഴി ഉണ്ടോ ശരിക്കും അതോ ഒരു ഊഹം വച്ചു കയറി പോവാണോ സലീമിന്റെ പോക്ക് കണ്ടപ്പോൾ അതാ തോന്നിയത് …പതിയെ പതിയെ കയറ്റത്തിന്റെ രൂപം മാറാൻ തുടങ്ങി തലയ്ക്കൊപ്പം വളർന്നു നില്ക്കുന്ന ചെടികൾ ,കാലുകൾ വയ്ക്കുന്നത് പോലും എവിടെയാണെന്നറിയുന്നില്ല ഇടയ്ക്കിടെ സലീം കണ്ണിൽ നിന്ന് മറയും വേറൊന്നുമല്ല ഞാൻ ക്ഷീണിക്കാൻ തുടങ്ങി, മൊബൈയിൽ ടോർച്ചിന്റെ വെളിച്ചം നിലത്തു വീഴാത്ത രീതിയിൽ ചെടികൾ മറച്ച് പിടിച്ചിരുന്നതു കൊണ്ട് പതുക്കെയാണ് നടന്നിരുന്നത് , അട്ട കുട്ടൻമാർ ആവേശത്തോടെ കാലുകളിൽ വലിഞ്ഞു കയറുന്നത് മനസ്സിലാവുന്നുണ്ടെങ്കിലും.. അതൊന്നും നോക്കാനുള്ള സമയം ഞങ്ങളുടെ പക്കലിലായിരുന്നു.. തോളിൽ തൂക്കിയ സാധനങ്ങൾ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കുണ്ടായിരുന്നു..

ഒരു സംശയം നേരത്തേ ആളുകൾ നടന്നതിന്റെ അടയാളം കാണുന്നില്ല വഴിതെറ്റിയോ, ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് മുന്നിൽ നിന്നു വന്നതെങ്കിലും.. വഴി മാറിയാണ് സഞ്ചരിക്കുന്നതെന്നു വ്യക്തം.. ചെടികളിലും ചെറിയ മരങ്ങളിലും പിടിച്ചാണ് സലീം കയറി പോവുന്നത്.. ക്ഷീണവും തോളിലുള്ള സാധനങ്ങളും എന്നെ നന്നേ തളർത്തുന്നുണ്ടായിരുന്നു.. തളർന്നു കൂടാ.. ഇതിനേക്കാളും അപകടം പിടിച്ച മലകൾ കയറിയിരിക്കുന്നു.. പൊൻകിരണങ്ങൾ പതിക്കുന്നതിനു മുന്നേ മുകളിലെത്തിയേ പറ്റു.. ഇല്ലെങ്കിൽ നഷ്ടമാവുന്നത് പ്രകൃതി എനിക്കായ് കാത്തു വച്ച ആ സുവർണ്ണ നിമിഷങ്ങളാവും… തെല്ലിട നിന്നു.. കാടെന്ന മാതാവിനെ മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു വലിഞ്ഞു നടന്നു.. എവിടേന്നോ കാലുകളിൽ ഊർജ്ജം വന്നു ചേർന്ന പോലെ…

“സ്വർഗം താഴ്റിങ്ങി വന്നതോ” വിളിച്ച് കൂവി തല കുത്തി മറിയാൻ തോന്നി.. എന്റെ പെന്നോ ഒരു ഒന്നൊന്നര കാഴ്ച്ച തന്നെ ഒരു രക്ഷയുമില്ല.. സൂര്യോദയത്തിന് അധികം സമയം ഇല്ലാത്തതു കൊണ്ട് കൈയിലുണ്ടായിരുന്ന ടെന്റും കസേരകളും വേഗം റെഡിയാക്കി ആ സുവർണ്ണ നിമിഷത്തിനായ് കാത്തിരുന്നു.. ഒരു ഭാഗത്ത് ഇരുന്നു ശീലമില്ലാത്തതു കൊണ്ട് ഞാൻ കാമറയും കൊണ്ട് അവിടെയൊക്കെ കറങ്ങി നടന്നു ചിത്രങ്ങൾ എടുക്കുവാൻ തുടങ്ങി.. ഇടത്ത് മീശപുലിമലയും വലത്ത് ടോപ്പ് സറ്റേഷനും.. ആകെ കൂടെ മത്ത് പിടിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം.. ചിത്രങ്ങൾ പകർത്തി കൊണ്ട് ഞാൻ പതിയെ ആ മലയ്ക്കു ചുറ്റും നടന്നു.. മഞ്ഞു പുതച്ച് കിടക്കുന്ന തമിഴ് ഗ്രാമങ്ങൾ…നേക്കെത്താ ദൂരത്തോളം മലനിരകൾ, പച്ച പരവതാനി വിരിച്ചിട്ട പോലെ.. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 7000 അടി മുകളിലാണ് നമ്മളിപ്പോൾ നിൽക്കുന്നത്.. ഇരു വശങ്ങളിലും കോടമഞ്ഞു തഴുകിയിറങ്ങുന്ന കാഴ്ച്ച.. വർണ്ണനാതീതം..

മുന്നോട്ട് നോക്കി നിന്നിരുന്ന എന്നെ തഴുകി കൊണ്ട് കോടമഞ്ഞ് അതി വേഗത്തിൽ കടന്നു പോയി മുന്നിലുള്ള കാഴ്ച്ചയെ മറച്ചു.. തെല്ലിട നേരം ഞങ്ങളെയൊന്ന് ആശങ്കയിലാഴ്ത്തിയെങ്കിലും മഞ്ഞ് പതുക്കെ താഴോട്ട് ഒഴുകിയിറങ്ങി.. ക്ലിക്ക്, ക്ലിക്ക്.. അതെല്ലാം ഞാൻ പകർത്തി കൊണ്ടേയിരുന്നു.. ഇടയ്ക്കൊരു കുഞ്ഞു വീഡിയോയും ചിത്രീകരിച്ചു,എവിടേയ്ക്ക് ക്യാമറ തിരിച്ചാലും ഫ്രൈയ്മുകൾ.. ലെൻസുകൾ മാറ്റി പരീക്ഷിച്ചു..കൊളുക്കുമലയിലെ ടീ ഫാക്ടറി വ്യക്തമായി കാണാം.. അതിനു തുടർച്ചയായി മീശപ്പുലി മല ..” വേഗം വന്നേയ്ക്കാമേ” എന്നു ഉള്ളിൽ പറഞ്ഞു.. പോവണം വൈകാതെ തന്നെ..

എന്നെ സംബന്ധിച്ചിടത്തോളം മലകളും കുന്നുകളും കീഴടക്കാൻ ഉള്ളതല്ല.. എത്തിപെടേണ്ടവയാണ്.. അതിനെ കീഴടക്കി എന്നൊരു വാക്കു കൊണ്ട് ഉപമിക്കാൻ താത്പര്യമില്ല.. വൈകാതെ കാത്തിരുന്ന നിമിഷങ്ങൾ ആഗതമായി.. വർണ്ണ വിസ്മയങ്ങൾ തീർത്തു കൊണ്ട് ആ പൊൻ കിരണങ്ങൾ പതിയെ ഞങ്ങളെ സ്പർശിച്ചു.. വാക്കുകൾ കൊണ്ടോ കൈയ്യിലിരിക്കുന്ന ക്യാമറ കൊണ്ടോ വിവരിക്കാനാവാത്ത സുവർണ്ണ നിമിഷങ്ങൾ… ക്യാമറ കണ്ണുകൾ പല തവണ മിഴി ചിമ്മി തുറന്നു.. മീശപുലി മലയിൽ പൊൻകിരണം വീഴുമ്പോൾ കണ്ട കാഴ്ച്ച.. അതു മുഴുവനായി ക്യാമറയിൽ പകർത്താനായോ എന്ന കാര്യം സംശയമാണ്.. കുറച്ചു നേരം ക്യാമറ മാറ്റി വച്ചു ഞാനാ കാഴ്ച്ച ശരിക്കും ആസ്വാദിച്ചു..
അധികം നീണ്ടില്ല ആ സുവർണ്ണ മുഹൂർത്തങ്ങൾ..മേഘങ്ങൾക്കിടയിൽ നിന്ന് പതിയെ പുറത്തു വന്ന അർക്കൻ വെളിച്ചില്ലം വാരി വിതറി… സ്വർഗത്തിലോ അതോ സ്വപ്നത്തിലോ എന്നറിയാതെ നിന്നു പോയി അപ്പോഴാണ് ആ പ്രദേശത്തിന്റെ മായാ സൗന്ദര്യം ശരിക്കും കണ്ടത്.. വീണ്ടും ക്യാമറയുമായി അവിടെ മുഴുവൻ ഓടി നടന്നു ചിത്രങ്ങൾ പകർത്തി.. സലീം തന്റെ െഐ ഫോണിൽ പരീക്ഷണങ്ങൾ നടത്തു ന്നുണ്ടായിരുന്നു .. ഞാൻ പതിയെ താഴോട്ടിറങ്ങി കുറച്ച് താഴെയായ് ഒരു നീല മയം.. ദൈവമേ നീല കുറിഞ്ഞി.. പിന്നെ ഒന്നും ആലോചിച്ചില്ല, സലീമിനോട് പറയാൻ പോലും നിൽക്കാതെ താഴേയ്ക്കു കുതിച്ചു..

