100 വർഷം പഴക്കമുള്ള രണ്ടര രൂപയുടെ കറൻസി നോട്ട്..

എഴുത്ത് – പ്രകാശ് നായർ മേലില.

പലർക്കും ഇതൊരു പുതിയ അറിവായിരിക്കും. പ്രത്യേകിച്ചും യുവതലമുറയ്ക്ക്. എന്നാൽ 100 വര്ഷം മുൻപ് ഭാരതത്തിൽ രണ്ടര രൂപയുടെ കറൻസിനോട്ട് പ്രചാരത്തിലുണ്ടായിരുന്നു. 1918 ജനുവരി 22 നായിരുന്നു ഈ നോട്ട് ആദ്യമായി പുറത്തിറക്കിയത്.1926 ജനുവരി ഒന്നുവരെ മാത്രമായിരുന്നു ഇത് പ്രചാരത്തിലുണ്ടായിരുന്നതും.

രണ്ടര രൂപാ നോട്ടിൽ ഒരുവശത്ത് രണ്ടു രൂപാ എട്ടണ ( RUPEES TWO ANNAS EIGHT ) എന്നും മറുപുറത്ത് വലതുവശത്ത് ഒരു വൃത്തത്തിനുള്ളിൽ 2/8 എന്നും ഇടതുവശത്ത് ബ്രിട്ടീഷ് രാജകിരീടവും നടുക്കായി ബംഗാളി, ഗുജറാത്തി, ഒറിയ, ഉർദു , പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ് ഉൾപ്പെടെ 8 ഭാഷകളിൽ രണ്ടര രൂപ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയും മലയാളവും ഇതിലില്ല.

അന്ന് അണക്കണക്കായിരുന്നു നിലനിന്നിരുന്നത്. 16 അണ ഒരു രൂപയായിരുന്നു.8 അണ 50 പൈസയും. അതു കൊണ്ടാണ് ഈ കറൻസിയിൽ 2/8 എന്ന് RUPEES TWO ANNAS EIGHT രേഖപ്പെടുത്തിയിരിക്കുന്നത്. അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ ഭരണസിരാകേന്ദ്രങ്ങളായി 7 സർക്കിളുകളാണ് ഉണ്ടായിരുന്നത്. ABCKLMR എന്നിവയായിരുന്ന അവ യഥാക്രമം A.കാൺപൂർ, B.ബോംബെ, C.കൽക്കത്ത, K .കറാച്ചി, L .ലാഹോർ, M ,മദ്രാസ്, R രംഗൂൺ എന്നിങ്ങനെയായിരുന്നു. ഈ സർക്കിളുകൾ വഴിയാണ് നോട്ടുകൾ വിതരണം ചെയ്തിരുന്നത്. റംഗൂൺ എന്ന ഇന്നത്തെ മ്യാൻമാർ അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്നു.

രണ്ടര രൂപാ നോട്ടിൽ അന്നത്തെ ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി MSS ഗബ്ബിയുടെ ഒപ്പാണുള്ളത്. ഹാൻഡ് മേഡ് പേപ്പറിൽ അച്ചടിക്കപ്പെട്ട ഈ കറൻസി ബ്രിട്ടനിലാണ് പ്രിൻറ് ചെയ്തിരുന്നത്. ഏറ്റവും മുകളിലായി Government Of India എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ഒപ്പം സീരിയൽ നമ്പരുമുണ്ട് . മുകളിൽത്തന്നെ ഇടതുവശത്തായി അഷ്ടകോണ ചിത്രത്തിൽ ജോർജ് 5 രാജാവിന്റെ ചിത്രവും ചേർത്തിട്ടുണ്ട്. അന്ന് ഡോളറിനെക്കാൾ ഉയർന്ന മൂല്യമായിരുന്നു ഈ രൂപയ്ക്ക്. ഈ നോട്ടിന്റെ ഇന്നത്തെ മൂല്യം 7 ലക്ഷം രൂപയാണ്. അന്നത്തെ ആ രണ്ടര രൂപയുടെ ഒരു നോട്ട്‌ ഇപ്പോൾ ജാർഖണ്ഡിലെ മുൻ രാജ്യസഭാ മെമ്പറായിരുന്ന അജയ് മാരുവിന്റെ പക്കലുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിൻറെ മുത്തച്ഛൻ സമ്മാനിച്ച ഈ നോട്ട് ഇന്നും അമൂല്യമായ നിധിയായി കരുതി സംരക്ഷിച്ചുവരുന്നു.

Check Also

‘ജപ്‌തി വണ്ടി’ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഒരു കെഎസ്ആർടിസി സർവ്വീസ്…

പണ്ടുകാലം മുതൽക്കേ നമ്മുടെ നാട്ടിലെ ആളുകൾക്ക് പലതരത്തിലുള്ള ഇരട്ടപ്പേരുകൾ ഉണ്ടാകാറുണ്ട്. എന്നാൽ അതുപോലെ ഒരു ബസ്സിന്‌ ഇരട്ടപ്പേരുണ്ടായാലോ? അതും സർക്കാരിന്റെ …

Leave a Reply