റിയല്‍ ലൈഫ് ഹീറോ; ഈ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഒരു സല്ല്യൂട്ട്

കെഎസ്ആര്‍ടിസി ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി ഗിരീഷ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. പ്രസവവേദനയില്‍ പുളഞ്ഞ യാത്രക്കാരിയെ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ഗിരീഷ് എടുത്ത ചലഞ്ച് ആണ് അയാളെ റിയല്‍ ലൈഫ് ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്.

ATE 174 എസ്.എഫ് ഫാസ്റ്റ് പാസഞ്ചർ, കൊല്ലം ചടയമംഗലം ഡിപ്പോയിലെ വണ്ടി. ആയൂർ നിന്നും തിരുവനന്തപുരത്തേക്കാണ് ഫസ്റ്റ് ട്രിപ്പ്. സമയം രാവിലെ 8.30. നല്ല തിരക്കുള്ള സമയമാണ്. വെമ്പായത്തും നിന്നാണ് ആ യുവതിയും ഭർത്താവും കയറിയത്. തിരക്ക് നിറഞ്ഞ ബസിൽ ഒരു സീറ്റുപോലുമില്ല. ഗർഭണിയായ അവരെ കണ്ട മാത്രയിലാകണം പിന്നില്‍ നിന്നും കണ്ടക്ടർ സാജന്റെ ഉത്തരവ്– “ആരെങ്കിലും ഒരു സീറ്റ് വിട്ടു കൊടുക്കണം…” യുവതിയുടെ ഭർത്താവ് അവരെ സീറ്റിലിരുത്തി.

യാത്ര തുടരുകയാണ്, ബസ് വട്ടപ്പാറ സ്റ്റോപ്പിൽ നിർത്തി ആളെടുത്ത ശേഷം മുന്നോട്ടു പോകുകയാണ്, പൊടുന്നനെ ബസിന്റെ പുറകിൽ നിന്നും അടക്കിപ്പിടിച്ച ഒരു കരച്ചിൽ ഉയർന്നു. ഈ കരയുന്ന യുവതി എട്ടുമാസം ഗർഭിണിയാണത്രേ. ചെക്കപ്പിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് പോകുകയാണ്. ഉറക്കെയുള്ള അവരുടെ കരച്ചിൽ ഒന്നു കൂടി ബസിനെ നിശബ്ദമാക്കിയപ്പോൾ വൃദ്ധയായ ഒരു സ്ത്രീ വിളിച്ചു പറഞ്ഞു “ഇത് പ്രസവവേദനയാണ് എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.” ഉടനെ തന്നെ തിരുവനന്തപുരം എസ് എ ടി യില്‍ യുവതിയെ എത്തിക്കണമെന്ന് മറ്റു യാത്രക്കാരും. പക്ഷേ, ഇത്രവലിയ ട്രാഫിക്കിനിടയിലൂടെ അതും ഒരു കെ എസ് ആര്‍ ടി സി ബസ് ഓടിച്ചുകൊണ്ട് സമയത്തിന് ആശുപത്രിയില്‍ എത്തിക്കാനാകുമോ എന്ന് പലര്‍ക്കും സംശയം. ആ സംശയത്തോടെ എല്ലാവരും ഡ്രൈവറായ ഗിരീഷിനെ നോക്കി.

എന്നാല്‍ ഗിരീഷ് യാതൊരു സംശയവും ഇല്ലായിരുന്നു. താനെടുത്ത ചലഞ്ച് അത്ര എളുപ്പമല്ലെന്നറിയാം, പക്ഷേ, അത് ചെയ്‌തേ പറ്റൂ, ഒരമ്മയുടെയും കുഞ്ഞിന്റെയും ജീവനുവേണ്ടിയാണ്. ഗിരീഷ് ബസ് പറപ്പിച്ചു. നേരത്തെ അറിയിപ്പ് കൊടുത്തപ്രകാരം കേശവദാസപുരത്ത് പൊലീസ് കാത്തുനില്‍പ്പുണ്ടായിരുന്നു. അവിടന്നങ്ങോട്ട് പൊലീസ് ജീപ്പ് മുന്നാലെ പാഞ്ഞ് ബസിന് വഴിയൊരുക്കി കൊടുത്തു. ഗതാഗതക്കുരുക്കുപോലും മറികടന്ന് 12 കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയില്‍ മിനിറ്റുകള്‍ക്കുള്ളിൽ ഗര്‍ഭിണിയെ എത്തിച്ചു.

‘കെഎസ്ആർടിസി ബസ് ഡ്രൈവറായി ജോലി നോക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വളവും തിരിവും താണ്ടി ആന വണ്ടിയെ ‘മേയ്ച്ചു നടന്ന’ അനുഭവ പരിചയം ആവോളമുണ്ട്. ഏതു പാതിരാത്രിയിലും എത്രവലിയ ഹൈറേഞ്ചിലും വണ്ടിയോടിച്ചിട്ടുണ്ട്. യാത്രക്കാരുടെ ജീവൻ നമ്മുടെ വളയത്തിലാണെന്ന ഉത്തമ ബോധ്യവുമുണ്ട്’. എന്നാലും ഇത്തരമൊരു യാത്ര സ്വപ്നം പോലും കണ്ടിട്ടില്ല. അപകട ഘട്ടം തരണം ചെയ്ത് ഗർഭിണിയെ അതിവേഗം തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് ഒരു നിയോഗമാണ്. ദൈവത്തിന്റെ തുണ.–ഗീരിഷിന്റെ വിനയം നിറ‍ഞ്ഞ വാക്കുകൾ.

ഗിരീഷിനൊപ്പം തങ്ങളുടെ ആവശ്യങ്ങളെല്ലാം മാറ്റിവച്ച് യുവതിക്കൊപ്പം നിന്ന ആ ബസിലെ മറ്റു യാത്രക്കാരും ഈ സംഭവത്തില്‍ ഹീറോകള്‍ തന്നെ…ഈ സമൂഹം ഇപ്പോഴും നന്മയുള്ള മനുഷ്യരാല്‍ സമ്പന്നമാണെന്ന് തെളിയിക്കുന്നതാണ് ഈ വാര്‍ത്തയുടെ പ്രത്യേകത.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply