ബോയിംഗ് 777 പറത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡർ

ഒരു പൈലറ്റാവുക എന്നത് എളുപ്പമേറിയ കാര്യമല്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്; പുരുഷന്മാര്‍ മാത്രം മേധാവിധ്വം പുലര്‍ത്തുന്ന ഒരു തൊഴില്‍ മേഖലയാണിത്. ഈ പശ്ചാത്തലത്തിലാണ് ഒരു സ്ത്രീ പൈലറ്റായി പത്ത് വര്‍ഷം സേവനം ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍നിന്നുള്ള ആനി ദിവ്യയാണ് ലോകത്തെ വിസ്മയിപ്പിച്ച ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ കമാന്‍ഡറെന്ന വിശേഷണത്തിനും മുപ്പതുകാരിയായ ആനി ഇപ്പോള്‍ അര്‍ഹയായിരിക്കുകയാണ്. ബോയിങ് 737 വിമാനത്തിന്റെ പൈലറ്റായി ക്യാപറ്റന്‍ ആനി ദിവ്യ ജോലിക്ക് കയറുമ്പോള്‍ വെറും 19 വയസ്.

ആനിയുടെ ചെറുപ്പ കാലം മുതലുള്ള ആഗ്രഹമായിരുന്നു പൈലറ്റാവുകയെന്നത്. എന്നാല്‍ ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ ആനിക്ക് പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ച ആനിക്ക് പറയാനുണ്ട്, പ്രതിസന്ധികളെ അതിജീവിച്ച് തലകുനിച്ചിടത്തുനിന്ന് ഫിനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കഥ. പത്താന്‍കോട്ട് ജനിച്ച് വിജയവാഡയിലേക്ക് താമസം മാറേണ്ടി വന്ന ആനിയുടെ പിതാവിന് വളരെ നേരത്തെ തന്നെ പട്ടാളത്തില്‍ നിന്ന് വിരമിക്കേണ്ടി വന്നു.

പിന്നീടങ്ങോട്ട് സാമ്പത്തിക ഞെരുക്കത്തിന്റെയും ജീവിത പ്രാരാബ്ധങ്ങളുടെയും ദിനങ്ങളായിരുന്നു. ആനിയുടെ കുടുംബത്തില്‍നിന്നോ നാട്ടില്‍ നിന്നോ ആരും വ്യോമയാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. ഇഷ്ട കരിയര്‍ രൂപപ്പെടുത്തിയെടുക്കാനുള്ള യാത്രയില്‍ ഇത് പ്രതിബന്ധം തന്നെയായിരുന്നു. എങ്കിലും സ്വപ്ന സാക്ഷാത്കാരത്തിനായി ആനി ശ്രമം തുടര്‍ന്നു. സമപ്രായക്കാരായ കുട്ടികള്‍ എഞ്ചിനീയറിംഗും എംബിബിഎസും ഒക്കെ തിരഞ്ഞെടുത്തപ്പോള്‍ ആനി ദിവ്യ തന്റെ ചിറകുകള്‍ വിടര്‍ത്തിയത് ആകാശത്തിലേക്ക് പറക്കാനാണ്. പൈലറ്റാവണം എന്ന തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ മകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ അവരും ഒപ്പം ചേര്‍ന്നു.

പക്ഷെ ബന്ധുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ധാരാളം എതിര്‍പ്പുകളും വന്നു. എങ്കിലും കുടുംബത്തിന്റെ പിന്തുണയോടെ ആനി പ്ലസ്ടുവിന് ശേഷം ഉത്തര്‍പ്രദേശിലുള്ള ഫ്‌ലൈയിങ് സ്‌കൂള്‍ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമിയില്‍ ചേര്‍ന്ന് പരിശീലനം തുടങ്ങി. ചെറുപട്ടണത്തില്‍ നിന്ന്, ചെറിയ സാഹചര്യത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ ആനിക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. മോശം ഇംഗ്ലീഷിന്റെ പേരില്‍ സഹപാഠികള്‍ എപ്പോഴും അവളെ കളിയാക്കുമായിരുന്നു. പക്ഷെ ദൃഢനിശ്ചയമുള്ള ആ പെണ്‍കുട്ടി തോല്‍ക്കാന്‍ തയാറായില്ല. ഇംഗ്ലീഷ് മാത്രം സംസാരിച്ച് വെള്ളക്കാരെ പോലെ പെരുമാറിയിരുന്ന കുട്ടികള്‍ക്കിടയില്‍ ഇംഗ്ലീഷ് അത്ര നന്നായി സംസാരിക്കാന്‍ വശമില്ലാതെ ആനി നന്നേ കഷ്ടപ്പെട്ടു. ആ സമയത്ത് എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് ഓടിപ്പോയാലോ എന്നു പോലും ആനി ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളില്‍ തളരാതിരിക്കാന്‍ മാതാപിതാക്കള്‍ പിന്‍ബലമായി അവളുടെ കൂടെത്തന്നെ നിന്നു. സാവധാനം അവളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇംഗ്ലീഷും തല കുനിച്ചു. പക്ഷെ നിരന്തര പരിശീലനത്തോടെ ആനി സ്‌കോളര്‍ഷിപ്പോടെ തന്നെ പാസായി.

17-ാം വയസില്‍ ആനി ഉത്തര്‍പ്രദേശിലെ ഫ്ളൈയിംഗ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെ ആനിയുടെ സഹപാഠികളില്‍ ഭൂരിഭാഗവും വിമാനം പറപ്പിക്കലില്‍ മുന്‍പരിചയം ആര്‍ജ്ജിച്ചവരായിരുന്നു. എന്നാല്‍ ആനിക്ക് ഈ പരിചയമില്ലായിരുന്നു. ഉത്തര്‍പ്രദേശിലെ പഠന കാലയളവിന്റെ ആദ്യഘട്ടത്തില്‍ വ്യത്യസ്ത ഭാഷ, സംസ്‌കാരം തുടങ്ങിയ ഘടകങ്ങള്‍ ആനിയെ അലട്ടിയിരുന്നു. എന്നാല്‍ പൈലറ്റെന്ന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ആനി. ഇതിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാനും സാധിച്ചു. പ്രശ്നത്തിലല്ല, ആവശ്യത്തിലാണ് ശ്രദ്ധ കൊടുത്തത്. അതിലൂടെ പ്രശ്നത്തെ പരിഹരിക്കാന്‍ ആവശ്യം നിറവേറ്റാനും സാധിച്ചു.

പ്രതിസന്ധികളെ അഭിമുഖീകരിച്ച ഘട്ടത്തിലെല്ലാം കുടുംബം നല്‍കിയ പിന്തുണ വളരെ വലുതായിരുന്നെന്ന് ആനി പറയുന്നു. രണ്ട് വര്‍ഷത്തെ പരിശീലനത്തിനു ശേഷം 19-ാം വയസില്‍ ആനി, എയര്‍ ഇന്ത്യയില്‍ ജോലിക്കു ചേര്‍ന്നു. 2006-ലായിരുന്നു അത്. അവിടെ നിന്ന് പരിശീലനത്തിനായി സ്‌പെയിനിലേക്ക് പോകാനുള്ള അവസരവും ആനിക്ക് ലഭിച്ചു. പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ആനി ബോയിങ് 737 വിമാനത്തിന്റെ സാരഥിയായി. 21ാം വയസ്സില്‍ കൂടുതല്‍ പരിശീലനങ്ങള്‍ക്കായി ആനി ലണ്ടനിലേക്ക് പോയി. അവിടെ നിന്ന് മടങ്ങിയെത്തിയത് ശരിക്കും ഒരു ക്യാപ്റ്റന്‍ ആയിട്ടായിരുന്നു. ബോയിങ് 777 വിമാനത്തിന്റെ ക്യാപ്റ്റന് മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാന്‍ഡറുമായി. അന്നു ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങിയ വന്‍നഗരങ്ങളിലേക്കു പറന്ന എയര്‍ ഇന്ത്യയുടെ വിമാനം നിയന്ത്രിച്ചിരുന്നവരില്‍ ആനിയുമുണ്ടായിരുന്നു. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ആനി ദിവ്യയ്ക്ക്.ലോകം മുഴുവന്‍ ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി പറന്ന് നടക്കുന്നു. വികസിത രാജ്യങ്ങളെപ്പോലും പിന്തള്ളി വനിതാ പൈലറ്റുമാരുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെന്നത് അഭിമാനമുള്ള കാര്യമാണെന്ന് ആനി ദിവ്യ പറയുന്നു.

പത്ത് വര്‍ഷത്തോളമായി ഈ രംഗത്ത് ആനി പ്രവര്‍ത്തിക്കുന്നു. ഇക്കാലയളവില്‍ പലരെയും പരിചയപ്പെടാന്‍ സാധിച്ചു. പരിചയപ്പെട്ടവര്‍ക്കെല്ലാം താന്‍ ഒരു അത്ഭുതമായിരുന്നെന്നു ആനി പറയുന്നു. സ്ത്രീകളെ എയര്‍ ഹോസ്റ്റസുമാരുടെ വേഷത്തില്‍ പലരും കണ്ടിട്ടുണ്ട്. എന്നാല്‍ പൈലറ്റിന്റെ വേഷത്തില്‍ അപൂര്‍വമായിട്ടാണ് പലരും കണ്ടിട്ടുള്ളത്. അതു കൊണ്ടായിരിക്കാം പലര്‍ക്കും അത്ഭുതം തോന്നിയതെന്നും ആനി പറയുന്നു.

പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൈവരിച്ച ആനിക്ക് ഇപ്പോള്‍ താരപരിവേഷമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സമീപദിവസങ്ങളില്‍ ആനിയുടെ നേട്ടത്തെ കുറിച്ച് സിഎന്‍എന്‍ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള ദേശീയ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുണ്ടായിരുന്നു. പലരും തന്നെ അനുകരിച്ചു പൈലറ്റാവാന്‍ ശ്രമിക്കുന്ന വാര്‍ത്ത കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആനി പറയുന്നു.

പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തിച്ചേരണമെന്ന ആഗ്രഹമാണുള്ളത്. നിങ്ങള്‍ ഒരു പൈലറ്റാവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിനുള്ള അതിയായ അഭിനിവേശമുണ്ടായിരിക്കണമെന്ന്’ ആനി പറയുന്നു. ഉറുദുവില്‍ 30 ലധികം കവിതകള്‍ എഴുതി സാഹിത്യത്തിലും ആനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ വിജയ ലക്ഷ്യം പൂര്‍ത്തിയാക്കിയ ആനിക്ക് നമ്മളോടും ചിലത് പറയാനുണ്ട്. “മാതാപിതാക്കളാണ് ഏറ്റവും വലിയ പിന്തുണ. അവരെ വിശ്വസിക്കുക. പിന്നെ, കഠിനാധ്വാനം അതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.”

കടപ്പാട് – rosemalayalam.com, മാതൃഭൂമി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply