നല്ല കോഫി കുടിക്കാൻ ഒരു യാത്ര പോയകഥ !!

റൂട്ട് :- തലയോലപറമ്പ് – കളമശ്ശേരി -തൃശൂർ -പെരിന്തൽമണ്ണ -ഗുഡലൂർ – ബന്തിപൂർ – മൈസൂർ – ഹാസ്സൻ – ചിക്മംഗ്ലൂർ – കുടക് – കൽപ്പറ്റ – ഗുരുവായൂർ – ഇടപ്പള്ളി -തലയോലപറമ്പ്. ആകെ ദൂരം – 1285 km.

കുറച്ചധികം നാളായി വിചാരിക്കുന്നതാണ് ഒരു യാത്രവിവരണം എഴുതണം എന്ന്. പക്ഷെ കൂടെ ഒരു എഴുത്തുകാരൻ ഉള്ളതുകൊണ്ട് എനിക്കും അങ്ങ് മടിയായി. ഇത്തവണത്തെ ട്രിപ്പ്‌ പോയപ്പോൾ അവൻ പറഞ്ഞു ഈ യാത്രയെ പറ്റി നീ എഴുതാൻ. അങ്ങനെ ആദ്യമായി ഞാനും എഴുതാൻ തീരുമാനിച്ചു.മലയാളത്തിൽ എന്തെങ്കിലും എഴുതിയിട്ട് ഒത്തിരി നാളായി, എന്നാലും വായനാശീലം ഒരിക്കലും ഉപേക്ഷിച്ചില്ല എന്നതുകൊണ്ട് തന്നെ എഴുതുമ്പോൾ നമ്മുടെ മാതൃഭാഷയോട് ഒരു അകലവും തോന്നുന്നതും ഇല്ല. അല്ലെങ്കിലും നമ്മുടെ മാതൃഭാഷയെ മറക്കുന്നത് ഒരിക്കലും ഒരു നല്ല കാര്യം അല്ലല്ലോ പ്രത്യേകിച്ചു മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നത് ഒരു അഭിമാനമായി പലരും പറയുന്ന ഈ കാലത്ത്. അങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്, അവർ അത് ഒരു കൂസലും കൂടാതെ പറയുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട് . മലയാളത്തിൽ അല്ലാതെ വേറെ ഏതു ഭാഷയിൽ എഴുതിയാൽ ആണ് നമുക്ക് ആ ഒരു സുഖം കിട്ടുന്നത്.

സാധാരണ ഞങ്ങൾ പോവുന്നത് ഹെയർപിൻ വളവുകൾ തേടി ആണല്ലോ, എന്നാൽ ഇത്തവണ പോയത് നല്ല ഒന്നാന്തരം കോഫി തേടിയാണ് കൂടേ കുറച്ചു ഹെയർപിന്നും. കർണാടകത്തിലെ “ലാൻഡ് ഓഫ് കോഫി” എന്നറിയപ്പെടുന്ന ചിക്മംഗ്ളുർ ആണ് പോയ സ്ഥലം. കൂടെ നമ്മുടെ കോഫി ജില്ല ആയ വയനാടും കേറി.

എല്ലാ തവണത്തെയും പോലെ ഞങ്ങൾ മൂന്നുപേരും ദിവസം ഒക്കെ തീരുമാനിച്ചു യാത്രക്കു തയാറായി. ഫെബ്രുവരി 18 രാവിലെ അലാറം അടിക്കുന്നതിനു മുന്നേ നിഹാൽ വിളിച്ചു എഴുന്നേൽപ്പിച്ചു. സമയം നോക്കിയപ്പോൾ രണ്ടര. ദേവനെ വിളിച്ചിട്ട് എടുക്കുന്നില്ല എന്നവൻ പറഞ്ഞു. അല്ലാത്തപ്പോ എണീക്കത്തെ ഇല്ലാത്തവനാ ട്രിപ്പ്ഇന്റെ അന്ന് സ്വിച്ച് ഇട്ട പോലെ എണീക്കും. അല്ല നമ്മുടെ എല്ലാരുടേം അവസ്ഥ അങ്ങനെ ആയിരിക്കുമല്ലോ യാത്ര പോവുന്ന ദിവസം. ഫ്രിഡ്ജിൽ ഇരുന്ന ബ്രെഡ് എടുത്തു അമ്മ ഇട്ടുതന്ന ചായയും കുടിച്ചു മൂന്ന് പതിനഞ്ചു ആയപ്പോൾ വീട്ടീന്ന് ഇറങ്ങി. പള്ളിക്കാവലയിൽ നിഹാൽ നിക്കുന്നുണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ദേവനും വന്നു. തലയോലപ്പറമ്പ് പള്ളിയുടെ നേർച്ചപെട്ടിയിൽ ഒരു ചില്ലറ ഇട്ടു എല്ലാത്തവണത്തെയും പോലെ പ്രാർത്ഥിച്ചു. ദേവന്റെ ബാഗ് കെട്ടുന്നതിനിടയിൽ എന്റെ കൈ മുറിഞ്ഞു അപ്പൊ നിഹാലിന്റെ അടുത്ത ഡയലോഗ് “ചോരയാ കണ്ടിരിക്കുന്നതു ഈ ട്രിപ്പ് പൊളിക്കും”. അങ്ങനെ നാലു മണി ആയപ്പോൾ യാത്ര തുടങ്ങി. നിഹാലിന്റെ പുലി ഡോമിനാർ 400, എന്റേം ദേവന്റേം ആനകളും, സ്റ്റാൻഡേർഡ് 350 ആൻഡ് തണ്ടർബേർഡ് 350 സീപ്പോർട്ട് എയർപോർട്ട് റോഡിലൂടെ കുതിച്ചു.

നാഷണൽ ഹൈവേ കേറി കഴിഞ്ഞു റോഡ് നല്ല അടിപൊളി ആയതു കൊണ്ട് തൃശൂർ ഒരു അഞ്ചര ആയപ്പോൾ എത്തി. അവിടുന്ന് ചെറുതുരുത്തി – ഷൊർണുർ വഴി പെരിന്തൽമണ്ണ എത്തണം. ഇടയ്ക്കുവെച്ചു വഴി തെറ്റി തിരുവില്വാമലക്കുള്ള വഴിയേ കേറി അവിടെ കണ്ട ഒരാളോട് വഴി ചോദിച്ചു ചെറുതുരുത്തി എത്താൻ ഉള്ള വഴിയേ പോയി. കുറെ പാടത്തിന്റെ നടുവിലൂടെ ഉള്ള വഴി, മഞ്ഞിൽ കുളിച്ചു നിൽകുന്ന ഗ്രാമം നല്ല സുഖമായിരുന്നു അതുവഴി പോവാൻ. പെരിന്തൽമണ്ണ എത്താറായപ്പോൾ സമയം ഏതാണ്ട് എട്ടു മണി കഴിഞ്ഞിരുന്നു. കഴിഞ്ഞ മാസം ഊട്ടി പോയി വന്ന വഴി കേറാൻ പറ്റാതെ പോയ ഒരു ഹോട്ടലിൽ കേറി. വളരെ നല്ല ഒരു ഹോട്ടൽ ആയിരുന്നു, കുറെ ചെടികൾ ഒക്കെ കഴിക്കാൻ ഇരിക്കുന്നിടതിന്നു അടുത്തായി വെച്ചിരുന്നു, ഇരിക്കുന്നിടത്തിനു അടുത്ത് ഒരു പുൽ തകിടി എല്ലാം കൊണ്ടും നല്ല അന്തരീക്ഷം. അവിടെനിന്നും ആദ്യത്തെ കോഫി കുടിച്ചു കോമഡി ഉത്സവത്തിൽ ബിജുകുട്ടൻ ചേട്ടൻ പറയുന്നപോലെ ഒന്നും പറയാനില്ല ഗംഭീരം ആയിരുന്നു. കൂടെ നല്ല അടിപൊളി അപ്പവും കടല കറിയും. വയറും മനസ്സും ഒരുപോലെ നിറഞ്ഞു.

തുടർന്നുള്ള യാത്ര തേക്കുകൾക്കിടയിലൂടെയും, മുളം കാടിന്റെ ഇടയിലൂടെയും അതിനു ശേഷം തേയില തോട്ടങ്ങളുടെ ഇടയിലൂടെയുമായി തുടർന്നു. നിലമ്പൂരും നാടുകാണി ചുരവും ഗുഡലൂരും ആണു കേട്ടോ ഉദേശിച്ചത്‌. നാടുകാണി ചുരത്തിലെ കേരളത്തിന്റെ ഭാഗം കഴിഞ്ഞാൽ പിന്നെ റോഡ് നല്ല പക്കാ ആണു. റോഡിന്റെ കാര്യത്തിൽ നമ്മൾ ബഹുദൂരം പിന്നിലാണ് അയൽ സംസ്ഥാനങ്ങളെ വെച്ചു നോക്കുമ്പോൾ. ഉള്ള നല്ല റോഡുകളിൽ മൊത്തം ക്യാമറയും 😐.
ഗുഡലൂർ വെച്ചു ദേവന്റെ വണ്ടിയുടെ ക്ലച്ച് ടയിറ്റ് ആയി അവനു കൈ വേദന എടുക്കാൻ തുടങ്ങി ഒരു മെക്കാനിക്കിനെ കാണിച്ചു ക്ലച്ച് ലെവർ ലൂസ് ആക്കി. കേബിൾ മാറ്റണം എന്നു പറഞ്ഞു. പക്ഷെ ഞങ്ങൾ യാത്ര തുടർന്നു മൈസൂർ റോഡിലൂടെ. മസിനഗുഡി റോഡ് കണ്ടപ്പോൾ ഒന്നു പോയാലോ എന്നു തോന്നി. ദേവന്റെ കൈ അപ്പോഴും വേദന എടുക്കുന്നു എന്നു പറഞ്ഞു, മാസിനഗുഡി വരെ പോയി ഒരു പുതിയ ക്ലച്ച് കേബിൾ വാങ്ങി. പക്ഷെ അവിടുത്തെ മെക്കാനിക്ക് പറഞ്ഞു കേബിളിന്റെ പ്രശ്നം അല്ലെന്നു.

കുറച്ചു വെള്ളവും ബിസ്‌ക്കറ്റും ഒക്കെ അവിടുന്ന് കഴിച്ചു യാത്ര തുടർന്നു. ബന്തിപ്പുർ കാട്ടിലൂടെ പൊയ്ക്കോണ്ടിരുന്നപ്പോൾ എന്റെ വണ്ടിയുടെ ലഗേജ് റാക്ക് ഒടിഞ്ഞു പുറകിലെ രണ്ടു ഇണ്ടികേറ്ററും ഒടിഞ്ഞു പോയി. ഞാൻ നിഹാലിനെ ഒന്നു നോക്കി അവൻ ആദ്യം പറഞ്ഞ ഡയലോഗ് ഓർത്തപ്പോൾ. എന്റെ ബാഗ് ദേവന്റെ വണ്ടിയിൽ കെട്ടിവെച്ച് യാത്ര തുടർന്നു. ഒടിഞ്ഞ സാധനം കേബിൾ കൊണ്ട് കെട്ടി വെച്ചു. ഗുണ്ടൽപേട്ട് ചെന്നപ്പോൾ ഇണ്ടിക്കേറ്റർ ശെരിയാക്കി ശേഷം ആഹാരം കഴിച്ചു യാത്ര തുടർന്നു. അടിപൊളി റോഡ് ആരുന്നകൊണ്ട് പെട്ടന്ന് മൈസൂർ എത്തി. അപ്പൊ സമയം ഏകദേശം മൂന്നര ആയിരുന്നു.

ഹാസ്സനിലേകുള്ള റോഡ് കണ്ടു പിടിക്കാൻ ശെരിക്കും ബുദ്ധിമുട്ടി, ഗൂഗിൾ മാപ്പ് കുറച്ചൊന്നുമല്ല വട്ടം കറക്കിയതു ഏകദേശം ഒരു മണിക്കൂർ അവിടെ പൊയി . ഹാസ്സനിലേക്കുള്ള റോഡ് കണ്ടെത്തി യാത്ര തുടർന്നു മൈസൂർ നിന്നും ഏകദേശം 5-6 മണിക്കൂർ യാത്ര ഉണ്ട് ചിക്മംഗ്ലൂർ. ഇടക്കേതോ സ്ഥലത്തു ഒരു കണ്ണൂർ സ്വദേശിയുടെ കടയിൽ കയറി വഴിയും ചോദിച്ചു കോഫിയും കുടിച്ചു. ഓരോ തവണ കുടിക്കുംതോറും കോഫീടെ സ്വാദ് കൂടി കൂടി വരുന്നപോലെ ആണു തോന്നിയത്. അങ്ങനെ കറങ്ങി തിരിഞ്ഞു എങ്ങനെ ഒക്കെയോ ഹാസ്സൻ എത്തി അപ്പോഴേക്കും സമയം ഏകദേശം പത്തു മണി ആയിരുന്നു.

ചിക്മംഗ്ലൂറിനു മുപ്പതു കിലോമീറ്റർ ഇപ്പുറം ഒരു ഹോട്ടലിൽ ആഹാരം കഴിക്കാൻ കേറി. എന്തോ ചിക്കൻ ഡിഷ്‌ മേടിച്ചു റൊട്ടിയും കൂടെ കഴിച്ചു. ക്ഷീണം കാരണം ഞങ്ങൾ മൂന്നു പേരും ആകെപാടെ എങ്ങനെ ഒക്കെയോ ആഹാരം കഴിച്ചു തീർത്തു എന്നു വേണം പറയാൻ. നല്ല തണുപ്പ് ആയി തുടങ്ങിയിരുന്നു എങ്ങനെ ഒക്കെയോ വണ്ടി ഓടിച്ചു 11. 45 ആയപ്പോൾ ചിക്മംഗ്ലൂർ എത്തി. Oyo വഴി ദേവൻ അവിടെ ഒരു ലോഡ്ജിൽ റൂം ബുക്ക്‌ ചെയ്തിരുന്നു, സിൽവർ സൂട്ട് എന്നായിരുന്നു ലോഡ്ജിന്റെ പേര്. നല്ല ലോഡ്ജ് , വൃത്തിയുള്ള മുറി, ഗീസർ, എ.സി ഒക്കെ ഉണ്ടായിരുന്നു നല്ല സർവീസും റേറ്റ് വളരെ കുറവാണ്, മൂന്ന് പേർക്ക് 1300 രൂപ പിറ്റേദിവസതെ ബ്രേക്ഫാസ്റ്റ് ഉൾപ്പടെ. കുറച്ചുനേരം സംസാരിച്ചു കിടന്ന ശേഷം ഉറങ്ങി.

ഡേ 2 :- എട്ടു മണി ആയപ്പോൾ ആണ് ഞങ്ങൾ എണീറ്റത്. തലേദിവസത്തെ ക്ഷീണം അത്രക്ക് ഉണ്ടായിരുന്നു. ഏകദേശം 650 km ആണ് ഒരു ദിവസം കൊണ്ട് കവർ ചെയ്തത്. കുളിച്ചു ഇഡലിയും ചമ്മന്തിയും പിന്നെ നല്ല കിടു ചിക്മംഗ്ലൂർ കോഫിയും കുടിച്ചു ലോഡ്ജ് ഓണറിനോടു നന്ദി പറഞ്ഞു ഇറങ്ങി. കർണാടകത്തിലെ ഏറ്റവും ഉയരം കൂടിയ മലയായ മുള്ളയാന ഗിരി കാണാൻ ഞങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. ദൂരെ നിന്നു വല്ലോം കാണാനെ പറ്റു എന്നു കരുതിയാണ് പോയത്. പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തികൊണ്ട് അതിന്റെ മുകളിൽ വരെ വണ്ടി കൊണ്ടുപോവാൻ സാധിക്കുമായിരുന്നു. വണ്ടി വെക്കുന്നിടത്തു നിന്നും ഏകദേശം 150 പടി കേറി ചെന്നാൽ മുള്ളയാന ഗിരിയുടെ മുകളിൽ എത്താം. കേറി ചെല്ലുമ്പോൾ ഉള്ള തളർച്ച അവിടെ നിന്നുള്ള വ്യൂ കാണുമ്പോൾ മാറും. വാക്കുകൾകൊണ്ട് വർണിക്കാൻ കഴിയാത്ത പോലെ സുന്ദരമാണ് ആ കാഴ്ച. മലബാർ മേഖലയിൽ നിന്നുള്ള ഒരുപാട് സ്കൂൾ കുട്ടികൾ അവിടെ ഉണ്ടായിരുന്നു, നമ്മുടെ ഭാഗത്തുളളവർ അധികം അറിഞ്ഞിട്ടില്ലാത്ത ഒരു സ്ഥലം ആണ് ചിക്മംഗ്ലലൂർ എന്നു അപ്പൊ തോന്നി.

മഹിന്ദ്ര താറിൽ സാഹസികമായി അതുവഴി വണ്ടി ഓടിക്കുന്നവരെയും കണ്ടു. മലയുടെ മുകളിൽ ഒരു അമ്പലവും ഉണ്ട്. അവിടെ നിന്നും ഇറങ്ങി ചിക്മംഗ്ലൂർ വന്നു ഊണു കഴിച്ചു, അവിടുത്തെ ഒരു സ്പെഷ്യൽ മിക്സ്‌ഡ് ഐസ്ക്രീം കഴിച്ചു വീട്ടിലേക് കൊണ്ടുപോവാൻ ചിക്മംഗ്ലൂർ സ്പെഷ്യൽ കോഫി മേടിച്ചു. അര കിലോ കോഫി പൌഡർ വെറും 200 രൂപ. വില കേട്ടപ്പോൾ ഞങ്ങൾ മുഖത്തോടു മുഖം നോക്കി അത്ഭുതപെട്ടു.നാല് കവർ വാങ്ങി ദേവന്റെ ബാഗിൽ വെച്ച് കെട്ടി. അപ്പോഴേക്കും സമയം ഏകദേശം 3 മണി ആയി. അന്നത്തെ ദിവസം ദേവന്റെ കൂട്ടുകാരൻ ജിതിന്റെ കൂടേ മേപ്പാടിയിൽ സ്റ്റേ ചെയ്യാൻ ആയിരുന്നു പ്ലാൻ. വയനാട് അടുത്തായതുകൊണ്ടാണ് അത്രേം നേരം അവിടെ ചിലവഴിച്ചതു. അങ്ങനെ ചിക്മംഗ്ലൂറിനോട് യാത്ര പറഞ്ഞു പുറപ്പെട്ടു.

വീണ്ടും ഹാസ്സൻ വഴി പോണല്ലോ എന്നോർത്ത് വേറെ ഏതെങ്കിലും വഴി ഉണ്ടോന്നു നോക്കി നോ രെക്ഷ. ഇത്തവണ അധികം ചുറ്റണ്ടി വന്നില്ല പെട്ടന്ന് വഴി കണ്ടു പിടിച്ചു. കർണാടക സ്റ്റേറ്റ് ഹൈവേ 21, ഞങ്ങൾ ഇതുവരെ വണ്ടി ഓടിച്ചിട്ടുള്ള എല്ലാ റോഡുകളേക്കാളും ഗംഭീരം ആയിരുന്നു ആ വഴി. ചിക്മംഗ്ലൂർ പോയി വരുന്നവർ തീർച്ചയായും ആ വഴിയേ വരണം കുടകിലാണ് ആ വഴി എത്തുന്നത്. രണ്ടു വശങ്ങളിലും അടിപൊളി വ്യൂ ആണ്. ഏകദേശം 6 pm ആയപ്പോൾ ഗോണീകോപ്പാലിലേക്ക് തിരിയുന്ന കാട്ടുവഴിയിൽ ഞങ്ങൾ എത്തി. കുടകിലേക്കുള്ള വഴിയിൽ ഒരു സ്ഥലത്ത്‌ എത്തിയപ്പോൾ കുറച്ചു വണ്ടികൾ നിറുത്തി ഫോട്ടോ എടുക്കുന്നതുകണ്ടു നോക്കിപ്പോൾ, നല്ല ഒർജിനൽ കാട്ടാന ഒറ്റ കൊമ്പൻ ആണ്. നിലത്തു നിന്ന് പൊടിയോക്കെ വാരി ദേഹത്ത് എറിഞ്ഞു എന്തോ കലിപ്പിൽ ആയിരുന്നു പുള്ളി. ഒന്നു രണ്ടു ഫോട്ടോ എടുത്ത ശേഷം അവിടുന്ന് പറന്നു.

വയനാട്ടിലേക്ക് തിരിയുന്ന വഴിയിൽ കൂർഗ് ഡയിൻ എന്ന റസ്റ്റ്‌റ്റോറന്റിൽ കേറി ആഹാരം കഴിച്ചു. അവിടെ നിന്നും കോഫീ കുടിക്കാൻ മറന്നില്ല.അവിടുന്ന് ഏകദേശം 7.30 മണി ആയപ്പോൾ വളരെ അപകടം പിടിച്ച കുട്ട – കാട്ടികുളം – മാനന്തവാടി റോഡിലൂടെ ഉള്ള യാത്ര തുടങ്ങി. ഇതുവരെയുള്ള യാത്രയുടെ 90% ഞാൻ തന്നെയാണ് ലീഡ് ചെയ്തത് അപ്പോൾ ഒന്നും തോന്നാത്ത ഒരു പേടി തോന്നി എന്നാലും രണ്ടും കല്പിച്ചു മുന്നേ വിട്ടു. സ്പീഡ് 50-60 km മൈന്റൈൻ ചെയ്താണ് ഓടിച്ചത്. ഒരു മനുഷ്യനെ പോലും കാണാൻ ഇല്ല, കാപ്പി തോട്ടങ്ങൾക്കിടയിലൂടെ പതിയെ ശ്രദ്ധയോടെ റൈഡ് ചെയ്തു. പെട്ടന്ന് എവിടുന്നാ ദേഹത്ത് കുറെ വെള്ളം വന്നു വീണു. പെട്ടന്ന് ഞെട്ടി പോയി എങ്കിലും കാപ്പി തോട്ടത്തിൽ വെള്ളം നനക്കുന്നത് ആണെന്ന് മനസ്സിൽ ഉറപ്പിച്ചു വണ്ടി നിർത്താതെ വിട്ടു. കുട്ടയും തോൽപെട്ടിയും കഴിഞ്ഞു കാട്ടികുളം എത്തിയപ്പോൾ ആണ് വണ്ടി നിർത്തിയത്. കാട്ടികുളത്തിനു എന്റെ ജീവിതത്തിൽ ഒരു വല്ല്യ സ്ഥാനം ഉണ്ട്. ചെറുപ്പത്തിൽ കേട്ട ഒരുപാട് കഥകളിൽ കാട്ടികുളം ഉണ്ട്. എന്റെ അമ്മ മൂന്നാം ക്ലാസ്സ്‌ വരെ അവിടെയാണ് പഠിച്ചത്.

അവിടുത്തെ ഒരു തട്ടുകടയിൽ നിന്നും നല്ല വയനാടൻ കാപ്പി വാങ്ങി തണുപ്പത്ത്‌ അതിന്റെ ചൂട് ആസ്വദിച്ചു കുടിച്ചു. തുടർന്നങ്ങോട്ട്‌ റോഡിന്റെ അവസ്ഥ നല്ല പരിതാപകരം ആയിരുന്നു മാനന്തവാടി ബൈപ്പാസ് എന്നു കണ്ട റോഡിലൂടെ പോയതും നടുവിന്റെ പരിപാടി തീർന്നു. കിണറുപോലുള്ള കുഴികൾ ആയിരുന്നു റോഡിൽ. കുറച്ചു കഴിഞ്ഞപ്പോൾ റോഡ് നന്നായി, കല്പറ്റയിലേക്കുള്ള റോഡ് അടിപൊളി ആയിരുന്നു. കല്പറ്റ ബൈപാസ്സ് കയറി മേപ്പാടിയിലേക്കുള്ള റോഡിൽ കയറി യാത്ര തുടർന്നു ആ റോഡും നല്ലതായിരുന്നു. മേപ്പാടി എത്തുന്നതിനു മുൻപ് ഞങ്ങളെ കാത്തു ദേവന്റെ ചങ്ക് ജിതിൻ നിൽപുണ്ടായിരുന്നു. പെട്ടന്ന് തന്നെ അവിടുത്തെ ഫ്രണ്ട്സുമായി കമ്പനി ആയി. കുറേനേരം സംസാരിച്ചിരുന്നു, ഏതാണ്ട് ഒരുമണി ആയപ്പോൾ കിടന്നുറങ്ങി.

ഡേ -3 :-പിറ്റേ ദിവസം അധികം കറങ്ങാൻ ഒന്നും പ്ലാൻ ഇട്ടിരുന്നില്ല എന്നാലും ചെമ്പ്ര പീക്ക് കാണാൻ പോവാൻ തീരുമാനിച്ചിരുന്നു. പക്ഷെ അതിനു ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായില്ല. തലേദിവസം മേപ്പാടിയിലേക്ക് വരുന്ന വഴിക്ക് മലമുകളിൽ എന്തോ വള്ളി പോലെ തെളിഞ്ഞു നിൽക്കുന്നതു കണ്ടിരുന്നു അത് ചെമ്പ്ര കത്തിയത് ആയിരുന്നു എന്നു നാട്ടുകാർ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. ഇപ്പൊ അങ്ങോട്ട്‌ പോവണ്ട ഫോറെസ്റ്റ്കാർ നല്ല തല്ലു തരും എന്നു പറഞ്ഞകൊണ്ട് ആ മോഹം അവസാനിപ്പിച്ചു യാത്ര തിരിച്ചു വീട്ടിലേക്ക്. പോരുന്ന വഴി ഒരു ഹോട്ടലിൽ കയറി പൊറോട്ടയും മുട്ട റോസ്റ്റഉം പിന്നെ കോഫിയും കുടിച്ചു.

ലക്കിടി വ്യൂ പോയിന്റിൽ നിന്നും താമരശ്ശേരി ചുരത്തിന്റെ കുറച്ചു നല്ല ചിത്രങ്ങൾ ക്യാമെറയിൽ പകർത്തി ശേഷം യാത്ര തുടർന്നു. തലേദിവസത്തെ പൊട്ടിപൊളിഞ്ഞ വഴിയിലൂടെയുള്ള യാത്രയുടെ വേദന അപ്പോഴും നടുവിൽ നിന്നും മാറിയിട്ടുണ്ടായിരുന്നില്ല. യാത്ര കോഴിക്കോട് നാഷണൽ ഹൈവേ 66 എത്തിയപ്പോൾ അന്തരീക്ഷം ആകെ മാറിയിരുന്നു നല്ല ചൂട്. ഗുരുവായൂർ എത്തി ആഷിഖിനെ കാണാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. അത്കൊണ്ട് യാത്ര NH 66 വഴി തുടർന്നു. തിരുനാവായ എത്തിയപ്പോൾ വറ്റി വരണ്ട ഭാരത പുഴ കണ്ടു. നമ്മുടെ നാടിന്റെ സംസ്കാരം പേറി ഒഴുകിയ ആ പുഴ അങ്ങിനെ കിടക്കുന്നതു കണ്ടപ്പോൾ പ്ലസ് ടുവിനു പഠിച്ച ഇടശ്ശേരിയുടെ വരികൾ ആണ് ഓർമ വന്നത്.

“അംബ പേരാറേ നീ മാറിപോമോ ആകുലയാമോരഴുക്കു ചാലായ് ” അങ്ങനെ ആയി മാറിയിരിക്കുന്നു നിളാ നദി ഇപ്പോൾ. അന്ന് നിറഞ്ഞോഴുകിയപ്പോൾ ആണ് ഇടശ്ശേരി അത് പറഞ്ഞത് എന്നത് നമുക്ക് ഒരു അത്ഭുതം ആയി തോന്നും. യാത്ര തുടർന്നു കോട്ടക്കൽ എത്തി , V H അവിൽ മിൽക്കിൽ നിന്നും അതും കുടിച്ചു ക്ഷീണം അകറ്റി യാത്ര തുടർന്നു. പൊന്നാനി എത്തിയപ്പോൾ ഒരു ഹോട്ടലിൽ കയറി നല്ല കിടു മലബാറി ബിരിയാണി കഴിച്ചു പിന്നെ മറക്കാതെ കോഫിയും.

ഏകദേശം ഒരു അഞ്ചു മണി ആയപ്പോൾ ആഷിഖിന്റെ അടുത്ത് എത്തി. ഒരുമണിക്കൂർ ഞങ്ങൾ നാലുപേരും കൂടി സംസാരിച്ചു നിന്നു. അവൻ ചിക്കിങ്ങിൽ വർക്ക്‌ ചെയ്യുന്നകൊണ്ട് ഒരു വല്ല്യ 7upഉം മിനറൽ വാട്ടറും സ്പോൺസർ ചെയ്യിപ്പിച്ചു. പിന്നീടങ്ങോട്ട്‌ മൊത്തം ബ്ലോക്ക്‌ ആയിരുന്നു വടക്കൻ പറവൂർ മുതൽ, കൂടെ ഒന്നും നോക്കാതെ ഉള്ള ആളുകളുടെ റോഡ് മുറിച്ചുകടക്കലും എല്ലാം കൊണ്ടും വട്ടായി. അങ്ങനെ പയ്യെ പയ്യെ ഇടപ്പള്ളി എത്തി അവിടുന്ന് വൈറ്റില -ത്രിപ്പൂണിത്തുറ വഴി, യാത്ര തുടങ്ങിയ പള്ളിക്കവലയിൽ എത്തി. ഫോട്ടോയും മറ്റും കൈമാറിയ ശേഷം എന്തൊക്കെയോ ആലോചിച്ചു കുറേ നേരം സംസാരിച്ചു നിന്നു. ട്രിപ്പ് അവസാനിക്കുമ്പോൾ ഉള്ള ആ വിഷമം ശെരിക്കും എന്നെ ബാധിച്ചിരുന്നു. അങ്ങനെ കോഫി തേടിയുള്ള ആ യാത്ര അവസാനിച്ചു, അടുത്ത ട്രിപ്പ് എങ്ങോട്ടാവും എന്നു ആലോചിച്ചുകൊണ്ട്.

പ്ലീസ് നോട്ട് :- കോഫി അധികം കുടിച്ചാൽ dehydration ഉണ്ടാവും അത്കൊണ്ട് നന്നായി വെള്ളം കുടിക്കുക. (വിവരണം – പവിന്‍ പവിത്രന്‍).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply