നമ്മൾ കേട്ടറിഞ്ഞതു മാത്രമല്ല ഹംപി; ഇതാ ഹംപിയുടെ വേറൊരു മുഖം..

എല്ലാവര്ക്കും ഉപകാരപ്രദമായ വിവരങ്ങളടങ്ങിയ മനോഹരമായ ഈ ലേഖനം തയ്യാറാക്കിയത് – Bibin Ramachandran.

ഹംപി എന്ന പേര് കേൾക്കുമ്പോഴേക്കും നമ്മൾ മലയാളികൾ ആദ്യം ഓർക്കുക ആനന്ദം എന്ന മലയാള സിനിമ ആയിരിക്കും. ഈ സിനിമ വരുന്നതിനു മുന്നേ ഹംപിയിൽ പോകുന്നവരും ഹംപിയെ കുറിച്ച് അറിയുന്നവരും കേരളത്തിൽ വളരെ കുറവായിരുന്നു. എന്നാൽ ആനന്ദം എന്ന സിനിമ ഇറങ്ങിയതോടെ ഒരുപാടാളുകൾ ഹംപി തേടി യാത്രയായി. അങ്ങനെയാണ് ഈയുള്ളവനും ഹംപിക്കുള്ള ട്രെയിൻ പിടിക്കുന്നത്. സുഹൃത്തു മുകേഷും അനീഷുമൊത്തു കഴിഞ്ഞവർഷമാണ് ചരിത്രമുറങ്ങുന്ന ആ നഗരത്തിലേക്ക് ഒരു യാത്ര പോകാൻ ഭാഗ്യമുണ്ടായത്.

തൃശ്ശൂരിൽ നിന്ന് മൈസൂർ വരെ ksrtc ബസ്സിലും, മൈസൂരിൽ നിന്ന് ഹോസ്പേട് വരെ ട്രെയിനിലുമായിരുന്നു ഞങ്ങളുടെ യാത്ര. അവിടെ നിന്ന് ഹംപിയിലേക്കു രാവിലെ 6 മണിക്കുശേഷം ലോക്കൽ ബസ് ഏതു നേരവും കിട്ടും. അതിരാവിലെ ഹോസ്‌പേട്ടിൽ എത്തിയ ഞങ്ങൾ പ്രാതലിനു ശേഷം ഹംപി ബസ്സ് പിടിച്ചു. മൂന്നാലു ദിവസം തുടർച്ചയായ പൂജ/ ദസറ അവധി ആയതിനാൽ ബസ്സിൽ നിറയെ സഞ്ചാരികളാണ്. കൂട്ടത്തിൽ കുറെ മലയാളികളും ഉണ്ട്. അവരുടെ ഉച്ചത്തിലുള്ള സംസാരം മുന്നിലെ സീറ്റുകളിൽ നിന്ന് കേൾക്കാം. ബസ്സ് ഹോസ്പേട്ട് വിട്ടു അൽപദൂരം കഴിഞ്ഞപ്പോഴേ ഹംപിയുടെ യഥാർത്ഥ മുഖം കാണാൻ തുടങ്ങി. ഹംപി നഗരത്തോട് അടുക്കുംതോറും നമുക്ക് മനസിലാകും, പ്രതിഭകളായ കലാകാരന്മാരുടെ കരവിരുതുകളുടെ ഒരു മഹാ സംഗമമാണ് പഴയ ഹംപി എന്ന്. റോഡിനിരുവശങ്ങളിലും നിറയെ പാറക്കൂട്ടങ്ങൾ കാണാം, അവ ഒരു ശില്പിയുടെ കൈവഴക്കത്തോടെ നിര്‍മ്മിക്കപ്പെട്ടപോലെ തോന്നും. കല്ലുകളിൽ തീർത്ത ഒരുപാട് ക്ഷേത്രങ്ങൾ, പാതിവഴിൽ നിർത്തിപ്പോയ ശിലാ നിർമിതികൾ, തകർക്കപ്പെട്ട അമ്പലങ്ങളും വീടുകളും, അകലെ പഴയകാല പ്രതാപം നിഴലിക്കുന്ന കൊച്ചു കൊച്ചു ഗോപുരങ്ങള്‍, കൽ മണ്ഡപങ്ങള്‍…ഒരുകാലത്ത് ശില്‍പചാതുരിയുടെ ചരിത്രങ്ങള്‍ രചിച്ച വിജയനഗര സാമ്രാജ്യത്തിലേക്ക് ഞങ്ങൾ എത്തുകയായിരുന്നു.

തുങ്കഭദ്ര നദിയോടുചേർന്നു ഒരു സുവർണ്ണകാലത്തിന്റെ മഹത്തായ തിരുശേഷിപ്പുകൾ തലയുയർത്തി നിൽക്കുന്ന വിജയനഗരം, ചരിത്രമുറങ്ങുന്ന ഹംപിയെ കല്ലിൽ തീർത്ത ക്ഷേത്രങ്ങളാൽ നിറഞ്ഞ ഒരു മഹാ നഗരം എന്നുതന്നെ പറയാം. പതിമൂന്നാം നൂറ്റാണ്ടിലെ രാജാക്കൻമാരുടെ തലസ്ഥാന നഗരിയായ ഹംപിയിൽ ഏകദേശം ആയിരത്തോളം ക്ഷേത്രങ്ങളുണ്ടാകും. രണ്ടു ദിവസംകൊണ്ടു എല്ലാം കാണുക എന്നത് അപ്രായോഗികമാണ്. കൂടെ ഒരു ഗൈഡില്ലാതെ ഹംപി കാണുന്നതു വളരെ വലിയ മണ്ടത്തരമാണ്. കാരണം ഓരോ ക്ഷേത്രങ്ങളിലും നാമറിയാതെ ഒരുപാട് അത്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഉടലറ്റ ആ ശിലാ നിർമിതികൾക്കും നിത്യപൂജയും വിഗ്രഹങ്ങളുമില്ലാത്ത ആ ക്ഷേത്രങ്ങൾക്കും നമ്മളോടൊരുപാട് കഥപറയാനുണ്ട്, പഴയ പ്രതാപകാലത്തെ കഥകൾ. അതുകൊണ്ടു പരിചയസമ്പന്നനായ ഒരു ഗൈഡിന്റെ സഹായം നമുക്ക് കൂടുതൽ അറിവുപകരും.

ഹംപി ഒരു ചരിത്ര നഗരമാണ്. അതൊരു റൊമാന്റിക് ടൂറിസ്റ്റ് പ്ലേസ് ആയി എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. എന്നാൽ, തുങ്കഭദ്ര നദിയുടെ മറുകരയിൽ മറ്റൊരു ഹംപി കൂടെ ഉണ്ട്. The other side of Hampi… ആനന്ദം സിനിമയിൽ രാത്രി പിള്ളേർ കൊട്ടവഞ്ചി തുഴഞ്ഞു ബീയറടിക്കാൻ പോകുന്ന ആ സ്ഥലം, Island !!!

Hippie Island – വളരെ വ്യത്യസ്തമായ മറ്റൊരു ലോകമാണ് ഈ ഐലന്റ്. നെൽപ്പാടങ്ങളും അവയോടു ചേർന്ന് തെങ്ങുകളും, മലകളും, എങ്ങും പച്ചപ്പും നിറഞ്ഞ ഹിപ്പി ഐലന്റ് . ഞങ്ങൾ ആദ്യം പോയത് ആ ഐലന്റിലേക്കായിരുന്നു. ഞങ്ങൾക്കുള്ള താമസ സൗകര്യം ഒരുക്കിയതും അവിടെയായിരുന്നു. വിദേശികളുടെ ഒരു താഴ്‌വര തന്നെ ആയിരുന്നു ഹിപ്പി ഐലന്റ്. ഐലന്റിൽ വലിയ ഹോട്ടലുകളോ ലോഡ്‌ജുകളോ ഇല്ല. വൈക്കൊലും ഓലയും മേഞ്ഞ ചെറിയ കോട്ടേജുകളാണ് അധികവും. ബഹുനിലകെട്ടിടങ്ങൾ വളരെ കുറവാണ് എന്നുതന്നെ പറയാം. നിർമാണ അനുമതി ഇല്ലാത്തതു തന്നെയാണ് കാരണം. കോട്ടേജുകൾക്കു സമീപം ചെറിയ റെസ്റ്റോറന്റുകളും ധാരാളം കണാം.

ഞങ്ങളുടെ ബാഗേജെല്ലാം പരിചയമുള്ള ഒരു മലയാളി സുഹൃത്തിന്റെ വീട്ടിൽ വച്ചശേഷം ഞങ്ങൾ രണ്ടു ബൈക്ക് വാടകക്കെടുത്തു. 200 രൂപയാണ് ഒരു ദിവസത്തെ വാടക. ആഞ്ജനേയ ക്ഷേത്രം അല്ലെങ്കിൽ മങ്കി ടെംപിൾ ആയിരുന്നു ഞങ്ങളുടെ പ്രഥമ ലക്‌ഷ്യം. മൈസൂരിലേതെന്ന പോലെ ദസര ദിനത്തിൽ അവിടെയും അന്ന് ഉത്സവമായിരുന്നു. റോഡിലെങ്ങും ഗ്രാമീണർ പുതുവസ്ത്രങ്ങളണിഞ്ഞു അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന കാഴ്ച കാണാമായിരുന്നു. കരഘോഷങ്ങൾക്കും ഘോഷയാത്രകൾക്കുമിടയിലൂടെ ഞങ്ങൾ വളരെ പാടുപെട്ടു മങ്കി ടെമ്പിളിന് സമീപത്തെത്തി. അഞ്ഞൂറിൽ അധികം പടികള്‍ കയറി വേണം ഈ ആഞ്ജനേയക്ഷേത്രത്തിലെത്താൻ. മുകളിൽ നിന്നുള്ള 360 വ്യൂ കാഴ്ച എത്ര മനോഹരമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ക്ഷേത്രത്തിനകത്തു അല്പസമയം പ്രാർത്ഥിച്ചശേഷം പ്രസാദവും വാങ്ങി ഞങ്ങൾ തിരിച്ചിറങ്ങി. തിരികെ വരുമ്പോൾ ലക്ഷ്മി ക്ഷേത്രം, കൃഷ്ണ ക്ഷേത്രം തുടങ്ങി വേറെയും ക്ഷേത്രങ്ങളുണ്ട്. ഐലൻന്റിലെ ഒരു ഗ്രാമമായ സോനാപൂരിനടുത്തുള്ള വിശാലമായ ലേയ്ക്കിൽ ഒരു കൊട്ടവഞ്ചി സഫാരി നടത്താനും ഞങ്ങൾ മറന്നില്ല.

ഹംപി ഐലൻന്റിലെ ഏറ്റവും പ്രധാന ആകര്‍ഷണം അവിടുത്തെ ഭക്ഷണശാലകളാണ്. ഏകദേശം ഒരടി ഉയരവും ആറടി നീളവുമുള്ള കുഞ്ഞുമേശക്കിരുവശവും നിലത്ത് വിരിച്ച കിടക്കയിൽ ഇരുന്നാണ് ഭക്ഷണം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും യഥേഷ്ടം കിട്ടുന്ന ഈ ഭക്ഷണ ശാലകളിൽ അറേബ്യന്‍,ചൈനീസ്,ആഫ്രിക്കന്‍ ഭക്ഷണങ്ങള്‍ വരെ കിട്ടും. ഉച്ചഭക്ഷണം കഴിഞ്ഞു അല്പസമയത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ തുങ്കഭദ്രയുടെ തീരത്തെത്തി. കൊട്ടവഞ്ചിയിലും മോട്ടോർ ബോട്ടുകളിലുമായി നമുക്ക് അക്കരെ കടക്കാം. ബോട്ടിനു ഒരാൾക്ക് 30 രൂപയും കൊട്ടവഞ്ചി യാത്രക്ക് 100 രൂപയുമാണ് ചാർജ്. ഒരുപാടു നോർത്തിന്ത്യൻസ് സുന്ദരികൾ ബോട്ട് കാത്തു നിന്നിരുന്നു. പിന്നേ ഞങ്ങൾ മറുത്തൊന്നും ചിന്തിച്ചില്ല, ബോട്ട് യാത്ര തന്നെ മതി.

വിരുപക്ഷ ടെംപിൾ – തുങ്കഭദ്രയോടു ചേർന്നാണ് വിരൂപാക്ഷ ടെംപിൾ സ്ഥിതിചെയ്യുന്നത്. രണ്ടായിരത്തിലധികം ക്ഷേത്രങ്ങൾ ഉള്ള ഹംപിയിൽ വളരെ ചുരുക്കം ചില ക്ഷേത്രങ്ങളിലെ നിത്യ പൂജയുള്ളൂ. അതിലൊന്നു വിരുപക്ഷ ക്ഷേത്രമാണ്. മുന്നിൽത്തന്നെ ആകാശം മുട്ടി നിക്കുന്ന ഒരു പടുകൂറ്റൻ ഗോപുരം കാണാം. മാനംമുട്ടി നിക്കുന്ന ഈ ഗോപുരം തന്നെയാണ് വിരൂപാക്ഷ ടെംപിളിന്റെ പ്രധാന ആകർഷണം. Pin hole എഫ്ഫക്റ്റിന്റെ ഫലമായി അമ്പലത്തിലെ ഉള്ളിൽ ഇരുട്ടുള്ള ഭാഗത്തു ഗോപുരത്തിന്റെ പ്രീതിബിംബം തലതിരിഞ്ഞു പതിക്കുന്നതു കാണാം. പതിമൂന്നാം നൂറ്റാണ്ടിലും ഭാരതീയരുടെ ശാസ്ത്രത്തിലുള്ള പരിജ്ഞാനം തീർത്തും നമ്മെ അത്ഭുതപ്പെടുത്തും . കല്ലില്‍ കൊത്തിവച്ചിരിക്കുന്ന വിവിധ രൂപങ്ങളും ഹിന്ദു ഐതിഹ്യത്തില്‍ നിന്നുള്ള ചിത്രങ്ങളുമാണ് ക്ഷേത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്.

നേരം സന്ധ്യ ആവാറായപ്പോൾ ഞങ്ങൾ ഐലന്റിലെക്കു മടങ്ങി. കടത്തു കഴിഞ്ഞവഴിക്കു പച്ചവിരിച്ച നെൽപ്പാടങ്ങൾ…അതിനപ്പുറത്തായി വലിയൊരു മല കാണാം. കുറെ വിദേശികളും നോർത്ത് ഇന്ത്യൻസും അങ്ങോട്ട് വച്ച് പിടിക്കുന്നുണ്ട്. എന്നാ പിന്നെ നമുക്കും പോയേക്കാം എന്നായി ഞങ്ങൾ. കുറച്ചു പ്രയാസപ്പെട്ടെങ്കിക്കും ആ മലമുകളിൽ പൊത്തിപ്പിടിച്ചു കയറി. ഏറ്റവും മുകളിൽ ചെന്ന് കുറെ നേരം ചിലവഴിച്ചു. ആരോ ബ്ലൂടൂത്ത് സ്‌പീക്കറിൽ വച്ച പഴയകാല ഹിന്ദി ഗാനങ്ങളും കേട്ട് ഞങ്ങളാ മലമുകളിൽ മാനം നോക്കിക്കിടന്നു. സ്വയം മറന്ന നിമിഷങ്ങൾ . ആ സായം സന്ധ്യയിൽ അടുത്തിരിക്കുന്ന നോർത്ത് ഇന്ത്യൻ കമിതാക്കൾ അവരുടെ പ്രണയം പരസ്പരം പങ്കുവച്ചതുപോലും ഞങ്ങൾ അറിഞ്ഞില്ല. താഴെ പരന്നുകിടക്കുന്ന പച്ചപരവതാനി വിരിച്ച നെൽപ്പാടങ്ങൾക്കു മീതെ ഇരുൾവീണുതുടങ്ങി. മാനത്തു അങ്ങിങ്ങു നക്ഷത്രങ്ങൾ മിന്നി. ഇരുട്ട് കനത്തതോടെ ഞങ്ങൾ താഴെയിറങ്ങി.

ഐലന്റിൽ എത്തുന്നവരെ അല്ലെങ്കിൽ അന്ന് രാത്രി വരെ ആനന്ദം സിനിമയിൽ കാണിച്ചപോലുള്ള നൈറ്റ് പാർട്ടി സ്ഥലങ്ങളൊന്നും ഹംപിയിൽ ഇല്ലെന്നായിരുന്നു എന്റെ ചിന്ത. എന്നാൽ 7 മണിയോടെ ഐലൻഡിലെ ഹോട്ടലുകളുടെയും ഹോം സ്റ്റേകളുടെയും മുഖം മാറി. മഞ്ഞയും ചുവപ്പും കലർന്ന വെളിച്ചം എങ്ങും പടർന്നു. പലയിടങ്ങളിലും പോപ്പ് സംഗീതം മുഴുങ്ങി. റെസ്റ്റോറന്റുകൾക്കുമുന്നിൽ happy hours ബോർഡുകൾ മിന്നി.

ഞങ്ങൾ പോയ അതെ ദിവസങ്ങളിൽ തന്നെ വായനാടുള്ള സുഹൃത്ത് ഹരിയും സുഹൃത്തുക്കളും ഹംപിയിൽ എത്തിയിരുന്നു. Fb സ്റ്റാറ്റസ് കണ്ടപ്പോഴാണ് അവരും എവിടെയുണ്ടെന്ന് ഞങ്ങളറിഞ്ഞത്. അൽപസമയത്തിനു
ശേഷം അവരും ഐലന്റിലേക്കു എത്തി. വൈകീട്ട് 7 മണിക്ക് ശേഷം തുങ്കഭദ്രക്കു കുറുകെ കടത്തു ഇല്ലാത്തതിനാൽ 13 കിലോമീറ്റർ ചുറ്റിത്തിരിഞ്ഞാണ് അവർ ഐലന്റിൽ എത്തിയത്. അപ്പോഴേക്കും അവിടെയുള്ള ഭക്ഷണശാലകളെല്ലാം house full ആയിരുന്നു. മിക്കയിടത്തും ബിയറും ഹോട്ട്ഡ്രിങ്ക്‌സും ആവശ്യപ്രകാരം കിട്ടും. തിരക്ക് കുറവുള്ള റെസ്റ്റോറന്റ് തിരഞ്ഞു ആ രാത്രി ഞങ്ങൾ ഹംപി ഐലന്റിലുള്ള എല്ലാ ഭക്ഷണശാലകളിലും കയറിയിറങ്ങി. എവിടെയും കാലുകുത്താൻ ഇടമില്ല. നോർത്ത് ഇന്ത്യൻ ഗ്രൂപ്പുകളും വിദേശികളേം കൊണ്ട് എല്ലായിടങ്ങളും നിറഞ്ഞിരുന്നു. അവസാനം ഒരു റെസ്റ്റോറന്റ് ഉടമയ്ക്ക് കനിവുതോന്നിയിട്ടാവണം അയ്യാൾ ഞങ്ങൾക്കൊരിടം തന്നത്.

പിന്നെ ആഘോഷങ്ങളുടെ നിമിഷങ്ങളായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. Dj സംഗീതത്തിനനുസരിച്ചു ചിലർ നൃത്തം ചെയ്യുന്നു. അങ്ങിങ്ങു ചില്ലു ഗ്ലാസ്സുകൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കാം. അന്തരീക്ഷത്തിൽ ഹുക്കയുടെയും കഞ്ചാവിന്റെയും ഗന്ധം ഒഴുകിനടന്നു. ആ രാത്രി മനസു ഹംപിയിലെ ഏതോ മായാലോകത്തായിരുന്നപോലെ…(തുങ്കഭദ്ര നദിക്കു സമീപത്തുള്ള ലാഫിങ് ബുദ്ധ എന്ന റെസ്റ്റോറന്റ് ഹംപി ഐലൻഡിൽ തീർച്ചയായും പോയിരിക്കേണ്ട ഒന്നാണ്. ).

പിറ്റേ ദിവസത്തെ ഹംപി യാത്ര തുടങ്ങുന്നത് ഒരു ഓട്ടോയിലാണ്. ഒരുപാട് വിലപേശിയ ശേഷം 800 രൂപയ്ക്കു ഓട്ടോച്ചേട്ടൻ ഹംപിയിലെ പ്രധാന ക്ഷേത്രങ്ങളും സ്ഥലങ്ങളും കാണിക്കാൻ തയ്യാറായി.

വിജയ വിത്താല ടെംപിൾ – വിത്താല ക്ഷേത്രം എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരിക മ്യൂസിക്കൽ പില്ലാർസ് ആണ്. ഗേറ്റ് കടന്നു ഏകദേശം ഒന്നിൽകൂടുതൽ കിലോമീറ്റർ നടക്കാനുണ്ട് ക്ഷേത്രത്തിലേക്ക്. 30 രൂപ കൊടുത്താൽ അവരുടെ വണ്ടിയിൽ നമ്മെ കൊണ്ടുപോയി തിരിച്ചെത്തിക്കും. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തകർന്ന ക്ഷേത്രങ്ങളും ബസാറും പുഷ്‌കർണിയും കാണാൻ സാധിക്കും. പഴയകാല യുദ്ധങ്ങൾ ഇനി ഒരു തിരിച്ചു വരവില്ലാത്ത രീതിയിൽ ഹംപിയെയും വിജയ നഗര സാമ്രാജ്യത്തെയും തകർത്തു കളഞ്ഞിരുന്നു എന്ന് വീണ്ടും ഓർമിപ്പിക്കുന്ന കാഴ്ചകൾ. ഹംപിയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് ഈ ക്ഷേത്രം കാണാനാണ്.

തുങ്കഭദ്ര നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ദേവരായ രണ്ടാമൻ രാജാവാണ് നിർമിച്ചത് മഹാ മണ്ഡപത്തിലെ സംഗീതം പുറപ്പെടുവിക്കുന്ന കൽ തൂണുകളും, കല്ലിൽ നിർമ്മിച്ച തേരും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളാണ്. സംഗീതം പുറപ്പെടുവിക്കുന്ന മ്യൂസിക്കൽ പില്ലാർസ്സ് എളുപ്പം കണ്ടെത്താനാകില്ല. ഞങ്ങളുടെ ഭാഗ്യത്തിന് ഒരു ലോക്കൽ ഗൈഡ് രണ്ടു വിദേശികൾക്ക് തൂണിലെ ശബ്ദം കേൾപ്പിച്ചുകൊടുക്കുന്നതു കാണാനായി. അവർ പോയപ്പോൾ ഞങ്ങളും ഒന്ന് പരീക്ഷിച്ചു. പണ്ടുകാലത്തു ചന്ദന തടികൾകൊണ്ട് ഇതിൽ കൊട്ടുമ്പോൾ ഒരുകിലോമീറ്റർ അപ്പുറത്തുള്ള സ്വീകരണമുറിയിൽ വരെ ഈ സപ്ത സ്വര സ്തൂപത്തിന്റെ ശബ്ദം കേട്ടിരുന്നു എന്ന് ഒരിക്കൽ എവിടെയോ വായിച്ചതായി ഓർക്കുന്നു. പിന്നീട് ബ്രിട്ടീഷുകാർ ഇതിന്റെ രഹസ്യമറിയാൻ ഒരു തൂൺ തകർത്തു നോക്കി എന്നുപറയപ്പെടുന്നു. തകർന്ന ഒരു തൂൺ ഇപ്പോഴും അവിടെ കാണാം. ഭാതീയ കലാകാരന്മാരുടെ അത്ഭുതങ്ങൾ എന്ന് തന്നെ പറയാതെവയ്യ ആ നിര്മിതിയെ.

ലോട്ടസ് മഹൽ – രാജ്ഞിമാരും അവരുടെ കൂട്ടുകാരികളും പുറംദൃശ്യങ്ങള്‍ കാണാനായും വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സ്ഥലമായിരുന്നു വളരെ മനോഹരമായ നിർമിതിയായ ലോട്ടസ് മഹൽ. താമര പോലെ 24 തൂണുകൾ ഉള്ള ഈ കൊച്ചുകൊട്ടാരം ഇന്നും കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു.

അണ്ടർഗ്രൗണ്ട് ശിവ ടെംപിൾ –  ഭൂമിക്കടിയിലൊരു ശിവ ക്ഷേത്രം, അതാണ് അണ്ടർഗ്രൗണ്ട് ശിവ ടെംപിൾ. തറനിരപ്പിൽ നിന്നും താഴ്ന്നു നിൽക്കുന്ന ക്ഷേത്രമായത്കൊണ്ടാണ് ഇതിനെ അണ്ടർഗ്രൗണ്ട് ടെംപിൾ എന്ന് വിളിക്കുന്നത്. ക്ഷേത്രത്തിനുള്ളിലേക്ക് ഇറങ്ങി ചെല്ലാനുള്ള കൽ പടികൾ ഇറങ്ങി താഴോട്ട് ചെന്നാൽ പ്രവേശകവാടം പോലെ തോന്നിക്കുന്ന നിറച്ചും കൊത്തുപണികളാൽ മനോഹരമാമാക്കപ്പെട്ട ഒരു നിർമിതി. അതിനുള്ളിലൂടെ അകത്തേക്കു നടന്നാൽ ഭൂഗർഭ ശിവ ക്ഷേത്രത്തിലേക്ക് എത്തും. താഴന്ന പ്രദേശമായിരിക്കുന്നതിനാൽ മിക്ക സമയവും ക്ഷേത്രത്തിനുള്ളിൽ വെള്ളം കെട്ടിക്കിടന്നത് മറ്റൊരു പ്രത്യേകതയാണ്. ശ്രീകോവിലിനുള്ളിൽ ചെറിയൊരു ശിവലിംഗ പ്രതിഷ്ഠയും നമുക്ക് കാണാം.

ക്വീൻസ് ബാത്ത് – പേരുപോലെ തന്നെ രാജകൊട്ടാരത്തിലെ റാണിമാർക്കു നീരാടാനുള്ള സ്ഥലമാണ് ഇത്.
രണ്ടു വശത്തും പുല്തകിടിയുള്ള ഒരു മൺ പാത കഴിഞ്ഞുവേണം ക്വീൻസ് ബാത്തിൽ എത്താൻ. വിജയനഗര കൊട്ടാരത്തിലെ രാജപത്നിമാർക്കു കുളിക്കുവാൻ വേണ്ടി അച്യുതരായ രാജാവ് പണികഴിപ്പിച്ചതാണ് ക്വീൻസ് ബാത്ത് എന്നാണ് വിശ്വസം . എല്ലാ വശങ്ങളിലും കുളത്തിനുളളിക്ക് കാഴ്ച എത്തുന്ന വിധമുള്ള ബാല്കണികളും ജനാലകളും. കുളത്തിനു മുകളിലായി തുറന്ന ആകാശം കാണാം . കുളിക്കാനും വസ്ത്രം മാറാനുമായി വ്യത്യസ്ത മുറികൾ ഉണ്ടായിരുന്നു ഇവിടെ. നശിച്ചുതുടങ്ങിയ തൂണുകൾ മുഗൾ രാജാക്കന്മാരുടെ ആക്രമണത്തിൽ തകർന്നതാണെന്നു വിശ്വസിക്കുന്നു.

മഹാനവമി ദിബ്ബ – ഉദയഗിരിയെ യുദ്ധത്തിൽ തോല്പിച്ചതിന്റെ ഓർമ്മക്കായി കൃഷ്ണ ദേവ രായർ പണികഴിപ്പിച്ചതാണ് ഇത്. മഹാനവമി ദിനത്തിൽ രാജാവ് മഹാനവമി ആഘോഷങ്ങൾ കണ്ടിരുന്നത് അതിനുമുകളിൽ ഇരുന്നാണെന്നു പറയുന്നു.

മല്യവാൻത പർവത, രഘുനാഥാ സ്വാമി ടെംപിൾ, കൃഷ്ണ ക്ഷേത്രം, ലക്ഷ്മി നരസിംഹ ടെംപിൾ , ബഡാവി ശിവലിങ്ക, സനാന എൻക്ലോഷർ , റോയൽ എൻക്ലോഷർ, എലിഫന്റ് സ്റ്റേബിൾ, ഗാർഡ്‌സ് ഹൌസ് എന്നീ പ്രധാന സ്ഥലങ്ങളും കണ്ടശേഷം ഞങ്ങൾ തിരിച്ചു ഹംപി ബസാറിലെത്തി. ഇനി അസ്തമയ സൂര്യനെ കാണാൻ മതങ്ങാ ഹില്ലിൽ പോകണം. കുറച്ചു നടന്നശേഷം ഒന്നുകിൽ അച്ചുതരായ ക്ഷേത്രത്തിനു സമീപത്തുകൂടെയോ അല്ലെങ്കിൽ പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒരു സാഹസിക ട്രെക്കിങ്ങ് നടത്തിയോ മതങ്ങാ ഹിൽസിൽ എത്താം. സാഹസികത തന്നെ ആകാമെന്ന് തീരുമാനിച്ചു. മുകളിലെത്തിയ ഞങ്ങൾക്ക് അവിടെനിന്നു കൂക്കിവിളിക്കാനാണ് തോന്നിയത്.

ഹംപി പോകുകയാണെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് മതങ്ങാ ഹിൽസ്. ഹംപി നഗരം മുഴുവൻ നമുക്കവിടെനിന്നു കാണാം. അച്യുതരായ ക്ഷേത്രത്തിന്റെ മനോഹരമായ കാഴ്ചയും അതിനപ്പുറത്തുകൂടെ ശാന്തയായി ഒഴുകുന്ന തുങ്കഭദ്ര നദിയും, ദൂരെ തലയുയർത്തി നിൽക്കുന്ന വിരൂപാക്ഷ ടെമ്പിളും നമുക്ക് വളരെമനോഹരമായി ദർശിക്കാനാകും. ഇതിനേക്കാളൊക്കെ ഏറെ മനോഹരം ഇവിടെ ഇരുന്നു അസ്തമയം വീക്ഷിക്കുക എന്നതാണ്. എന്നാൽ ധൗർഭാഗ്യമെന്നു പറയട്ടെ, സൂര്യൻ അസ്തമിക്കുന്നതറിഞ്ഞു പിണങ്ങിയ മഴമേഘങ്ങൾ അന്നത്തെ മനോഹരമായ ആ സായാഹ്നത്തിന്റെ മോടികളഞ്ഞു എന്നുവേണെൽ പറയാം. മഴപെയ്തതോടെ തെന്നുന്ന പാറകളിലൂടെ അച്യുതരായ ക്ഷേത്രം വഴി ഞങ്ങൾ തിരിച്ചു ഹംപി ബസാറിലെത്തി. അന്ന് രാത്രിയോടെ ഞങ്ങൾ ഹംപിയിൽ നിന്ന് വിടപറഞ്ഞു.

ഹംപിയിൽ പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ;

#1, ഞങ്ങൾ പോയത് പൂജ ഹോളിഡേയ്‌സിൽ ആയതിനാൽ എല്ലായിടത്തും നല്ല തിരക്കായിരുന്നു. അവധി ദിവസങ്ങൾ ഒഴിവാക്കി ഹംപി സന്ദർശിക്കുകയാണെങ്കിൽ ഹംപിയെ കൂടുതൽ ആസ്വദിക്കാൻ സാധിക്കും. ഒറ്റക്കോ ഗ്രൂപ്പായോ ഹംപിയിൽ പോകാം, സോളോ യാത്രികരായ പെൺകുട്ടികളെയും ഞങ്ങൾക്ക് കാണാനായിരുന്നു.
ഹംപി safe ആണ്.

#2, ഹംപിയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സൂര്യോദയവും അസ്തമയവും അതിന്റെ പൂർണ്ണമായ ഭംഗിയോടെ കാണാൻ ഒന്നുകിൽ മങ്കി ടെംപിളിലോ അല്ലെങ്കിൽ മതങ്ങാ ഹിൽസിലോ പോകണം.

#3, ഹംപി കാണാൻ ഏറ്റവും നല്ല സമയം ആഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഏറ്റവും തിരക്കുള്ള സീസൺ.

#4, ചൂട് ഒരു വിഷയമാണ്. സൺസ്‌ക്രീം ലോഷൻ, തൊപ്പി, കൂളിംഗ് ഗ്ലാസ്, ആവശ്യത്തിനുള്ള കുടിവെള്ളം എന്നിവ പുറത്തുപോകുമ്പോൾ കരുതുക. മിനറൽ വാട്ടർ വാങ്ങി മുടിയുന്നതിലും നല്ലതു കയ്യിൽ ഒരു ബോട്ടിൽ കരുതിയാൽ വെള്ളം കഴിഞ്ഞാലും പലയിടത്തും കുടിവെള്ളം നിറയ്ക്കാനുള്ള സൗകര്യമുണ്ട്. പൈസയും ലാഭം, പ്ലാസ്റ്റിക് മാലിന്യവും കുറയ്ക്കാം.

#5, ഹംപിയിൽ ATM ഒന്നുംതന്നെയില്ല എന്നാണറിവ്. ആവശ്യത്തിനുള്ള കാശ് കയ്യിൽ കരുതുക.

#6, ഗെയ്‌ഡ്‌ ഇല്ലാതെ ഹംപി കാണൽ പൂർണ്ണമാവില്ല. ഓട്ടോ വിളിക്കണേൽ അത്യാവശ്യം ഒരു ഗൈഡിന്റെ ജോലി ഓട്ടോക്കാരൻ ചെയ്തോളും.

#7, ഐലന്റിൽ എത്തിയാൽ ‘വീട് ‘വേണോ ‘വീട് ‘ വേണോ എന്ന് ചോദിച്ചു പലരും വരും. ഞങ്ങൾക്ക് റൂം കിട്ടിട്ടുണ്ടെന്നും ഇനി വേറെ വീട് വേണ്ടാ എന്നും അറിയാവുന്ന ഹിന്ദിയിലും തമിഴിലും ഞാൻ അവരോടൊക്കെ പറഞ്ഞിരുന്നു. രാത്രി ഏറെ വൈകിയാണ് അവർ ഉദ്ദേശിച്ച “wheed” എന്താണെന്നു എനിക്ക് മനസിലാക്കിയത്. അപ്പോഴേക്കും അത് വിറ്റിരുന്നവർ അവരുടെ സ്വന്തം ‘വീട് ‘ എത്തിയിരുന്നു 😉 (പിന്നേ, ഹംപിയിൽ ലഹരിയുടെ ആവശ്യമില്ല, ഹംപി തന്നെ ഒരു ലഹരിയാണ് ).

#8, താമസം.. അതുപിന്നെ പറയേണ്ടതില്ലല്ലോ, ഹിപ്പി ഐലന്റിൽ തന്നെ താമസിക്കണം. അല്ലെങ്കിൽ ഹംപി യാത്ര പൂർണ്ണമാകില്ല. വേണേൽ ഇവിടെ ടെന്റും അടിക്കാം.

#9, മിനിമം…. 2 ദിവസമെങ്കിലും ഇല്ലാതെ ഹംപി കാണാൻ പോകരുത്. വിദേശികൾ രണ്ടാഴ്ചയും ഒരുമാസമൊക്കെ എടുത്താണ് ഹംപി explore ചെയ്യുന്നത്.

#10, The last but not the least…ഹംപിയിൽ പോകുന്നതിനുമുന്നെ ഹംപിയുടെ ചരിത്രം അറിയണം. ഇതറിയാതെ ഹംപി കണ്ടാൽ കുറെ തകർന്നടിഞ്ഞ ക്ഷേത്രങ്ങളും കൽമണ്ഡപങ്ങളും നിറഞ്ഞ നഗരമായേ തോന്നുകയുള്ളൂ.. ഹംപി.. ചരിത്രമുറങ്ങുന്ന മഹാനഗരം !!

കേരളത്തിൽ നിന്ന് നേരിട്ട് ഹംപിയിലേക്കു ട്രെയിനോ ബസ്സോ ഇല്ല. മൈസൂരോ ബാംഗ്ലൂരോ എത്തി അവിടെ നിന്ന് ട്രയിനിൽ പോകാം. Train timing; Mysore (19.00) or Bangalore (22:10) to Hospet (07:10), Bangalore (22:15) to Hospet (11:40), Bangalore (17:00) to Hospet (2:35)(sunday only).  Return; Hospet (21:10) to Bangalore (06:05) or Mysore (09:15), Hospet (14:00) to Bangalore (05:15). By road : മൈസൂർ -ചിത്രദുർഗ -ഹോസ്‌പെട്ട് -ഹംപി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply