ചത്ത പൂച്ച തെളിയിച്ച ക്രൂരമായ കൊലപാതകം; കേരളത്തിൽ നടന്ന ഒരു സംഭവം…

എഴുത്ത് – ‎Mohmd Hashm Movval‎ to ചരിത്രാന്വേഷികൾ Charithranweshikal.

പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടത്തിനു മുമ്പ് കേരള പൊലീസ് ഒരു പൂച്ചയെ പോസ്​റ്റ്​മോർട്ടം ചെയ്തിരുന്നു; അന്ന് തെളിഞ്ഞത് ക്രൂരമായ കൊലപാതകം.

അഞ്ചല്‍ സ്വദേശി ഉത്രയുടെ മരണം പാമ്പ് കടിയേല്‍പ്പിച്ചുളള കൊലപാതകമാണെന്നു തെളിഞ്ഞതോടെ കേരള പൊലീസിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നൊരു കേസ് ആയത് മാറിയിരിക്കുകയാണ്. പ്രതിയുടെ കുറ്റസമ്മതം ഉണ്ടെങ്കിലും കേസ് കോടതിയില്‍ തെളിയിക്കാന്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയെ തെളിവുകളും ഏറെ നിര്‍ണായകമാണ്. വരുന്ന ചെറിയൊരു പിഴവ് പോലും കേസ് ദുര്‍ബലപ്പെടുത്തുമെന്നുള്ളതിനാല്‍ എല്ലാ വഴികളിലൂടെയുമുള്ള തെളിവ് ശേഖരണം അന്വേഷണ സംഘം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിരുന്നു ഉത്രയെ കടിച്ച പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള തീരുമാനം.

യുവതിയുടെ മരണത്തിനു പിന്നാലെ പാമ്പിനെ കണ്ടെത്തി തല്ലിക്കൊന്നു കുഴിച്ചിട്ടിരുന്നു. എന്നാല്‍ ഈ പാമ്പ് കേസില്‍ വളരെ പ്രധാനപ്പെട്ടൊരു കണ്ണിയാണെന്നു തിരിച്ചറിയാണ് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നുണ്ട്. അപ്പോഴും ചില കോണുകളില്‍ നിന്നുയരുന്ന സംശയങ്ങളും പരിഹാസങ്ങളും കുഴിയില്‍ കിടന്ന് ചീഞ്ഞുപോയ പാമ്പിനെ തോണ്ടി പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമോയെന്നാണ്.

സമാനരീതിയില്‍ കേരള പൊലീസ് ഇതിനു മുമ്പും പരിഹസിക്കപ്പെട്ടിരുന്നു. ഇന്നത് പാമ്പാണെങ്കില്‍ അന്നൊരു ചത്ത പൂച്ചയുടെ പേരിലായിരുന്നു. പരിഹാസങ്ങളൊന്നും വകവയ്ക്കാതെ ചത്ത പൂച്ചയുമായി മുന്നോട്ടു പോയ അന്വേഷണ സംഘം തെളിയിച്ചത് ഒരു സ്ത്രീയുടെ ക്രൂരമായ കൊലപാതകമായിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതിയ പ്രതിയെ കുടുക്കിയത് ഒരു പൂച്ചയുടെ ജഡമായിരുന്നുവെന്നു. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ആ കൊലപാതക കേസിനെ വിശേഷിപ്പിക്കുന്നത്; ചത്തപൂച്ച തെളിയിച്ച കേസ് എന്നാണ്.

2008 ല്‍ നടന്ന, പൂച്ച നിര്‍ണായക കഥാപാത്രമായി മാറിയ ആ കൊലപാതക കഥ തുടങ്ങുന്നത് ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു യുവതിയുടെ മൃതദേഹം പൊങ്ങുന്നതില്‍ നിന്നാണ്. കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിപ്പോയിരുന്നു. രണ്ട് പാദങ്ങള്‍ കുളത്തിന് മുകളില്‍ പൊങ്ങിനില്‍ക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പ്രദേശവാസികള്‍ക്ക് തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയായിരുന്നു അത്.

മൃതദേഹത്തിന്റെ വയറ് കുത്തിക്കീറി കുടല്‍മാലയെല്ലാം പുറത്തുചാടിയ അവസ്ഥയിലായിരുന്നു. മൃതദേഹം കുളത്തില്‍ താഴ്ന്ന് പോകുന്നതിനായി ഒരു വേലിക്കല്ല് ശരീരത്തില്‍ ചേര്‍ത്ത് വച്ച് കെട്ടിയിരുന്നു. സ്ത്രീ ഉടുത്തിരുന്ന സാരി കൊണ്ട് തന്നെ രണ്ട് പാദങ്ങളും കെട്ടിയ നിലയിലായിരുന്നു. ഈ പാദങ്ങളാണ് കുളത്തിന് മുകളിലേക്ക് പൊങ്ങിവന്നത്.പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് തെളിഞ്ഞെങ്കിലും ഇവര്‍ നാട്ടുകാര്‍ക്കെല്ലാം അപരിചിതയാണെന്നതും സമീപപ്രദേശങ്ങളിലൊന്നും ഈ പ്രായത്തിലുള്ള സ്ത്രീയെ കാണാതെ പോയതായി പരാതി ലഭിച്ചിട്ടില്ലെന്നതും പോലീസിന്റെ അന്വേഷണത്തില്‍ തുടക്കത്തില്‍ തന്നെ തടസ്സമായി. മൃതദേഹം കിടന്ന കുളത്തിന് ചുറ്റിലും നിരവധി വീടുകളും എപ്പോഴും ആള്‍പ്പെരുമാറ്റമുള്ള പ്രദേശവുമായിരുന്നു. ആരാണ് മരിച്ചതെന്ന് പോലും വ്യക്തതയില്ലാത്ത കേസ്.

അന്ന് കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഹരികൃഷ്ണന് ആയിരുന്നു അന്വേഷണ ചുമതല. മൃതദേഹ പരിശോധനയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറയ്ക്കാന്‍ ശ്രമിച്ചതാണെന്ന് വ്യക്തമായി. കുളത്തിന് സമീപത്ത് സംശയകരമായ രീതിയില്‍ യാതൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. കുളത്തിനടുത്തേക്ക് വരുന്ന സ്ഥലത്ത് ഒരു സര്‍പ്പക്കാവുണ്ട്. കാവിന് സമീപത്ത് എന്തോ ചത്തുചീഞ്ഞ മണം അനുഭവപ്പെട്ടതിനാല്‍ പോലീസ് അവിടെയും പരിശോധിച്ചു. ഒരു പൂച്ച ചത്തുകിടന്നതായിരുന്നു അത്.

പ്രാഥമികമായി സ്ത്രീയുടെ മരണവുമായി ബന്ധിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. എന്നാല്‍ സ്ത്രീയുടെ മൃതദേഹത്തിന്റെ അതേ പഴക്കം തന്നെ പൂച്ചയുടെ മൃതദേഹത്തിനുമുണ്ടായിരുന്നതാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണണനില്‍ ചില സംശയങ്ങളുണര്‍ത്തിയത്. സ്ത്രീയുടെയും പൂച്ചയുടെയും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഹരികൃഷ്ണന്റെ തീരുമാനം. ഇത് ആളുകളില്‍ ഒരു കൗതുകമുണ്ടാക്കുകയും ചെയ്തു. ഒരു ചത്ത പൂച്ചയ്ക്ക് കേരളാ പോലീസ് ആദ്യമായായിരിക്കും മഹസര്‍ എഴുതിയത് തന്നെ.

പൂച്ചയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഫോറന്‍സിക് സര്‍ജന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഒരു വെറ്റിനറി സര്‍ജന്‍ ആണ് ഈ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പൂച്ചയുടെയും സ്ത്രീയുടെയും ആമാശയത്തില്‍ ഫ്യൂരിഡാന്‍ എന്ന വിഷം കലര്‍ന്ന ഒരേ ഭക്ഷണമായിരുന്നു ഉണ്ടായിരുന്നു. ഇരു മരണങ്ങളുടെയും ഏകദേശ സമയവും ഒന്നുതന്നെയായിരുന്നു. അതോടെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം സ്ത്രീയെ കുളത്തില്‍ കെട്ടിത്താഴ്ത്തിയതാണെന്ന് വ്യക്തമായി. സ്ത്രീ ആരാണെന്നും ആരാണ് അവരെ കൊലപ്പെടുത്തിയതെന്നും അവര്‍ കഴിച്ച അതേ ഭക്ഷണം പൂച്ചയുടെ വയറ്റിലും എങ്ങനെയെത്തി എന്നത് സംബന്ധിച്ചുമുള്ള ചോദ്യങ്ങളാണ് പിന്നീട് പോലീസിന് മുന്നില്‍ ഉയര്‍ന്നത്.

സ്ത്രീയാരാണെന്ന അന്വേഷണം ഫലം കാണാതായതോടെ അന്വേഷണ സംഘം പൂച്ചയുടെ പിന്നാലെ പോകാന്‍ തീരുമാനിച്ചു. പരിചയമുള്ള ആളുകള്‍ക്കൊപ്പം മാത്രമേ പൂച്ച സഞ്ചരിക്കുകയുള്ളൂ എന്ന് കുട്ടിക്കാലത്തേ മനസിലാക്കിയ തിയറിയാണ് ഹരികൃഷ്ണന്‍ ഉപയോഗിച്ചത്. പൂച്ചയുടെ ഉടമയാകും കൊലയാളിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ചത്ത പൂച്ചയുടെ ചിത്രങ്ങള്‍ എടുത്തിരുന്നു. ചത്ത പൂച്ചയുടെ ഫോട്ടോയുടെ ഫോട്ടോയും കൊണ്ട് നടക്കലായി പിന്നീട് പോലീസുകാരുടെ ജോലി. ഇതും നാട്ടുകാരില്‍ ചിരിയുണര്‍ത്തി.

ചത്ത് ചീഞ്ഞ പൂച്ചയുടെ ഫോട്ടോ നോക്കിയാല്‍ ഏതാണ്ട് എല്ലാ പൂച്ചയും ഒരുപോലിരിക്കുമല്ലോ? ‘ജീവനുള്ള പൂച്ചകളെ പോലും പരസ്പരം തിരിച്ചറിയാനാകില്ല.. അപ്പോഴാണ് ചത്ത പൂച്ചയെ.. വെറുതെയല്ല ഇവന്മാരെ കിറുക്കന്മാരെന്ന് വിളിക്കുന്നത്’ ഒളിഞ്ഞും തെളിഞ്ഞുമുള്ള കളിയാക്കലുകള്‍ പൊലീസ് കേട്ടു. പക്ഷേ കാര്യമാക്കിയില്ല. ആ പരിഹാസങ്ങളെല്ലാം പെട്ടെന്നാണ് അവസാനിച്ചത്. ഒരു വീട്ടില്‍ ചെന്നപ്പോള്‍ തങ്ങളുടെ വീട്ടിലെ പൂച്ചയെ കാണാനില്ലെന്നും നിറവും പാടും എല്ലാം കണ്ടാല്‍ ഏതാണ്ട് ഇതുപോലിരിക്കുമെന്നും ഉത്തരം ലഭിച്ചു.

പൂച്ച ചത്തുപോയ കാര്യമൊന്നും വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. എന്നാല്‍ ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നുവെന്ന് സംശയിക്കുന്നതിന്റെ ഏതാണ്ട് അടുത്ത ദിവസങ്ങളില്‍ തന്നെയാണ് പൂച്ചയെ കാണാതായതെന്ന് വീട്ടുകാര്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചു. അതോടെ പൂച്ച ഈ വീട്ടിലേത് തന്നെയാണെന്ന് പോലീസിന് ഉറപ്പായി. പൂച്ച താമസിച്ചിരുന്ന വീടിന് പരിസരങ്ങളിലുമെല്ലാം പോലീസ് പ്രത്യേക നിരീക്ഷണം നടത്തിയെങ്കിലും സംശയിക്കേണ്ടതായി യാതൊന്നും കണ്ടെത്താനായില്ല. വീട്ടുകാര്‍ക്കാര്‍ക്കും ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പോലീസിന് വ്യക്തമായി. അതോടെ ചുറ്റിലുമുള്ള എല്ലാ വീടുകളിലേക്കും പോലീസ് നിരീക്ഷണം നീണ്ടു.

ആ വീടുകളിലെയെല്ലാം അംഗങ്ങളുടെ പെരുമാറ്റങ്ങളെല്ലാം സാധാരണമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ജലാലുദ്ദീന്‍ എന്നയാള്‍ പലനാടുകളില്‍ സഞ്ചരിച്ച് പാത്രങ്ങള്‍ കച്ചവടം നടത്തുയാള്‍ ആയിരുന്നു. പോലീസിന് ഇയാളെ നേരിട്ട് കാണാന്‍ സാധിച്ചില്ല. കച്ചവടവുമായി ബന്ധപ്പെട്ട് അയാള്‍ യാത്രയിലായിരുന്നു. ഇയാളുടെ ഫോണ്‍ നമ്പരിലേക്ക് ഹരികൃഷ്ണന്‍ ഓരോ തവണ വിളിക്കുമ്പോഴും ഓരോ സ്ഥലങ്ങളില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ഹാജരാകാന്‍ കൂട്ടാക്കാതിരുന്നു. അതോടെ ഹരികൃഷ്ണന് കൂടുതല്‍ സംശയങ്ങളുണ്ടായി.

ജലാലുദ്ദീനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ നില്‍ക്കുന്ന യഥാര്‍ത്ഥ സ്ഥലം മാറ്റിയാണ് ഇയാള്‍ പറഞ്ഞിരുന്നതെന്ന് തനിക്ക് മനസിലായതായി ഹരികൃഷ്ണന്‍ പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തന്നെ പോലീസ് തീരുമാനിച്ചു. അപ്പോഴേക്കും നാട്ടുകാരുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുയര്‍ന്നു. കാരണം കൊല്ലപ്പെട്ടതാരാണെന്ന് പോലും പോലീസിന് അതുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് തന്നെയുള്ള പരിശോധനയില്‍ അയാള്‍ വീട്ടിലെത്തിയത് തിരിച്ചറിഞ്ഞ പോലീസ് അവിടെ നിന്ന് തന്നെ അയാളെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

പാത്രക്കച്ചവടത്തിനായി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഇയാള്‍ കൊലചെയ്ത സ്ത്രീയെ പരിചയപ്പെട്ടത്. കരീലക്കുളങ്ങരയില്‍ നിന്നും ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ അകലെയാണ് കരുവാറ്റ. അവരുമായി ആദ്യം സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായ ഇയാള്‍ അവരുടെ ആഭരണങ്ങളും മറ്റും ഇയാള്‍ വാങ്ങി പണയം വയ്ക്കുകയും ആ പണം തന്റെ ധൂര്‍ത്തിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സ്ത്രീ ഈ ആഭരണങ്ങള്‍ തിരികെ ചോദിച്ചു. അതോടെ സ്ത്രീയെ കൊലപ്പെടുത്താന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു.

ആഭരണങ്ങള്‍ നല്‍കാമെന്ന വാക്ക് ആവര്‍ത്തിച്ച് തിരുവനന്തപുരത്ത് കറങ്ങി നടന്ന ശേഷം രാത്രിയോടെ കായംകുളത്ത് വന്ന ഇവര്‍ കൃത്യം നടന്ന പാടത്തെത്തി. ഭക്ഷണമെടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ് സ്ത്രീയെ അവിടെയിരുത്തിയ ഇയാള്‍ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് വന്ന ഭക്ഷണത്തില്‍ ഫ്യൂരിഡാന്‍ കലര്‍ത്തുകയും ചെയ്തു. പാടത്തിരുന്ന് തന്നെ അത് കഴിച്ച സ്ത്രീ അത് തീരും മുമ്പ് തന്നെ ശര്‍ദ്ദിച്ച് മരിച്ച് വീഴുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ മൃതദേഹത്തിന്റെ വയറ് ഒരു കത്തി ഉപയോഗിച്ച് കീറുകയും പാദങ്ങള്‍ രണ്ടും കൂട്ടിക്കെട്ടുകയും ചെയ്ത ശേഷം ദേഹത്ത് വേലിക്കല്ല് കെട്ടി കുളത്തിലെറിയുകയായിരുന്നു.

എന്നാല്‍ വീട്ടില്‍ നിന്നും ഭക്ഷണ പൊതിയുമായി പോകുന്ന ജലാലുദ്ദീന് പിന്നാലെ പൂച്ചയും കൂടിയത് ഇയാള്‍ അറിഞ്ഞില്ല. സ്ത്രീ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും അവരുടെ ശര്‍ദ്ദിലും കഴിച്ച പൂച്ചയുടെ ശരീരത്തിലും ഫ്യൂരിഡാന്‍ കലര്‍ന്നു.കുറ്റം പ്രതി സ്വയം ഏറ്റുപറഞ്ഞതോടെ അന്വേഷണ സംഘം പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചു. നാല് വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജലാലുദ്ദീന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. പൂച്ചയുടെ വഴിയിലൂടെ സഞ്ചരിച്ച് പോലീസ് തന്നിലേക്കെത്തുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് ജലാലുദ്ദീന്‍ തന്നെ പോലീസിനോട് സമ്മതിച്ചു.

Check Also

ഗോ എയർ; ഇന്ത്യയിലെ ഉയർന്നു വരുന്ന ഒരു ലോകോസ്റ്റ് എയർലൈൻ

ഇന്ത്യയിലെ ഒരു ലോകോസ്റ്റ് എയർലൈനാണ്‌ ഗോ എയർ. 2005 ൽ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ വാഡിയ ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ് ഗോ …

Leave a Reply