അയർട്ടൻ സെന്ന – റേസ്‌ ട്രാക്കിന്റെ തീരാ നഷ്ടം.

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – സുജിത്ത് കുമാർ (https://mashitthand.blogspot.com).

1994 മെയ്‌ 1 ഞായറാഴ്ച… ഇറ്റലിയിലെ ഇമോള പട്ടണം. ഫോർമുല വൺ സീസണിലെ മൂന്നാമത്തെ മത്സരമായ സാൻ മരീനോ ഗ്രാന്റ്‌ പ്രിക്സ്‌ ആരംഭിക്കാൻ പോകുന്നു. ടീം വില്യംസിന്റെ ഡ്രൈവർ അയർട്ടൻ സെന്നയാണ്‌ പോൾ പൊസിഷനിൽ. ആദ്യ രണ്ടുമത്സരങ്ങളിലും പോൾ പൊസിഷൻ കിട്ടിയിട്ടും മത്സരം പൂർത്തിയാക്കാൻ കഴിയാതിരുന്ന സെന്നയ്ക്‌ സാൻ മരീനോയിൽ വിജയത്തിൽ കുറഞ്ഞ ഒന്നും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. താൻ ഈ സീസൺ സാൻ മരീനോയിൽ നിന്നാണ്‌ തുടങ്ങാൻ പോകുന്നതെന്ന് സെന്ന ഇതിനോടകം പലരോടും പറഞ്ഞിരുന്നു. സെന്നയ്ക്‌ മാത്രമല്ല, ടീം വില്യംസിനും സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നിർണ്ണായകമായിരുന്നു.

സ്റ്റാർട്ടിംഗ്‌ ഗ്രിഡിൽ വില്യംസ്‌ FW16 കാറിന്റെ ഡ്രൈവിംഗ്‌ സീറ്റിൽ സെന്ന അസ്വസ്ഥനായിരുന്നു. സീസണിലെ ആദ്യ രണ്ടുമത്സരങ്ങളിലും നിർഭാഗ്യം മൂലം നഷ്ടപ്പെട്ട വിജയം ഇത്തവണ നേടണമെന്ന വാശി ഉള്ളിൽ ജ്വലിക്കുമ്പോഴും കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്ന് സെന്നയ്ക്‌ അറിയാമായിരുന്നു. സീസണിലെ ആദ്യ രണ്ട്‌ മത്സരങ്ങളായ ബ്രസീലിയൻ ഗ്രാന്റ്‌ പ്രിക്സും പസഫിക്‌ ഗ്രാന്റ്‌ പ്രിക്സും വിജയിച്ച ടീം ബെനിറ്റന്റെ യുവ ഡ്രൈവർ മൈക്കൽ ഷുമാക്കർ ഉയർത്തുന്ന വെല്ലുവിളി ഒരു വശത്ത്‌. പുതിയ നിയമാവലിയുടെ അടിസ്ഥാനത്തിൽ ഫോർമുലാ വൺ കാറുകളിൽ വരുത്തിയ പരിഷ്കാരങ്ങളിലുള്ള അതൃപ്തി മറുവശത്ത്‌. ഒപ്പം മനസ്സിനെ കലുഷിതമാക്കുന്ന ചില വ്യക്തിപരമായ പ്രയാസങ്ങളും.

ഫോർമ്മുലാ വൺ കാറുകളുടെ രൂപഘടനയിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിയ വർഷമായിരുന്നു 1994. ഏറ്റവും വലിയ മാറ്റം ഡ്രൈവിംഗ്‌ അനായാസമാക്കുന്നതിനുള്ള എല്ലാ ഇലക്ട്രോണിക്ക്‌ ഉപകരണങ്ങളുടേയും നിരോധനമായിരുന്നു. ആക്ടീവ്‌ സസ്പെൻഷൻ, ആന്റി ലോക്ക്‌ ബ്രേക്ക്‌ സിസ്റ്റം, ട്രാക്ഷൻ കണ്ട്രോൾ, ലോഞ്ച്‌ കണ്ട്രോൾ തുടങ്ങിയ പല സൗകര്യങ്ങളും റേസ്‌ കാറുകളിൽ ഉപയോഗിക്കുന്നതിന്‌ വിലക്കേർപ്പെടുത്തി. പക്ഷേ അപകട സാധ്യത കുറയ്കുന്നതിനായി വേഗതയുടെ കാര്യത്തിൽ നിയന്ത്രണമൊന്നും കൊണ്ടുവന്നിരുന്നുമില്ല. എ ബി എസ്‌, ട്രാക്ഷൻ കണ്ട്രോൾ തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാതെ ഉയർന്ന വേഗതയിൽ കാറോടിക്കുമ്പോൾ സംഭവിച്ചേക്കാവുന്ന അപകട സാധ്യതകളെ പറ്റി സീസൺ തുടങ്ങുന്നതിനു മുൻപേ സെന്ന ആശങ്കാകുലനായിരുന്നു. സഹ ഡ്രൈവർ മാരുമായുള്ള കൂടികാഴ്കളിൽ ഇക്കാര്യം സെന്ന പലവട്ടം ചർച്ച ചെയ്തിരുന്നു.

വില്യംസ്‌ ടീം മുൻ സീസണുകളിൽ ഉപയോഗിച്ചിരുന്ന FW14B, FW15C എന്നീകാറുകളുടെ യാതൊരുവിധ സാങ്കേതിക മികവും അവകാശപ്പെടാനില്ലാത്ത കാറായിരുന്നു പുതിയ നിയമാവലികൾക്ക്‌ അനുസൃതമായി നിർമ്മിക്കപ്പെട്ട FW16 കാർ. സെന്നയ്ക്‌ പുതിയ കാർ തീരെ ഇഷ്ടമായില്ല. ഇക്കാര്യം അവസരം കിട്ടിയപ്പോഴെല്ലാം തുറന്നുപറയാനും അദ്ദേഹത്തിന്‌ മടിയില്ലായിരുന്നു. “എനിക്ക്‌ ഈ കാർ തീരെ രസിക്കുന്നില്ല. പുതിയ നിബന്ധനകൾ അടിച്ചേൽപ്പിച്ച പരിമിതികൾക്കുള്ളിൽ നിന്ന് ഇത്‌ പായിക്കുമ്പോൾ വല്ലാത്ത മുഷിച്ചിൽ അനുഭവപ്പെടുന്നു. പോരാത്തതിന്‌ എനിക്ക്‌ ഇതുവരെ പൂർണ്ണമായും പിടികിട്ടാത്ത ഈ കാറിന്റെ ചില രീതികളും കൂടിയാകുമ്പോൾ ഉള്ള ആത്മവിശ്വാസം കൂടി നഷ്ടപ്പെടുന്നതുപോലെ” സീസൺ ആരംഭിക്കുന്നതിന്‌ തൊട്ടുമുൻപ്‌ പരിശീലന ഓട്ടത്തിനിടയിൽ സെന്ന ഇങ്ങനെ പറഞ്ഞിരുന്നു.

“ഈ സീസണിൽ നമുക്ക്‌ അപകടങ്ങളുടെ ഘോഷയാത്ര തന്നെ പ്രതീക്ഷിക്കാം. ഇതുവരെ കാര്യമായ അപകടമൊന്നും സംഭവിക്കാതിരുന്നത്‌ നമ്മുടെയൊക്കെ ആയുസ്സിന്റെ ബലം കൊണ്ടാണെന്ന് കരുതിയാൽ മതി.” ഡ്രൈവർമാർക്കുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതിനോ വേഗത നിയന്ത്രിക്കുന്നതിനോ ഉള്ള നിർദ്ധേശങ്ങൾ പുതിയ നിയമാവലിയിൽ ഇല്ലാത്തതിന്റെ നിരാശ്ശ സെന്ന സഹപ്രവർത്തകരുമായി പങ്കുവെച്ചിരുന്നു.

സെന്നയുടെ നിഗമനങ്ങൾ അസ്ഥാനത്തായിരുന്നില്ല. സീസണിലെ ആദ്യരണ്ട്‌ റേസുകളിലും മുന്നിൽ നിൽക്കേ അപ്രതീക്ഷിതമായി ഉണ്ടായ അപകടങ്ങൾ മൂലം മത്സരം പാതിവഴിയിൽ അവസാനിപ്പിച്ച്‌ മടങ്ങേണ്ടി വന്നത്‌ തന്റെ നിഗമനങ്ങളെ സാധൂകരിക്കുന്നതാണെന്ന് സെന്ന തീർച്ചപ്പെടുത്തി. ഒപ്പം ടീം ബെനിറ്റൻ അവരുടെ കാറുകളിൽ നിയമവിരുദ്ധമായ എന്തോ തിരിമറി കാണിക്കുന്നുണ്ടെന്നും സെന്നയ്ക്‌ സംശയമുണ്ടായിരുന്നു. പസഫിക്‌ ഗ്രാന്റ്‌ പ്രിക്സിനിടയിൽ കാർ അപകടത്തിൽ പെട്ട്‌ പാതിവഴിയിൽ മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്നെങ്കിലും സെന്ന പിറ്റ്‌ ലൈനിലേക്ക്‌ മടങ്ങാതെ മത്സരം തീരുവോളം മറ്റു കാറുകളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട്‌ സുരക്ഷാ വേലിക്കുള്ളിൽ ട്രാക്കിന്‌ പരമാവധി അടുത്തായി നിന്നിരുന്നു. തന്റെ നിഗമനങ്ങൾ സാധൂകരിക്കുന്ന കൂടുതൽ തെളിവുകളുമായാണ്‌ സെന്ന അവിടെനിന്നും മടങ്ങിയത്‌.

ബെനിറ്റന്റെ കാറുകളുടെ സസ്പെൻഷൻ, പ്രത്യേകിച്ച്‌ മൈക്കൽ ഷുമാക്കറിന്റെ കാറിന്റെ സസ്പെൻഷനിൽ നിന്നും വരുന്ന അസ്വഭാവികമായ ശബ്ദങ്ങൾ തിരിമറികൾ നടന്നതിന്റെ തെളിവായി സെന്ന ഉന്നയിച്ചു. താരതമ്യന മികവ്‌ കുറഞ്ഞ ബെനിറ്റൻ കാറുകൾക്ക്‌ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നത്‌ ഇപ്രകാരമായിരിക്കാമെന്നായിരുന്നു സെന്നയുടെ സംശയം.

സെന്നയുടെ ആശങ്കക്ക്‌ ആക്കം കൂട്ടിക്കൊണ്ട്‌ മത്സര ദിവസത്തിന്‌ രണ്ടു ദിവസം മുൻപ്‌ നടന്ന പരിശീലന ഓട്ടത്തിനിടയിൽ സെന്നയുടെ സുഹൃത്തും ശിഷ്യനുമായ റുബെൻസ്‌ ബാരിക്കെല്ലോയ്ക്ക്‌ അപകടത്തിൽ സാരമായ പരിക്കുപറ്റി. ജോർഡൻ ടീമിനുവേണ്ടി മത്സരിക്കുന്ന ബാരിക്കെല്ലോയുടെ കാർ മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിൽ ട്രാക്കിനു വശത്തുള്ള സുരക്ഷാ മതിലിലേക്ക്‌ പാഞ്ഞുകയറുകയായിരുന്നു. കാര്യമായ പരിക്കുപറ്റിയെങ്കിലും ബാരിക്കെല്ലോ കഷ്ടിച്ച്‌ രക്ഷപെട്ടു. സംഭവം സെന്നയെ വല്ലാതെ ഉലച്ചിരുന്നു. പരിശീലന ഓട്ടം പാതിവഴിയിൽ ഉപേക്ഷിച്ച സെന്ന നേരെ ആശുപത്രിയിലേക്ക്‌ കുതിച്ചു. ബാരിക്കെല്ലോ ബോധം വീണ്ടെടുത്ത്‌ അപകടനില തരണം ചെയ്തു എന്നുറപ്പുവരുത്തിയ ശേഷമാണ്‌ സെന്ന തിരികെ റേസ്‌ ട്രാക്കിലേക്ക്‌ മടങ്ങിയത്‌.

പിറ്റേ ദിവസം നടന്ന യോഗ്യതാ നിർണ്ണയ മത്സരത്തിൽ സെന്ന തന്റെ മികച്ച വ്യക്തിഗത സമയമായ ഒരു മിനിറ്റ്‌ 22:03 സെക്കന്റുകൊണ്ട്‌ ഒരു ലാപ്പ്‌ പൂർത്തിയാക്കുകയുണ്ടായി. ഈ നേട്ടം സെന്നയ്ക്‌ അൽപ്പം ആശ്വാസം പകരുന്നതായിരുന്നു. കാറിന്റെ പ്രകടനം അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ടീമംഗമായ ഡാമൻ ഹില്ലിനോട്‌ സെന്ന പറയുകയുണ്ടായി. നഷ്ടപ്പെട്ട ആത്മവിശ്വാസം ഒരു പരിധിവരെ വീണ്ടെടുക്കാൻ ഈ സംഭവം സെന്നയെ സഹായിച്ചു.

എന്നാൽ കാര്യങ്ങൾ വീണ്ടും അവതാളത്തിലാക്കിക്കൊണ്ട്‌ അന്നേ ദിവസം മറ്റോരു അപകടത്തിനുകൂടി സാൻ മരീനോ റേസ്‌ ട്രാക്ക്‌ സാക്ഷിയായി. രണ്ടാം യോഗ്യതാ റൗണ്ട്‌ ആരംഭിച്ച്‌ 18 മിനിറ്റ്‌ കഴിഞ്ഞതേയുള്ളൂ, സിംടെക്ക്‌ ടീമിന്റെ യുവ ഡ്രൈവർ റോളണ്ട്‌ റാറ്റ്സൻബെർഗ്ഗർ ഓടിച്ചിരുന്ന കാർ മണിക്കൂറിൽ 314 കിലോമീറ്റർ വേഗതയിൽ ഒരു കോൺക്രീറ്റ്‌ മതിലിലേക്ക്‌ പാഞ്ഞുകയറി. ഈ സംഭവം പിറ്റ്‌ ലൈനിൽ നിന്നുകൊണ്ട്‌ ടി വി സ്ക്രീനിൽ വീക്ഷിക്കുകയായിരുന്ന സെന്നയ്ക്‌, സംഭവിച്ച അപകടത്തിന്റെ തീവ്രത എത്രയാണെന്ന് പെട്ടന്നുതന്നെ മനസ്സിലായി. ഒട്ടും സമയം പാഴാക്കാതെ ആദ്യം കണ്ട ഒരു പൈലറ്റ്‌ കാറിൽ കയറിപ്പറ്റിയ സെന്ന വേഗം അപകട സ്ഥലത്തേക്ക്‌ കുതിച്ചു. എന്നാൽ സെന്ന അവിടെ എത്തുന്നതിനു മുൻപുതന്നെ റാറ്റ്സൻബെർഗ്ഗറെ ഹെലികോപ്റ്റർ മാർഗ്ഗം ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു. തകർന്ന കാറിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ച ശേഷം സെന്ന പിറ്റ്‌ ലൈനിലേക്ക്‌ മടങ്ങി.

യോഗ്യതാ നിർണ്ണയ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വിദഗ്ദ പരിശോധനകൾക്കായി റാറ്റ്സൻബെർഗ്ഗറെ ബൊലോഗ്നയിലുള്ള മാഗ്ഗിയോർ ഹോസ്പിറ്റലിലേക്ക്‌ കൊണ്ടുപോയി.

നാൽപ്പത്തിയെട്ട്‌ മണിക്കൂറിനുള്ളിൽ, അപകടത്തിൽ പരിക്കേറ്റ്‌ ഗുരുതരാവസ്ഥയിൽ അവിടെയെത്തിക്കപ്പെട്ട രണ്ടാമത്തെ റേസ്‌ ഡ്രൈവറായിരുന്നു റാറ്റ്സൻബെർഗ്ഗർ. അപകടം സംഭവിച്ച്‌ ഇരുപത്തിയഞ്ച്‌ മിനിറ്റിനുശേഷം ക്വാളിഫൈയിംഗ്‌ സെഷൻ പുനഃരാരംഭിച്ചെങ്കില്യും വില്യംസും ബെനിറ്റനും അടക്കം മിക്ക ടീമുകളും തുടർന്നുള്ള സെഷനിൽ കളത്തിലിറങ്ങിയില്ല. എല്ലാവരും റാറ്റ്സൻബെർഗ്ഗറുടെ ആരോഗ്യസ്ഥിതിയെ പറ്റി ആശങ്കയിലായിരുന്നു. അധികം വൈകാതെ എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട്‌ റാറ്റ്സൻബെർഗ്ഗറുടെ മരണവാർത്തയെത്തി. 1982 ൽ കനേഡിയൻ ഗ്രാന്റ്‌ പ്രിക്സിനിടെ കൊല്ലപ്പെട്ട റിക്കാർഡോ പലേറ്റിയ്ക്‌ ശേഷം റേസ്‌ ട്രാക്കിൽ പൊലിഞ്ഞ രണ്ടാമത്തെ ജീവനായിരുന്നു റാറ്റ്സൻബെർഗ്ഗറുടേത്‌.

റാറ്റ്സൻബെർഗ്ഗറുടെ മരണവാർത്ത സെന്ന അറിയുന്നത്‌ തന്റെ സുഹൃത്തും ഫോർമുലാ വൺ ടീമിലെ ന്യൂറോ സർജ്ജനുമായ സിഡ്‌ വാട്ട്കിൻസിൽ നിന്നുമായിരുന്നു. വാട്ട്കിൻസിന്റെ ചുമലിലേക്ക്‌ വീണ്‌ സെന്ന ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. ഇനിയും അപകടങ്ങൾ സംഭവിച്ചേക്കാമെന്ന ആശങ്കയും സെന്ന മറച്ചുവെച്ചില്ല. ഇതോടെ ഒരു സുഹൃത്ത്‌ എന്ന നിലയിൽ വാട്ട്കിൻസ്‌ സെന്നയോട്‌ റേസിങ്ങിൽ നിന്നും വിരമിക്കാൻ ഉപദേശിച്ചു.

“നോക്കൂ സെന്നാ. നിങ്ങൾ മൂന്നു തവണ ലോക ചാമ്പ്യനായി. പണവും പ്രശസ്തിയും ആവോളം നേടി. ഇനി നിനക്ക്‌ എന്താണ്‌ നേടാൻ ബാക്കിയുള്ളത്‌ ? നീ ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗമേറിയ ഡ്രൈവറാണെന്നത്‌ ശരി തന്നെ. പക്ഷെ എല്ലാം മതിയാക്കാനുള്ള സമയമായിരിക്കുന്നു. വരൂ, നമുക്ക്‌ ഒരുമിച്ച്‌ മീൻപിടിക്കാൻ പോകാം.” പകുതി തമാശയായും പകുതി കാര്യമായും വാട്കിൻസ്‌ സെന്നയെ ഉപദേശിച്ചു. എന്നാൽ റേസ്‌ ട്രാക്കിന്റെ ഇരമ്പലും കാറുകളുടെ മുരൾച്ചയും കേൾക്കാതെയുള്ള ഒരു ജീവിതം അത്‌ ആലോചിക്കാൻ പോലും സെന്നയ്ക്‌ മനസ്സുണ്ടായിരുന്നില്ല.

“നോക്കൂ സിഡ്‌, നമ്മുടെ നിയന്ത്രണത്തിനും അതീതമായ ചിലകാര്യങ്ങളുണ്ട്‌. എനിക്ക്‌ ഒരിക്കലും റേസ്‌ മതിയാക്കാനാവുമെന്ന് തോന്നുന്നില്ല. എനിക്ക്‌ മത്സരിച്ചേ മതിയാകൂ..” സെന്ന തന്റെ നിലപാടിൽ ഉറച്ചുനിന്നു. സാൻ മരീനോ ഗ്രാന്റ്‌ പ്രിക്സിൽ സെന്ന പോൾ പൊസിഷൻ സ്വന്തമാക്കിയിരുന്നു. തൊട്ടു പിന്നിൽ മൈക്കൽ ഷുമാക്കറും നാലാമത്തെ പൊസിഷനിൽ സെന്നയുടെ ടീം അംഗം ഡാമൻ ഹില്ലും സ്ഥാനം പിടിച്ചു. അങ്ങനെ റേസ്‌ ദിനം വന്നെത്തി.

മെയ്‌ ഒന്ന് ഞായറാഴ്ച. തെളിഞ്ഞ കാലാവസ്ഥയുള്ള ഒരു പകൽ. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ്‌ രണ്ട്‌ മണിയോടുകൂടി സാൻ മരീനോ ഗ്രാന്റ്‌ പ്രിക്സ്‌ ആരംഭിച്ചു. തുടക്കം തന്നെ അപശകുനത്തോടെയായിരുന്നു. ടീം ബെനിറ്റന്റെ ജെ ജെ ലെഹ്റ്റോയുടെ കാറിനുപിന്നിൽ പെട്രോ ലാമി ഓടിച്ചിരുന്ന കാർ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ ചിതറിത്തെറിച്ച കാറിന്റെ അവശിഷ്ടങ്ങൾ വീണ്‌ കാഴ്ചക്കാരിൽ ചിലർക്ക്‌ പരിക്കുപറ്റി. ഇരു ഡ്രൈവർമാർക്കും പരിക്കൊന്നും പറ്റിയില്ലെങ്കിലും കാറുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുവരെ സേഫ്റ്റി കാർ കളത്തിലിറങ്ങി. മത്സരത്തിന്റെ ഒഴുക്ക്‌ നഷ്ടപ്പെട്ടതിനാലും സേഫ്റ്റിക്കാറിന്റെ മന്ദഗതിയിലുള്ള പോക്കിലും സെന്ന അസന്തുഷ്ടനായിരുന്നു. അൽപ്പസമയത്തിനകം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിനുശേഷം സേഫ്റ്റിക്കാർ പിൻ വലിക്കുകയും മത്സരം അതിന്റെ സ്വാഭാവികമായ ഒഴുക്കിലേക്ക്‌ മടങ്ങുകയും ചെയ്തു.

വിരസമയ ഒരു ഇടവേള നൽകിയ ആലസ്യത്തിൽ നിന്നും ഉണർന്ന സെന്ന വളരെ പെട്ടന്ന് വേഗമാർജ്ജിച്ചു. കാര്യമായ വെല്ലുവിളി ഉയർത്തിക്കൊണ്ട്‌ മൈക്കൽ ഷുമാക്കർ തൊട്ടുപിന്നാലെ തന്നെ ഉണ്ടായിരുന്നു. എങ്കിലും ആറാം ലാപ്പിലെ മികച്ച സമയവും റേസിലെ മികച്ച മൂന്നാമത്തെ സമയവും സെന്ന തന്റെ പേരിൽ കുറിച്ചു.

മത്സരം ഏഴാം ലാപ്പിലേക്ക്‌ കടക്കുന്നു. സെന്ന തന്നെയാണ്‌ അപ്പോഴും മുന്നിൽ. ആദ്യ രണ്ട്‌ മത്സരങ്ങളിലും കൈവിട്ടുപോയ വിജയം ഇത്തവണ നേടാനാകുമെന്ന ഉറച്ച വിശ്വാസം വില്യംസ്‌ ടീമിനും ഉണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത്‌ വളരെ പെട്ടന്നായിരുന്നു. മണിക്കൂറിൽ 310 കിലോമീറ്റർ വേഗതയിൽ വന്ന സെന്നയുടെ കാർ ട്രാക്കിൽ നിന്നും വഴുതി ഒരു കോൺക്രീറ്റ്‌ മതിലിൽ ഇടിച്ചുകയറി. മുൻ ചക്രവും നോസ്‌ കോണും ഒടിഞ്ഞു തെറിച്ച കാർ പലവട്ടം ചുറ്റിത്തിരിഞ്ഞ്‌ ഒടുവിൽ നിശ്ചലമായി.

കാറിന്റെ കോക്പിറ്റിൽ ചലനമറ്റ നിലയിലായിരുന്നു സെന്ന. ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞുതെറിച്ച കാറിന്റെ മുൻ ചക്രം വന്നു പതിച്ചത്‌ സെന്നയുടെ ഹെൽമ്മെറ്റിലേക്കായിരുന്നു. അതി ശക്തമായ ഈ ആഘാതത്താൽ സെന്നയുടെ ശിരസ്സ്‌ വീലിനും കാറിന്റെ ഹെഡ്‌ റെസ്റ്റിനും ഇടയിൽ പെട്ട്‌ ഞെരിഞ്ഞമർന്നു. ഇത്‌ തലയോട്ടി തകരുന്നതിനു കാരണമായി. സസ്പെൻഷൻ സിസ്റ്റത്തിന്റെ ഭാഗമായ ഒരു ലോഹ കഷണം സെന്നയുടെ ഹെൽമ്മെറ്റ്‌ ഭാഗികമായി തുളച്ച്‌ കയറിയിരുന്നു. മറ്റൊന്ന് വലതുകണ്ണിന്റെ മുകൾ ഭാഗത്ത്‌ തറഞ്ഞുകയറിയ നിലയിലുമായിരുന്നു.

രക്ഷാപ്രവർത്തകരുടേയും ഡോക്ടർ മാരുടേയും ഒരു സംഘം സംഭവ സ്ഥലത്തേക്ക്‌ കുതിച്ചു. മിനിറ്റുകൾക്കുള്ളിൽ അവർ തകർന്ന കാറിൽ നിന്നും സെന്നയെ പുറത്തെടുത്ത്‌ അടിയന്തിര വൈദ്യസഹായം നൽകി. പരിക്കുകൾ മാരകമായിരുന്നു. അപകടകരമായ നിലയിൽ രക്തം വാർന്നുപോയിരുന്നു. ഒട്ടും സമയം പാഴാക്കാതെ അവർ സെന്നയെ ഹെലിക്കോപ്റ്റർ മാർഗ്ഗം മാഗ്ഗിയോർ ഹോസ്പിറ്റലിലേക്ക്‌ കൊണ്ടുപോയി. മൂന്നു ദിവസത്തിനുള്ളിൽ മാഗ്ഗിയോർ ആശുപത്രി ഏറ്റുവാങ്ങുന്ന മൂന്നാമത്തെ റേസ് ഡ്രൈവറായിരുന്നു സെന്ന.

ഇതേ സമയം താൽക്കാലികമായി നിർത്തിവച്ചിരുന്ന റേസ്‌ പുനഃരാരംഭിച്ചു. എങ്കിലും എല്ലാവരുടേയും മനസ്സ്‌ മാഗ്ഗിയോർ ഹോസ്പിറ്റലിൽ ആയിരുന്നു. സംഭവിച്ച അപകടത്തിന്റെ തീവ്രത ആശങ്കാജനകമാണെന്ന വസ്തുത തിരിച്ചറിഞ്ഞപ്പോഴും അശുഭമായതൊന്നും സംഭവിക്കരുതേ എന്ന് എല്ലാവരും പ്രാർത്ഥിച്ചു. സെന്നയെ കാറിൽ നിന്നും പുറത്തെടുത്ത്‌ പ്രഥമ ശുശ്രൂഷ നൽകിയതുമുതൽ മാഗ്ഗിയോർ ആശുപത്രിയിലേക്ക്‌ മാറ്റുന്നതുവരേയും സെന്നയുടെ സുഹൃത്തും ന്യൂറോ സർജ്ജനുമായ സിഡ്‌ വാട്ട്കിൻസും ഒപ്പമുണ്ടായിരുന്നു. തന്റെ സുഹൃത്തിന്‌ സംഭവിച്ച അപകടത്തിന്റെ തീവ്രത വാട്ട്കിൻസിന്‌ വളരെ പെട്ടന്നുതന്നെ മനസ്സിലായി.

“അവന്റെ മുഖം ശാന്തമായിരുന്നു. ഞാൻ ആ കൺപോളകൾ തുറന്നു നോക്കി. തലച്ചോറിനേറ്റ ആഘാതം ആ കണ്ണുകളിൽ വായിക്കാൻ കഴിയുമായിരുന്നു. ഞങ്ങൾ അവനെ കാറിൽ നിന്നും പുറത്തെടുത്ത്‌ നിലത്തുകിടത്തി. ആ ശരീരത്തിൽ നിന്നും ചൈതന്യം നഷ്ടപ്പെട്ടുപോകുന്നത്‌ എനിക്ക്‌ അറിയാൻ കഴിഞ്ഞു.” മാഗ്ഗിയോർ ആശുപത്രിയിൽ വിദഗ്ദ ഡോക്ടർമാരുടെ സംഘം സെന്നയുടെ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ എല്ലാ പരിശ്രമങ്ങളേയും വൃഥാവിലാക്കിക്കൊണ്ട്‌ 3:10 ന്‌ സെന്നയുടെ ഹൃദയം നിശ്ചലമായി. ഡോക്ടർമാർ കൃത്രിമ മാർഗ്ഗത്തിൽക്കൂടി ഹൃദയതാളം പുനഃസ്ഥാപിച്ചെങ്കിലും അത്‌ ശാശ്വതമല്ലെന്ന യാഥാർത്ഥ്യം അവർക്കറിയാമായിരുന്നു. ഒടുവിൽ സെന്നയുടെ കുടുംബാങ്ങങ്ങളുടെ അനുവാദത്തോടെ, മതാചാരപ്രകാരമുള്ള അന്ത്യ കൂദാശകൾ നൽകിയ ശേഷം വൈകുന്നേരം 6:15 ന്‌ ഡോക്ടർമാർ സെന്നയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇതേ സമയം സെന്നയുടെ കാർ പരിശോധിക്കുകയായിരുന്ന സുരക്ഷാ ഭടന്മാർക്ക്‌ കോക്പിറ്റിൽ നിന്നും ഒരു ഓസ്ട്രിയൻ പതാക ലഭിച്ചു. റേസിൽ ജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന സെന്ന തന്റെ വിജയം റാറ്റ്സൻബെർഗ്ഗറിന്‌ സമർപ്പിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ രാജ്യമായ ഓസ്ട്രിയയുടെ പതാക കയ്യിൽ കരുതിയത്‌. എന്നാൽ റാറ്റ്സൻബെർഗ്ഗറുടെ ദുർവിധി തന്നെയായിരുന്നു സെന്നയ്കും സാൻ മരീനോ റേസ്‌ ട്രാക്ക്‌ കരുതിവച്ചിരുന്നത്‌.

സെന്നയുടെ മരണം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ കണ്ണീരിലാഴ്ത്തി. ബ്രസീൽ ഗവൺമന്റ്‌ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സെന്നയുടെ മൃതദേഹം എല്ലാവിധ ബഹുമതികളോടും കൂടി സ്വദേശത്തേക്ക്‌ കൊണ്ടുപോയി. ഏകദേശം മുപ്പതുലക്ഷം ആരാധകരാണ്‌ സെന്നയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാവോ പോളൊയിൽ തടിച്ചുകൂടിയത്‌. സാവോ പോളൊ നഗരത്തിലെ മോറുംബി സെമിത്തേരിയിൽ അവർ വേഗതയുടെ രാജകുമാരന്‌ അന്ത്യവിശ്രമം ഒരുക്കി.

അയർട്ടൻ സെന്ന ദ സിൽവ – ബ്രസീലിലെ സാവോ പോളൊ നഗരത്തിൽ ധനികനായ മിൽട്ടൻ ദ സിൽവയുടേയും നെയ്ദെ സെന്ന ദ സിൽവയുടേയും 2 ത്തെ കുഞ്ഞായി 1960 മാർച്ച്‌ 21 ന്‌ അയർട്ടൻ ജനിച്ചു. അദ്ദേഹത്തിന്‌ വിവിയൻ എന്ന പേരിൽ ഒരു മൂത്ത സഹോദരിയും ലിയനാർദ്ദോ എന്ന പേരിൽ ഒരു അനുജനും ഉണ്ടായിരുന്നു. നന്നേ ചെറിയ പ്രായത്തിൽ തന്നെ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ അസാമാന്യ മിടുക്ക്‌ കാണിച്ചിരുന്ന സെന്നയെ പിതാവ്‌ മിൽട്ടൻ ദ സിൽവ കാർട്ടിംഗ്‌ പരിശീലനത്തിന്‌ അയച്ചു. പങ്കെടുത്ത ആദ്യ സീസണിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച സെന്നയുടെ വളർച്ച ഒരു റേസ്‌ കാറിനെക്കാൾ വേഗത്തിലായിരുന്നു. 1984 ൽ ടീം ടോൾമാനുമായി കരാറിൽ ഒപ്പിട്ടുകൊണ്ട്‌ ഫോർമുലവൺ രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. താരതമ്യേന മോശം കാറായിരുന്നിട്ടും സെന്നയുടെ പ്രതിഭ ഒന്നുകൊണ്ടുമാത്രം ആദ്യ സീസണിൽ തന്നെ ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഇതിനിടയിൽ ടോൾമാന്റെ സമ്മതമില്ലാതെ ലോട്ടസ്‌ ടീമുമായി കരാറിൽ ഒപ്പിട്ടതിനാൽ ഒരു മത്സരത്തിൽ സെന്നയ്ക്‌ സസ്പെൻഷനും കിട്ടി. തുടർന്ന് ടോൾമാൻ ടീമിൽ നിന്നും പടിയിറങ്ങിയ സെന്ന 1985 മുതൽ 1987 വരെ ടീം ലോട്ടസിന്റെ സാരഥിയായി. ഒരു ലോക ചാമ്പ്യനിലേക്കുള്ള സെന്നയുടെ വളർച്ച ആരംഭിക്കുന്നത്‌ ലോട്ടസിലെ കരിയറിലൂടെ ആയിരുന്നു. 1987 സീസണോടു കൂടി ലോട്ടസ്‌ വിട്ട സെന്ന ടീം മക്ലാരനുമായി കരാർ ഒപ്പിട്ടു. 1993 സീസൺ വരെ മക്‌ ലാരനിൽ തുടർന്ന സെന്ന ഇക്കാലയളവിലാണ്‌ തന്റെ മൂന്ന് ലോക കിരീടങ്ങളും ചൂടുന്നത്‌. (1988, 1990, 1991) 1994 സീസണിൽ ടീം വില്യംസുമായി ഇരുപത്‌ മില്യൻ ഡോളറിന്റെ കരാറിൽ ഒപ്പിട്ട സെന്ന മക്‌ലാരനുമായുള്ളസാനിപ്പിച്ചു.

1994 സീസണിലെ പുതുക്കിയ നിബന്ധനകൾക്കനുസരിച്ച്‌ കാറുകളിൽ വരുത്തിയ പരിഷ്കാരങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടിയ സെന്ന ആദ്യ രണ്ടു മത്സരങ്ങളിലും പാതി വഴിയിൽ പുറത്തായി. വർദ്ധിത വീര്യത്തോടെ മൂ ന്നാം മത്സരത്തിനിറങ്ങിയെങ്കിലും വിധി സെന്നയ്ക്‌ സാൻ മരീനോയിൽ മരണശയ്യ ഒരുക്കി വെച്ച്‌ കാത്തിരിക്കുകയായിരുന്നു. 310 കിലോ മീറ്റർ വേഗതയിൽ കോൺക്രീറ്റ്‌ വേലിയിലേക്ക്‌ പാഞ്ഞുകയറിയ സെന്നയുടെ കാർ തകർന്നു തരിപ്പണമായി. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെന്നയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർ മാർക്ക്‌ കഴിഞ്ഞില്ല.

1994 ലെ ഒരു മെയ്‌ ദിനത്തിൽ റേസ്‌ ട്രാക്കിലെ ഇതിഹാസം ഈ ലോകത്തോട്‌ വിടപറഞ്ഞു. നാലു ടീമുകൾക്കായി 161 തവണ ഫോർമുലവൺ മത്സരങ്ങളിൽ പങ്കെടുത്ത സെന്ന കരിയറിൽ ആകെ 65 തവണ പോൾ പൊസിഷനിൽ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്‌. 41 തവണ ജേതാവായ സെന്ന ആകെ 80 തവണ പോഡിയത്തിൽ കയറിയിട്ടുണ്ട്‌. 19 വേഗമേറിയ ലാപ്പുകളും സെന്നയുടെ പേരിൽ കുറിക്കപ്പെട്ടിരുന്നു. മൂന്നു തവണ ലോക ചാമ്പ്യൻ പട്ടം നേടിയ സെന്ന നേട്ടങ്ങൾ പലതും ബാക്കിവെച്ചായിരുന്നു കടന്നുപോയത്‌. സെന്ന ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷെ മൈക്കൽ ഷുമാക്കർ ഇത്രയേറെ വിജയങ്ങൾ അനായാസം നേടില്ലായിരുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply