ആരാണ് ഗരുഡൻ? ശരിക്കും ഗരുഡൻ എന്ന പക്ഷി ഉണ്ടോ?

ഹിന്ദു,ബുദ്ധ ഐതിഹ്യങ്ങളിൽ കാണുന്ന ഭീമാകാരമായ പക്ഷിയാണ് ഗരുഡൻ. ഹിന്ദുപുരാണങ്ങളിലെ വിഷ്ണുവിന്റെ വാഹനമാണ്‌ ഗരുഡൻ. കൃഷ്ണപ്പരുന്തിനെ ഗരുഡന്റെ ഒരു രൂപമായും കണക്കാക്കുന്നുണ്ട്. എന്നാൽ ശരിക്കും ഗരുഡൻ എന്നൊരു പക്ഷി ഈ ലോകത്ത് ഇന്നില്ല എന്നതാണ് സത്യം. പക്ഷികളുടെ രാജാവായി ഗരുഡൻ പുരാണ കഥകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗരുഡനെക്കുറിച്ചുള്ള കഥകൾ താഴെ കൊടുത്തിരിക്കുന്നു. വായിക്കാം…

ഹിന്ദു ഐതിഹ്യത്തിൽ : കാശ്യപൻ തന്റെ പത്നിമാരായ കദ്രുവിനോടും വിനതയോടും എങ്ങനെയുള്ള സന്താനങ്ങളെയാണവശ്യമെന്ന് തിരക്കുന്നു. ശക്തൻമാരായ ആയിരം പുത്രന്മാരെ കാംക്ഷിച്ച കദ്രുവിന് ജനിക്കുന്ന സന്താനങ്ങളാണ് വാസുകി,അനന്തൻ തുടങ്ങിയ നാഗങ്ങൾ. വിനതയാവട്ടെ കദ്രുവിന്റെ ആയിരം പുത്രന്മാരെക്കാൾ ശക്തരായ രണ്ടു മക്കളെ ആവശ്യപ്പെടുന്നു.തുടർന്ന് വിനതയ്ക്കുണ്ടാവുന്ന രണ്ട് അണ്ഡങ്ങൾ കാലമേറെയായിട്ടും വിരിയാത്തതു കണ്ട് അക്ഷമ മൂത്ത് വിനത ഒരു മുട്ട പൊട്ടിക്കുന്നു.അതിൽ നിന്നും പകുതി മാത്രം വളർന്ന അരുണൻ ജന്മമെടുക്കുന്നു. അക്ഷമ കാണിച്ച അമ്മയെ കദ്രുവിന്റെ ദാസിയാവട്ടെ എന്നു ശപിച്ച് അരുണൻ പോകുന്നു.

രണ്ടാമത്തെ മുട്ട വിരിഞ്ഞുണ്ടായ പുത്രനാണ് ഗരുഡൻ. അതിനിടെ കദ്രുവുമായി ഒരു പന്തയത്തിലേർപ്പെടുന്ന വിനത നാഗങ്ങളുടെ ചതിപ്രയോഗം കാരണം തോറ്റ് കദ്രുവിന്റെ ദാസിയായി മാറുന്നു. ദാസ്യം ഒഴിവാക്കാനായി നാഗങ്ങളുടെ ആവശ്യപ്രകാരം അമൃത് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ദ്രനെ തോൽപ്പിക്കുന്നു. അമ്മയെ ദാസ്യവൃത്തിയിൽ നിന്നും മോചിപ്പിക്കുന്നു. പിന്നീട് ഗരുഡൻ ഭഗവാൻ വിഷ്ണുവിന്റെ വാഹനമാകുന്നു. നാഗങ്ങളുടെ ബദ്ധശത്രുവായാണ് ഗരുഡനെ കണക്കാക്കുന്നത്. പരുന്തുകളുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെയൊരു വിശ്വാസത്തിനു കാരണമായിട്ടുണ്ടാകാം. ഹിന്ദു പുരാണങ്ങളിൽ ഗരുഡപുരാണം എന്ന പേരിലും ഒരു പുരാണമുണ്ട്.

ഗരുഡൻ തൂക്കം : കേരളത്തിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ് ഗരുഡൻ തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.

ഗരുഡൻ പറവ : മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡൻ പറവ. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഗരുഡൻപറവ എന്ന നൃത്തം നടത്താറുള്ളത്. ഗരുഡന്റേതു പോലെ കൊക്കും, ചിറകും, ശരീരത്തിൽ വച്ച് പിടിപ്പിച്ച്, ഒരു പക്ഷിയുടെ രൂപഭാവത്തോടെയാണ് കലാകാരന്മാർ എത്തുന്നത്. ഇങ്ങനെ ഗരുഡവേഷം അണിഞ്ഞെത്തുന്ന നർത്തകർക്ക് താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. ധനുമാസത്തിലാണ് ഈ അനുഷ്ഠാന കല നടത്തിവരുന്നത്.

ബുദ്ധ ഐതിഹ്യത്തിൽ : ബുദ്ധ മതത്തിൽ സുപർണൻ എന്നും ഗരുഡനു പേരുണ്ട്. എന്നാൽ ഗരുഡൻ എന്നത് വെറും ഒരു പക്ഷിയല്ല മറിച്ച് ഭീമാകാരമായ ശരീരമുള്ള ദൈവിക അംശമുള്ള പക്ഷികളാണ്. ഹിന്ദു മതത്തിലേതു പോലെ നാഗങ്ങളുടെ ബദ്ധശത്രുവായാണ് ഗരുഡനെ ഇതിലും കണക്കാക്കുന്നത്. എന്നാൽ ഈ സ്വഭാവം കൃഷ്ണപ്പരുന്തിനേക്കാൾ പാമ്പു കഴുകൻ ആണ് പ്രകടിപ്പിക്കുന്നത്.

പല രാജ്യങ്ങളും ഗരുഡ ചിഹ്നം ഉപയോഗിക്കുന്നുണ്ട്.ഇന്ത്യ വായുസേനയുടെ കമാൻഡോ സംഘത്തിനു ഗരുഡ് എന്നാണ് പേരിട്ടിരിക്കുന്നത്.കരസേനയുടെ ബ്രിഗേഡ് ഓഫ് ഗാർഡ്സ് ഗരുഡനെയാണ് തങ്ങളുടെ ചിഹ്നമാക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി.(KSRTC)യുടെ വോൾവോ ബസ്സുകളുടെ പേരും ഗരുഡ എന്നാണ്. ഇന്തോനേഷ്യ, തായ്‌ലാന്റ്, ഉലാൻബാതർ(മംഗോളിയ) എന്നിവയുടെ ദേശീയചിഹ്നം ഗരുഡൻ ആണ്‌. ഇന്തോനേഷ്യയുടെ നാഷണൽ കാരിയർ വിമാനസർവീസായ ഗരുഡ എയര്ലൈന്സിനു പേര് വന്നതും ഇത്തരത്തിലാണ്.

കടപ്പാട് – വിക്കിപീഡിയ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply