UAE യിലുള്ള പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍

തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളും യു.എ.ഇ. യിലെ പ്രധാന നിയമങ്ങളെല്ലാം നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കണം. മാത്രമല്ല തൊഴിലിലും സാമൂഹിക ജീവിതത്തിലും ഇവിടെ താമസിക്കുന്ന വിദേശിയെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തത്തോടൊപ്പം അവകാശങ്ങളും തിരിച്ചറിയാന്‍ ഇത് സഹായിക്കുകയും ചെയ്യും.

അറിഞ്ഞിരിക്കണം ഈ നിയമങ്ങള്‍.

രാജ്യത്ത് ജോലി ചെയ്യുന്ന ഓരോ വിദേശതൊഴിലാളിയും ഫെഡറല്‍ നിയമമനുസരിച്ച് മനുഷ്യവിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ അനുമതി(വര്‍ക്ക് പെര്‍മിറ്റ് )നേടണം. തൊഴിലാളിയുടെ നിയമനം സംബന്ധിച്ചുള്ള സകല നടപടികളുടെയും ചെലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. താമസ വിസ, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവയ്ക്കും ഇത് ബാധകമാണ് . തൊഴില്‍ കരാറിനനുസരിച്ചുള്ള ശമ്പളം എല്ലാ മാസവും രാജ്യത്തെ വേതന സംരക്ഷണ നിയമനുസരിച്ച് ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ വഴി തൊഴിലുടമ തൊഴിലാളിക്ക് നല്‍കണം.

ഒരു ദിവസം എട്ടു മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ എന്നതാണ് ജോലി സമയത്തിന്റെ കണക്ക്. ഹോട്ടലുകള്‍, സെക്യൂരിറ്റി സേവനം തുടങ്ങി ചില മേഖലകളില്‍ മാത്രം തൊഴില്‍ സമയത്തില്‍ മാറ്റമുണ്ട്. പ്രൊബേഷന്‍ കാലാവധി ആറ് മാസത്തില്‍ കൂടരുത്. ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളിക്ക് നിര്‍ബന്ധമായും അവധി നല്‍കണം . അവധി ദിവസങ്ങളിലോ പ്രവൃത്തി ദിവസങ്ങളില്‍ തൊഴില്‍ സമയത്തിന് പുറമെയോ ജോലി ചെയ്യുകയാണെങ്കില്‍ സമയം കണക്കാക്കി ഓവര്‍ ടൈം വേതനം നല്കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.

രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങളില്‍ തൊഴിലാളിക്ക് വേതനത്തോടുകൂടിയ അവധി നല്‍കണം. കൂടാതെ എല്ലാ വര്‍ഷവും മുപ്പതു ദിവസത്തെ വാര്‍ഷിക അവധിയും വിദേശ തൊഴിലാളികള്‍ക്ക് നിയമം അനുവദിച്ചിരിക്കുന്ന ആനുകൂല്യമാണ്. മതത്തിന്റെ പേരിലോ വംശീയതയുടെ പേരിലോ വാക്കാലോ പ്രവൃത്തിയാലോ ആരെയും അധിക്ഷേപിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യരുത്. നിയമം കര്‍ശനമായും ഇത് വിലക്കിയിട്ടുണ്ട്. രാജ്യത്തിനു അപകീര്‍ത്തികരമായതോ മറ്റു വ്യക്തികളെ അപമാനിക്കുന്ന രീതിയിലോ സമൂഹികമാധ്യമങ്ങളിലൂടെ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമായ നടപടിയാണ്. സമൂഹികമാധ്യമങ്ങള്‍ ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം.

പൊതുസ്ഥലത്ത് മാന്യമായി വസ്ത്രം ധരിച്ചു വേണം പോകാന്‍. പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനങ്ങള്‍ അതിരു വിടുന്നതും പിഴയടക്കമുള്ള ശിക്ഷ ക്ഷണിച്ചു വരുത്തും. റമസാന്‍ മാസത്തില്‍ പൊതു ഇടങ്ങളില്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്. രാജ്യത്ത് ലൈസന്‍സില്ലാതെ മദ്യം കൊണ്ട് നടക്കുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. പൊതുസ്ഥലത്തു മദ്യം കഴിക്കുന്നതും മദ്യലഹരിയില്‍ പൊതുസ്ഥലങ്ങളില്‍ എത്തുന്നതും നിയമം വിലക്കിയിട്ടുണ്ട്.

രക്തബന്ധമില്ലാത്ത എതിര്‍ലിംഗത്തില്‍ പെട്ടവരുമായി താമസസ്ഥലം പങ്കുവെക്കുന്നതും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതും തടവും പിഴയും നേടിത്തരുന്ന കുറ്റമാണ്. തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിനോ വ്യക്തിക്കോ വേണ്ടി ജോലി ചെയ്താല്‍ – പിഴ 50,000 ദിര്‍ഹം. വിശ്വാസ വഞ്ചന – മൂന്ന് വര്‍ഷത്തെ തടവും പിഴയും. കൈക്കൂലി വാങ്ങിച്ചാല്‍ – 10 വര്‍ഷം വരെ തടവ്. കൈക്കൂലി വാഗ്ദാനം ചെയ്താല്‍ – 5 വര്‍ഷം വരെ തടവ്. തെറ്റായ ആരോപണം ഉന്നയിച്ചാല്‍ – ആറ് മാസം തടവും 3000 ദിര്‍ഹം പിഴയും.

താമസ വിസ കാലാവധി കഴിഞ്ഞാല്‍ – ആദ്യ ആറ് മാസം പ്രതിദിനം 25 ദിര്‍ഹം വീതം, അത് കഴിഞ്ഞാല്‍ 50 ദിര്‍ഹം വീതവും ഒരു കൊല്ലം കഴിഞ്ഞാല്‍ പ്രതിദിനം 1000 ദിര്‍ഹം വീതവും പിഴ നല്‍കണം. ചൂതുകളി – രണ്ടു വര്‍ഷം തടവും 20,000 ദിര്‍ഹം പിഴയും. മയക്കു മരുന്ന് കടത്ത്, കൊലപാതകം – ജീവപര്യന്തം തടവ്. മോഷണം – മൂന്ന് വര്‍ഷത്തില്‍ കൂടാത്ത തടവ്. രേഖകളില്‍ കൃത്രിമം കാണിച്ചാല്‍ – 10 വര്‍ഷം വരെ തടവ്.

Source – http://pravasi-gulf.com/2018/03/05/gfdshf/

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply