അമ്മവീട്ടിലേക്കുള്ള യാത്രകൾ; മനസ്സിൽ നിന്നും ഒരു ഓർമ്മക്കുറിപ്പ്..

തന്റെ കുട്ടിക്കാലത്തെ യാത്രകളുടെ മനോഹരമായ ഓർമ്മകൾ നമ്മളോട് പങ്കുവെയ്ക്കുകയാണ് ജിതിൻ ജോഷി എന്ന യാത്രികൻ.

പറഞ്ഞ് കേട്ടിട്ടുണ്ട് ചുട്ടയിലെ ശീലം ചുടല വരെയെന്ന്.. എന്നാൽ ശീലങ്ങൾ മാത്രമല്ല നമ്മുടെ ഇഷ്ടങ്ങളും നമ്മോടൊപ്പം വളരുന്നു.. കുട്ടിക്കാലത്ത് നമുക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങൾ തന്നെയാണ് മുതിർന്നു കഴിഞ്ഞാലും നമ്മുടെ കൂടെ ഉണ്ടാവുക.. യാത്രകൾ എന്നും എനിക്ക് ഇഷ്ടമായിരുന്നു.. ചെറുതാവട്ടെ വലുതാവട്ടെ.. ഒരു യാത്ര എനിക്ക് തരുന്ന സന്തോഷം വാക്കുകൾക്കതീതമായിരുന്നു..

കാഴ്ചകൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടായിരുന്നു എന്റേത്.. കീഴ്പ്പള്ളി.. കേരളം അവസാനിച്ച് വഴി തീരുന്ന സ്ഥലം..
നാടുകഴിഞ്ഞാൽ കാടിന്റെ ആരംഭമായി.. മലയോര കർഷക ഗ്രാമമായിരുന്നു കീഴ്പ്പള്ളി… ആറളം കാടിനോട് ചേർന്ന് പാതിമയക്കത്തിൽ ആഴ്ന്നുകിടക്കുന്ന ഒരു സുന്ദര ഗ്രാമം.. മലകളും പുഴകളും ഇടതൂർന്ന നിബിഡവനങ്ങളും അവയ്ക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങളും കാട്ടിലൂടെ സ്വൈര്യവിഹാരം നടത്തി മടുക്കുമ്പോൾ ഇടയ്ക്ക് നാട്ടിൽ വിരുന്നിനു വരുന്ന വന്യമൃഗങ്ങളെല്ലാം കൊണ്ട് സമ്പന്നമായ കൊച്ചു ഗ്രാമം.. മാങ്ങോട് മലനിരകളാൽ ചുറ്റപ്പെട്ട കീഴ്പ്പള്ളിയുടെ ഒരു വശം ആറളം കാടുവഴി വായനാടിനോടും മറ്റൊരു വശം കുടക് കാടുകളോടും അതിർത്തി പങ്കുവയ്ക്കുന്നു..

കാട്ടിലൂടെ കുടകിലേക്കുള്ള നടപ്പാത സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു.. കുടകിൽനിന്നും കച്ചവട ആവശ്യങ്ങൾക്കും കന്നുകാലികളെ കൊണ്ടുവരാനും പഴമക്കാർ ഉപയോഗിച്ചിരുന്ന കാനനപാതയുടെ കാലം അവശേഷിപ്പിച്ച അടയാളങ്ങൾ ഇന്നും പരിപ്പോട്‌ ഉൾക്കാടുകളിലൂടെ കുടക്മണ്ണിലേക്ക് നീണ്ടുപോവുന്നു.. കീഴ്പ്പള്ളിയോട് ചേർന്ന് കിടക്കുന്ന സഹോദരിഗ്രാമം ആണ് മാങ്ങോട്.. എന്റെ ബാല്യത്തിന് നിറങ്ങൾ ചാർത്തിത്തന്നതും ആദ്യമായി എന്നെ മലകയറാൻ പഠിപ്പിച്ചതുമായ കൊച്ചുഗ്രാമം..

മാനംമുട്ടെ വളർന്നു നിൽക്കുന്ന മലനിരകളായിരുന്നു മാങ്ങോടിന്റെ ഭംഗി.. ജീവിതത്തിൽ എന്നെ ഇത്രയും സ്വാധീനിച്ചിട്ടുള്ള മറ്റൊരു സ്ഥലം ഇല്ലെന്നു പറയാം.. കാരണം ബാല്യത്തിന്റെ സിംഹഭാഗവും ഞാൻ ജീവിച്ചുതീർത്തത് ഈ മലഞ്ചരുവിലായിരുന്നു…. ചതിരൂരിൽ ബസ് ഇറങ്ങി തോടുകളും മലയും ചവിട്ടി അന്നത്തെ യാത്രകൾ അവസാനിച്ചിരുന്നത് എനിക്ക് വീടിനേക്കാൾ പ്രിയപ്പെട്ട അമ്മവീടിന്റെ മുറ്റത്തായിരുന്നു… അങ്ങോട്ടുള്ള ഓരോ യാത്രയും ആഘോഷമായിരുന്നു.. കീഴ്പ്പള്ളിയിൽ നിന്നും നിർമല ബസിന്റെ പെട്ടിസീറ്റിൽ(ഏറ്റവും മുന്നിലെ ചെരിഞ്ഞ സീറ്റ്‌ ) കയറി ഇരുന്നുകഴിഞ്ഞാൽ സ്വർഗം ലഭിച്ച പ്രതീതിയാണ്.. കണ്ണിമവെട്ടാതെ ഡ്രൈവർ എന്ന ഇതിഹാസ പുരുഷനെ നോക്കിയിരിക്കും ആരാധനയോടെ.. ബസങ്ങനെ കോഴിയോടും മാങ്ങോടും അടിച്ചുവാരിയും പിന്നിട്ട് ചതിരൂർ ടൗണിൽ എത്തിനിൽക്കുമ്പോളാവും ചിന്തകളിൽ നിന്നും കാഴ്ചകളിൽ നിന്നും പുറത്തുവരിക..

ഇനി മലകയറ്റമാണ്.. ചതിരൂർ ടൌൺ കഴിഞ്ഞാൽ ഉടനെതന്നെ ചെറിയൊരു തോട്.. എടപ്പുഴ കാടുകളിൽ നിന്നും ഒഴുകിവരുന്ന വെള്ളമാണ്.. ചെരിപ്പൂരി രണ്ട് കയ്യിലുമായി പിടിച്ച് ഒരു കല്ലിൽ നിന്നും മറ്റൊന്നിലേക്കുള്ള ഒരു അഭ്യാസപ്രകടനമുണ്ട്.. അത്രയും സാഹസികതയും ത്രില്ലും ജീവിതത്തിൽ പിന്നീടൊരിക്കലും അനുഭവിച്ചിട്ടില്ല.. തോട് കടന്നുകഴിഞ്ഞാൽ പിന്നെ മലകയറ്റം ആരംഭിക്കുകയായി.. അന്നൊക്കെ ഓരോ കയറ്റത്തിനും വളവിനും ഓരോ വീട്ടുപേരാണ്… ആരുടെ വീടിന്റെ അടുത്താണോ ആ കയറ്റം ആ വീട്ടുപേരിൽ ആയിരിക്കും അത് അറിയപ്പെടുക.. വട്ടുകുളം കയറ്റം കയറിച്ചെല്ലുന്നത് വേലംതറക്കാരുടെ നിരപ്പിലേക്കാണ്.. അവിടെ നിൽക്കുന്ന ഞാവൽ മരത്തിൽ നിന്നാണ് വയലറ്റ് നിറത്തിലുള്ള ആ അത്ഭുതക്കായ് ആദ്യമായ് ഞാൻ കാണുന്നതും രുചിക്കുന്നതും..

രസകരമാണ് അമ്മയുടെ കയ്യും പിടിച്ചുള്ള യാത്ര.. വഴിനീളെ കുശലം ചോദിക്കാൻ ആളുകളുണ്ടാവും.. റോഡിൽ നിന്നും ഇത്തിരിമാറി ഉയരങ്ങളിലാണ് വീടുകൾ.. അതുകൊണ്ടുതന്നെ നടന്നുപോവുന്ന വഴിയിൽ ഇടയ്ക്കിടെ മലമുകളിലെ വീടുകളിൽനിന്നും നല്ല ഈണത്തിൽ നീണ്ടുവരുന്ന കുശലാന്വേഷണങ്ങൾ.. അവയ്ക്ക് മറുപടി കൊടുക്കാൻ അമ്മ നിൽക്കുമ്പോളാണ് നമ്മുടെ നമ്മുടെ സ്വന്തം രാജ്യം.. അമ്മയുടെ കൈ വിടുവിച്ചു ആ മൺറോഡിലൂടെ ഇത്തിരി മുന്നോട്ട്.. വഴിയിൽ വല്ല പട്ടിയോ പൂച്ചയോ നിൽക്കുന്നത് കണ്ടാൽ പോയതിന്റെ ഇരട്ടി സ്പീഡിൽ അമ്മയുടെ സാരിയുടെ പിന്നിലേക്ക്.. ആ ഓട്ടങ്ങൾക്കിടയിൽ പലപ്പോളും എന്റെ കാൽമുട്ടിലെ തൊലി റോഡിലെ കല്ലുകൾക്ക് പണയം വയ്‌ക്കേണ്ടി വന്നിട്ടുണ്ട്..

മലകയറ്റത്തിനിടയിലെ പ്രധാന ഇടത്താവളമായിരുന്നു പപ്പയുടെ കൂട്ടുകാരനായ വേലംതറ ബേബിചേട്ടന്റെ വീട്..
സ്വന്തം വീട് പോലെ കേറിച്ചെല്ലാനും ഒരു അവകാശം പോലെ തീരെ ഉളുപ്പില്ലാതെ എന്തെങ്കിലും തിന്നാനും കുടിക്കാനും ചോദിക്കാനും ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു.. (ചോദിക്കാതെതന്നെ തന്ന് ശീലിപ്പിച്ചതാണ് കേട്ടോ.. ). അവിടെനിന്നും ലഘുഭക്ഷണവും കഴിഞ്ഞു പിന്നെ വീണ്ടും മലകയറ്റം.. വേലംതറക്കാരുടെ കയറ്റം കീഴടക്കിക്കഴിഞ്ഞാൽ പിന്നെ പ്രധാനമായും രണ്ടു മലകളാണുള്ളത്.. തലയ്ക്കൽക്കാരുടെ കൊടുംകയറ്റവും കുന്നേൽക്കാരുടെ ചെറിയ കയറ്റവും.. അതുകഴിഞ്ഞാല്പിന്നെ നിരപ്പാണ്.. ഇതിൽ തലയ്ക്കൽകാരുടെ കയറ്റം ആണ് കയറ്റം.. ഒരു കൊടുംവളവോടുകൂടിയാണ് കുത്തനെയുള്ള കയറ്റം ആരംഭിക്കുന്നത്… ആ കയറ്റം ഞാൻ വലിക്കണമെങ്കിൽ തലയ്ക്കലെ ചേട്ടത്തിയുടെ മോരുംവെള്ളവും രണ്ടു ബിസ്കറ്റും നിർബന്ധമായിരുന്നു..

കയറ്റം എത്തുന്നതിനു മുന്നേതന്നെ ചെവികൾ കൂർപ്പിച്ചു വയ്ക്കും.. ഒരശരീരി പോലെ ചേട്ടത്തിയുടെ “മിനിയെ… മോരുണ്ട്ട്ടോ… !!” എന്ന സന്തോഷവാർത്ത ഒഴുകിവരുന്നുണ്ടോ എന്ന്.. തലയ്ക്കൽ കയറ്റം കയറിച്ചെല്ലുന്നത് ഒരു നിരപ്പിലേക്കാണ്.. കുന്നേൽനിരപ്പ്.. മനോഹരമായ കാഴ്ചയാണ് നിരപ്പിന്റെ മുകളിൽ.. ഞങ്ങൾ നിൽക്കുന്ന മലയ്ക്ക് സമാന്തരമായി മറ്റൊരു പടുകൂറ്റൻ മലകൂടിയുണ്ട്.. നൂറ്റിപ്പത്ത് മല.. അതിന്റെ വ്യക്തമായ കാഴ്ച ഈ നിരപ്പിൽനിന്നും കിട്ടും എന്നതാണ് എന്നെ ഒരു അഞ്ചുമിനിറ്റ് എന്നെ ഇവിടെ പിടിച്ചുനിർത്തുന്നത്.. ചതിരൂരിൽ നിന്നും വൈകുന്നേരങ്ങളിൽ അപൂർവമായി നൂറ്റിപ്പത്ത് ചുരം കയറി ഹോൺ മുഴക്കി വരുന്ന വാഹനങ്ങൾ ഒരു അത്ഭുതകാഴ്ചയായിരുന്നു.. എത്രയോ വട്ടം ആ ജീപ്പിന്റെ പൊട്ടുപോലത്തെ കാഴ്ച ഒരുനോക്ക് കാണാനായി കാത്തിരുന്നിട്ടുണ്ട്… !! അന്ന് പകർന്നുകിട്ടിയതാണ് രക്തത്തിൽ മലകളോടും യാത്രകളോടുമുള്ള പ്രണയം..

ആദ്യമായ് കയറിയ കാടും അമ്മവീട്ടിലെ മലഞെരുവിലേക്ക് കയറിക്കിടക്കുന്ന കശുമാവിൻ തോട്ടമായിരുന്നു..
കാട്ടുപന്നിയും പന്നിയെ വീഴിക്കാനുള്ള വാരിക്കുഴിയും ആദ്യമായി കാണിച്ചുതന്നത് അമ്മാവൻമാരായിരുന്നു..(Binu John & Biju John). ഇളയ അമ്മാവനോടൊപ്പമുള്ള(Binu John) പുളിപെറുക്കാനും കശുവണ്ടി പെറുക്കാനുമുള്ള യാത്രകളായിരുന്നു കാടുകയറ്റത്തിന്റെ ബാലപാഠങ്ങൾ.. ഞങ്ങളുടെ പറമ്പിന്റെ അതിരിൽക്കൂടെ നീണ്ടു പോവുന്ന ഒറ്റയടി കാട്ടുപാത മറ്റൊരു മലയായ എടപ്പുഴയിലേക്കാണ് എന്നറിഞ്ഞപ്പോളുണ്ടായ അത്ഭുതം.. !!

വർഷങ്ങൾക്കിപ്പുറം ആ വീടും പറമ്പും വിറ്റ് മലയുടെ അസൗകര്യത്തിൽ നിന്നും മുതിർന്നവർ താഴേക്കുവന്നപ്പോളും മനസിൽ ആ മലകളും അവ തന്ന അനുഭവങ്ങളുമായിരുന്നു. നന്ദിയുണ്ട് ആ നാടിനോട്..
മലകളോട്.. യാത്രയുടെ ആദ്യപാഠങ്ങൾ പകർന്നുതന്നതിന്.. ഇത്രയും മലകൾ കീഴടക്കാൻ ഊർജ്ജം തന്നതിന്..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply