ഇന്ത്യൻ വായുസേനയ്ക്ക് കരുത്തു പകരുവാൻ പവർഫുള്ളായ ‘ചിനൂക്ക്’ എത്തി…

ഇന്ത്യൻ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യൻ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങൾ. ഇന്ത്യയുടെ വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌.

വ്യോമസേനയ്ക്ക് കരുത്തു പകരുന്ന ധാരാളം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. അവയിൽ ഏറ്റവും പുതിയതായി രംഗത്തിറക്കിയിട്ടുള്ള ലിഫ്റ്റ് ഹെലികോപ്റ്ററാണ് ചിനൂക്. പേരു കേട്ടിട്ട് ‘അയ്യോ പാവം’ എന്നു വിചാരിച്ചെങ്കിൽ തെറ്റി. ലോകത്തിലെ ഏറ്റവും കരുത്തേറിയ ലിഫ്റ്റ് ഹെലികോപ്റ്ററുകളാണ് ചിനൂക്. 1962 ലാണ് ഈ കരുത്തൻ ആദ്യമായി പറക്കുന്നത്.

അമേരിക്കൻ വിമാന നിർമ്മാണക്കമ്പനിയായ ബോയിങ്ങിൽ നിന്നുമാണ് അത്യാധുനിക മോഡൽ ചിനൂക് ഹെലികോപ്റ്ററുകൾ ഇന്ത്യ വാങ്ങുന്നത്. അഫ്ഗാൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേനയ്ക്ക് കരുത്ത് പകർന്നത് ഇത്തരത്തിലുള്ള ചിനൂക് വിമാനങ്ങളാണ്. മൊത്തം 15 വിമാനങ്ങളാണ് ബോയിംഗിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. അതിൽ കുറച്ചെണ്ണം ഇപ്പോൾ ഇന്ത്യയിലെത്തിക്കഴിഞ്ഞു. വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ ബോയിങ് കമ്പനി നിർമിച്ചിട്ടുണ്ട്. ചിനൂക് ചിഎച്ച്–എഫ് ഹെലികോപ്റ്ററിന്റെ
സി.എച്ച്.47എഫ്. (1) എന്ന നവീന പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്.

വാഹനങ്ങളെത്താത്ത ദുർഘടമായ ഇടങ്ങളിലേക്ക് സേനയ്ക്കാവശ്യമായ ആയുധങ്ങൾ, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവ എത്തിക്കാൻ ചിനൂകിനു കഴിയും. ഇതുമൂലം യുദ്ധസ്ഥലങ്ങളിലേക്ക് വളരെ പെട്ടെന്ന് വളരെ കൂടുതൽ സേനയെ എത്തിക്കാൻ സാധിക്കും. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മണിക്കൂറിൽ ‘300 – 310’ കിലോമീറ്ററോളമാണ് ഇതിന്റെ പരമാവധി വേഗം. 6100 അടി ഉയരത്തിൽ പറക്കാനും ചിനൂക്കിനു സാധിക്കും. ഏകദേശം 741 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനും ചിനൂക്കിനു സാധിക്കും. 10886 കിലോഗ്രാം ഭാരം വഹിക്കുവാൻ ശേഷിയുള്ള ഈ ഹെലിക്കോപ്റ്ററിനു കരുത്തു പകരുന്നത് 3529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ്.

3 പേരാണ് ചിനൂകിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരെയും വഹിക്കാനാവും. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകള്‍. ഇന്ത്യയുടെ പ്രധാന അതിർത്തി മേഖലകളായ സിയാച്ചിൻ, ലഡാക്ക് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതിനാകും ചിനൂക്ക് കൂടുതൽ ഉപകാരപ്രദമാകുക.

ഹെലികോപ്റ്ററുകള്‍ കൈമാറുന്നതിന് മുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ വ്യോമസേനയിലെ തിരഞ്ഞെടുത്ത പൈലറ്റുമാര്‍ക്കും ഫ്‌ലൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും ബോയിങ് അമേരിക്കയിലെ ഡെലാവെയറില്‍ പരിശീലനം നല്കിയിരുന്നു.
നിലവിൽ യുഎസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകൾക്ക് ഈ ഹെലികോപ്റ്ററുണ്ട്.
ചണ്ഡിഗഢിലേക്ക് കൊണ്ടുപോകുന്ന ഇവ നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് ശേഷം 2019 അവസാനത്തോടെ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെടും.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply