ശിവനസമുദ്രത്തിലേക്കുള്ള വഴിയേ…

വിവരണം – ശുഭ ചെറിയത്ത്.

ബി. ആർ ഹില്ലിനോട് വിട പറഞ്ഞു ചുരമിറങ്ങുമ്പോൾ തന്നെ മലമുകളിൽ നിന്നും വിദൂരതയിൽ കണ്ട ഡാമിന്റെ കാണാക്കാഴ്ചകളെ അടുത്തറിയാനുള്ള ജിജ്ഞാസയായിരുന്നു മനംനിറയെ. വിജനമായ വീഥിയിലൂടെ ഇവിടെ എത്തുമ്പോൾ അവധി ദിനങ്ങൾ ആഘോഷിക്കാനായി ലോറിയിൽ വന്നിറങ്ങുന്നുണ്ട് ഗ്രാമീണർ . റോഡരികിൽ വാഹനം പാർക്ക് ചെയ്ത് കുത്തനെയുള്ള ഒരു ഊടുവഴിയിലൂടെ ഡാം പരിസരത്തെത്തുമ്പോൾ പ്രതീക്ഷകളെ കവച്ചു വയ്ക്കുന്ന ദ്യശ്യവിരുന്നായിരുന്നു പ്രകൃതി ഇവിടെ ഒരുക്കിയിരുന്നത് . പച്ച പരവതാനിയിൽ വെള്ളിത്തളിക കമിഴ്ത്തിവച്ച പോലുള്ള ജലാശയം ഒറ്റ നോട്ടത്തിൽ തന്നെ മനം കവർന്നു .

ഡാമിനു ചുറ്റുമുള്ള മരതപട്ടു ചുറ്റിയ മലനിരകൾ തെളിഞ്ഞ ജലപ്പരപ്പരപ്പിൽ മുഖം മിനുക്കുകയാണോ എന്നു തോന്നി .ഡാമിന്റെ മറുവശം പൂർണ്ണമായും കാടാണ് . പ്രഭാതത്തിലും സായാഹ്നത്തിലും ആന ഉൾപ്പെടെയുള്ള വന്യജീവികൾ വെള്ളം കുടിക്കാനായി ഇവിടെത്താറുണ്ട് . ഇലട്രിക്ക് ഫെൻസ് വെച്ച് സംരക്ഷണം തീർത്തിരിക്കുന്നു ഡാം പരിസരം . മൂന്ന് വശവും മലകളാൽ ചുറ്റപ്പെട്ട് കൊണ്ട് പച്ചപ്പിന്റെ മാസ്മരികത നമുക്കിവിടെ കാണാം. നനുത്ത കാറ്റ് സദാസമയവും വീശിക്കൊണ്ടിരിക്കുന്നു . തെളിഞ്ഞ ജലപരപ്പിൽ ഉയർന്നു നിൽക്കുന്ന പച്ചതുരുത്തുകൾ മനോഹാരിതയ്ക്കു മാറ്റു കൂട്ടുന്നു . ഏറെ സുന്ദരമായ ഈ കാഴ്ച കാണാനായി ഇവിടെ ഇറങ്ങിയില്ലായിരുന്നെങ്കിൽ തീരാനഷ്ടമായിരുന്നേനെ എന്നു തോന്നിപ്പോയി . ഡാമിലേക്കുള്ള പ്രധാന വഴിയോട് ചേർന്ന ഭാഗത്തെ വലിയ പാറക്കൂട്ടങ്ങളിൽ സാഹസികമായി കയറുന്നുണ്ട് കുറച്ച് യുവാക്കൾ . കടകളോ വീടുകളോ ഒന്നുമില്ലാതെ ശാന്തസുന്ദരമാണ് ഈ ഡാം പരിസരം .

കർണാടക ജലസേചനവകുപ്പിനു കീഴിലുള്ള ഹൊസഹള്ളി ടാങ്ക് എന്നറിയപ്പെടുന്ന ഈ ഡാം പ്രധാമായും കുടിവെള്ളത്തിനും ജലസേചനത്തിനുമാണ് ഉപയോഗിക്കുന്നത്. അഞ്ച് ഗ്രാമങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ മയങ്ങുന്ന ഡാം കാഴ്ചകൾ കണ്ട് അവിടെ നിന്നും യെലന്തൂർ പട്ടണത്തിലേക്ക് . .കന്നടനാടിന്റെ ഗ്രാമീണ കാഴ്ചകൾ ആ യാത്രയിൽ ഹരം പകർന്നു . റോഡിൽ മെതിക്കാനായി വിരിച്ചിട്ടിരിക്കുന്നു ഉഴുന്ന്, മുത്താറി പോലുള്ള ധാന്യങ്ങൾ . ഓരോ വാഹനം കടന്നു വരുമ്പോഴും തങ്ങളുടെ ജോലി ഭാരം കുറയുമെന്നതിനാൽ അവരുടെ മുഖത്തെ സന്തോഷം വായിച്ചെടുക്കാം.യെലന്തൂരിൽ നിന്നും കൊയമ്പത്തൂർ – ബാഗ്ലൂർ ദേശീയ പാതയിലൂടെ കൊല്ലേഗൽ പട്ടണം കടന്ന് കാവേരി നദീ തീരത്തെത്തി….

ജനനിബിഡമാണ് ഇവിടം അതിനാൽതന്നെ വഴി വാണിഭവും തകൃതി. മഴക്കാലത്തിന്റെ വരവോടെ യൗവനം വീണ്ടെടുത്തു ഒഴുകുന്ന കാവേരി .രാജഭരണകാലത്ത് പണികഴിപ്പിച്ച നദിക്കു കുറുകെയുള്ള കരിങ്കൽ പാലം ഇവിടത്തെ പ്രധാന ആകർഷണമാണ് . തീരത്തോട് ചേർന്ന് ഒരു കൊച്ചു ക്ഷേത്രവും ഉണ്ട് .കാവേരിയിലെ ജലത്തിന്റെ തോത് ഗണ്യമായി ഉയർന്നതിനാൽ സുരക്ഷാജീവനക്കാർ അതുവഴി ആരെയും കടത്തിവിടുന്നില്ല.

ചെമ്മൺ നിറത്തിൽ നിറഞ്ഞൊഴുകുന്ന കാവേരി വലിയ വൃക്ഷങ്ങളേയും ശിഖരങ്ങളേയും തന്റെ യാത്രയിൽ കൂടെ കൂട്ടിയിട്ടുണ്ട് . കലങ്ങിമറിഞ്ഞുള്ള അവളുടെ ഒഴുക്ക് ആരിലും ഭയം ഉളവാക്കും . നദിയുടെ മറുവശത്തുള്ള ചെറുകുന്നുകളും ഹൈവേയിലെ പാലത്തിന്റെ വിദൂര ദൃശ്യവും ഒക്കെച്ചേർന്ന് ഇവിടെ നിന്നുള്ള നദീ കാഴ്ച അത്രമേൽ ഹൃദ്യമായിരുന്നു .ധാരാളം ഫോട്ടോഗ്രാഫേഴ്സ് ഈ ദൃശ്യങ്ങൾ പകർത്തുവാൻ ഇവിടെത്തിച്ചേർന്നിട്ടുണ്ട്. അവിടെനിന്നും മടങ്ങുമ്പോൾ സഞ്ചാരികളുടെ തിരക്ക് കൂടി തുടങ്ങി . ഇനി അടുത്ത ലക്ഷ്യസ്ഥാനം കാവേരി നദിയിലെ നദീദ്വീപായ ശിവനസമുദ്രമാണ് .

കാവേരി നദിയിൽ ശ്രീരംഗപട്ടണം ,ശിവനസമുദ്രം , ശ്രീരംഗം എന്നിങ്ങനെ മൂന്ന് രംഗ ദ്വീപുകളും നദീ തീരങ്ങളിലായി അഞ്ച് രംഗനാഥ ക്ഷേത്രങ്ങളും ഉണ്ട് . പഞ്ചരംഗക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത് .ഇതിൽ ആദിരംഗ (ആദ്യ ) വിഭാഗത്തിൽ പെടുന്നത് ശ്രീരംഗപട്ടണത്തെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രമെങ്കിൽ മധ്യരംഗത്തിൽ പെടുന്നതാണ് ശിവനസമുദ്രത്തിലെ രംഗനാഥസ്വാമി ക്ഷേത്രം .ഹൊയ്സാല രാജാക്കന്മാർ പണികഴിപ്പിച്ചതാണീ ക്ഷേത്രം .സോമേശ്വരക്ഷേത്രവും വനദുർഗാക്ഷേത്രവുമാണ് ഇവിടത്തെ മറ്റു പ്രസിദ്ധ ക്ഷേത്രങ്ങൾ . ഇതിൽ സോമേശ്വര ക്ഷേത്രത്തിലെ ശ്രീചക്രം ആദിശങ്കരനാൽ സ്ഥാപിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു.

തലക്കാവേരിയിൽ നിന്നും ഉദ്ഭവിച്ച് തമിഴ്നാട്ടിലെ കാവേരി പുംപട്ടണത്തിൽ വെച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്നതിന് മുന്നെ ഒട്ടേറെ സുന്ദരകാഴ്ചകൾ കാവേരി ഒരുക്കുന്നുണ്ട് അതിൽ ഏറ്റവും മനോഹരമായ ജലപാതമാണ് ഇന്ത്യയിലെ തന്നെ അഞ്ചാം സ്ഥാനത്തുള്ള ശിവന സമുദ്രം. ഇവിടെ കാവേരി രണ്ടായി പിരിഞ്ഞ് ഗഗനചുക്കി , ബാരാ ചുക്കി എന്നിങ്ങനെ രണ്ടു ജലപാതങ്ങൾ സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒന്നുചേർന്നു ഒഴുകുന്നു. ചാമരാജനഗർ മാണ്ഡ്യ ജില്ലകളുടെ അതിർത്തിയിലാണ് ഇവ സ്ഥിതി ചെയ്യുന്നത് .ഇന്ത്യയിലെ രണ്ടാമത്തെ ഹൈഡ്രോ പവർ പ്രോജക്ട് ഇവിടെയാണ്. 1902 ൽ മൈസൂർ ദീവാനായിരുന്ന ശേഷാദ്രി അയ്യരാണ് ഇതിന് മേൽനോട്ടം വഹിച്ചത് . ഇവിടെ നിന്ന് ആദ്യ വൈദ്യുതി വിതരണം ചെയ്തത് കോളാർ സ്വർണ്ണഖനിലേക്കാണ്.

മുന്നോട്ടുള്ള പാതയിലെ വാഹനങ്ങളുടെ തിരക്ക് കണ്ടാൽ വെള്ളച്ചാട്ടത്തിലെ ജനത്തിരക്ക് ഊഹിക്കാവുന്നതേയുള്ളൂ .ഏകദേശം ഒരു കിലോമീറ്റർ മാറി വാഹനം പാർക്ക് ചെയ്തു ബാരാചുക്കിയിലേക്കു നടന്ന് പോകുമ്പോൾ തന്നെ ആദ്യ വാച്ച് ടവറിൽ കയറി ദൂരെ നിന്നും ഹർഷാരവത്തോടെ ഒഴുകിവരുന്ന കാവേരിയുടെ വിദൂര ദൃശ്യം കൺ കുളിർക്കെ കണ്ടു . പിന്നെ തിരക്കാർന്ന പാതയിലൂടെ വെള്ളച്ചാട്ടത്തിനു മുന്നിലെത്തി. കഴിഞ്ഞ വേനലിൽ വറ്റിവരണ്ട ഈ ജലപാതം കണ്ടു മടങ്ങുമ്പോഴേ ഈ മൺസൂണിൽ ഇവിടെ വരുമെന്ന് ഉറപ്പിച്ചിരുന്നു . കമ്പിവേലികൾ കെട്ടി അതീവ സുരക്ഷയൊരുക്കിയിരിക്കുന്നു ഇവിടം .തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു കയറി കാഴ്ചകൾ കാണാനായി മുൻനിരയിൽ തന്നെ നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ ഇടം പിടിച്ചു .അല്ലേലും അക്കാര്യത്തിൽ നമ്മളെ മലയാളികളെ കടത്തിവെട്ടാൻ ആർക്കു കഴിയും .?

350 മീറ്റർ വീതിയിൽ 90 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ജലപാതം .പാറക്കൂട്ടങ്ങൾക്കിടയിലൂടെ നദി പാൽ നുര പോലെ മൂന്നു വശത്തു കൂടി പരന്നൊഴുകി താഴേക്ക് പതിക്കുന്നു .അനേകം വെള്ളച്ചാട്ടങ്ങൾ ഇവിടെ സംഗമിച്ചതാണോ എന്ന് തോന്നിപോകും .നാലുപാടും ചിതറി തെറിക്കുന്നു ജലകണങ്ങൾ .മഴക്കാലത്തിൽ നിന്നും കടം കൊണ്ട യൗവനത്തിൽ ആഹ്ലാദവതിയായ കാവേരിയുടെ പൊട്ടിച്ചിരി അവിടെമാകെ മുഖരിതമായി .അവിടെത്തിച്ചേർന്ന സഞ്ചാരികളുടെ ആഹ്ലാദാരവങ്ങൾ അതിൽ അലിഞ്ഞില്ലാതായി .. ബാരാ ചുക്കിയിൽ നിന്നുള്ള കാഴ്ചകൾ എത്രകണ്ടാലും മതിവരില്ലെന്നതാണ് സത്യം . മടങ്ങുമ്പോൾ Barachukky development committee low rope course എന്ന ബോർഡ് വച്ചിട്ടുള്ള മുതിർന്നവർക്കും കുട്ടികൾക്കും ഉല്ലസിക്കാനുള്ള പാർക്കിൽ കയറി ഇവിടെത്തുന്ന സഞ്ചാരികളിൽ എന്നെപ്പോലെ കുട്ടിത്തം വിട്ടുമാറത്ത മുതിർന്നവർ കുട്ടികളേക്കാളേറെ ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്….

മടക്കയാത്രയിൽ മറ്റൊരു വെള്ളച്ചാട്ടമായ ഗഗന ചുക്കിയിലെ സന്ദർശകരുടെ ആധിക്യം പ്രധാന റോഡിൽ നിന്നു തന്നെ കണ്ടു .. അവിടെത്തുക എത്തിച്ചേരുക എന്നത് കടുത്ത വെല്ലുവിളിയാണെന്ന തിരിച്ചറിവിൽ ആ ശ്രമം ഞങ്ങളുപേക്ഷിച്ചു .ഗഗന ചുക്കി വെള്ളച്ചാട്ടത്തിനടുത്തായി പ്രശസ്തമായ ഒരു ദർഗയുമുണ്ട് (ഇമാം അലി).

മടക്കയാത്രയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കിൽ പെട്ടെങ്കിലും അതുവരെയും മാറി നിന്ന മഴയെ കൂട്ടായി കിട്ടിയത് ആശ്വാസമായി . വൈകുന്നേരത്തോടെ ഗുണ്ടൽപേട്ടിലെത്തി ഭക്ഷണവും കഴിഞ്ഞ് ബന്ധിപ്പൂർ വനമേഖലയിലൂടെ മടങ്ങുമ്പോൾ കാനന പാതയിലും തടസ്സം . മുന്നിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ചിലത് തിരികെ മടങ്ങുന്നുണ്ട് . ഇരുപത് മിനിറ്റോളം നീണ്ട ആ കുരുക്ക് മാറിയപ്പോഴാണ് കണ്ടത് അത്രയും നേരം റോഡിൽ തമ്പടിച്ച് വഴിമുടക്കിയത് കുട്ടികൾ ഉൾപ്പെടെയുള്ള പതിനഞ്ചോളം വരുന്ന ആനകളായിരുന്നു എന്ന് . ഏതൊരു യാത്രയും അതിന്റെ അവസാന നിമിഷത്തിലും അപ്രതീക്ഷിത വിരുന്നൊരുക്കുമെന്ന തിരിച്ചറിവായിരുന്നു അത്.(വണ്ടി കാണുമ്പോഴേ ഉറക്കം തൂങ്ങുന്നവർ ജാഗ്രതേ …).

തിരികെ കല്പറ്റയിലെത്തുമ്പോൾ ഈ യാത്രയുടെ അവസാനമെങ്കിലും അടുത്ത യാത്രയുടെ ആരംഭമായിരുന്നു അത് ……. അനവരതം തുടരുന്ന പ്രയാണം..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply