ഇത്തവണ ‘ഓണം ലോട്ടറി’ കെഎസ്ആർടിസിക്ക്; കലക്‌ഷനിൽ റെക്കോർഡ്…

പരമാവധി ബസുകള്‍ നിരത്തിലിറക്കിയും  ജീവനക്കാരുടെ അവധി കുറച്ചും സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസിക്ക് ഓണക്കാലത്ത് റെക്കോഡ് കളക്ഷന്‍. കഴിഞ്ഞ 30മുതല്‍ തിരുവോണത്തിന്റെ പിറ്റേന്നുവരെ 40.47 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ കളക്ഷന്‍. ഇതിന് തൊട്ടുമുമ്പുള്ള ആഴ്ചയേക്കാള്‍ നാലുകോടി രൂപയാണ് വരുമാനത്തിലുള്ള വര്‍ധന. 36.47 കോടിയാണ് തൊട്ടുമുമ്പത്തെ ആഴ്ചയിലെ കളക്ഷന്‍.

ആഗസ്ത് 31നാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കളക്ഷന്‍ ലഭിച്ചത്. 6.56 കോടി. 5.5 കോടി രൂപയാണ് നിലവില്‍ കെഎസ്ആര്‍ടിസിയുടെ ശരാശരി പ്രതിദിന കളക്ഷന്‍. എന്നാല്‍, 30, 31, സെപ്തംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളില്‍ പ്രതിദിന കളക്ഷന്‍ ആറ് കോടി കടന്നു. 30ന് 6.13 കോടിയും സെപ്തംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ യഥാക്രമം 6.6 കോടി, 6.20 കോടി എന്നിങ്ങനെയും കളക്ഷന്‍ ലഭിച്ചു. തിരുവോണനാള്‍ യാത്രക്കാര്‍ കുറവായിരുന്നു. 4.88 കോടിയാണ് കളക്ഷന്‍.

പരമാവധി ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്താണ് മികച്ച കളക്ഷന്‍ നേടിയത്. 4400 മുതല്‍ 4845 ഷെഡ്യൂള്‍വരെ ഓണക്കാലത്ത് നടത്തി. കെയുആര്‍ടിസി ജന്റം ബസുകള്‍ക്കും ഓണക്കാലത്ത് മികച്ച കളക്ഷന്‍ ലഭിച്ചു. ഓണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ജന്റം ബസുകള്‍ക്ക് ഒരുദിവസം ശരാശരി 50 ലക്ഷം രൂപ കളക്ഷന്‍ ലഭിച്ചു. ഒരുദിവസം 400 മുതല്‍ 460 ഷെഡ്യൂളുകള്‍ വരെ ഓപ്പറേറ്റ് ചെയ്തു. ബസുകള്‍ അറ്റകുറ്റപ്പണി ചെയ്ത് ഓണക്കാലത്ത് നിരത്തിലിറക്കിയിരുന്നു.

ഓണത്തിരക്ക് മുന്നില്‍ക്കണ്ട് സര്‍വീസ് കാര്യക്ഷമമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. നഗരങ്ങളില്‍നിന്ന് പ്രത്യേക സര്‍വീസ് നടത്തി. പരമാവധി സര്‍വീസ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 30മുതല്‍ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കനുസരിച്ച് അധിക സര്‍വീസ് നടത്തുന്നുണ്ട്. ബംഗളൂരു, മൈസൂരു, കൊല്ലൂര്‍-മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗളൂരു, കന്യാകുമാരി, പഴനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം പ്രത്യേക സര്‍വീസ് നടത്തി. റിസര്‍വേഷന്‍ സംവിധാനവും ഇത്തവണ പരാതിക്കിടനല്‍കാതെ പ്രവര്‍ത്തിച്ചു.

Source – http://www.deshabhimani.com/news/kerala/ksrtc/668997

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply