തൃശൂർ മേയർ അജിതാ വിജയൻ; കൂർക്കഞ്ചേരിക്കാർ കണികണ്ടുണരുന്ന നന്മ.

എഴുത്ത് – പ്രകാശ് നായർ മേലില.

തൃശൂർ മേയർ അജിതാ വിജയൻ. കൂർക്കാഞ്ചേരിക്കാർ കണികണ്ടുണരുന്ന നന്മ. അടുക്കളയിൽ മാത്രം തളച്ചിടപ്പെടേണ്ടതോ വീടിന്റെ ഒരു കോണിലായി സ്വയം ഒതുങ്ങപ്പെടേണ്ടതോ അല്ല സാധാരണക്കാരായ വീട്ടമ്മമാരുടെയും ജീവിതമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഒരുത്തമ വനിതയാണ് തൃശൂർ മേയർ അജിതാ വിജയൻ. ഇന്നും തന്റെ സ്‌കൂട്ടിയിൽ അതിരാവിലെ 5 മണിമുതൽ കവർപാലുകളുമായി 150 ൽപ്പരം വീടുകളിൽ എത്തുന്ന അവർ നാട്ടുകാർക്കേറെ പ്രിയങ്കരിയാണ്.

ആദ്യം അവരുടെ വീടിനോടു ചേർന്ന് ഒരു ചെറിയ ചായക്കടയായിരുന്നു.അവിടുത്തെ ജോലികൾ വെളുപ്പിന് തീർത്തശേഷമായിരുന്നു പാലുമായി പോയിരുന്നത്. ഭർത്താവിനൊപ്പം ആരംഭിച്ച മിൽമ ബൂത്ത് നല്ല രീതിയിലാണ് നടന്നുവരുന്നത്. അതിനിടെ അജിതയ്ക്ക് അംഗൻവാടിയിൽ ജോലി ലഭിച്ചു. 2005 ൽ ആദ്യമായി കൗൺസിലറായി മത്സരിച്ചു ജയിക്കുകയും തൃശൂർ കോർപ്പറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സണാകുകയും ചെയ്തു. അക്കാലത്തും വെളുപ്പിന് ഒരു മണിക്കൂർ ചായക്കടയിൽ ജോലിചെയ്തശേഷം രാവിലെ 5 മണിക്ക് പാലുമായിറങ്ങും. പത്തുമുതൽ മൂന്നുമണിവരെ അംഗൻവാടി ടീച്ചർ. അതുകഴിഞ്ഞു കോർപ്പറേഷനിലേക്ക്. വീട്ടിലെത്തുമ്പോൾ രാത്രി 8 മണിമുതൽ 10 മണിവരെയാകും.

ഭർത്താവ് വിജയന്റെ അകമഴിഞ്ഞ പിന്തുണ എല്ലാ കാര്യത്തിലും അജിതയ്ക്കുണ്ടായിരുന്നു. അംഗൻവാടി ജോലിക്കാർക്ക് മത്സരിക്കാൻ വിലക്കുവന്നതോടെ അവർ രണ്ടാം തവണ മത്സരിച്ചില്ല. എന്നാൽ വിലക്ക് മാറിയപ്പോൾ 2015 ൽ വീണ്ടും മത്സരിച്ചു വിജയിച്ച് ഒരിക്കൽക്കൂടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സണായി. എന്നാൽ പരസ്പ്പര മുന്നണി ധാരണയനുസരിച്ചു മേയറായിരുന്ന അജിതാ ജയരാജൻ രാജിവയ്ക്കുകയും കൗൺസിലറായ അജിത വിജയൻ മേയറാകുകയുമായിരുന്നു.

അജിത വിജയൻ മേയറായപ്പോൾ കൂർക്കഞ്ചേരിക്കാരുടെ ആശങ്ക തങ്ങളുടെ പാൽ മുടങ്ങുമോ എന്നായിരുന്നു. എന്നാൽ അവർക്കു നിരാശരാകേണ്ടിവന്നില്ല. മേയർ അജിത ഇപ്പോഴും രാവിലെ മിൽമയുടെ കവർ പാലുമായി കൃത്യസമയത്തുതന്നെ ഓരോ വീട്ടുവാതിൽക്കലുമെത്തി ഹോൺ മുഴക്കുമ്പോഴാണ് പലരും ഉറക്കമുണരുന്നതുതന്നെ. “മേയർ സ്ഥാനം സ്ഥിരമല്ല. പാൽക്കച്ചവടമാണ് മുഖ്യ ഉപജീവനമാർഗ്ഗം. കൂടാതെ ഓരോരുത്തരെയും നേരിൽക്കാണുകയും അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ കഴിയുന്നതും വലിയ ഗുണം ചെയ്യുന്നുണ്ട്. മാത്രവുമല്ല പാൽ വിതരണത്തിന് രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമേ വേണ്ടിവരുന്നുള്ളു.” വിഷയവുമായി ബന്ധപ്പെട്ട് ഇതായിരുന്നു അജിതയുടെ മറുപടി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ദേശീയ ദിനപ്പത്രമായ ‘ദൈനിക് ജാഗരൺ’ അജിതാ വിജയനെപ്പറ്റി ഇക്കഴിഞ്ഞ ഡിസംബർ മാസം വിശാലമായ ഒരു വാർത്ത നൽകിയിരുന്നു. ഇന്നും വെറുമൊരു സാധാരണക്കാരിയായി ജീവിക്കുന്ന തൃശൂർ മേയർ അജിതാ വിജയൻ വനിതാ സമൂഹത്തിനാകെ മാതൃകയാണെന്നാ യിരുന്നു പത്രം റിപ്പോർട്ട് ചെയ്തിരുന്നത്.

പാല്‍വിതരണം ഉപജിവനമാര്‍ഗം മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ തന്റെ വാര്‍ഡിലെ പ്രശ്നങ്ങള്‍ നേരിട്ടറിയാനുള്ള സമയം കൂടിയാണെന്ന് അജിത പറയുന്നു. ഒരു മേയര്‍ എന്ന നിലയില്‍ തന്നെ വന്നു കാണേണ്ട സാഹചര്യം അവരുടെ മുന്നിലേക്ക് എത്തുകയാണെന്നും മേയര്‍ പറഞ്ഞു.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply