തേക്കിൻ്റെ നാട്ടിൽ നിന്നും ഇന്ത്യയുടെ സിലിക്കൺ വാലിയിലേക്ക്…

ഒരുകാലത്ത് പൂക്കളുടെയും പൂന്തോട്ടങ്ങളുടെയും നഗരം എന്ന് അറിയപ്പെട്ടിരുന്ന ബാംഗ്ലൂര്‍.എന്നാല്‍ പിന്നീട് കാലത്തിന്റെ വളര്‍ച്ചയില്‍ നഗരത്തിന്റെ മുഖം മാറുകയും ഇപ്പോള്‍ ഇന്ത്യയുടെ ഐടി തലസ്ഥാനമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ബാംഗ്ളൂരിലെ ,ഞാന്‍ കണ്ട ഏതാനും ചില കാഴ്ചകള്‍…

നന്തി ഹില്‍സ് : ടിപ്പുസുല്‍ത്താന്‍റെ സുഖവാസകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട സ്ഥലം എന്ന ഖ്യാതിയുളള കര്‍ണ്ണാടകയിലെ പ്രശസ്തമായ സുഖവാസ കേന്ദ്രമാണ് നന്തി ഹില്‍സ്. പുലര്‍ച്ചെ 5 മണിക്ക്, 50 കിലോ മീറ്റര്‍ ദൂരത്തുളള നന്തി ഹില്‍സിലേക്ക് യാത്ര തിരിച്ചു.

വിനോദസഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന നന്തി ഹില്‍സില്‍ മീശപ്പുലിമല പോലെ അടിപൊളി മൂടല്‍മഞ്ഞാണ്. പ്രധാന ആകര്‍ഷണം നന്തി ഹില്‍സിലെ സൂര്യോദയമാണ്‌.
മറ്റൊരു ആകര്‍ഷണം ഇവിടെയുളള മുന്തിരിതോപ്പുകൾ ആണ്.

അവലബെട്ട: ബാംഗ്ലൂർ നിന്നും ഒരു 100 കിലോമീറ്റര്‍ അകലെ ബാംഗ്ലൂർ ഹൈദരാബാദ് ഹൈവേയില്‍ ആന്ദ്രപ്രദേശ് ബോര്‍ഡറിനടുത്തായിട്ടാണ് അവലബെട്ട ഹില്‍സ്. ഇരു വശത്തും മുന്തിരിതോപ്പുകൾ നിറഞ്ഞ മനോഹരമായ റോഡ്.ബൈക്ക് റൈഡിനു പറ്റിയ അടിപൊളി റോഡാണിത്.ഹൈവേയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ഒരു ഗ്രാമത്തിലൂടെ യാത്ര ചെയ്ത് അവലബെട്ടക്ക് സമീപം എത്തി…അവിടെ നിന്ന് വീണ്ടും കുന്ന് കയറി ഒരുപാട് മുകളിലെത്തണം. കുറച്ച് ദൂരം നടന്നു അപ്പോളതാ മുന്നില്‍ ഏതാനും സ്റ്റെപ്പുകള്‍. ആശ്വാസമായി എന്ന് കരുതി സ്റ്റെപ്പുകള്‍ കയറി…എത്ര കയറിയിട്ടും സ്റ്റെപ്പുകള്‍ തീരുന്നില്ല….ഇത്രയും ദൂരം വന്നിട്ട് മടങ്ങുന്നത് ശരിയല്ലല്ലോ,രണ്ടും കല്‍പ്പിച്ച് സ്റ്റെപ്പുകളും നടപ്പാതകളും താണ്ടി മുകളിലെത്തി…തിരിച്ചിറങ്ങിയപ്പോള്‍ സ്റ്റെപ്പുകള്‍ എണ്ണിയിട്ടാണ് ഇറങ്ങിയത്…635 സ്റ്റെപ്പുകള്‍ …പകച്ചു പോയി….

സമ്മര്‍ പാലസ് : പൂര്‍ണമായും തേക്ക് കൊണ്ട് നിര്‍മ്മിച്ച ഈ കൊട്ടാരം ടിപ്പുവിന്റെ സമ്മര്‍ പാലസ് എന്നാണ് അറിയപ്പെടുന്നത്.1781ൽ ടിപ്പുവിന്റെ പിതാവ് സുൽത്താൻ ഹൈദരാലിയാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണം ആരംഭിച്ചതെങ്കിലും 1791ൽ ടിപ്പു സുൽത്താനാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ബാംഗ്ലൂരിലെ കെ ആര്‍ മാര്‍ക്കറ്റിനടുത്താണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
ടിപ്പു തന്റെ വേനല്‍ക്കാലം ചിലവിട്ടുരുന്നത് ഈ കൊട്ടാരത്തിലായിരുന്നു. പൂര്‍ണമായും തേക്കില്‍,ഇന്‍ഡോ ഇസ്ലാമിക് വാസ്തുശൈലിയില്‍ മനോഹരമായ കൊത്തുപണികളോട് കൂടി നിര്‍മ്മിച്ച ഈ രണ്ട് നില കൊട്ടാരത്തിന് 226 വര്‍ഷം പഴക്കമുണ്ട്.ബാംഗ്ലൂരില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ കൊട്ടാരം.

ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക് : തിരക്കേറിയ ബാംഗ്ളൂര്‍ ജീവിതം.ഈ തിരക്കിലും ബാംഗ്ലൂരിന്റെ സൗന്ദര്യം അങ്ങനേ നില്‍ക്കുകയാണ്.ഷോപ്പിങ് മാളുകളും ഫുഡ് കോര്‍ട്ടുകളുമുണ്ട് ചുറ്റിക്കറങ്ങാന്‍ ഇതൊന്നുമല്ലാതെ പച്ചപ്പും ഏകാന്തതയും തരുന്ന പാര്‍ക്കുകളും ഉളള ഈ സുന്ദര നഗരത്തില്‍ തിരക്കില്‍ നിന്നൊഴിഞ്ഞ് ഒന്ന് ആസ്വദിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണ് ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്. ബാംഗ്ലൂരില്‍ത്തന്നെയുള്ളവര്‍ക്കും ബാംഗ്ലൂര്‍ കാണാനെത്തുന്നവര്‍ക്കുമെല്ലാം വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇവിടമെന്നതില്‍ സംശയമില്ല.

1971ല്‍ 25000 ഏക്കറില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ നാഷണല്‍ പാര്‍ക്കില്‍ കടുവകള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, കാട്ടുപോത്തുകള്‍, മാന്‍, മുയല്‍, പക്ഷികള്‍, ശലഭങ്ങള്‍, അപൂര്‍വ്വമായ വെള്ളക്കടുവകള്‍, ബംഗാള്‍ കടുവകള്‍ തുടങ്ങി നാനാജീവികള്‍ കൂട്ടിലടയ്ക്കാതെ അവയ്ക്ക് അനുയോജ്യമായ പ്രകൃതിസാഹചര്യങ്ങളൊരുക്കി വിശാലമായ വേലികള്‍ക്കുള്ളില്‍ അവരുടേതായ സ്വാഭാവിക സാഹചര്യത്തില്‍ ജീവിക്കുന്നു.
അതുകൊണ്ടുതന്നെ കൂട്ടിലടച്ച മൃഗങ്ങളുള്ള മൃഗശാല കാണുന്ന മടുപ്പ് ഇവിടെയുണ്ടാകുന്നില്ല.
7.5 എക്കറിലുളള ചിത്രശലഭപാര്‍ക്കാണ് ഇതിനുളളിലെ മറ്റൊരു ആകര്‍ഷണം.ശലഭങ്ങള്‍ക്ക് പ്രിയമേറിയ പലതരം മരങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇരുപതിലേറെ ഇനത്തില്‍പ്പെട്ട ശലഭങ്ങളാണ് പാര്‍ക്കിലുള്ളത്.

ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ : 250 ഏക്കറില്‍ പരന്നു കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. ലാല്‍ബാഗിനെ ബാംഗ്ളൂരിന് അകത്തുളളവര്‍ക്കും പുറത്തുളളവര്‍ക്കും പ്രത്യേകമായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല …ആള് ഫെയ്മസല്ലേ…

ആറ് ദിവസത്തെ ബാംഗ്ളൂര്‍ സഞ്ചാരം കഴിഞ്ഞ് മൈസൂര്‍,ബന്ദിപൂര്‍-മുതുമലൈ വഴി വീട്ടിലേക്കുളള മടക്കയാത്രയില്‍ കാത്തിരുന്നത് അവിസ്മരണീയമായ കാഴ്ചകളാണ്.

ആന,പുളളിമാന്‍,കാട്ടുപോത്ത്…തുടങ്ങിയ വന്യമൃഗങ്ങള്‍ റോഡിനിരുവശത്തും ധാരാളമായി നില്‍ക്കുന്നു.അതില്‍ ഏറ്റവും മനോഹരമായത് കാട്ടുപോത്തുകളുടെ കൂട്ടമാണ്.വന യാത്രകളില്‍ കാട്ടുപോത്തിനെ കാണാറുണ്ടെങ്കിലും ഇത്രയും കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണ്…

വരികളും ചിത്രങ്ങളും : Shabeer Mkms (Sanchari) ലൊക്കേഷന്‍ :Nandi Hills, Avalabetta, Summer Palace

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply