പുറംലോകം അറിയപ്പെടാതെ മറഞ്ഞിരിക്കുകയായിരുന്ന ചില നാടുകള്‍…

ലേഖനം എഴുതിയത് – ജൂലിയസ് മാനുവൽ.

മനുഷ്യന്‍റെ കണ്ണുകളില്‍ നിന്നും ഏതെങ്കിലും നാടുകള്‍ക്ക് മറഞ്ഞിരിക്കാനാവുമോ ? എന്താണ് സംശയം ? ഇന്ന് പോലും ആധുനിക മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത കൊടും വനങ്ങളും താഴ് വരകളും ബ്രസീലിലും വിയറ്റ്നാമിലും ഹിമാലയ സാനുക്കളിലും ഇന്നും ഉണ്ട് . ഇതിനുദാഹരണം സൗലാ (Saola ,pronounced: sow-la) എന്ന കന്നുകാലി ആണ് . മാനിനോട് രൂപ സാദൃശ്യമുള്ള ഈ ജീവി 1992 വരെയും വിയറ്റ്നാമിനും ലവോസിനും ഇടയിലുള്ള Annamite മല നിരകളിലെ നിബിഡമായ മഴക്കാടുകളില്‍ പുറംലോകമറിയാതെ ജീവിച്ചു! 1992 ലെ ഒരു വന പര്യവേഷത്തിനിടയില്‍ ഒരു വേട്ടക്കാരന്റെ വീട്ടില്‍ നിന്നും ഇതിന്റെ തലയോട്ടി കിട്ടിയതോടെയാണ് ഇങ്ങനെയൊരു ജീവി വര്‍ഗ്ഗത്തെ പറ്റി പുറംലോകമറിയുന്നത് ! ഇപ്പോഴും വിയറ്റ്നാം -ലാവോസ് കാടുകളില്‍ ഇത് എത്രയെണ്ണം അവശേഷിച്ചിട്ടുണ്ട് എന്ന് ആര്‍ക്കും അറിയില്ല. ഇങ്ങനെയുള്ള ഒറ്റപ്പെട്ട വന മേഖലകളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണ് ?

ഒന്നാമത് ഇങ്ങനെയുള്ള ഒരു ഭൂവിഭാഗങ്ങള്‍ മിക്കവയും ഉയര്‍ന്ന മലകളാല്‍ ചുറ്റപ്പെട്ട , ലാന്‍ഡ് ലോക്ക് ചെയ്യപ്പെട്ട താഴ് വരകള്‍ ആയിരിക്കും . ആദ്യം ചെല്ലുന്ന മനുഷ്യര്‍ക്ക്‌ ഇത് എത്തിപ്പെടാന്‍ പ്രയാസമുള്ള ഭൂവിഭാഗമായി അനുഭവപ്പെടുമെങ്കിലും അവിടെ ചെന്ന് കിട്ടിയാല്‍ ഒരു ചെറു ജനതക്ക് പുറം ലോകം അറിയാതെ തന്നെ ജീവിക്കാനുള്ള എല്ലാ ചുറ്റുപാടുകളും ഇത്തരം താഴ് വാരങ്ങളില്‍ ഉണ്ടാവും . ഇപ്പോഴും എത്തിച്ചേരാന്‍ പ്രയാസമുള്ള നിബിഡവന മേഖലകളില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ജനവാസം ഉണ്ടായിരുന്നതായുള്ള തെളിവുകള്‍ ലോകത്തിലെ ഒട്ടുമിക്ക ഭൂവിഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് . എന്ത്കൊണ്ടാണ് ആ ജന വര്‍ഗ്ഗങ്ങള്‍ ജീവിക്കുവാനായി ഇത്തരം ഗൂഡ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ? ഒളിച്ചോട്ടം , പലായനം ഇവയില്‍ ഏതെങ്കിലും ഒന്നാവാം കാരണം . ഏതെങ്കിലും യുദ്ധത്തില്‍ തോറ്റോടിയ ജനതയാവാം ഇത്തരം കാടുകയറികളില്‍ പ്രധാനികള്‍ ( വേറെയും കാരണങ്ങള്‍ ഉണ്ടാവാം ) ജപ്പാനിലെ ഇയാ താഴ് വര ഇതിന് നല്ലൊരു ഉദാഹരണമാണ് .

ഇയാ താഴ്‌വര – പോരാളികളുടെ ഒളി സങ്കേതം : പന്ത്രണ്ടാം നൂറ്റാണ്ടിൽ ജപ്പാന്റെ സാംസ്കാരിക ചരിത്രം മാറ്റി മറിച്ച വൻ യുദ്ധമായിരുന്നു Genpei യുദ്ധം . Taira ഗോത്രക്കാരും Minamoto വർഗ്ഗവും തമ്മിലായിരുന്നു അത് . പോരാട്ടത്തിൽ പരാജയപ്പെട്ട Taira സമുറായികൾ ഒട്ടു മിക്കവരും പാരമ്പര്യമനുസരിച്ച് ആത്മഹത്യ ചെയ്തു . പിന്നെയും ബാക്കിയുണ്ടായിരുന്നവർ ( കൂടുതലും സ്ത്രീകളും , കുട്ടികളും പിന്നെ വൃദ്ധരും ) ഇന്നും മനുഷ്യന് പെട്ടന്ന് എത്തിപ്പെടാൻ അപ്രാപ്യമായ തെക്കൻ ജപ്പാനിലെ ഇയാ താഴ്‌വരയിലേക്ക് പലായനം ചെയ്തു . പിന്നീടാരും നൂറ്റാണ്ടുകളോളം അങ്ങോട്ടേക്ക് പോയില്ല . പക്ഷെ അഭയാർഥികളുടെയും കൊള്ളക്കാരുടെയും അവസാന അഭയ കേന്ദ്രമായിരുന്നു ഇയാ താഴ്‌വര! നൂറ്റാണ്ടുകൾക്കു ശേഷം ആധുനിക മനുഷ്യൻ അവിടേക്ക് ചെന്നപ്പോൾ തോറ്റൊടിയവരുടെയും പലായനം ചെയ്തവരുടെയും പിൻ തലമുറക്കാരെ ആണ് അവിടെ പ്രതീക്ഷിച്ചത് . പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല ! പകരം മറ്റൊരു വര്‍ഗ്ഗക്കാരാണ്‌ അവിടെ തമ്പടിച്ചിരുന്നത് .

ദുർഗടമായ ഭൂപ്രകൃതിയും പ്രതികൂലമായ കാലാവസ്ഥയും അവരെ ഉൻമ്മൂലനം ചെയ്തിരിക്കാം . അല്ലെങ്കില്‍ പിന്നീട് വന്നവര്‍ ആദ്യമേ ഉണ്ടായിരുന്നവരെ വകവരുതിയിരിക്കാം ! പക്ഷെ ഇന്ന് ഇയാ താഴ്‌വര ജപ്പാന്റെ സൌന്ദര്യത്തിന്റെ പ്രതീകമാണ് . “തോറ്റോടിയ ” Taira കൾ നിർമ്മിചുവെന്നു കരുതുന്ന വേരുകളും, വള്ളികളും കൊണ്ടുള്ള തൂക്കുപാലങ്ങൾ (Vine-made suspension bridge) ആണ് ഇവിടുത്തെ മുഖ്യ ആകർഷണം . നമ്മുടെ മേഘാലയയിൽ ഉള്ളത് പോലെ ഇവിടെയും Iya-gawa നദിയുടെ ഇരുവശങ്ങളിലും ഉള്ള മരങ്ങളുടെ വള്ളികളാണ് തമ്മിൽ യോജിപ്പിച്ച് പാലമായി രൂപപ്പെടുത്തിയെടുത്തത് . ഇതുപോലത്തെ പതിമ്മൂന്നെണ്ണം പണ്ട് സമുറായികൾ നിർമ്മിച്ചിരുന്നുവെങ്കിലും മൂന്നെണ്ണം മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ . ഇതിൽ 45 മീറ്റർ നീളവും 14 മീറ്റർ ഉയരവും ഉള്ള Iya Kazurabashi ആണ് ഏറ്റവും വലുത് . നശിക്കാറായ ഇതിനെ ഇപ്പോൾ സ്റ്റീൽ കേബിളുകൾ കൊണ്ട് ബലപ്പെടുതിയിട്ടുണ്ട് . ജപ്പാനിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും അന്യം നിന്നുപോയ പല ആചാരങ്ങളും രീതികളും ഇന്നും ഇയാ താഴ് വരയില്‍ ശുദ്ധിയോടെ തന്നെ നിലനില്‍ക്കുന്നുണ്ട് .

നിഗൂഡ താഴ് വരകളിലെക്കുള്ള ഒളിച്ചോട്ടത്തിന് ഉദാഹരണം തേടി നമ്മള്‍ അധിക ദൂരം പോകേണ്ടതില്ല . ഇടുക്കി ജില്ലയിലെ മറയൂര്‍ ഇതിനു നല്ലൊരു ഉദാഹരണമാണ് .