പൂക്കൾക്ക് അടുത്ത് എത്തുന്നതിനു മുന്നായ് ഒരു കുഞ്ഞു മരം.. നനഞ്ഞ മണ്ണ് ഇളകി കിടക്കുന്നു.. തൊട്ടു മുന്നേ വരെ അതിനു ചുവട്ടിൽ ആരോ കിടന്നിരുന്നു.. ചുറ്റും നോക്കി.. വരയാട്.. നല്ല ഫുഡൊക്കെ അടിച്ചതിന്റെ അവശിഷ്ടങ്ങൾ അവിടെ കിടപ്പുണ്ടായിരുന്നു നല്ല ഫ്രഷായി.. ചുറ്റും തിരഞ്ഞെങ്കിലും കണ്ടില്ല… പൂവിനടുത്തേയ്ക്ക് ചെന്നു.. വരാൻ പോവുന്ന കുറിഞ്ഞി കാലത്തിന്റെ മുന്നോടി എന്നോണം ഒരു ചെടി മാത്രം ആ താഴ്-വരയിൽ പൂത്തു നിന്നു.. പതിയെ അതിനു ചുറ്റും നടന്നു.. വേറെയും കുറച്ച് പൂക്കളോട് സല്ലപിച്ച്.. ഞാൻ മുകളിലേയ്ക്കു കയറി സലീമിനോടപ്പം ചേർന്നു, അനന്തരം രണ്ടും പേരും പരസ്പരം ചിത്രങ്ങൾ പകർത്തി.. കുറച്ച് നേരം വെറുതേ അവിടെ ഇരുന്നു.. മടങ്ങാനേ തോന്നുന്നില്ല.. അവിടെ അങ്ങിനെ പ്രകൃതിയോടപ്പം ലയിച്ച് കുറച്ച് നേരം കൂടെ… “മടങ്ങേണ്ടേ” സലീം ചോദിച്ചു.. മടങ്ങണം.. മടങ്ങിയല്ലേ പറ്റൂ..

തെല്ലൊരു വേദനയോടെയാണെങ്കിലും പതിയെ സാധനങ്ങളെടുത്ത് വിടവാങ്ങി.. അധികം വൈകാതെ ഇനിയും കാണാമെന്ന വിശ്വാസത്തിൽ… സുന്ദരമായൊരു ദിവസം തുടങ്ങിയ ആഹ്ലാദത്തിൽ പതിയെ താഴോട്ടിറങ്ങി.. കയറിയതു ഇരുട്ടില്ലായതു കൊണ്ട് തിരിച്ചിറങ്ങുമ്പോഴാണ് കയറി വന്ന വഴിയും സാഹസികതയും ശരിക്കും മനസ്സിലായത്… കാട്ടിലെ കൂട്ടുകാർ ആരേയും കണ്ടില്ല.. വിഷമമില്ല നിരാശയും ഇല്ല.. കാട്ടിൽ അതിനു സ്ഥാനമില്ല.’ ചിത്രങ്ങളെടുത്ത് വീണ്ടും ആ കവലയിൽ എത്തി ചേർന്നു.. കുറച്ച് നേരത്തേ വിശ്രമത്തിനു ശേഷം.. ക്യാമ്പിലെത്തി… നമ്മുടെ ഇന്നലെ കണ്ട മാമൻ ക്യാമ്പിലുണ്ട്.. പുള്ളിക്കാരൻ ഞങ്ങളുടെ കൈയിലുണ്ടായിരുന്ന മാഗി ഉണ്ടാക്കി തന്നു അതും അകത്താക്കി.. സാധനങ്ങൾ എല്ലാം എടുത്ത് മാമനോട് യാത്ര പറഞ്ഞിറങ്ങി.. തിരികെ പോരുമ്പോൾ ക്യാമ്പിലെ ഒരാളും കൂടെ ഉണ്ടായിരുന്നു .. അത്യാവശ്യം നല്ല രീതിയിൽ മഴ പെയ്യുന്നുണ്ടെങ്കിലും കാര്യമാക്കാതെ നടന്നു..

ഇടയ്ക്കു ഞാനൊന്നു നിന്നു… അതേ അതു തന്നെ പുള്ളിപുലിയുടെ കാൽപ്പാടുകൾ.. ചളിയിൽ പതിഞ്ഞ കാൽപാടുകളിൽ മഴ വെള്ളം നിറഞ്ഞിരുന്നില്ല.. അതിനർത്ഥം ആളു അടുത്ത് തന്നെ ഉണ്ടായിരുന്നു.. ഞങ്ങളുടെ സാമീപ്യം മനസ്സിലാക്കി താഴോട്ടിറങ്ങിയതാണ്.. നന്നായി ശ്രദ്ധിച്ചപ്പോൾ കൂടെ ഒരു കുഞ്ഞു കാൽപ്പാടും.. കൂടെ കുഞ്ഞും ഉണ്ടായിരുന്നിരിക്കാം. ഏകദേശം കുറേ ദൂരം ആ കാൽപ്പാടുകൾ തെളിഞ്ഞു കണ്ടു കൂടെ വന്ന ആളോട് കാര്യം തിരക്കിയപ്പോൾ ഒരാഴ്ച്ച മുൻപ് പുള്ളിപുലിയും കുട്ടിയേയും ഒരുമിച്ച് കണ്ട കാര്യം പറഞ്ഞു.. തള്ളിയതിണോ എന്നറിയില്ല .. എന്റെ കാടനുഭവം വച്ച് കണ്ട കാൽപ്പാടുകൾ സത്യമായിരുന്നു.. ഒരിക്കൽ കൂടെ കുറച്ച് മുന്നേ സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ച ആ സഹ്യനേ നോക്കി യാത്ര പറത്തു.. പതിയെ മൂടൽ മഞ്ഞ് യാത്രമൊഴിയെന്ന പോലെ ആ മലയെ ആലിംഗനം ചെയ്യ്തു കണ്ണിൽ നിന്ന് മറച്ചു പിടിച്ചു..ഞങ്ങൾ തെന്നി തെന്നി തഴോട്ടിറങ്ങി……

യെല്ലപ്പെട്ടി ഗ്രാമം എത്തുമ്പോഴേയ്ക്കും മഴ ഞങ്ങളെ വേർ പിരിഞ്ഞു,റോഡരുകിലെ ചായകടയിൽ നിന്നും ആവി പറക്കുന്ന കട്ടൻ ചായ ഊതി കുടിക്കുമ്പോൾ.. കുറച്ചു മുന്നേ കണ്ട ആ നിമിഷങ്ങൾ ഒരു സ്വപ്നത്തിലെന്ന പോലെ മനസ്സിലൂടെ കടന്നു പോയി.. “വരുന്നുണ്ടോ സ്വപ്നം കണ്ടിരിക്കാതെ ആനയിറങ്ങുന്ന വഴിയാ ഇരുട്ടുന്നതിനു മുന്നേ ചെല്ലണം” സലീമിന്റെ വാക്കുകൾ എന്നെ സ്വപ്നത്തിൽ നിന്നുണർത്തി.. ചായ കാശു കൊടുത്ത് ഞാൻ ഓടി കാറിൽ കയറി.. അടുത്ത ക്യാമ്പ് ലക്ഷ്യമാക്കി കാർ പതിയെ നീങ്ങി.. അകമ്പടിയെന്നോണം എങ്ങു നിന്നോ ആ പതിഞ്ഞ മഴ വീണ്ടും.. കോട്ടഗുഡിയിലെ ആ പതിഞ്ഞ മഴ.. കാറിന്റെ വിൻഡോ ഗ്ലാസ്സ് താഴ്ത്തി ആ പതിഞ്ഞ മഴയിൽ ഞാൻ ലയിച്ചു ചേർന്നു..

NB – തമിഴ്നാടിന്റെ ഭാഗമാണ് കോട്ടഗുഡി, കേരളത്തിലുടെയാണു വഴിയും, പോവേണ്ടതെല്ലാം സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലൂടെയാണ്.. അവരുടെ അനുവാദമില്ലാതെ പോവാൻ ശ്രമിയ്ക്കരുത്.. എന്റെ സുഹൃത്തിന്റെ സുഹൃത്തിന്റെ ക്യാപിലാണ് ഞാൻ താമസിച്ചത്.. അവർക്കുള്ള പെർമിഷൻ വഴി മാത്രമേ പോവാൻ സാധിക്കൂ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply