കോടമഞ്ഞിൽ പുതഞ്ഞ വാൾപാറയിലെ സാഹസികമായ രാത്രിയാത്ര…

വിവരണം – അബു വി.കെ.

ഇതൊരു യാത്രാ വിവരണമെന്ന് പൂർണ്ണമായും പറയാൻ കഴിയില്ല, എന്നാൽ ഡ്രൈവിങ്ങിനോടുള്ള ക്രൈസ് തീർക്കാനുള്ള ഒരു യാത്ര അതും വാൾ പാറയിലേക്ക്. വാൾപാറ എന്ന സുന്ദരി മനസ്സിന്റെ ചില്ലകളെ പിടിച്ച് കുലുക്കാൻ തുടങ്ങിയിട്ട് നാളുകൾ ഒരുപാടായി , തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ പെട്ട വാൽപ്പാറ പൊതുവെ എല്ലാവർക്കും സുപരിചിതമായ നാൽപ്പത് കൊടിയ വളവുകൾ അടങ്ങിയ ഒരടാർ ചുരമടങ്ങിയതും എല്ലാ ടൂറിസ്റ്റുകളും ചെന്നെത്തുന്ന മലയോര മേഘല അതാണ്‌ വാല്പാറ.

അതെ തേയിലയും കാറ്റാടി മരങ്ങളും കൊണ്ട് പച്ച പുതച്ച് നിൽക്കുന്ന തമിഴ് സുന്ദരിയാണവൾ… കോട മഞ്ഞും കാറ്റും കൊണ്ട് തണുത്തുറഞ്ഞവൾ.. വളഞു പുളഞു പോകുന്ന റോഡുകൾ കൊണ്ട് കണ്മഷിയിട്ടവൾ… അവളുടെ ഒരോ ഒളിക്കണ്ണിലും ഒരായിരം വർണ്ണങ്ങളുടെ സൗന്ദര്യം ഒളിപ്പിച്ചു വെച്ചവൾ.. വെള്ളച്ചാട്ടങ്ങളും നീരൊഴുക്കുകളും കൊണ്ട് തൂ വെള്ള ചിരിതൂകി നിൽക്കുയാണ് അവൾ എപ്പോഴും … ഒരുനാൾ അവളരികിൽ ഞാൻ പോകും പോകാതിരിക്കാൻ പറ്റില്ലല്ലോ. ആഗ്രഹിച്ച എല്ലാ സ്ഥലങ്ങളും പോകുവാൻ ഇതുവരെ സാധി്ച്ചിട്ടുണ്ട്, അതിന് സൃഷ്ട്ടാവിൻ ഒരായിരം നന്ദി.

ആഗ്രഹങ്ങളുടെ കൂമ്പാരങ്ങൾ കുന്ന് കൂടിയ ഏറ്റവും മുകളിലത്തെ മലയാണ് അവളിപ്പോൾ അവളെ തഴുകുന്ന കാറ്റും തലോടുന്ന കോട- മഞ്ഞും കൊണ്ട് ഒരു നാൾ അവളെ പുൽകണം കെട്ടിപ്പുണരണം അവൾ നുകർന്നു നൽകുന്ന ഒരോ രോ ഭാഗങ്ങളും മതിമറന്ന് ആസ്വദിക്കണം. തീർച്ചയായും ഒരു നാൾ ആഗ്രഹങ്ങൾ അവളിലേക്കടുക്കുക തന്നെ ചെയ്യും. ആഗ്രഹിച്ച പോലെ അവളിലേക്കടുക്കാൻ കിട്ടിയ ഒരവസരം അതാണ് ഇതിലെ ഏറ്റവും വലിയ തമാശ. മുൻബൊരിക്കൽ താമരശ്ശേരി ചുരം വഴി വയനാടൻ മലനിരകളെ തൊട്ട് തോലോടിയ ഒരു യാത്ര പോയിട്ടുണ്ടായിരുന്നു, ഓർമ്മയിലെന്നും ശൂക്ഷിക്കാൻ ഒരുപിടി തമാശകളും പൊട്ടിച്ചിരികളും കൂടെ ഒരല്പ്ം തെറികൾ കൂടെ കേൾക്കേണ്ടി വന്ന ഒരു യാത്ര. ആ യാത്രയിലെ സഹമുറിയാനാണ് ഈ യാത്രയുടെ ഉദ്ദേശ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത്.

ഒരു ചെറിയ പെരുന്നാളിന്റെ തലേ ദിവസം ഞങ്ങൾ നാല് പേര് ഒരുമിച്ചിരുന്നു കുശലം പറയുന്നതിനിടയിലേക്ക് ഞങ്ങളുടെ കൊച്ചാപ്പ ഒരു ചുറ്റിക്കറങ്ങലിനെ കുറിച്ച് തള്ളി വിട്ടത്. മൂപ്പർക്കാണേൽ ഞങ്ങളുടെ കൂടെ എന്തിനും ഏതിനും എന്നൊന്നുമില്ല.. എവിടേക്കാണെലും വരാൻ റെഡിയുള്ള ഒരാൾ, എന്ത് പറയാനാ… ! പറഞ്ഞു വന്നപ്പോൾ ആ പഴയ യാത്രയിലേക്ക് തന്നെ എത്തി പെട്ടു… പിന്നീട് ആ ചർച്ച ഒരു വലിയ തർക്കത്തിലെത്തുകയും…തർക്കം മൂത്ത് ഒരു ബെറ്റിലൂടെ യാത്ര കൊരുങ്ങുന്ന സ്ഥിതി ഗതികൾ സംജാതമായി..

തർക്കം ദാ ഇതാണ്- കൂട്ടത്തിലുള്ള അലിയുടെ ഡ്രൈവിംങ്ങുമായി വിഷയം.. ബ്രോകളെല്ലാം എങ്ങനെ മറക്കാതിരിക്കും ആ പഴയ വയനാടൻ യാത്രയിലെ ഡ്രൈവിങ്ങെല്ലാം .. പപ്പുവിന്റെ താമരശ്ശേരി ചൊരത്തിലൂടെയുള്ള പഹയന്റെ ഡ്രൈവിംഗ് ഹോ.. കോരിത്തരിക്കുവാ ശരീരമിപ്പോഴും.. ! എല്ലാവരും അവരവരുടെ ജീവനും കയ്യിൽ ഊരി പിടിച്ചിട്ട് ആത്മാവിനെ മുകളിലേക്ക് വിട്ട പോലെയല്ലേ വണ്ടിക്കുള്ളിൽ ഇരുന്നിരുന്നത്…. അന്നൊക്കെ പി ഡബ്ലിയുക്കാർ ഉണ്ടായിരുന്നങ്കിൽ പഹയന്റെ തോളിലും പുറത്തൊക്കെ ഒന്ന് തട്ടി ” ഇജ്ജ് അലി മോനല്ല പഹയാ ഹനുമാനാ എന്ന് പറഞ്ഞ് അനു മോദിക്കുമായിരുന്നു “. അമ്മാതിരി പോക്കല്ലേ പഹയൻ പോയത്, ഒരു പുല്ലു പോലും ബാക്കി വെക്കാതെ ചുരത്തിലെ വളവുകളൊക്കെ പഹയൻ തൂത്ത് തുടച്ചു നിവർത്തി പോയത് , ഭാഗ്യം ! ഒന്നും പറ്റിയില്ല . വണ്ടിക്കൊരു ഹനുമാൻ ഗിയർകൂടെ ഉണ്ടായിരുന്നെങ്കിൽ പഹയൻ ലങ്കാ ദഹനം കൂടെ ആ യാത്രയിൽ നടത്തി കാണിക്കുമായിരുന്നു .. ഇപ്പൊൾ അതൊക്കെ ആലോചിക്കുമ്പോൾ തന്നെ കണ്ണിലൂടെ പൊന്നീച്ച പറക്കുവാ..സൂർത്തുക്കളെ…

എന്നാലും ന്റെ പഹയാ എയർ പിൻ വളവിൽ വെച്ച് കയറ്റം കയറി വരുന്ന നമ്മടെ ആനവണ്ടിക്ക് മുമ്പിൽ കടന്ന് പോകാൻ പറ്റാത്ത പരുവത്തിൽ പഹയൻ കൊടുത്ത എട്ടിന്റെ പണി ഉണ്ടല്ലോ..ചുരം മൊത്തം ബ്ലോക്കാക്കി കൊണ്ട് കുറേ #@$@## പറഞ്ഞു അവസാനം ആനവണ്ടിക്കാരൻ റിവേഴ്‌സ് വെച്ച് തന്നു ഞങ്ങൾ പാസ്സ് ചെയ്തതിനു ശേഷം ആനവണ്ടി കയറി പോയത്…… മറക്കാൻ പറ്റോ..അത്… ഇല്ല ഒരിക്കലും മറക്കാൻ പറ്റാത്ത യാത്രയല്ലേ അത്.
അന്ന് പോയവരാരും ഇനി മേലാൽ ഇവന്റെ കൂടെ യാത്ര പോവില്ലന്ന് അന്നേ ശബദം ചെയ്തവരാ… ഇതൊക്കെത്തന്നെ തർക്കം ഉണ്ടാവാനുള്ള കാരണം . പക്ഷേങ്കിൽ ഈ ഹംക്ക് ഇല്ലാത്ത യാത്രയും ഒരു ത്രില്ലും ഉണ്ടാവില്ല. ഇപ്പൊ ആളെ പറ്റി എല്ലാർക്കും ഒരു ഏകദേശ ധാരണ കിട്ടിയില്ലേ,,അതെ… അലി ഹസ്സൻ എന്നാ പുള്ളിടെ പേര്, പേരില്തന്നെ ഉണ്ട് ശൈഖിന്റെ കുരുത്തക്കേടും, വളർന്നതും അക്കാദമിക്ക് കഴിഞ്ഞതും എല്ലാം ഗൾഫിലായിരുന്നു ചില അറബിപിള്ളേരെ പോലെ കുറച്ച് കുരുത്തക്കേട് അത്രേ ഒള്ളു. ഇതാണ് ട്ടൊ ആ പഹയൻ…ആളെ കുറിച്ച് തെറ്റിദ്ധരിക്കണ്ട.. തീർന്നില്ല ആളുടെ സാഹസങ്ങളൊക്കെ ലാസ്റ്റ് വരുന്നുണ്ട് കാത്തിരിക്കുന്നേ .

എല്ലാർക്കും എങ്ങോട്ടെങ്കിലും പോകാനാണെന്നുണ്ട് എന്നാലോ ഇവനെ മാറ്റി നിർത്തി പോകാനും പറ്റില്ല… വണ്ടിയും അത്യാവശ്യം ഫിനാൻഷ്യലും ഉള്ളത് പഹയന്റെ അടുത്താ.. പിന്നെ മുടിഞ്ഞ ഡ്രൈവിംഗ് ഇതാണ് അവന്റെ കൂടെ ആർക്കും യാത്ര പോകാൻ വല്യ ഇന്ട്രെസ്റ്റൊന്നും ഇല്ലാത്തത്. ബെറ്റ് വെച്ചു വണ്ടിയുടെ ഇൻഷുറൻസ് ഒക്കെ സ്പോട്ടിൽ ക്ലിയർ ചെയ്തു. അടുത്ത ദിവസം രാത്രി കൃത്യം ഒൻപത് മണിക്ക് ങ്ങളുടെ നാട്ടിൽ നിന്നും യാത്ര തിരിക്കുകയായ് കുറേ നാളത്തെ സ്വപ്ന സുന്ദരിയെ കാണാനായി ഇന്നോവയിൽ സന്ദീപും കൊച്ചാപ്പയും ഞാനും അലിയും ഷിബിലിയും റഹ്‌മാനും അങ്ങിനെ മൊത്തം ആറു പേർ..

വണ്ടി ലക്ഷ്യസ്ഥാനത്തേക്കുള്ള ഫസ്റ്റ് ഗിയർ ഇട്ടപ്പോൾ തന്നെ ഹൃദയം ഒന്ന് പിടച്ചു വണ്ടിയുടെ ഒരോ മൂവിങ്ങും പഴയ യാത്രയിലേക്കു തന്നെ പോയി കൊണ്ടിരുന്നു പഴയ യാത്രകൾ മനസ്സിൽ ഇങ്ങനെ ഓടിക്കൊണ്ടിരിക്കെ വണ്ടി പെട്രോൾ പമ്പിലെത്തിയതറിഞ്ഞില്ല വണ്ടിക്ക് വേണ്ട ഡീസലും ഫിൽ ചെയ്തു വളാഞ്ചേരിയിൽ നിന്നും വണ്ടി പാലക്കാട്‌ റോഡിലൂടെ പട്ടാമ്പിയും ഒറ്റപ്പാലവും മങ്കരയും മീനാക്ഷിപുരവും താണ്ടി പൊള്ളാച്ചി വഴി വണ്ടി കുതിച്ചുകൊണ്ടിരുന്നു.

വന്നു വന്നു വളയം പിടിച്ചാലുള്ള പഹയന്റെ ചക്രങ്ങളോടുള്ള കടിഞ്ഞാൺ ഒന്ന് അഴിയും പിന്നെ മൂക്കയറില്ലാത്ത പോത്തിന്റെ അവസ്ഥയാണ് ഓടുന്നത്ത് കൊടുമ്പിരി കൊണ്ട് ഓടുന്നത് കണ്ട് മറ്റുള്ളവർ മാറി നിൽക്കും കാണാൻ തന്നെ നല്ല രസമാ .. രാജധാനിക്ക് വേണ്ടി എക്സ്പ്രസും പാസഞ്ചാറും പിടിച്ചിടുന്ന പോലെ ഒരു രാജകീയ യാത്ര, ഒരു എസ്‌കോർട്ടും ഇല്ലാതെ ബ്ലോക്കുകളൊക്കെ വകഞ്ഞു മാറ്റിക്കൊണ്ട് വാളയാറിന്റെ കാറ്റും പാലക്കാടൻ ചൂടും ഏറ്റുവാങ്ങി പാലക്കാട്‌ പൊള്ളാച്ചി റൂട്ടിലൂടെ വണ്ടി കുതിക്കുകയാണ് സമയം പതിനൊന്ന് കഴിഞു കാണും വാല്പാറ റൂട്ടിൽ പ്രവേശിച്ചപ്പോൾ.

ചുരം കയറാൻ തുടങ്ങുബോൾ സമയം 12 കഴിഞു ഒരു വണ്ടിപോലും ഞങ്ങളെ പിന്തുടർന്ന് വരുന്നില്ല എതിരെ നിന്നും വണ്ടികളൊന്നും പാസ്സ് ചെയ്തു പോകുന്നുമില്ല റോഡ് ഞങ്ങൾക്ക് മാത്രമായി തീറെഴുതി തെന്നെന്ന് തോന്നിപോകും… വിജനതയിൽ പാതി വെളിച്ചവുമായ് റോഡിരികിലെ ഒരോ സർവേ കല്ലുകളെയും പിന്തള്ളിക്കൊണ്ട് രാത്രിയുടെ ഇരുട്ടിനെ ഞങ്ങളുടെ വണ്ടി വകഞ്ഞു മാറ്റി ആദ്യത്തെ എയർ പിൻ വളവ് കയറാൻ തുടങ്ങി…. ഒന്നും രണ്ടും മൂന്നും വളവുകളിൽ വണ്ടി യൊന്ന് പാളി.. താമരശ്ശേരി ചുരം വീശി യോടിച്ച പോലെ ഇവിടെയും ആട്ടി യൊലിക്കാം എന്ന് കരുതിയ പുള്ളിക്ക് തെറ്റി പിന്നീട് കയറുന്ന ഒരോ വളവുകളിലും വണ്ടിയുടെ സ്പീഡ് കുറഞ്ഞു കുറഞ്ഞു വന്നു. കണ്ടിട്ട് ഒരു കീഴടങ്ങൽ ലക്ഷണം തുടങ്ങി… ഒരോ വളവികളിലും വലത് വശം റോഡ് ഓരം ചേർന്ന് നിൽക്കുന്ന പാറകളും ഇടതു വശം ആഴമേറിയ കൊക്കകളുമാണ്. മുൻ പരിജയം ഇല്ലാത്ത റോഡും പോരാത്തതിന് രാത്രിയും കൂരിരുട്ടും.

ഏകദേശം പത്തോളം ഹെയർ പിൻ വളവുകൾ പിന്നിട്ട് കാണും വണ്ടിക്ക് തൊട്ട് മുന്നിലൂടെ ഒരു കാള റോഡ് ക്രോസ്സ് ചെയ്തു റോഡ് ഓരം നിൽക്കുന്നത് കണ്ടു, ഫോട്ടോ എടുക്കാനായി തുനിഞ്ഞതും അത് പയ്യെ കാട്ടിലേക്ക് നീങ്ങി ഞങ്ങളുടെ വണ്ടി മുന്പോട്ട് കുതിച്ചുകൊണ്ടിരിക്കെ അത്ഭുതം എന്ന് പറയട്ടെ റോഡും റോഡ് സൈഡും കാണാൻ കഴിയാത്ത വിധം കോട വന്നു മൂടി.. ഒരു പൊടിക്ക് റോഡ് തിരിച്ചറിയാൻ കഴിയുന്നില്ല, വണ്ടിക്കാണേൽ ഫോഗ് ലാമ്പും ഇല്ല ഹെഡ് ലൈറ്റ് ഡിം ചെയ്തിട്ടും റോഡ് കാണാൻ കഴിയുന്നില്ല. അവസാനം ഡ്രൈവർ കീഴടങ്ങി, വണ്ടി സൈഡാക്കി നിറുത്തി, പുറത്തിറങ്ങിയാൽ പരസ്പരം ആളെ തിരിച്ചറിയാൻ പോലും പറ്റില്ല അത്രയും വലിയ കോട,
അടാർ കോട എന്തു ചെയ്യാനാ ഒരു മണിക്കൂറോളം വണ്ടിക്കുള്ളിൽ തന്നെ ഇരുന്നു.. എന്നിട്ടും കോട ഒഴിയുന്ന ലക്ഷണം ഇല്ല കാത്തിരുപ്പ് ക്ഷമകെട്ട് അലി വണ്ടിയെടുത്തു പതുക്കെ മുന്നോട്ടു നീക്കി ഒരു രക്ഷയുമില്ല റോഡ് കാണുന്നില്ല അലിക്കാണേൽ ഡ്രൈവിങിന്റ ക്രൈസും അങ്ങട് പോയി.. ഹെഡ് ലൈറ്റ് ഓഫ്‌ ചെയ്തു ഫോർ ഇൻഡിക്കേറ്റർ ഇട്ട് റോഡിലെ സെന്ററിൽ കാണുന്ന ഇടവിട്ടുള്ള ചുവപ്പ് റിഫ്ലെക്ടർ മാത്രമേ ഇടക്ക് കാണുന്നുള്ളൂ ഈ റിഫ്ലെക്ടർ ഞങ്ങൾക്ക് വഴികാട്ടിയായി മാറി

ഇരുപത് ഇരുപത്തഞ്ച് സ്പീഡിൽ വണ്ടി പയ്യെ സഞ്ചരിച്ചു കോട ഇറങ്ങിയ ശേഷം വാല്പാറ ടൗണിലെത്താൻ മണിക്കൂർ രണ്ടു എടുത്തു. വാല്പാറയുടെ ടോപിലെ തുന്നതിനും കിലോമീറ്ററുകൾക്ക് മുമ്പിൽ കോട ഇറങ്ങുന്ന സ്ഥലം എന്ന ബോർഡ് ഒക്കെ കാണുന്നുണ്ടായിരുന്നു . കോടാന്ന് പറഞ്ഞാൽ എജ്ജാതി കോട ! കോട പുതച്ചു കൊണ്ടാണ് ഞങ്ങളെ അവൾ വരവേറ്റത്.

മലിനീകരണ അധികം തൊട്ട് തീണ്ടിയിട്ടില്ലാത്ത സ്വർഗീയ ഭൂപ്രദേശമാണ്. വാൽപ്പാറൈ വാൽപ്പാറൈ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനും ആണ് വാൾ പാറ . സമുദ്രനിരപ്പിൽ നിന്നും 3,500 അടി മുകളിലായി വാൽപ്പാറ സ്ഥിതിചെയ്യുന്നു. ആനമലൈ മലനിരകളിലെ വാൽപ്പാറൈ യാണ് ഏക ടൗൺ.

വാല്പാറ ടൗണിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ വരവ് ഇഷ്ട്ട പെട്ട അവൾ ഒരൽപ്പം മഴ വാർഷിക്കാൻ തുടണ്ടി വാല്പാറയിലെ മഴ എന്ന് പറഞ്ഞാലുണ്ടല്ലോ… ഒന്നൊന്നര കിടിലൻ മഴ, കോട കഴിഞ്ഞു ദെ മഴ, ഒന്നും പറയാനില്ല തനിയാവർത്തനം പോലെ തോന്നി. പുറത്ത് എവിടെയെങ്കിലും റൂം കിട്ടുമോ എന്നൊന്ന് അന്വേഷിക്കാനാണേൽ വണ്ടിക്കുള്ളിൽ നിന്നും പുറത്ത് ഇറങ്ങാൻ കഴിയാത്ത വിധം അവളിങ്ങനെ തകർത്ത് പെയ്യുകയാണ്.. ഒരു രക്ഷയുമില്ല ! അവസാനം വണ്ടിയെ ശരണം.. മഴയിൽ വിറങ്ങലിച്ച വാൽപ്പാറയിൽ ഞങ്ങളാ വണ്ടിക്കുളിൽ മയങ്ങിയതറിഞ്ഞില്ല. വെള്ളി വെളിച്ചം വിടർന്ന് തുടങ്ങി മഴക്ക് അല്പ്പം ശമനമുണ്ട്.

ഒന്ന് ഫ്രെഷാവാൻ റൂം തിരയാൻ തുടങ്ങി അവസാനം 350 രൂപയ്ക്കു ഫ്രഷാവാനുള്ള റൂം കിട്ടി, എല്ലാവരും പെട്ടൊന്ന് തന്നെ ഫ്രഷായി വന്നു, വണ്ടിയെടുത്തു വിട്ടു അടുത്തത് നന്നായിട്ടൊന്ന് ഫുഡ്ഡണം അതിനു പറ്റിയ നല്ല റെസ്റ്റോറന്റ കണ്ടെത്തി കയറി നന്നായൊന്ന് ഫുഡ്ഡി, ഇപ്പോൾ എല്ലാവരും ഒന്ന് ഹാപ്പിയായി, മല മുകളിലെ തമിഴ് സുന്ദരിയായ വാല്പാറയുടെ ഭംഗിയിലേക്ക് ആഴ്ന്നിറങ്ങാൻ എല്ലാവർക്കും തിടുക്കം കൂടി അടുത്തുള്ള അവളുടെ ഒരോ നാഡീ ഞെരമ്പുകളിലും തൊട്ട് തലോടി പെട്ടൊന്നവളെ വാരിപ്പുണർന്നപ്പഴേക്കും സമയം ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കാതെ ഓടിയൊളിക്കുവാന്ന് മണി 9 പിന്നിട്ടുണ്ടായിരുന്നു. അവിടെ നിന്ന് തന്നെ ഒരു പുതിയ പ്ലാൻ വന്നു അവൾ യാത്രയാക്കുവാന്ന് ഞങ്ങളെ മുന്നാറിലേക്ക് അവൾ തമിഴ് ചുന്ദരി ആണേൽ വീണ്ടും വരാമെന്ന വാക്കുകൊടുത്തു അവളോട്‌ യാത്ര പിരിയുകയാണ് ഇടുക്കിയുടെ മിടുക്കിയെ കാണാൻ.

അങ്ങിനെ വാൾപാറന്ന് വണ്ടി തിരിച്ചു മൂന്നാറിലേക്ക്. രാത്രിയിൽ ശരിക്കും കാണാൻ പറ്റാത്ത ചുരം രാവിലെ കോടയും മഞ്ഞും മഴയൊന്നുമില്ലാതെ ആശ്വാദിച്ചു. മങ്കി ഫാളും ചുരം വ്യൂ പോയിന്റും ആളിയാർ ഡാമും കണ്ട് കൊണ്ട്.. മറയൂർ ഉദുമൽ പേട്ട വഴി മൂന്നാറിലേക്ക്. രാത്രി ചുരം കയറി വരുമ്പോൾ ഉണ്ടായ കലിപ്പ് പഹയൻ ചുരമിറങ്ങി വരുമ്പോൾ ശെരിക്കും അങ്ങട് തീത്തു. ഒരോ വളവും ആശാൻ തകർത്താടി ക്ഷീണം അങ്ങട് തീർത്തു, പിന്നെ ഓരോരുത്തരായി വാളുവെക്കാൻ തുടങ്ങി …. ഹൌ ബല്ലാത്ത ജാതി…

മറയൂർ ചെക്പോസ്റ്റും താണ്ടി മൂന്നാറിലെത്തിയപ്പോൾ ഉച്ചതിരിഞ്ഞിട്ടുണ്ടായിരുന്നു ഉച്ചയൂണ് കഴിക്കാൻ മുന്നാറിലെ ഒരു ഹോട്ടലിൽ കയറി ഊണിന്റെ കൂടെ രണ്ട് പ്ലേറ്റ് ചിക്കൻ ചില്ലിയും വാങ്ങിച്ചു കഴിച്ചത് സഞ്ചാരികളെ ജീവിതത്തിലൊരിക്കലും മറക്കില്ല …. ചിക്കന്റെ എല്ലുകൾ മൈദമാവിൽ മുക്കി പൊരിച്ചത് ഒറ്റ നോട്ടത്തിൽ ചില്ലി ചിക്കൻ തന്നെ എന്ന് തോന്നിക്കും, എന്നാ അതിലേറെ തമാശ ചിക്കൻ ചില്ലിയേക്കാൾ വിലയുള്ള ബില്ലും….കണ്ണ് തള്ളിപ്പോയി സഞ്ചാരികളെ . പിന്നീടൊരിക്കലും ഞങ്ങളാരും ചില്ലി ഓർഡർ ചെയ്യാറില്ല… അല്ല എന്തിനാ വെറുതെ മൈദ പ്പൊരി വേസ്റ്റാക്കണേ…. മുന്നാറിലെ മാട്ടുപെട്ടിയും, എക്കോ പോയിന്റും, ടോപ് സ്റ്റേഷൻ റൂട്ടിലെ കാഴ്ചകളൊക്കെയും കണ്ട് കൊണ്ട് വൈകിട്ട് മൂന്നാറിൽ നിന്നും തിരിച്ചു അടിമാലി പെരുമ്പാവൂർ വഴി അങ്കമാലി തൃശൂർ വളാഞ്ചേരിയിലേക്ക്

ചുരമിറങ്ങിയതൊഴിച്ചാൽ പിന്നീടങ്ങോട്ട് നല്ല ഡ്രൈവിംഗ് പ്രകടനം തന്നെ ആശാൻ കാഴ്ചവെച്ചത്. തിരിച്ചു വരവിലെ മറക്കാൻ കഴിയാത്ത രണ്ട് അനുഭവങ്ങളുണ്ട്. ഓവർ ടേക്ക് ചെയ്ത് വണ്ടിക്ക് മുന്നിലേക്ക് വന്ന രണ്ടു മോട്ടോർ സൈക്ലിലെ പോലിയുമെന്ന് കരുതിയ രണ്ട് ജീവനുകൾ ആശാൻ കട്ട്‌ ചെയ്തു ഒഴിവാക്കിയത്. അശ്രദ്ധയായി റോഡ് ക്രോസ്സ് ചെയ്ത ആളെ വെട്ടിമാറ്റിയത്.. നമിച്ചു ആശാനെ ! ആശാന്റെ വേഗതയിലും ഒരു കണ്ട്രോളും കട്ടിങ്ങും ഡബ്ബിങ്ങും ഒക്കെ ഉണ്ടെന്ന് മനസ്സിലായപ്പോ പിന്നെ എല്ലാർക്കും ഒരു ധൈര്യം ഉണ്ടായി. പിന്നീട് അങ്ങോട്ട്‌ വഴി പോക്കരെന്നല്ല ആരും ആശാന്റെ പൃത് സ്മരിക്കാറില്ല . ആശാൻ ബെറ്റ് പരാജയപ്പെടുകയും മൊത്തം ചിലവ് ആശാൻ അങ്ങട് ഏറ്റെടുക്കുകയും ചെയ്തു. പിന്നെ ആശാനെ വിട്ടൊരു ട്രിപ്പ് ഉണ്ടായിട്ടില്ല. ഡ്രൈവിംഗ് ക്രൈസ് തീർക്കാൻ പോയ ആശാനൊരു പക്കാ ഡ്രൈവറും ആയി ഞങ്ങൾക്കൊരു ചുളിവിൽ വാൽപ്പാറ ട്രിപ്പും കിട്ടി.

റൂട്ട്……….. വളാഞ്ചേരി ടു പൊള്ളാച്ചി 120 km. പാലക്കാട്‌, വഴി പൊള്ളാച്ചി. പൊള്ളാച്ചി ടു വാൽപ്പാറ 65 km. കോയമ്പത്തൂർ ടു വാൽപ്പാറ 105 km വഴി പൊള്ളാച്ചി. അതിരപ്പള്ളി വഴി വാൽപ്പാറ വരുകയാണേൽ 80km. റൂട്ട് അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ, ഷോളയാർ, വാല്പാറ ടു മൂന്നാർ 170 km. വഴി ആളിയാർ, അങ്കലകുറിച്ചി,, ചുങ്കം, ഉദുമൽ പേട്ട്, ചിന്നാർ, മറയൂർ, മൂന്നാർ.

വാൽപ്പാറയിൽ കാണാനുള്ളത് – വ്യൂ പോയിന്റുകൾ നദികൾ, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, എസ്റ്റേറ്റുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ തുടങ്ങിയ നിരവധി പ്രകൃതി സൗന്ദര്യങ്ങൾ ഇവിടെയുണ്ട്.
കൂടാതെ പലതരം മൃഗങ്ങളുണ്ട്. ഭാഗ്യം ഉണ്ടേൽ ആന, ഗൌർ, കടുവ, പാന്ഥർ, സ്ലട്ട് ബിയർ, മാൻ, കാട്ടുനായ്, പോർക്കുപിൻ, പറക്കുന്ന കുരങ്ങ്, ജാക്കൽ, പെൻഗോളിൻ, സിവിറ്റ് പൂറ്റ്, റോക്കറ്റ് ടൈൽഡ് ഡ്രാഗോംഗ്, വൈറ്റ് ഹിസ്റ്ററി ബുൾബുൾ, ബ്ലാക്ക് ഹെഡ്ഡ് ഓറിയോലെ, ട്രീ പൈ, പുള്ളി കഴുകൻ, പച്ച പാമ്പ് എന്നിവ കാണാൻ സാധിക്കും

താമസം, ഭക്ഷണം എന്നീ സൗകര്യങ്ങൾക്ക്‌ ഹോട്ടലുകൾ, ലോഡ്ജുകൾ എല്ലാം വാല്പാറയിൽ ലഭ്യമാണ്. ജീവിതത്തിൽ ഒരു തവണയെങ്കിലും വാൽപ്പാറ സന്ദർശിക്കണം ഉറങ്ങിക്കിടക്കുന്ന സന്തോഷവും സമാധാനവും ഉണർത്തി കൊണ്ടുവരുന്ന ഒരു സ്ഥലം കൂടിയാണ് വാൾ പാറ. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുകയും, ഹരിതസ്മരണകൾ നിലനിർത്തുകയും ചെയ്യുക .

Nb. ഡ്രൈവിംഗ് സാഹസമല്ല, അതിന് മുതിരരുത്. നമ്മുടെ അശ്രദ്ധ ജീവൻ ഹനിക്കുമെങ്കിൽ നമ്മുടെ ശ്രദ്ധ ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയും.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply