ഒരു ലോറി ഡ്രൈവറുടെ ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങൾ

ലോക്ക് ഡൌൺ കാലത്തു 4 സംസ്ഥാനങ്ങളിൽ കൂടി ലോറിയിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് കോട്ടയം സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ….

“ആദ്യമേ തന്നെ പറയാം ലോക്ക് ഡൗണിൽ ഏറ്റവും കൃത്യമായി സർക്കാർ നിർദേശം പാലിച്ച സംസ്ഥാനം കേരളം തന്നെ ഒരു സംശയവും വേണ്ട അതിന്. അത് സർക്കാർ സംവിധാനവും ജനങ്ങളും വളരെ നന്നായി തന്നെ കേരളത്തിൽ പ്രവർത്തിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ജനങ്ങൾ സർക്കാർ നിർദേശം കൃത്യമായി പാലിച്ചു എന്നാണ് ഈ യാത്രകളിൽ എനിക്ക് മനസിലായത്. കേരളം കഴിഞ്ഞാൽ കർണ്ണാടക ആണ് നന്നായി പ്രവർത്തിച്ചത്. അത് കൊണ്ടാവാം ഈ സംസ്ഥാനങ്ങളിൽ രോഗികൾ ഇത്രേം കുറഞ്ഞതും.

ആദ്യലോക്ക് ഡൗണിനു ശേഷം പ്രധാനമന്ത്രി വീണ്ടും നിയന്ത്രണം നീട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് സുഹൃത്ത് വിളിച്ചു ചോദിച്ചത് ലോറിയിൽ പോരുന്നോ എന്ന്. കൊറോണ ആയോണ്ട് മിക്കവരും പേടിച്ചിട്ടു മുംബൈ ഒന്നും പോകുന്നില്ല. അതിനാൽ ശമ്പളവും കൂടുതൽ ആണ്, യാത്രയും സുഖമാണെന്ന്. എന്തും വരട്ടെ എന്ന് കരുതി പോകാൻ ഇറങ്ങി. ആദ്യ ലോഡ് കയറ്റാൻ ചെന്നപ്പോള് തന്നെ ഒരു കാര്യം മനസിലായി. നമ്മൾ ചെയ്യുന്നതും വലിയൊരു സേവനം തന്നെ ആണെന്ന്. കാരണം വിളവെടുക്കാറായ പൈൻആപ്പിൾ വണ്ടിയും വിപണിയും ഇല്ലാതെ വിഷമിക്കുന്ന കർഷകരുടെ ദുഃഖം. സാധാരണ ലോഡ് കയറ്റാൻ പോകുമ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നു പൂർണ്ണമായും ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മലയാളികൾ ആയിരിക്കുന്നു.

യാത്രയിൽ ഏറ്റവും സന്തോഷം തോന്നിയത് വാഹനത്തിരക്ക് ഇല്ലാത്തത് ആയിരുന്നു. സുഖമായ യാത്രകൾ… മഹാരാഷ്ട്രയിലൂടെയും കർണ്ണാടകയിലുമൊക്കെ രാത്രി ഹൈവേകളിൽ കൂടി വണ്ടി ഓടിക്കുമ്പോൾ മിനിറ്റുകളോളം എതിരെ പോലും ഒരു വണ്ടി വരാത്തത് സത്യത്തിൽ പേടി തോന്നുക പോലും ചെയ്തു. ഏറ്റവും ദുഃഖം തോന്നിയത് ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം തന്നെ ആണ്. വഴി നീളെ ആളുകൾ വണ്ടിക്ക് കൈ നീട്ടുക ഉണ്ടായി. കൈകുഞ്ഞിനേയും ആയി ആയിരക്കണക്കിന് കിലോമീറ്റർ നടക്കുന്ന കുടുംബങ്ങളെ കണ്ടു.

അവരെ ഒക്കെ വണ്ടിയിൽ കയറ്റി കൊണ്ട് പോകാൻ ആഗ്രഹം ഉണ്ടായിരുന്നു. എങ്കിലും പോലീസ് നടപടി ഭയന്ന് കയറ്റി ഇല്ല. എങ്കിലും ഒന്നോ രണ്ടോ പേരൊക്കെ കൈ നീട്ടിയപ്പോൾ എന്തും വരട്ടെ കയറ്റി കൊണ്ട് പോയേക്കാം എന്ന് മനസാക്ഷി പറഞ്ഞപ്പോൾ അറിയാതെ ബ്രേക്കിൽ കാലു അമർന്നു. അതിൽ മുംബൈ പനവേലിൽ ഒരു ടോൾ ബൂത്തിനു അരികിൽ നിന്ന് എന്നോട് ഒരുപാട് അപേക്ഷിച്ചു ചോദിച്ചപ്പോൾ ലിഫ്റ്റ് കൊടുത്തു.

യാത്രക്കിടെ സംസാരത്തിൽ ജോലി മുംബൈയിൽ ആയിരുന്നെന്നും, കുടുംബം ബെൽഗാവ് ആണെന്നും പറഞ്ഞു. ഭക്ഷണമോ പണമോ ഇല്ലാതെ മടുത്തു. എങ്ങനെങ്കിലും വീട് അണയുക എന്ന ലക്ഷ്യത്തിൽ ഇറങ്ങി തിരിച്ചതായിരുന്നു അവർ. എങ്കിലും രാത്രി ഞങ്ങൾ രണ്ടു പുരുഷന്മാർക്ക് ഒപ്പം വരാൻ ആ സ്ത്രീ കാണിച്ച ധൈര്യത്തെ നിവൃത്തികേട് എന്ന് വിളിക്കാൻ ആണ് എനിക്ക് തോന്നിയത്. ഇങ്ങനെ കുറെ ആളുകളെ വഴിക്കു പരിചയപ്പെടാൻ കഴിഞ്ഞു. ഇവരിൽ എല്ലാം കണ്ടത് ഒരേ വികാരം മാത്രം. ജോലി നഷ്ടമായി, നാളത്തെ ജീവിതം എന്താകുമെന്ന് ഒരു ഊഹവും ഇല്ല. എങ്ങനെങ്കിലും സ്വന്തം നാട് അണയുക. പട്ടിണി ആണെങ്കിലും സ്വന്തം വീട്ടിൽ കിടക്കാല്ലോ എന്ന ഒരു ലക്‌ഷ്യം മാത്രം.

അവസാന ട്രിപ്പ് ബാംഗ്ലൂർ ആയിരുന്നു. ഇനി നിർത്താം, നാട്ടിൽ വന്നു ക്വൊറന്റീനിൽ പോയേക്കാം എന്ന് കരുതി വരുമ്പോൾ വാളയാറിൽ ഉണ്ടായിരുന്ന ആരോഗ്യപ്രവർത്തകരോട് നാട്ടിൽ വന്നു എങ്ങനെ 14 ദിവസം കഴിയണം എന്ന് ചോദിച്ചു, അവർ എല്ലാ നിർദ്ദേശവും തന്നു. കൂട്ടത്തിൽ ഒരു ഡോക്ടർ ഒരു കാര്യം പറഞ്ഞത് കേട്ടപ്പോൾ ഉണ്ടായ സന്തോഷത്തിനു കണക്കില്ല.

“എടോ ലോറിക്കാരോട് ഞങ്ങൾക്ക് ബഹുമാനം മാത്രേ ഉള്ളൂ. കാരണം അതോണ്ട് കുറച്ചൊക്കെ ഇളവുകൾ ലോറിക്കാർക്കു കൊടുക്കാറും ഉണ്ട്. കാരണം ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ കാര്യങ്ങൾ ഇത്രേം സങ്കീര്ണമായിട്ടും നിങ്ങൾ ധൈര്യപൂർവം ഓടുന്ന കൊണ്ടാണ് ഓരോ നാട്ടിലും കൃത്യമായി ഭക്ഷണവും മരുന്നും എല്ലാം എത്തുന്നത്.”

ജോലിക്കു എത്ര കൂടുതൽ കൂലി കിട്ടിയാലും ഉണ്ടാവുന്നതിനെക്കാൾ ആയിരം ഇരട്ടി സന്തോഷം ആയിരുന്നു ആ വാക്കുകൾ എന്നിലെ ഡ്രൈവർക്കു ഉണ്ടാക്കിയത്. അദ്ദേഹത്തോട് സന്തോഷത്തോടെ യാത്ര പറഞ്ഞുകൊണ്ട് നാട്ടിൽ വന്നു. 14 ദിവസങ്ങൾക്കു ശേഷം വീണ്ടും ജോലിക്കു പോയി തുടങ്ങി.

ഈ യാത്രകളിൽ മനസിലായത് നമ്മുടെ നാട് തന്നെ നമ്പർ 1. കാരണം ഓരോ മൂക്കിലും കൈകഴുകാൻ ആവശ്യമായ സൗകര്യങ്ങൾ നല്ല രീതിയിൽ ഉള്ള ആരോഗ്യപ്രവർത്തനം കൂടാതെ കേരളത്തിലെ യാത്രകളിൽ ഒരിക്കലും ഭക്ഷണത്തിനു മുട്ട് ഉണ്ടായിട്ടില്ല. ഓരോ നേരവും എവിടെങ്കിലുമൊക്കെ സന്നദ്ധപ്രവർത്തകർ നമ്മുക്ക് ഭക്ഷണം തരുമായിരുന്നു. അങ്ങനെ കിട്ടിയില്ലെൽ പോലീസ് ചെക് പോയിന്റിൽ ചോദിച്ചാൽ അവർ നമ്മുക്ക് ഭക്ഷണവും വെള്ളവും തരും. കേരളത്തിലെ പോലീസുകാർ അത്രക്ക് കരുതൽ ആയിട്ടാണ് നമ്മളോട് പെരുമാറിയത്. നന്ദി…”

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply