നിങ്ങൾ തീവണ്ടിയിൽ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. യാത്രയ്ക്കിടെ നിങ്ങളുടെ കയ്യിലുള്ള മൊബൈൽഫോൺ അബദ്ധവശാൽ ട്രെയിനിന് പുറത്തേക്ക് വീണു എന്നിരിക്കട്ടെ? നിങ്ങൾ എന്ത് ചെയ്യും? ഇങ്ങനെ സംഭവിച്ചാൽ ട്രെയിനിനുള്ളിലെ ചങ്ങല വലിച്ച് ട്രെയിൻ നിർത്താമോ?
തീവണ്ടിയുടെ എല്ലാ ബോഗികളിലും ചുവന്ന നിറത്തിലുള്ള ചങ്ങല കാണാം. ചങ്ങലയ്ക്ക് കീഴെ, അനാവശ്യമായി ചങ്ങല വലിച്ചാല്‍ തടവും പിഴയും ലഭിച്ചേക്കുമെന്നും എഴുതിവെച്ചിരിക്കും. ഇന്ത്യൻ റെയിൽവേ ആക്ട് 1989 ലെ വകുപ്പ് 141 പ്രകാരം അനാവശ്യമായി ചങ്ങല വലിച്ച് ട്രെയിൻ നിർത്തുന്നത് കുറ്റകരമാണ്. ഇത്തരത്തിൽ ആവശ്യമില്ലാത്ത കാര്യത്തിന് ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയാൽ വലിച്ചയാൾക്ക് ആയിരം രൂപ പിഴ, ഒരുമാസത്തെ തടവ് എന്നീ ശിക്ഷകൾ കിട്ടുവാൻ ചാൻസുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ നിന്നും 500 രൂപ ഈടാക്കി വിടുകയാണ് പതിവ്. എന്തായാലും അത് നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും. തീവണ്ടി യാത്രികരുടെ സാധനങ്ങൾ സൂക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്. ഇത് ഞങ്ങൾ പറയുന്നതല്ല കേട്ടോ, റെയിൽവേയുടെ കാഴ്ചപ്പാടിൽ അങ്ങനെയാണ്.
ആയതുകൊണ്ട് നിങ്ങളുടെ മൊബൈൽഫോൺ തീവണ്ടിയ്ക്ക് പുറത്തേക്ക് പോയി എന്നത് റെയിൽവേയെ സംബന്ധിച്ച് അത് നിങ്ങളുടെ തന്നെ കുറ്റമാണ്. അതിനാൽ മൊബൈൽഫോൺ തിരിച്ചു കിട്ടുവാനായി ട്രെയിൻ നിർത്തി എന്നത് റെയിൽവേയ്ക്ക് ഒരിക്കലും ഒരു ആവശ്യമായ കാര്യമായി അംഗീകരിക്കാനാകില്ല. സ്റ്റേഷനുകളില്‍ ഇറങ്ങി വെള്ളമോ ഭക്ഷണമോ വാങ്ങിയശേഷം കയറാന്‍ കഴിയാത്തവരെ കയറ്റാന്‍ ചങ്ങല വലിച്ചാലും റെയില്‍വേയുടെ നോട്ടത്തില്‍ അനാവശ്യമാണ്. മനുഷ്യത്വപരമായ ഇത്തരം കാരണങ്ങൾ ‘റെയിൽവേ പൊലീസി’ന് മുന്നിൽ നിരത്തിയിട്ടു യാതൊരു കാര്യവുമുണ്ടാകില്ലെന്നു സാരം. കേരളത്തിനു പുറത്തു വല്ലതുമാണോ സംഭവമെങ്കിൽ തീർന്നു. അവർ ഉറപ്പായും നമ്മൾ മലയാളികളെ അവജ്ഞയോടെയായിരിക്കും ഈ കാര്യങ്ങളിൽ കാണുന്നത്.
ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയാൽത്തന്നെ ഏത് ബോഗിയിൽ നിന്നുമാണ് വലിച്ചത് എന്ന് ലോക്കോ പൈലറ്റിനു തീർച്ചയായും മനസ്സിലാകും. തുടർന്ന് ബോഗിയിൽ അന്വേഷണത്തിനായി ആളുകൾ വരുമ്പോൾ നിങ്ങളുടെ ബോഗിയിലെത്തന്നെ നിങ്ങൾക്ക് പരിചയമില്ലാത്ത സഹയാത്രികരിൽ ആരെങ്കിലും ഒരാൾ നിങ്ങളെ ഒറ്റിക്കൊടുക്കാതെയിരിക്കില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ എന്തിനിതു ചെയ്തു എന്നായിരിക്കില്ല, അവരുടെ യാത്ര തടസ്സപ്പെടുത്തി വൈകിച്ചു എന്നായിരിക്കും ചിന്തിക്കുന്നത്.
ഇനി ചങ്ങല വലിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. യാത്രക്കാര്‍ സഞ്ചരിക്കുന്ന ബോഗികളിലെ ടാങ്കിലേക്ക് രണ്ട് പൈപ്പുകള്‍ ബന്ധിപ്പിച്ചിരിക്കും. ബോഗികള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ രണ്ട് പൈപ്പുകള്‍ കൂട്ടി ഘടിപ്പിച്ചിരിക്കുന്നത് കാണാം. ഈ ഈ പൈപ്പുകളിൽ ഉയർന്ന മർദ്ദത്തിൽ വായു സംഭരിച്ചിട്ടുണ്ടാകും. ആരെങ്കിലും ചങ്ങല വലിക്കുകയാണെങ്കിൽ ഈ പൈപ്പിലെ മർദ്ദം നേരിയ തോതിൽ കുറയുകയും അതുമൂലം ട്രെയിനിന്റെ വേഗത കുറയുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ ഈ ടാങ്കിലെ മര്‍ദം കുറയുമ്പോള്‍ തീവണ്ടിച്ചക്രങ്ങളില്‍ ബ്രേക്ക് പാഡ് അമരുകയും വണ്ടിയുടെ വേഗം കുറയുകയും ചെയ്യുന്നു.ഇത്തരത്തിൽ പൈപ്പിലെ മർദ്ദം കുറഞ്ഞ വിവരം മനസ്സിലാക്കിയ ലോക്കോ പൈലറ്റ് ബ്രേക്ക് പൂർണ്ണമായും ഉപയോഗിക്കുന്നു. ഇങ്ങനെയാണ് വണ്ടി പെട്ടെന്നു നിൽക്കുന്നത്. ലോക്കോ പൈലറ്റിന് ചെയിൻ വലിക്കുവാനുണ്ടായ സാഹചര്യം മനസ്സിലാകുന്നില്ല. എന്തെങ്കിലും അപകടം ആണെന്നു കരുതിയായിരിക്കും മിക്കവാറും അദ്ദേഹം വണ്ടി നിർത്തുന്നത്.
ഇത്തരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടി ചങ്ങല വലിച്ച് നിര്‍ത്തിയാല്‍ നഷ്ടപ്പെടുന്നത് 15 മിനിറ്റാണ്. ചങ്ങല വലിക്കുന്ന കോച്ചിന്റെ ബ്രേക്കിന്റെ വാക്വം ട്യൂബ് തുറക്കുമ്പോഴാണ് വണ്ടി നില്‍ക്കുന്നത്. ഈ വാക്വം ട്യൂബ് അടച്ചശേഷമേ യാത്ര തുടരാവൂ. സ്റ്റേഷനില്‍ ആണെങ്കില്‍ അവിടത്തെ മെക്കാനിക്കല്‍ ജീവനക്കാര്‍ ട്യൂബ് അടയ്ക്കും. എന്നാല്‍, വഴിയില്‍ എവിടെയെങ്കിലും വച്ചാണെങ്കില്‍, വണ്ടി നിന്നശേഷം പിന്നില്‍ നിന്ന് ഗാര്‍ഡ് ട്രാക്കിലൂടെ നടന്നുവന്ന് ശരിയാക്കണം. അതോടൊപ്പംതന്നെ ട്യൂബ് അടച്ചശേഷം ചങ്ങല വലിച്ച ആളെ കണ്ടെത്തി റിപ്പോര്‍ട്ടും ഉണ്ടാക്കണം.ഇനി ഏതെങ്കിലും പാലത്തിലാണെങ്കില് പറയുകയേ വേണ്ട, നിന്ന വണ്ടി വീണ്ടും ഓടാന്‍ അരമണിക്കൂറെങ്കിലും എടുക്കും.
ഇപ്പോൾ മനസ്സിലായില്ലേ ട്രെയിനിലെ ചങ്ങല വലിക്കുന്നത് നിസ്സാര കാര്യം അല്ലെന്ന്. മൊബൈൽഫോൺ പോകുകയാണെങ്കിൽ അത് പോകട്ടെ എന്നു വെയ്ക്കുന്നതായിരിക്കും ഉചിതം. അതല്ലെങ്കിൽ ഫോൺ പോയ സ്ഥലം കൃത്യമായി ഓർത്ത് വെച്ച ശേഷം അടുത്ത സ്റ്റേഷനിലെത്തി റെയിൽവേ പൊലീസിന് പരാതി നൽകണം. നിങ്ങളുടെ പോയ നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്കുക. ഭാഗ്യവശാൽ അത് ആർക്കെങ്കിലും കിട്ടിയിട്ട് അവർക്ക് തിരികെ തരാൻ മനസ്സ് വന്നാലോ? എന്നാലും ഇതിൽ വലിയ കാര്യമൊന്നും ഉണ്ടാകില്ല. പോയത് പോയി എന്ന് വിചാരിക്കുകയേ നിവൃത്തിയുള്ളൂ. കിട്ടില്ല എന്നുറപ്പായാൽ ഉടൻതന്നെ സിം കാർഡ് ബ്ലോക്ക് ചെയ്യണം. എന്നിട്ടു പുതിയ ഒരു ഫോൺ വാങ്ങി ഉപയോഗം തുടരുക.
അപ്പോൾ ഇനി ട്രെയിൻ യാത്ര ചെയ്യുമ്പോൾ എല്ലാവരും മൊബൈൽ ഫോൺ പോലുള്ള തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടു പോകാതെ പ്രത്യേകം ശ്രദ്ധിക്കുക. ഇനി ആരെങ്കിലും ട്രെയിനിൽ ചെയിൻ വലിക്കുന്ന കാര്യം പറയുമ്പോൾ ഈ കാര്യങ്ങൾ കൂടി ഓർക്കുക.