മറയൂര്‍ – പലായനത്തിന്റെയും അതിജീവനതിന്റെയും താഴ്വര : സ്വാഭാവിക ചന്ദന മരങ്ങള്‍ തീര്‍ക്കുന്ന പ്രകൃതിയുടെ നിഴല്‍ …. അതിനിടയിലൂടെ പട്ടാപകലും റോഡരികില്‍ നമ്മെ മിഴിച്ചു നോക്കുന്ന കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ ….. വെളുപ്പിനെ മൂന്ന് മണിക്ക് ഹബീബുള്ളയെന്ന പാവം കച്ചവടക്കാരനെ , സ്വന്തം കടയുടെ മുന്നില്‍ വെച്ച് തന്നെ കാട്ടാന ചവുട്ടി കൊന്ന മറയൂര്‍ ടൌണ്‍ (16.08.2015)….. .. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പിന്‍ തോട്ടങ്ങള്‍ ….. കാറ്റത്തു പൂത്തുലഞ്ഞു നില്‍ക്കുന്ന അവയുടെ വെള്ളകാവടിയാട്ടം …. ആ വെളുപ്പില്‍ നിന്നും പിഴിഞ്ഞുണ്ടാക്കുന്ന കറുത്ത മറയൂര്‍ ശര്‍ക്കര …. ഒരു പൂണൂല്‍ പോലെ മറയൂരിനെ ചുറ്റിയൊഴുകുന്ന , കിഴക്കോട്ടൊഴുകുന്ന , തലതിരിഞ്ഞ പാമ്പാര്‍ …. ഓറഞ്ചും ആപ്പിളും, മള്‍ബറിയും വിളയുന്ന , മലമുകളിലെ കാന്തല്ലൂര്‍ …………. സകല പാറക്കൂട്ടങ്ങളുടെയും മുകളില്‍ നൂറ്റാണ്ടുകളുടെ രഹസ്യങ്ങള്‍ അഞ്ചു ശിലാ ഭിത്തികളില്‍ ഒതുക്കി കഴിയുന്ന മുനിയറകള്‍ ……ചിന്നാറില്‍ മാത്രം കാണപ്പെടുന്ന നക്ഷത്ര ആമകള്‍ , ചാമ്പല്‍ മലയണ്ണാന്‍ ,….ചോലപൊന്തച്ചുറ്റന്‍, മഞ്ഞവരയന്‍, ശരവേഗന്‍ തുടങ്ങി 225 ഓളം ചിത്ര ശലഭങ്ങള്‍ !……

മറയൂര്‍ കാണാന്‍ ചെല്ലുന്ന നമ്മുക്ക് സുപരിചിതങ്ങളായ വാക്കുകള്‍ ആണ് മുന്‍പ് പറഞ്ഞത് . എന്നാല്‍ ഇതൊരു മുഖം മൂടിയാണ് . ആ മൂടി മാറ്റിയാല്‍ മറ്റൊരു ഇയാ താഴ് വര നമ്മുടെ മുന്നില്‍ തെളിയും . മധുരയില്‍ നിന്നും യുദ്ധത്തെ ഭയന്നും രാജാ കോപത്തിനിരയായും പലായനം ചെയ്ത നാനാ വിഭാഗങ്ങള്‍ അടങ്ങുന്ന ഒരു ജനത , സര്‍വ്വ പടനീക്കങ്ങള്‍ക്കും അപ്രാപ്യമായ ഒരു സ്ഥലം തേടി അലഞ്ഞ് അവസാനം എത്തിച്ചേര്‍ന്നത് ഇന്നത്തെ മറയൂരില്‍ ആണ് . മനുഷ്യ സാമീപ്യം നൂറ്റാണ്ടുകളായി അറിഞ്ഞിട്ടില്ലാത്ത ആനകളും കടുവകളും കാട്ടുപോത്തുകളും അവരെ നേരിട്ടു . പ്രാണരക്ഷാര്‍ത്ഥം മല മുകളിലേക്ക് കയറിയ അവര്‍ തങ്ങള്‍ക്കായി ദൈവം ഉണ്ടാക്കിവെച്ചതുപോലെ അനേകം കല്‍കൂടാരങ്ങള്‍ കണ്ടു . രണ്ടു മൂന്നു പേര്‍ക്ക് സുഖമായി അന്തിയുറങ്ങാന്‍ സാധിക്കുമായിരുന്ന അത്തരം ശിലാഗൃഹങ്ങളുടെ വാതിലില്‍ അഞ്ചാമത്തെ ശില കൊണ്ടടച്ചാല്‍ അവര്‍ രാത്രിയില്‍ തികച്ചും സുരക്ഷിതരായിരുന്നു . പകല്‍ വെളിച്ചത്തിന്‍റെ ധൈര്യത്തില്‍ പുറത്തിറങ്ങിയ അവര്‍ ഒരുമയോടെ ജീവിച്ചാല്‍ ഈ നാട് തങ്ങള്‍ക്കു സുരക്ഷിതമാണെന്ന് തിരിച്ചറിയുകയായിരുന്നു . ആ നാടിനെ അഞ്ചായി ഭാഗിച്ച് ( കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, മറയൂര്‍, കൊട്ടക്കുടി) അവര്‍ തങ്ങളുടേതായ ഒരു ലോകം അവിടെ കെട്ടിപ്പടുത്തു . (കൊട്ടക്കുടി ഇപ്പോള്‍ തമിഴ്നാട്ടില്‍ ആണ് ) . വീണ്ടും ആളുകള്‍ വന്നുകൊണ്ടേ ഇരുന്നു . മുതുകില്‍ ഭാരം ഏന്തി വന്ന മുതുവന്മ്മാര്‍ … കട്ടും മോഷ്ടിച്ചും ജീവിച്ചിരുന്ന കുറുമ്പന്‍ വര്‍ഗ്ഗം അങ്ങിനെ പലരും . ഇവരെല്ലാം മറയൂരില്‍ സ്വന്തമായ ഒരു സംസ്കാരം കെട്ടിപ്പടുത്തു . ഇപ്പോഴും ആധുനിക സൌകര്യങ്ങളോട് തീരെ അടുപ്പം കാണിക്കാതെ ഇവര്‍ മറയൂരില്‍ നാമറിയാതെ അവരുടെതായ ലോകത്ത് ജീവിക്കുന്നു !

മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മേലെ പഴക്കമുള്ള മുനിയറകള്‍ , ശിലായുഗ മനുഷ്യരുടെതാണ് എന്ന് അനുമാനിക്കാം എങ്കിലും ഇവയുടെ ഉത്ഭവത്തെ പറ്റി ഏകാഭിപ്രായം നിലവില്‍ ഇല്ല . ഇതിനു സമാനമായ നിര്‍മ്മിതികള്‍ മറ്റു പല രാജ്യങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട് . ഇത്രയും വിദൂര സ്ഥലങ്ങളിലെ നിര്‍മ്മിതികള്‍ നിര്‍മ്മാണത്തില്‍ എങ്ങിനെ അനുരൂപപ്പെട്ടു എന്നത് വിസ്മയകരമാണ് .

Calakmul : 7,231 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ന്നമുള്ള Calakmul Biosphere Reserve മെക്സിക്കോയിലെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ മേഖലയാണ് . ഇതിന്‍റെ മൂന്നു ഇരട്ടിയോളം വലിപ്പമുള്ള , ഗ്വാട്ടിമാലയുടെ Maya Biosphere Reserve (21,602 km²) നോട്‌ ചേര്‍ന്ന് അതി വിശാലമായ ഒരു വന സാമ്രാജ്യത്തിന്‍റെ ഭാഗമായി ആണ് ഇത് സ്ഥിതി ചെയ്യുന്നത് . മധ്യ അമേരിക്കയില്‍ അവശേഷിച്ചിരിക്കുന്ന മഴക്കാടുകള്‍ ഇവിടെയാണ്‌ ഉള്ളത് . ദേവദാരുകളും , മഹോഗണി മരങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന ഘോര വനങ്ങളുടെ ഇരുണ്ട തണലില്‍ ജാഗ്വാറുകളും , മൌണ്ടന്‍ ലയണ്‍ എന്ന് വിളിക്കുന്ന പുമകളും യദേഷ്ടം വിഹരിക്കുന്നു . ഒരിക്കലും നിലത്തിറങ്ങി വരാത്ത എട്ടുകാലി കുരങ്ങുകളും (Spider monkeys ), മരച്ചില്ലകള്‍ക്കിടയില്‍ ആരും കാണാതെ ജീവിക്കുന്ന Howler വാനരന്മമാരും വൃക്ഷത്തലപ്പുകളില്‍ അവരുടെതായ സാമ്രാജ്യം സൃഷ്ടിക്കുന്നു . എന്നാല്‍ ഈ ഘോര വനങ്ങള്‍ക്കിടയില്‍ ഒരു പട്ടണം മറഞ്ഞിരിപ്പുണ്ട്‌ ! 1931 ല്‍ അമേരിക്കന്‍ ബോട്ടാനിസ്റ്റ് ആയിരുന്ന Cyrus Lundell പുറം ലോകത്തിനു വെളിപ്പെടുത്തി കൊടുത്ത കലക് മള്‍ (Kalakmul or Calakmul) ആണ് അത് .

ഒരു കാലത്ത് അര ലക്ഷം പേര്‍ വരെ അധിവസിച്ചിരുന്ന ഒരു പുരാതന മായന്‍ പട്ടണമായിരുന്നു Calakmul . “Kaan” എന്ന് വിളിക്കുന്ന നാഗ രാജാക്കന്മ്മാര്‍ ആയിരുന്നു ഇതിന്‍റെ അധിപര്‍ . ക്രിസ്തുവിനു ശേഷം ആയിരം വര്‍ഷങ്ങള്‍ വരെയാണ് ഇവര്‍ ഇവിടം ഭരിച്ചിരുന്നത് . ഒരു പിരമിഡ് ഉള്‍പ്പടെ ചെറുതും വലുതും ആയി ഏകദേശം 6,750 ഓളം നിര്‍മ്മിതികള്‍ കാടിന്റെ പല ഭാഗങ്ങളില്‍ ആയി ചിതറി കിടപ്പുണ്ട് . 45 മീറ്ററോളം ഉയരമുള്ള ഈ പിരമിഡ് ആണ് ഇതുവരെ കണ്ടെടുത്തിട്ടുള്ള മായന്‍ പിരമിഡ് കളില്‍ ഏറ്റവും വലുത് . ഇരുപത് ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയില്‍ ചിതറി കിടക്കുന്ന ഈ അവശിഷ്ടങ്ങളില്‍ ശവക്കല്ലറകളും , ക്ഷേത്രങ്ങളും , വീടുകളും ഉള്‍പ്പെടും . ഗ്വാട്ടിമാലയുടെ ഭാഗത്ത്‌ ഉള്ള Tikal എന്ന മായന്‍ നഗരവുമായി ഇവര്‍ കടുത്ത ശത്രുതയില്‍ ആയിരുന്നു എന്നാണ് ഗവേഷകര്‍ കരുതുന്നത് . സത്യത്തില്‍ Calakmul (“City of the Two Adjacent Pyramids” ) എന്നത് Cyrus Lundell കൊടുത്ത പേര് ആണ് . ഈ പട്ടണത്തിന്‍റെ യഥാര്‍ത്ഥ മായന്‍ പേര് Ox Te’ Tuun (“Three Stones” ) എന്നായിരുന്നു . ഇതിനു ചുറ്റുമുള്ള സ്ഥലങ്ങളെ വിളിച്ചിരുന്നത്‌ Chiik Naab എന്നും!

ഈ വനത്തിനുള്ളില്‍ El Laberinto bajo എന്ന് സ്പാനിഷില്‍ വിളിക്കുന്ന ഒരു കൂറ്റന്‍ ചതുപ്പ് നിലം ഉണ്ട് . ഇതാവാം വേനല്‍ക്കാലത്ത് ഈ നഗരത്തില്‍ ഉപയോഗിച്ചിരുന്ന ജലത്തിന്‍റെ മുഖ്യ സ്രോതസ്സ് എന്നാണ് ഇപ്പോള്‍ കരുതുന്നത് . മിക്ക കാനന നഗരത്തിനരുകിലും ഇത്തരം ഒരു ജല സ്രോതസ് ഉണ്ടാവും . ഇവിടെ നിന്നും ചെറു കനാലുകള്‍ വഴി ആണ് ജലം നഗരത്തിനുള്ളിലേക്ക് കൊണ്ട് വന്നിരുന്നത് . തൊട്ടടുത്ത നഗരങ്ങളിലേക്ക് പോകുവാന്‍ പ്രത്യേകം പാതകള്‍ തന്നെ നിലവില്‍ ഉണ്ടായിരുന്നു . അവസാന കാലത്ത് ഈ പട്ടണത്തിലെ ജനസംഖ്യ ഗണ്യമായ തോതില്‍ കുറഞ്ഞിരുന്നു . ജലത്തിന്‍റെ കുറവാണോ അതോ പുറത്തു നിന്നുള്ള ഭീഷണികള്‍ ആണോ ഇതുമല്ലാതെ വേറെ ഏതെങ്കിലും കാരണമാണോ ഈ നഗരത്തിന്‍റെ അന്ത്യം കുറിച്ചത് എന്ന് ഇന്നും അഞ്ജാതമാണ് . എല്ലാമറിയാവുന്ന കാട് ഇപ്പോഴും ഈ നഗരത്തെ മൂടി പൊതിഞ്ഞ് സൂക്ഷിക്കുന്നു !

Stöng Commonwealth Farm : സ്കാണ്ടിനേവിയന്‍ ഭൂമികളില്‍ നിന്നും വിഖ്യാതരായ വൈക്കിങ്ങുകള്‍ സാഹസികമായ കപ്പല്‍ യാത്രകള്‍ ആരംഭിച്ചത് എട്ടാം നൂറ്റാണ്ടില്‍ ആയിരുന്നു . ആ യാത്രക്കിടയില്‍ എപ്പോഴോ അവര്‍ ഐസ്ലാണ്ടിലും എത്തി ചേര്‍ന്നു. കുറച്ചു പേര്‍ അവിടെ കുടിയേറി കൃഷി ചെയ്ത് ജീവിതം ആരംഭിച്ചു . അങ്ങിനെ പുതിയ നാട്ടില്‍ അവര്‍ വേരുറപ്പിച്ചു തുടങ്ങിയപ്പോള്‍ ആണ് ആര്‍ത്തലയ്ക്കുന്ന കടലില്‍ പോലും അവര്‍ നേരിടാഞ്ഞ ഒരു വന്‍ വിപത്ത് അവരുടെ മേല്‍ പെയ്തിറങ്ങിയത്‌ . ഹെല്ക്ക എന്ന അഗ്നിപര്‍വ്വതത്തിന്റെ പൊട്ടിത്തെറി ആയിരുന്നു അത് (AD 1104) . വൈക്കിങ്ങുകള്‍ കെട്ടിപ്പൊക്കിയ സകല വീടുകളും കൃഷിയിടങ്ങളും അഗ്നിപര്‍വ്വതത്തിന്‍റെ ചാരത്തിനടിയില്‍ ആയി . അനേകരെ ലാവ വിഴുങ്ങി . തകര്‍ന്നു തരിപ്പണമായ തങ്ങളുടെ അധ്വാനത്തെ ഓര്‍ത്ത് അവര്‍ വിലപിച്ചില്ല , പകരം വാശിയോടെ വീണ്ടും വീണ്ടും ലാവാജന്യമായ കരിംപാറകളില്‍ അവര്‍ ആഞ്ഞു കിളച്ചു . അങ്ങിനെ ഐസ്ലാന്‍ഡ് എന്ന രാജ്യം പിറവിയെടുത്തു . നൂറ്റാണ്ടുകള്‍ക്കു ശേഷം പുതിയ തലമുറ തങ്ങളുടെ പൂര്‍വ്വികരെ ഹെല്ക്ക പര്‍വ്വതത്തിന്റെ താഴ് വാരങ്ങളില്‍ അന്വേഷിച്ചിറങ്ങി . അടിഞ്ഞു കൂടിയ ചാരത്തിനടിയില്‍ അവര്‍ തങ്ങളുടെ പൂര്‍വ്വികരെ തപ്പി നടന്നു . അങ്ങിനെ ഒരുനാള്‍ അതാ കറുത്ത ചാരത്തിനടിയില്‍ ഒരു ഗ്രാമം !

ഹെല്‍ക്കയുടെ താണ്ഡവത്തില്‍ മൂടിപ്പോയ ആ പഴയ കാര്‍ഷിക ഗ്രാമം അവര്‍ പൊടി തട്ടിയെടുത്തു . Stöng ഫാം എന്ന് വിളിക്കപ്പെടുന്ന ആ കൃഷിയിടങ്ങള്‍ അവര്‍ അതേപടി പുനര്‍സൃഷ്ടിച്ചു . വീടുകളും മറ്റു കൃഷിയിടങ്ങളും എല്ലാം ! തങ്ങളുടെ പൂര്‍വ്വികരുടെ കുടിയേറ്റത്തിന്റെ 1100 ആം വാര്‍ഷികത്തില്‍ “പുനര്‍ജനിച്ച ” ആ ഗ്രാമം അവര്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു (1974). ഇന്ന് ഐസ്ലാണ്ടിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് Þjóðveldisbærinn Stöng എന്ന ഈ സ്ഥലം !

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply