തവാങ് : അരുണാചൽ മലനിരകളിലൂടെ ഒരു യാത്ര !!

വിവരണം – മനേഷ് കുമാര്‍.

തവാങ് എന്ന സ്ഥലനാമം എപ്പോഴാണ് മനസ്സിൽ കയറിക്കൂടിയതെന്നറിയില്ല. ചെറുപ്പം മുതൽ തന്നെ പോകാൻ വളരെയധികം ആഗ്രഹിച്ചിരുന്ന സ്ഥലമാണ് തവാങ്. സഞ്ചാരി ഗ്രൂപ്പിലെ തന്നെ ശ്രീ. ജുനൈദ് ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ വിവരണം വായിച്ചുകഴിഞ്ഞപ്പോൾ, തവാങ് യാത്ര ഉറപ്പിച്ചു. സ്ഥിരം സഹയാത്രികനായ ഹരികുമാറിനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിനും സമ്മതം. തവാങിൽ മഞ്ഞുമഴ കൂടുതലാകാനിടയുള്ള ജനുവരിയിൽ തന്നെ പോകാൻ തീരുമാനമായി. അതനുസരിച്ച് മുൻകൂറായി പത്ത് ദിവസത്തേയ്ക്ക് അവധിയ്ക്കുള്ള അപേക്ഷയും നൽകി. തിരുവനന്തപുരത്ത് നിന്നും ഗുവാഹതിയിലേയ്ക്കുള്ള വിമാനടിക്കറ്റും എടുത്തു. വളരെ നേരത്തേ ബുക്ക് ചെയ്തതിനാൽ കുറഞ്ഞ നിരക്കിൽ തന്നെ ടിക്കറ്റ് തരപ്പെട്ടു.

ഹരികുമാറിന്റെ സുഹൃത്ത് ഷെബി കൂടി യാത്രയിൽ താല്പര്യം പ്രകടിപ്പിച്ചതിനാൽ അദ്ദേഹത്തെയും ഞങ്ങളുടെ ടീമിൽ ഉൾപ്പെടുത്തി. അങ്ങനെ ജനുവരി 22 നു രാവിലെ 10.30 നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട് വൈകിട്ട് 7.30 നു ഗുവാഹതിയിലെത്തി. നോർത്ത് ഈസ്റ്റിലേയ്ക്ക് ആദ്യമായി യാത്ര ചെയ്യുന്നതായതുകൊണ്ട് ട്രാവലോഎർത്ത് ഏജൻസി വഴി മുൻകൂട്ടി ടാക്സിയും ഹോട്ടലുകളും ബുക്ക് ചെയ്തിരുന്നു. എയർപോർട്ടിൽ ഞങ്ങളെ കാത്ത് ഞങ്ങളുടെ ട്രാവൽ ഏജന്റ് ബിക്രം ഭായി നിൽപ്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ കാറിൽ റോയൽ ഹെറിറ്റേജ് ഹോട്ടലിൽ കൊണ്ടാക്കിയിട്ട്, രാവിലെ എത്താമെന്ന് പറഞ്ഞ് മടങ്ങി.

ഒന്നാം ദിവസം : തവാങ് യാത്രയുടെ ആദ്യദിവസം ഗുവാഹതി മുതൽ ഭലൂക്പോങ് വരെയാണു പ്ലാൻ ചെയ്തിരിക്കുന്നത്. ഭലൂക്പോങിലേയ്ക്ക് ഏകദേശം 200 കിലോമീറ്ററിലധികം ദൂരമുണ്ട്. ശൈത്യകാലമായതിനാൽ ഗുവാഹതിയിൽ തന്നെ അത്യാവശ്യം നല്ല തണുപ്പുണ്ട്. റോയൽ ഹെറിറ്റേജ് ഹോട്ടലിൽ നിന്നും പ്രഭാതഭക്ഷണം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങടെ സാരഥി എത്തി. അമീർ ഹുസ്സൈൻ എന്ന ആസാമീസ് ചെറുപ്പക്കാരൻ ഞങ്ങളെ അദ്ദേഹത്തിന്റെ ഇന്നോവ കാറിലേയ്ക്ക് നയിച്ചു. മലഞ്ചരിവുകളിലൂടെയും ചുരങ്ങളിലൂടെയുമുള്ള യാത്രയായതിനാൽ സുരക്ഷ കൂടി മുൻ നിർത്തിയാണു ഇന്നോവ ഏർപ്പാടാക്കിയത്.

രാവിലെ 9 മണിക്ക് ഞങ്ങൾ ഹോട്ടലിൽ നിന്നും പുറപ്പെട്ടു.‌ ആദ്യത്തെ ദിവസം ഞങ്ങളുടെ യാത്രയിൽ വിശേഷിച്ച് ഒന്നുമുണ്ടായിരുന്നില്ല. ദിസ്പൂരെത്തുന്നതിനുമുമ്പ് ബ്രഹ്മപുത്രാനദിയ്ക്ക് കുറുകേയുള്ള കാലിയ ഭൊമോറ പാലവും പിന്നിട്ട് ഞങ്ങൾ യാത്ര തുടർന്നു. മൂന്ന് കിലോമീറ്ററിലധികം നീളമുള്ള ഈ പാലത്തിനു കനത്ത സെക്യൂരിറ്റിയാണു സർക്കാർ ഏർപ്പെടിത്തിയിരിക്കുന്നത്. ദിസ്പൂരെത്തുന്നതിനു മുമ്പ് അല്പം മാറി സഞ്ചരിച്ചാൽ ഒറാങ് നാഷണൽ പാർക്കിലെത്താം.

ബ്രഹ്മപുത്രാ നദിയുടെ വടക്കൻ തീരത്തോടുചേർന്നാണു ഒറാങിലെ രാജീവ് ഗാന്ധി നാഷണൽ പാർക്ക്. ഗുവാഹതിയിൽ നിന്നും 140 കിലോമീറ്ററും ദിസ്പൂരിൽ നിന്നും 32 കിലോമീറ്ററുമാണ് ഇവിടത്തേയ്ക്കുള്ള ദൂരം. വംശനാശഭീഷണി നേരിടുന്ന പല വന്യമൃഗങ്ങളുടേയും ആവാസകേന്ദ്രമാണു ഒറാങ് നാഷണൽ പാർക്ക്. സിംഗിൾ ഹോൺഡ് റിനോസെറസ്, റോയൽ ബംഗാൾ ടൈഗർ, ഏഷ്യാറ്റിക് എലിഫന്റ്, പിഗ്മി ഹോഗ്, ഹോഗ് ഡിയർ തുടങ്ങി അപൂർവമായി കാണുന്ന വന്യമൃഗങ്ങൾ ഈ സാങ്ച്വറിയിൽ ഉണ്ട്. 50 രൂപയാണ് പ്രവേശനഫീസ്. ഒറാങ് നാഷണൽ പാർക്കും ടൈഗർ റിസർവും മുഴുവൻ കാണണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ടിവരുമെന്നതിനാൽ ആ ശ്രമം ഞങ്ങൾ ഉപേക്ഷിച്ചു. ദിസ്പൂരിൽ നിന്നും ഉച്ചഭക്ഷണവും കഴിച്ച്, ഞങ്ങൾ ഭലൂക്പോംഗിലേയ്ക്ക് തിരിച്ചു.

ദിസ്പൂരിലും പരിസരപ്രദേശങ്ങളിലുമായി നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്. നഗരമധ്യത്തിലുള്ള ചിത്രലേഖാ ഉദ്യാൻ, ചരിത്രപ്രാധാന്യമുള്ള അഗ്നിഗഡ്ഡ് , ബാമുനി ഹിൽസ്, മഹാഭൈരവ ടെമ്പിൾ തുടങ്ങിയവ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. കാസിരംഗ നാഷണൽ പാർക്കിലേയ്ക്ക് ദിസ്പൂരിൽ നിന്നാണ് തിരിഞ്ഞുപോകേണ്ടത്. ഞങ്ങളുടെ മടക്കയാത്രയിൽ കാസിരംഗ ദേശീയ ഉദ്യാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ദിസ്പൂരിൽ നിന്നും ഭലൂക്പോങിലേയ്ക്കുള്ള വഴിയിൽ ജിയാ ഭരോളി നദിയുടെ മറുകരയിലായാണു നമേരി നാഷണൽ പാർക്ക്. നേരത്തേ ഒറാങ് നാഷണൽ പാർക്കിൽ ഉണ്ടെന്നുപറഞ്ഞ വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കാസിരംഗയിലും നമേരി നാഷണൽ പാർക്കിലും കാണാവുന്നതാണ്.

നമേരി നാഷണൽ പാർക്കും പിന്നിട്ട് വൈകിട്ട് 4 മണിയോടെ ഞങ്ങൾ ഭലൂക്പോങിലെത്തി. വൈകിട്ട് 4.30 ആണു ഈ മേഖലയിലെ സൂര്യാസ്തമനസമയം. അപ്പർ ഭലൂക്പോങിലെ മണ്ഡൽ ഗഞ്ച് ഹോട്ടലിലാണു ഞങ്ങൾക്ക് താമസസൗകര്യമേർപ്പെടുത്തിയിരുന്നത്.

രണ്ടാം ദിവസം : രാവിലെ 6 മണിയ്ക്ക് തന്നെ എഴുന്നേറ്റ് പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങൾ തയ്യാറായി. 8 മണിയ്ക്ക് ഞങ്ങൾ പുറപ്പെട്ടു. തവാങ്ങിലേയ്ക്കുള്ള മലകയറ്റം ആരംഭിയ്ക്കുന്നത് ഭലൂക്പോങ്ങിൽ നിന്നാണു. ഭലൂക്പോങ്ങിൽ നിന്നും മൂന്ന് കിലോമീറ്റർ പിന്നിടുമ്പോൾ ടിപ്പി എന്ന സ്ഥലത്തെത്തും. അരുണാചൽ സർക്കാരിന്റെ അധീനതയിലുള്ള ഓർക്കിഡ് ഇൻസ്റ്റിറ്റ്യൂട്ട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വിവിധ തരത്തിലുള്ള ഓർക്കിഡുകളുടെ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്. ഓർക്കിഡുകളെ കുറിച്ച് ഗവേഷണം നടത്തുന്നവർക്ക് തീർച്ചയായും ഉപകാരപ്രദമാണു ഈ ഇൻസ്റ്റിറ്റ്യൂട്ട്. പത്ത് രൂപയാണ് പ്രവേശനഫീസ്. ഒരു മണിക്കൂർ കൊണ്ട് ഓർക്കിഡേറിയം സന്ദർശനം പൂർത്തിയാക്കി ഞങ്ങൾ ദിരാങ്ങിലേയ്ക്ക് തിരിച്ചു.

യാത്രയുടെ ദുർഘടമായ ഘട്ടം ഇവിടെ നിന്നും ആരംഭിയ്ക്കുകയാണു. പല സ്ഥലങ്ങളിലും റോഡുപണി നടക്കുകയാണു. അതുകൂടാതെ മലയിടിച്ചിൽ ഉള്ള സ്ഥലങ്ങളും വഴിയിലുടനീളം കാണാം. റോഡിന്റെ പരിപാലനചുമതല ബോർഡർ റോഡ്സ് ഓർഗനൈസേഷനാണു. ഉറപ്പില്ലാത്ത, ഉരുളൻ കല്ലുകൾ നിറഞ്ഞ ഹിമാലയൻ മണ്ണിലൂടെയുള്ള റോഡ് നിർമ്മാണം ബി.ആർ.ഓ. യ്ക്ക് ശരിക്കും വെല്ലുവിളിയാണു. സഞ്ചാരപാതയിൽ പല സ്ഥലങ്ങളിലും റോഡുനിർമ്മാണം തകൃതിയായി നടക്കുകയായിരുന്നു.

ദിരാങ്ങിലേയ്ക്ക് അടുക്കുന്തോറും പട്ടാളക്യാമ്പുകളുടെ എണ്ണം കൂടിക്കൂടി വരുന്നത് കാണാവുന്നതാണ്. ടെങ്കാവാലിയിൽ നിന്നും ഉച്ചഭക്ഷണവും കഴിച്ച്, വൈകിട്ട് 3 മണിയോടെ ഞങ്ങൾ ബോംഡിലയിൽ എത്തി. ബോംഡിലാപാസ് സമുദ്രനിരപ്പിൽ നിന്നും 9000 അടി ഉയരത്തിലുള്ള സ്ഥലമാണ്. 3 മണിയ്ക്ക് പോലും കാറിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്തരീതിയിലുള്ള തണുപ്പാണു.

ബോംഡില കഴിഞ്ഞാൽ പിന്നെ മലയിറക്കമാണു. കോടമഞ്ഞ് കാരണം വാഹനങ്ങൾ വളരെ വേഗത കുറച്ചാണു പോകുന്നത്. 4 മണിയോടെ ഞങ്ങൾ ദിരാങ്ങിലെത്തി. അവിടെ ആവൂ റിസോർട്ടിലാണു ഞങ്ങൾക്ക് താമസസൗകര്യമൊരുക്കിയിരുന്നത്. പുറത്തെ തണുപ്പുകാരണം നേരത്തേതന്നെ ഞങ്ങൾ മുറിയിലേയ്ക്കൊതുങ്ങി.

മൂന്നാം ദിവസം : രാവിലെ തന്നെ എല്ലാവരും യാത്രക്കായി തയ്യാറായി. ആകാംഷയോടെ കാത്തിരിക്കുന്ന സേലാപാസിലൂടെയാണു ഇന്നത്തെ യാത്ര. പ്രഭാതഭക്ഷണത്തിനുശേഷം പുറപ്പെട്ട ഞങ്ങൾ, പോകുന്ന വഴിയിലുള്ള ദിരാങ് മൊണാസ്റ്റ്രി സന്ദർശിച്ചു. വളരെ വൃത്തിയോടെ പരിപാലിക്കുന്ന ഒരു ആരാധനാലയം. കുറച്ചുനേരം അവിടെ ചെലവഴിച്ചശേഷം ഞങ്ങൾ സേലാപാസിലേയ്ക്ക് പുറപ്പെട്ടു. ദിരാങിൽ നിന്നും നാലഞ്ച് ചെറിയ മലകൾ കഴിഞ്ഞാണ് സേലയിലേയ്ക്കുള്ള മലകയറ്റം ആരംഭിയ്ക്കുന്നത്.

അടിവാരത്തെത്തിയ ഞങ്ങൾ വെള്ളവും പഴങ്ങളും വാങ്ങി, തൊട്ടടുത്തുള്ള ന്യുക്മാദംഗ് വാർ മെമ്മോറിയലും സന്ദർശിച്ച് മലകയറ്റം ആരംഭിച്ചു. പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ കാരണം റോഡുപണി നടക്കുകയാണു. ബി.ആർ.ഓ. യുടെ റോഡുപരിപാലനത്തിലെ നൈപുണ്യം സമ്മതിക്കേണ്ടതുതന്നെയാണു. അടിവാരത്തുനിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ട് സേലാപാസിലേയ്ക്ക്. മുകളിലെത്താൻ മൂന്നുമണിക്കൂറോളം സമയമെടുത്തു. സേലാപാസ് അടുക്കുന്തോറും കാലാവസ്ഥയിൽ നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങി. പല സ്ഥലങ്ങളിലും നല്ല രീതിയിൽ മഞ്ഞ് വീണിട്ടുണ്ട്. മുകളിലേയ്ക്ക് അടുക്കുന്തോറും സൂര്യപ്രകാശം കുറഞ്ഞുതുടങ്ങി. പല സ്ഥലങ്ങളിലും വിസിബിലിറ്റി അഞ്ചുമീറ്ററിലും താഴെയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഞങ്ങൾ സേലാപാസിലെത്തി.

ഞങ്ങൾ സേലാപാസിലേയ്ക്കുള്ള പ്രവേശനകവാടത്തിനടുത്ത് ഇറങ്ങി. പല സ്ഥലങ്ങളിലും ഒരടിയ്ക്കുമീതെ മഞ്ഞ് മൂടിക്കിടക്കുന്നു. മഞ്ഞ് പെയ്തുകൊണ്ടിരിക്കുകയാണു. എല്ലാവരും തണുത്ത് വിറയ്ക്കുയാണു. ഇട്ടിരിക്കുന്ന സ്വെറ്ററുകളും ജാക്കറ്റുമൊന്നും തണുപ്പിനെ മറികടക്കാൻ പര്യാപ്തമായിരുന്നില്ല. സേലാപാസിലുള്ള സേലാതടാകം മുക്കാൽ ഭാഗത്തോളം തണുത്തുറഞ്ഞ് ഐസായി കിടക്കുകയാണ്. അര മണിക്കൂർനേരം സേലാപാസിലും തടാകത്തിനു ചുറ്റുമായി ചെലവഴിച്ചശേഷം ഞങ്ങൾ തിരികെ കാറിൽ കയറി. കാറിനകത്തെ ഹീറ്റർ ഓണാക്കിയപ്പോഴാണു എല്ലാവർക്കും സമാധാനമായത്.

സേലാപാസ്സിൽ നിന്നും തവാങിലേയ്ക്കുള്ള വഴിയിൽ 20 കിലോമീറ്റർ പിന്നിടുമ്പോളാണു ജസ്വന്ത് ഘർ. ഗഡ്വാൾ റൈഫിൾസിലെ റൈഫിൾമാനായിരുന്ന ജസ്വന്ത് സിംഗ് റാവത്തിന്റെ ഓർമ്മയ്ക്കായി ആർമി നിർമ്മിച്ച സ്മാരകമാണ് ജസ്വന്ത് ഘർ. സേലാപാസിൽ നിന്നും അരമണിക്കൂർ യാത്ര ചെയ്ത് ഞങ്ങക്ക് ജസ്വന്ത് ഘറിലെത്തി. വഴിയിലുടനീളം മഞ്ഞ് തണുത്തുറഞ്ഞ് ഐസായിക്കിടക്കുന്ന കാഴ്ചകൾ കാണാം. പ്രധാനവീഥിയുടെ വശത്തായി തന്നെയാണു ജസ്വന്ത് ഘർ. രോഡരികിൽ വാഹനം നിർത്തിയിട്ട് ഞങ്ങൾ ജസ്വന്ത് സ്മാരകത്തിലെത്തി. പട്ടാളക്കാർ സ്മാരകത്തിനു കാവലായി നിൽക്കുന്നുണ്ട്. അവർ ഞങ്ങളോട് ചരിത്രസ്മാരകത്തിന്റെ പ്രാധാന്യങ്ങൾ വിശദീകരിച്ചുതന്നു.

1962 ലെ ഇന്തോ ചൈനാ യുദ്ധത്തിൽ ചൈനക്കെതിരെ ഒറ്റയ്ക്ക് പടപൊരുതി രക്തസാക്ഷിത്വം വഹിച്ച ധീരയോദ്ധാവായിരുന്നു ജസ്വന്ത് സിംഗ്. തവാങ് പിടിച്ചടക്കി, അരുണാചലിന്റെ പകുതിയോളം കയ്യേറിയ ചൈനീസ് സൈന്യം, ജസ്വന്ത് സിംഗ് കാവൽ നിന്നിരുന്ന നൂറാനാംഗ് പോസ്റ്റിലേക്ക് അടുത്തപ്പോൾ പിൻവാങ്ങാനായിരുന്നു അദ്ദേഹത്തിനു കിട്ടിയ നിർദ്ദേശം. എന്നാൽ അത് വകവയ്ക്കാതെ ജസ്വന്ത് സിംഗും അദ്ദേഹത്തോടൊപ്പമുള്ള രണ്ട് കൂട്ടാളികളും നാട്ടുകാരുടെ സഹായത്തോടെ പ്രത്യാക്രമണം നടത്തി.

നൂറാനാംഗ് മലനിരകളിൽ പലഭാഗങ്ങളിലായി ആയുധങ്ങൾ വിന്യസിച്ച് നടത്തിയ ആക്രമണത്തിൽ മുന്നൂറോളം ചൈനീസ് ഭടന്മാർ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. മലയുടെ പലഭാഗങ്ങളിൽ നിന്നും ആക്രമണം നടത്തിയതിനാൽ മുകളിൽ ഇന്ത്യൻ സൈന്യത്തിലെ അധികം ജവാന്മാർ ഉണ്ടാകുമെന്ന് കരുതി ചൈനീസ് പട്ടാളത്തിനു മുന്നേറാനായില്ല. ഒടുവിൽ സൈന്യം 1962 നവംബർ 17 നു അദ്ദേഹത്തെ പിടികൂടി വധിക്കുകയും, തങ്ങളുടെ സേനയ്ക്ക് വൻ നാശം വരുത്തിയ അദ്ദേഹത്തിന്റെ തലയറത്ത്, ചൈനയിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു.

യുദ്ധം അവസാനിച്ചതിനുശേഷം സമാധാന ഉടമ്പടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ വെട്ടിയറുത്ത തലയും, വീരയോദ്ധാവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ശിരസ്സിന്റെ വെങ്കലപ്രതിമയും ചൈനീസ് സൈന്യം ഇന്ത്യൻ ആർമിയ്ക്ക് കൈമാറിയതായി ജസ്വന്ത് ഘറിനു കാവൽ നിൽക്കുന്ന പട്ടാളക്കാരും നാട്ടുകാരും ഞങ്ങളോട് പറഞ്ഞു. സൈന്യത്തിന്റെ ഔദ്യോഗികരേഖകൾ പ്രകാരം, ഇന്ത്യൻ ഭാഗത്ത് കനത്തനാശമുണ്ടാക്കിക്കൊണ്ടിരുന്ന MMG മീഡിയം മെഷീൻ ഗൺ ചൈനീസ് പട്ടാളത്തിന്റെ കയ്യിൽ നിന്നും പിടിച്ചെടുക്കാനായി നിയോഗിക്കപ്പെട്ട ഗഡ്വാൾ റൈഫിൾസിലെ പട്ടാളക്കാരായിരുന്നു ജസ്വന്ത് സിംഗ്, ത്രിലോക് സിംഗ് നേഗി, ഗോപാൽ സിംഗ് ഗുസൈൻ എന്നിവർ. ഓപ്പറേഷനിൽ ജസ്വന്ത് സിംഗും ത്രിലോക് സിംഗും വീരമൃത്യു വരിച്ചുവെങ്കിലും‌ ചൈനയുടെ MMG കണ്ടെടുക്കുകയും മുന്നൂറോളം പട്ടാളക്കാരെ വധിക്കുകയും ചെയ്യാൻ അവർക്ക് സാധിച്ചിരുന്നു.

രാഷ്ട്രം മരണാനന്തരബഹുമതിയായി മഹാവീരചക്രം നൽകി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹം കാവൽ നിന്നിരുന്ന നൂറാനാംഗ് പോസ്റ്റ് അദ്ദേഹത്തിന്റെ ഓർമയ്ക്കായി ജസ്വന്ത് ഘർ എന്ന പേരിൽ സ്മാരകമാക്കി. അതുകൂടാതെ ജീവിച്ചിരിക്കുമായിരുന്നെങ്കിൽ അദ്ദേഹത്തിനു ലഭിച്ചേക്കുമായിരുന്ന സ്ഥാനക്കയറ്റങ്ങളും ആനുകൂല്യങ്ങളും ആർമി ഇപ്പോളും അദ്ദേഹത്തിനു നൽകി വരുന്നു. ആർമിയുടെ രേഖകളിൽ അദ്ദേഹം ഇപ്പോഴും രാജ്യസേവനത്തിനായി സേനയിലുണ്ട്.

അദ്ദേഹത്തെ പരിചരിക്കുന്നതിനായി അര ഡസൻ പട്ടാളക്കാരെ ജസ്വന്ത് ഘറിൽ നിയോഗിച്ചിരിക്കുന്നു. രാവിലെ 4.30 നു ബെഡ് ടീ, 9 മണിയ്ക്ക് പ്രഭാതഭക്ഷണം, 7 മണിയ്ക്ക് രാത്രിഭക്ഷണം എന്നിവ മുടക്കം വരുത്താതെ നൽകുന്നു. ദിവസേന അദ്ദേഹത്തിന്റെ കിടക്ക, വസ്ത്രങ്ങൾ, ഷൂസ് എന്നിവ വൃത്തിയാക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ആ നാടിന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്ന് നാട്ടുകാർ അന്ധമായി വിശ്വസിക്കുന്നു.
ജസ്വന്ത് ഘറിൽ ഒരു മണിക്കൂറോളം ചെലവഴിച്ചശേഷം ഞങ്ങൾ മലയിറക്കം പുനരാരംഭിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അടിവാരത്തുള്ള ജംഗ് എന്ന സ്ഥലത്തെത്തി. അവിടെയുള്ള പ്രശസ്തമായ ജംഗ് ഫാൾസ് വെള്ളച്ചാട്ടവും കണ്ട്, വൈകിട്ട് ആറു മണിയോടെ ഞങ്ങൾ തവാങിലെത്തി. ഞങ്ങൾ എത്തിയപ്പോഴേക്കും നന്നായി നേരമിരുട്ടിയിരുന്നു. കൊടുംതണുപ്പിൽ നേരത്തേ ബുക്ക് ചെയ്തിരുന്ന തഷികാസെൽ ഹോട്ടലിൽ ഞങ്ങൾ ചെക്കിൻ ചെയ്തു.

നാലാം ദിവസം : ബുംലാപാസ് സന്ദർശിക്കാമെന്നാണു കരുതിയിരുന്നത്. എന്നാൽ റിപ്പബ്ലിക് ദിനം പ്രമാണിച്ച് ബുംലയിൽ ഇന്ത്യൻ ചൈനീസ് ഉദ്യോഗസ്ഥതല ഫ്ലാഗ് മീറ്റിംഗ് ഉള്ളതിനാൽ സിവിലിയന്മാർക്ക് ബുംലയിൽ പ്രവേശനമില്ലാത്തതിനാൽ, അങ്ങോട്ടേയ്ക്കുള്ള യാത്ര പിറ്റേന്നത്തേയ്ക്കുമാറ്റി. തവാങ് ലോക്കൽ സൈറ്റ് സീയിംഗിനായി രാവിലെ ഞങ്ങൾ ഇറങ്ങി.

ഞങ്ങൾ താമസിക്കുന്ന തഷിഗാസെൽ ഹോട്ടലിനടുത്തുതന്നെയാണു മുൻസിപ്പൽ സ്റ്റേഡിയം. അവിടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഞങ്ങളും അതിൽ പങ്കുചേർന്നു. തവാങ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു പതാക ഉയർത്തിയത്. പോലീസിന്റേയും പട്ടാളത്തിന്റേയും സ്കൂൾ കുട്ടികളുടേയും മാർച്ച്പാസ്റ്റ് അടക്കമുള്ള വർണ്ണശബളമായ ചടങ്ങുകൾ വീക്ഷിച്ചശേഷം ഞങ്ങൾ തവാങ് മൊണാസ്റ്റ്രി സന്ദർശിക്കാനായി പുറപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും പുരാതനമായ മൊണാസ്റ്റ്രിയാണു തവാങ് മൊണാസ്റ്റ്രി. 400 വർഷത്തിനുമുകളിൽ പഴക്കമുണ്ട് ഈ മൊണാസ്റ്റ്രിക്ക്. ദലൈലാമ ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയത് തവാങ് വഴിയായിരുന്നു. മൊണാസ്റ്റ്രിയിലെ പ്രാർത്ഥനാമുറിയും ലൈബ്രറിയും സാംസ്കാരിക കേന്ദ്രവും സന്ദർശിച്ചശേഷം ഞങ്ങൾ തവാങ് മലയടിവാരത്തുള്ള ഉർജ്ജലിംഗ് ഗോമ്പയിലെത്തി. ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലമാണിവിടം. അവിടുത്തെ കാഴ്ചകൾ കണ്ടതിനുശേഷം ഞങ്ങൾ തവാങ് വാർ മെമ്മോറിയൽ സന്ദർശിച്ചു.

1962 ലെ യുദ്ധത്തിൽ വീരമൃത്യുവരിച്ച രണ്ടായിരത്തിലധികം പട്ടാളക്കാരോടുള്ള ആദരസൂചകമായി നിർമ്മിച്ചിരിക്കുന്ന സ്മാരകമാണു തവാങ് വാർ മെമ്മോറിയൽ. യുദ്ധത്തിൽ മരിച്ച മുഴുവൻ പട്ടാളക്കാരുടേയും പേരുകൾ , റജിമെന്റ് അടിസ്ഥാനത്തിൽ അവിടെ ആലേഖനം ചെയ്തിട്ടുണ്ട്. അതുകൂടാതെ യുദ്ധത്തിൽ ചൈനീസ് പട്ടാളത്തിൽ നിന്നും പിടിച്ചെടുത്ത തോക്കുകളും യുദ്ധചരിത്രങ്ങളുമൊക്കെ കാണിക്കുന്ന ചെറിയ ഒരു മ്യൂസിയവും വാർ മെമ്മോറിയലിനോടുചേർന്നുണ്ട്. നമ്മൾ അറിയാതെ തന്നെ നമ്മളിലെ ദേശഭക്തി ഉണരുന്ന നിമിഷങ്ങളായിരുന്നു അത്. എല്ലാ ദിവസവും വൈകിട്ട് 5 മണിയ്ക്ക് യുദ്ധചരിത്രം സംബന്ധിച്ചുള്ള ഒരു സിനിമാപ്രദർശനവും ആർമി ഇവിടെ ഒരുക്കിയിട്ടുണ്ട്. തവാങിലെ കാഴ്ചകളെല്ലാം കണ്ട് ഉച്ചയോടെ ഞങ്ങൾ തിരികെ മുറിയിലെത്തി.

പിറ്റേദിവസം ബുംലാപാസ് സന്ദർശിക്കുന്നതിനായി വേറെ ഒരു വാഹനം ഞങ്ങളുടെ ഡ്രൈവർ ഏർപ്പാടാക്കിയിരുന്നു. ബുംല പോകുന്നതിനു പ്രത്യേകം പെർമിറ്റ് എടുക്കേണ്ടതായുണ്ട്. തവാങ് ഡെപ്യൂട്ടി കമ്മീഷണറാണു പെർമിറ്റ് നൽകുന്നത്. പെർമിറ്റിനായി നമ്മുടെ ഇന്നർലൈൻ പെർമിറ്റിന്റെ പകർപ്പും വോട്ടർ ഐ.ഡി. കാർഡിന്റെ പകർപ്പും 500 രൂപയും ഞങ്ങൾ ഡ്രൈവർക്ക് നൽകി. അദ്ദേഹം തന്നെ പെർമിറ്റുമായി പിറ്റേന്ന് രാവിലെ 7.30 നു ഹോട്ടലിലെത്തി ഞങ്ങളെക്കൂട്ടാമെന്ന് അറിയിച്ചു. തവാങിൽ നിന്നും ബുംലയിലേയ്ക്ക് 40 കിലോമീറ്റർ ദൂരമുണ്ട്. 4000 മുതൽ 5000 രൂപ വരെയാണ് ഈ യാത്രയ്ക്ക് ഒരു കാറിന്റെ വാടകയായി ഡ്രൈവർമാർ ഈടാക്കുന്നത്. അത് ഒട്ടും കൂടുതലല്ലെന്ന് ബുംലയിൽ പോയി തിരികെ വന്നപ്പോഴേയ്ക്കും ഞങ്ങൾക്ക് മനസ്സിലായി. തവാങിൽ നിന്നും ബുംലയിലേയ്ക്ക് ഷെയർടാക്സിയും ലഭ്യമാണ്. നിരവധി ഏജൻസികൾ നെഹ്രുറോഡിൽ കാണാവുന്നതാണു. സീസണനുസരിച്ച് 1000 മുതൽ 1500 വരെ ഓരോ യാത്രക്കാർക്കും പെർമിറ്റിനടക്കം അവർ ഈടാക്കാറുണ്ട്.

അഞ്ചാം ദിവസം : രാവിലെ 7.30 നു തയ്യാറായി ഇരിക്കണമെന്നാണു ഡ്രൈവർ ഞങ്ങളോട് പറഞ്ഞിരുന്നത്. കൊടുംതണുപ്പിലും ബുംല പാസ് പോകുന്നതിന്റെ ത്രില്ലിൽ ഞങ്ങൾ 6 മണിയ്ക്ക് തന്നെ തയ്യാറായി. കൃത്യസമയത്ത് തന്നെ പോകാനുള്ള വാഹനമെത്തി. തഷി എന്ന തവാങ് കാരനായിരുന്നു ഞങ്ങളുടെ സാരഥി. കഴിഞ്ഞ രണ്ട് ദിവസമായി ബുംലയിൽ കനത്ത മഞ്ഞുവീഴ്ചയാണെന്നും എവിടെവരെപോകാൻ കഴിയുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾ നിരാശരായി. ഞങ്ങളുടെ മുഖത്തെ നിരാശ കണ്ടിട്ടാവും, എന്തുവിലകൊടുത്തായാലും നമ്മൾ ബുംലയിലെത്തിയിരിക്കും എന്ന് അദ്ദേഹം ഞങ്ങളെ സമാധാനിപ്പിച്ചു.

അങ്ങനെ 7.45 നു തഷിയുടെ ബൊലേറോയിൽ ഞങ്ങൾ യാത്ര ആരംഭിച്ചു. തവാങിൽ നിന്നും ബുംല എത്തുന്നതുവരെ നാലോ അഞ്ചോ ആർമി ചെക്ക്പോസ്റ്റുകൾ ഉണ്ട്. അവിടെയെല്ലാം പെർമിറ്റ് കാണിച്ച് തുടരനുമതി ലഭിച്ചാൽ മാത്രമേ ബുംലയിൽ എത്താൻ കഴിയൂ. ആദ്യത്തെ ചെക്ക്പോസ്റ്റ് തവാങിൽ തന്നെയാണ്. അവിടെ പെർമിറ്റ് കാണിച്ച്, പതിപ്പിച്ചശേഷം ഞങ്ങൾ യാത്ര തുടർന്നു. മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ അന്തരീക്ഷം മാറിത്തുടങ്ങി. നല്ല തണുത്തകാറ്റും, കോടമഞ്ഞും തുടക്കത്തിൽ ഞങ്ങൾക്ക് രസമായി തോന്നി.

റോഡിന്റെ സൈഡുകളിൽ മാത്രമുണ്ടായിരുന്ന ഐസ് റോഡിലേയ്ക്കും ഇറങ്ങിത്തുടങ്ങിയതോടെ വളവുകളിൽ ഞങ്ങളുടെ ബൊലേറോ തെന്നാൻ തുടങ്ങി. ഞങ്ങളുടെ ഭയം കണ്ടിട്ട് തഷി ചിരിച്ചു. ‘ സാർ…നിങ്ങൾ പുറത്തെ കാഴ്ചകളും കണ്ട്, ഫോട്ടോകളും എടുത്ത് യാത്ര നന്നായി ആസ്വദിക്കൂ. നിങ്ങൾ കേരളത്തിൽ നിന്ന് ഇവിടെവരെ അതിനായല്ലേ വന്നത്. നിങ്ങൾക്ക് ഒന്നും വരാതെ സംരക്ഷിക്കുകയെന്നത് എന്റെ ചുമതലയാണ്. ഒന്നും സംഭവിക്കില്ല. ധൈര്യമായി ഇരിക്കൂ. ഞങ്ങൾ ഇത് സ്ഥിരമായി എക്സ്പീരിയൻസ് ചെയ്യുന്നതാണ്.’. അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങൾക്ക് പകർന്നുനൽകിയ ആത്മവിശ്വാസം ചെറുതല്ല.

മറാത്താഗ്രൗണ്ട് എത്തിയപ്പോഴേക്കും മഞ്ഞുവീഴ്ച ശക്തമായി. നിരപ്പായ റോഡുകളിലും കാറ്റ് തെന്നാൻ തുടങ്ങി. തഷി കാർ റോഡിന്റെ വശത്തായി ഒതുക്കി, ടയറുകളിൽ ചങ്ങലകെട്ടാൻ തുടങ്ങി.ഇനിയങ്ങോട്ട് ബുംല വരെ പുറകിലത്തെ രണ്ട് ടയറിലും ചങ്ങലയിട്ടാണു യാത്ര. ഞങ്ങളുടെ പുറകേ വന്ന വാഹനങ്ങളും അവിടെ നിർത്തി ടയറുകളിൽ ചങ്ങല ബന്ധിച്ചു. അരമണിക്കൂറിനുശേഷം ഞങ്ങൾ യാത്ര തുടർന്നു. പോകുന്ന വഴിയിലുടനീളം തകർന്ന ഒട്ടനവധി ബങ്കറുകൾ കാണാം. 1962 ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും നിർമ്മിച്ചവയാണവ. ഭൂരിഭാഗവും ഇപ്പോൾ ഉപയോഗശൂന്യമായി മഞ്ഞുമൂടി കിടക്കുന്നു.

യാത്രയിലുടനീളം തഷി യുദ്ധത്തിന്റെ വിവരണം നൽകുകയായിരുന്നു. അദ്ദേഹത്തിന്റെ വിവരണവും പോകുന്നവഴിയിലെ കാഴ്ചകളും റോഡിലുടനീളമുള്ള സൈന്യത്തിന്റെ സാന്നിധ്യവും എല്ലാം കൂടി ഒരു വാർഫീൽഡിൽ എത്തിയ പ്രതീതിയായിരുന്നു ഞങ്ങൾക്ക്. നാലഞ്ചു കിലോമീറ്ററുകൾ കൂടി പിന്നിട്ട് ഞങ്ങൾ സോ ലേക്കിനടുത്തെത്തി ( Ptso Lake ). റോഡിൽ കുറേ പട്ടാള ട്രക്കുകൾ നിർത്തിയിട്ട്, ടയറുകളിൽ ചങ്ങല ബന്ധിക്കുകയാണു. പുറകേയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു വാഹനം കടന്നുപോകാനുള്ള വീതി മാത്രമേ റോഡിനുള്ളൂ. അവിടെയും അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു.

മഞ്ഞുവീഴ്ച അതിശക്തമായി തുടങ്ങിയിരുന്നു.സോ ലേക്ക് ഏകദേശം മുക്കാൽ ഭാഗവും തണുത്തുറഞ്ഞ് ഐസായിരുന്നു. തവാങിൽ നിന്നും ബുംല എത്തുന്നതുവരെ 108 തടാകങ്ങൾ ഉണ്ടെന്ന് തഷി ഞങ്ങളോടു പറഞ്ഞു. അതിൽ ഭൂരിഭാഗവും തണുത്തുറഞ്ഞ് കിടക്കുകയാണ്. സോ യിൽ നിന്നും പട്ടാള ട്രക്കുകൾക്ക് പുറകേ ഞങ്ങളും പുറപ്പെട്ട്, 15 മിനിറ്റ് കഴിഞ്ഞപ്പോൾ നഗുല എന്ന സ്ഥലത്തെത്തി. മുകളിൽ ബി.ആർ.ഓ. യുടെ നേതൃത്വത്തിൽ റോഡിൽ നിന്നും ഐസ് നീക്കുകയാണു, അര മണിക്കൂർ നഗുലയിൽ കാത്തുകിടക്കാൻ പട്ടാളക്കാരുടെ നിർദ്ദേശം ലഭിച്ചു. ബി.ആർ.ഓ. യുടെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലമാണ് നഗുല. അവിടെ ഉള്ള ഏക ചായക്കടയാണു യാത്രക്കാർക്ക് ആശ്വാസം. അവിടെനിന്നും ചായയും കുടിച്ച് പുറപ്പെട്ട ഞങ്ങൾ വൈ ജങ്ക്ഷനിലെത്തി.

വൈ ജംക്ഷനിൽ നിന്നും റോഡ് രണ്ടായി തിരിയുകയാണു. നേരെ പോകുന്നത് മാധുരി ലേക്കിലേക്കും വലത്തോട്ട് പോകുന്നത് ബുംലയിലേക്കുമാണു. ആർമിയുടെ പ്രധാന ചെക്ക്പോസ്റ്റ് ഇവിടെയുണ്ട്. അവിടെനിന്നാണു ബുംലയ്ക്ക് പോകാനുള്ള അന്തിമ അനുമതി ലഭിയ്ക്കേണ്ടത്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന എട്ടു വാഹനങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം തവാങിലേയ്ക്ക് തിരിച്ചുപോയി. വൈ ജംക്ഷനിൽ ഒരു ചായക്കടയുണ്ട്. അവിടെനിന്നും ചായയും സമോസയും കഴിച്ച് ഞങ്ങൾ കാറിൽ തന്നെയിരുന്നു. 5 മിനിറ്റിൽ കൂടുതൽ പുറത്തുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. അപ്പോളെയ്ക്കും തഷി എത്തി.

സിവിലിയൻ വാഹനങ്ങൾ മുകളിലേയ്ക്ക് വിടുന്നില്ല. സ്വന്തം റിസ്ക്കിൽ വേണമെങ്കിൽ പോകാമെന്ന് ചെക്ക്പോസ്റ്റിൽ നിന്നും വാക്കാൽ പറഞ്ഞുവത്രെ. തഷി‌ യാത്രയ്ക്ക് തയ്യാറാണു, ഞങ്ങളെ ബുംലയിൽ എന്തായാലും എത്തിക്കും എന്ന വാശിയിലാണദ്ദേഹം. അങ്ങനെ പട്ടാളട്രക്കുകൾക്ക് പുറകേ ഞങ്ങളും വേറെ മൂന്ന് കാറുകളും ബുംലയിലേയ്ക്ക് പുറപ്പെട്ടു. പതിമൂന്ന് കിലോമീറ്റർ ദൂരമുണ്ട് അവിടെ നിന്നും ബുംലയിലേക്ക്. പോകുന്നവഴിയെ റോഡെന്നു പറയാനാകില്ല. ഉരുണ്ടകല്ലുകളും, ചെറിയ വെള്ളക്കെട്ടുകളും ഒരടിയോളം ഉയരത്തിൽ ഐസും നിറഞ്ഞ പാത ശരിക്കും മനസ്സിൽ ഭീതിയുളവാക്കി.

വൈ ജംക്ഷനിൽ നിന്നും ബുംല വരെയുള്ള പതിമൂന്ന് കിലോമീറ്റർ പിന്നിടാൻ രണ്ടുമണിക്കൂറിനുമുകളിൽ സമയമെടുത്തു. ഉച്ചയ്ക്കു 12.30 നു ഞങ്ങൾ ബുംലാ പാസിലെത്തി. മൈനസ് 10 ഡിഗ്രിയോളമാണു താപനില. കാറിൽ നിന്നിറങ്ങിയ ഞങ്ങളെ പട്ടാളക്കാർ ആർമിയുടെ ഒരു ഹാളിൽ കൊണ്ടിരുത്തി. നാലു വാഹനങ്ങളും എത്തിയതിനുശേഷം എല്ലാവരേയും ഒരുമിച്ചാണു പട്ടാളക്കാർ അതിർത്തിയിലേക്ക് കൊണ്ടുപോകുന്നത്. അതിർത്തി ഞങ്ങൾ ഇരിക്കുന്ന ഹാളിൽനിന്നും കേവലം നൂറുമീറ്റർ മാത്രമേയുള്ളൂ. അങ്ങോട്ടേയ്ക്ക് നടന്നാണുപോകേണ്ടത്. പട്ടാളക്കാർ കാര്യങ്ങൾ വിവരിച്ചുതരാൻ കൂടെവരും.

പോകുന്നവഴിയിൽ രണ്ടടിയോളം പൊക്കത്തിൽ ഐസ് നിറഞ്ഞുകിടക്കുയാണു. അതിലൂടെ പ്രയാസപ്പെട്ട് ഞങ്ങൾ അതിർത്തിയിലെത്തി. ഇന്തോ ചൈന ഫ്രണ്ട്ഷിപ് ബോർഡുകളും സമാധാനത്തിന്റെ പ്രതീകമായ പാറയും എല്ലാം വ്യത്യസ്തമായ അനുഭൂതിയായിരുന്നു. ദൂരെയായി സമതലത്തിൽ ചൈനീസ് ബാരക്കുകളുണ്ട്. എന്നാൽ മഞ്ഞുകാരണം കാണാൻ കഴിയുന്നില്ല. എല്ലാവരും ചൈനീസ് മണ്ണിൽ ഇറങ്ങി ഫോട്ടോയെടുക്കുന്നതിന്റേയും മറ്റും തിരക്കിലായിരുന്നു. കൈവിരലുകൾ മരവിച്ചുപോകുമെന്നതിനാൽ ഒരു മിനിട്ടിൽ കൂടുതൽ കയ്യുറയിടാതെ നിൽക്കാനാവില്ല.

ആവശ്യത്തിനു പടങ്ങളും വീഡിയോകളും എടുത്തശേഷം ഞങ്ങൾ തിരിച്ചു ബാരക്കിലെത്തി. കുറച്ചുനേരം അവിടെ വിശ്രമിച്ച്, അവർ നൽകിയ ചായയും കുടിച്ച് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.‌ വൈകിട്ട് 4 മണിയോടെ തവാങിൽ തിരിച്ചെത്തി. തിരികെ വരുന്നവഴിയ്ക്ക് ഞങ്ങളുടെ കാറിന്റെ കൂളന്റ് പൈപ്പ് പൊട്ടി കുറേ നേരം വഴിയിൽ കിടക്കേണ്ടിവന്നെങ്കിലും, ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത, ഒരുപക്ഷേ ഇനിയൊരിക്കലും അനുഭവിക്കാൻ കഴിയാത്ത ഒരു അനുഭൂതി സമ്മാനിച്ച‌ പ്രിയപ്പെട്ട തഷിയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

തവാങിൽ ഞങ്ങളുടെ ഡ്രൈവർ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. ഉച്ചയ്ക്ക് 1 മണിയ്ക്ക് തിരിച്ചെത്തി ബോംഡിലയിലേയ്ക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ സേലാപാസിൽ കനത്ത മഞ്ഞുവീഴ്ച ആയതിനാൽ വാഹനങ്ങൾ കടത്തിവിടുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു. യാത്ര തുടരാൻ യാതൊരു നിർവാഹവുമില്ല. ഞങ്ങൾ തഷികാസെൽ ഹോട്ടലിൽ മടങ്ങിയെത്തി. തിരിച്ചുള്ള യാത്ര അടുത്തദിവസത്തേയ്ക്ക് മാറ്റി. അതിരാവിലെ പുറപ്പെട്ട് രാത്രിയോടെ കാസിരംഗ എത്തിക്കമെന്ന് ഞങ്ങളുടെ ഡ്രൈവർ ഉറപ്പുനൽകി. 400 കിലോമീറ്ററിലധികം ദൂരമുണ്ട് കാസിരംഗയിലേയ്ക്ക്. പിറ്റേന്ന് രാത്രി എപ്പോഴെങ്കിലും കാസിരംഗ എത്താമെന്നുള്ള പ്രതീക്ഷയിൽ തവാങിലെ തണുത്തുമരവിച്ച ഒരു രാത്രികൂടി ഞങ്ങൾക്ക് ലഭിച്ചു.

ആറാം ദിവസം : രാവിലെ 7 മണിയ്ക്ക് തന്നെ ഹോട്ടലിൽ നിന്നും ഞങ്ങൾ പുറപ്പെട്ടു. ദിവസം മുഴുവൻ യാത്ര തന്നെയായിരുന്നു. തവാങിലേയ്ക്ക് വന്ന അതേ റൂട്ടിൽ തന്നെയാണ് മടക്കയാത്രയും. തിരിച്ചുള്ള യാത്രയിൽ സേലാപാസിൽ കാലാവസ്ഥ വളരെ മോശമായിരുന്നു. കാറിന്റെ ടയറിൽ പ്ലാസ്റ്റിക് കയറൊക്കെ കെട്ടിയായിരുന്നു മഞ്ഞുമൂടിയ വഴികളിലൂടെയുള്ള യാത്ര. ഒരുതവണ ഞങ്ങളുടെ കാർ മഞ്ഞിൽ തെന്നി മലയുടെ സൈഡിൽ ചെന്നിടിക്കുകയുമുണ്ടായി. ജസ്വന്ത് ഘർ മുതൽ സേലാപാസ് കടന്ന് ബൈസാഘി വരെയുള്ള 40 കിലോമീറ്റർ പിന്നിടുന്നതിനു 5 മണിക്കൂർ സമയമെടുത്തു. കോടമഞ്ഞും മഞ്ഞുവീഴ്ചയും കാരണം യാത്ര അതിദുഷ്കരമായിരുന്നു. യാത്ര തുടർന്ന ഞങ്ങൾ രാത്രി 12 മണിയോടെ കാസിരംഗയിലെത്തി.

ഏഴാം ദിവസം : ഞങ്ങളുടെ നോർത്ത് ഈസ്റ്റ് യാത്രയിലെ അവസാനദിവസം കാസിരംഗയിലായിരുന്നു. വെളുപ്പിനെ 5 മണിയ്ക്ക് ആനസഫാരിയും 7.30 നു ജീപ് സഫാരിയും പൂർത്തിയാക്കി ഉച്ചയോടെ ഗുവാഹതിയിലേയ്ക്ക് പുറപ്പെട്ടു. കാസിരംഗയിലെ ആനസഫാരി മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൺ ഹോൺഡ് റൈനോസ് ആണു ഇവിടത്തെ പ്രധാന ആകർഷണം. തവാങ് യാത്രയുടെ നല്ല കുറേ ഓർമ്മകളുമായി പിറ്റേന്ന് രാവിലെ ഗുവാഹതിയിൽ നിന്നും നാട്ടിലേയ്ക്ക് ഞങ്ങൾ മടങ്ങി.

സഞ്ചാരികൾ അറിയുന്നതിനു : 1. തവാങിലെ മഞ്ഞുവീഴ്ച കാണാനാഗ്രഹിച്ചുവരുന്നവർ നവംബർ മുതൽ ഏപ്രിൽ വരെയുള്ള വിന്റർ സീസൺ തെരഞ്ഞെടുക്കുന്നതാണു നല്ലത്. കൊടുംശൈത്യമുള്ള ഡിസംബർ, ജനുവരി മാസങ്ങൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്. തണുപ്പ് സഹിക്കാൻ കഴിയാത്തവർക്ക് മേയ്, ജൂൺ മാസങ്ങളായിരിക്കും യാത്രയ്ക്ക് നല്ലത്.

2. തവാങ് കാണാൻ വരുന്നവർ തീർച്ചയായും ബുംലാ പാസ് കൂടി സന്ദർശിച്ചിരിക്കണം. തവാങിന്റെ പ്രധാന ആകർഷണം തന്നെ ബുംലാ പാസും സേലാ പാസുമാണു. തവാങ് ടൗണിൽ മൊണാസ്റ്റ്രിയും വാർ മെമ്മോറിയലുമല്ലാതെ പ്രത്യേകിച്ച് ഒന്നും കാണാനില്ല.

3. ഗ്രൂപ്പായി വരുന്ന സുഹൃത്തുക്കൾ ഷെയർടാക്സി കഴിവതും ഒഴിവാക്കുന്നതാണു നല്ലത്. ഷെയർടാക്സിയിലാണു യാത്രയെങ്കിൽ സേലാപാസ്, ജസ്വന്ത്ഘർ, ജംഗ് വാട്ടർഫാൾസ്, മറ്റു കുറേ വെള്ളച്ചാട്ടങ്ങൾ, യാത്രാമധ്യേയുള്ള പ്രകൃതിഭംഗി മുതലായവ ആസ്വദിക്കാൻ കഴിയില്ല. ദിസ്പൂരിൽ നിന്നും ടാക്സി മാത്രമായി വാടകയ്ക്ക് ലഭിയ്ക്കും. ടൂറിന്റെ ദൈർഘ്യമനുസരിച്ചാണു ചാർജ്ജുകൾ.

4. ബൈക്ക് യാത്രികർ കഴിവതും മഞ്ഞുകാലം ഒഴിവാക്കുന്നതാകും നല്ലത്. ഞങ്ങൾ തിരിച്ചു വരുന്നവഴിയിലുടനീളം മഞ്ഞിൽ തെന്നി ബൈക്ക് യാത്രികർ വീഴുന്ന കാഴ്ചകൾ കാണാമായിരുന്നു.

5. തവാങിലേയ്ക്ക് സ്വന്തം കാറിലോ റെന്റ് എ കാറിലോ പോകുന്നത് ഒഴിവാക്കുന്നതാകും നല്ലത്. മഞ്ഞുമൂടിയ റോഡുകളിലൂടെ നല്ല എക്സ്പീരിയൻസ് ഉള്ള ഡ്രൈവർമാർ തന്നെ വാഹനമോടിക്കുന്നതാണു സുരക്ഷിതം.

6. മലകയറുന്നതനുസരിച്ച് അന്തരീക്ഷത്തിലെ ഓക്സിജൻ കുറയുന്നതിനാൽ ശ്വാസസംബന്ധമായ ബുദ്ധിമുട്ടുള്ളവർ യാത്രയ്ക്ക് മുമ്പ് ഡോക്ടറെ കണ്ട് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണു.

7. ദിസ്പൂർ കഴിഞ്ഞാൽ നല്ല ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രികൾ തീരെ ഇല്ല എന്നുതന്നെ പറയാം. മരുന്നുകൾ ഉപയോഗിക്കുന്നവർ അത്യാവശ്യത്തിനുള്ളവ യാത്രയിൽ ഒപ്പം കരുതണം. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ യാത്ര ഒഴിവാക്കുകയാവും നല്ലത്.

8. തവാങ് ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഇനിയും വികസിച്ചിട്ടില്ല. സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ളതുപോലെയുള്ള മാർക്കറ്റിംഗോ കച്ചവടകേന്ദ്രങ്ങളോ ഇവിടെയില്ല.

9. തവാങിൽ പോകുന്നവർ ഓൺലൈനിൽ ഹോട്ടൽ ബുക്ക് ചെയ്തിട്ടുപോകുന്നതായിരിക്കും നല്ലത്. നല്ല ഹോട്ടലുകളും ലോഡ്ജുകളും കുറവായതിനാൽ, സീസൺ സമയങ്ങളിൽ താമസസൗകര്യം കിട്ടാൻ പ്രയാസമായിരിക്കും.

10. യാത്രയിൽ പവർബാങ്ക് ഒപ്പം കരുതുക. പല സ്ഥലങ്ങളിലും കറണ്ട് പോയാൽ വരാൻ മണിക്കൂറുകൾ തന്നെ എടുത്തേക്കും. മിക്ക ഹോട്ടലുകളിലും ജനറേറ്ററുകൾ ഇല്ല.

അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്നതിനായി ഇന്നർ ലൈൻ പെർമിറ്റ് എടുക്കേണ്ടതായുണ്ട്. അരുണാചൽ പ്രദേശ്, നാഗാലാന്റ്, മിസോറാം തുടങ്ങി ഇന്റർനാഷണൽ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലേയ്ക്കുള്ള മറ്റ് സംസ്ഥാനക്കാരുടെ യാത്രയ്ക്കായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പെർമിറ്റ് സമ്പ്രദായമാണ് ഇന്നർ ലൈൻ പെർമിറ്റ്.

അരുണാചലിലേയ്ക്കുള്ള ILP മൂന്ന് രീതിയിൽ എടുക്കാവുന്നതാണു. ഓൺലൈനായി ILP എടുക്കുന്നതാണു ആദ്യത്തെ രീതി. ഏറ്റവും എളുപ്പവും ഈ രീതിയിൽ പെർമിറ്റ് എടുക്കുന്നതാണു. www.arunachalilp.com എന്ന വെബ്സൈറ്റ് വഴിയാണു ഓൺലൈനായി ILP യ്ക്ക് അപേക്ഷ നൽകേണ്ടത്. പുതുതായി എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോയും വാലിഡ് ആയ ഒരു ഐ.ഡി. പ്രൂഫും നമ്മൾ ILP സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതായുണ്ട്.

ഒരാൾക്ക് മാത്രമായും ഒരു ഗ്രൂപ്പിനുമുഴുവനായും ILP യ്ക്ക് അപേക്ഷിക്കാൻ സൈറ്റിൽ സൗകര്യമുണ്ട്. ഒരാൾക്ക് 100 രൂപയാണ് ILP യ്ക്കുള്ള ഫീസ്. രണ്ടാമത്തെ മാർഗ്ഗം നേരിട്ട് ILP യ്ക്ക് അപേക്ഷിയ്ക്കുക എന്നതാണ്. ഗുവാഹതി, ദിസ്പൂർ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ILP പ്രോസസിംഗ് സെന്ററുകൾ ഉണ്ട്. www.arunachaltourism.com എന്ന സൈറ്റിൽ പോയി ILP പ്രൊസസിംഗ് സെന്ററുകൾ കണ്ടെത്താവുന്നതാണു. അവിടെ നേരിട്ടെത്തി ഒറിജിനൽ രേഖകൾ ഹാജരാക്കിയാൽ ILP ലഭിയ്ക്കുന്നതാണു. മൂന്നാമതായി On arrival ILP സമ്പ്രദായം ഇപ്പോൾ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply