വിവരണം – ദിലു പുരുഷോത്തമൻ.
തിരിച്ചു വരുന്ന വഴി കാർ റെന്റൽ ഓഫീസിൽ കേറി വണ്ടി തിരികെ കൊടുത്തു. അവിടത്തെ സ്റ്റാഫ് ഞങ്ങളെ എയർപോർട്ടിൽ കൊണ്ടാക്കി..പത്തരക്കാണ് ഇസ്താൻബുൾ ക്ക് ഫ്ലൈറ്റ്. ഇത്തവണ Turkish Airlines ആണ്. അതുകൊണ്ടു ഒരു ചെറിയ സാൻഡ്വിച് ഒക്കെ കിട്ടി . പതിനൊന്നു മണി കഴിഞ്ഞു ഫ്ലൈറ്റ് എടുത്തപ്പോഴേക്കു… പന്ത്രണ്ട് മണിയോടെ ഞങ്ങൾ വീണ്ടും Sabiha Gorcen എയർപോർട്ടിൽ എത്തി. എയർപോർട്ടിന് പുറത്തിറങ്ങി wife ന്റേം മോളുടേം മുഖത്തേക്കു നോക്കി..രണ്ടുപേരും ഒരേ സ്വരത്തിൽ ചോദിച്ചു “വല്ലോം കഴിച്ചാലോ..നല്ല വിശപ്പ് ” ..ഞാൻ പറഞ്ഞു “നമ്മൾ പോകുന്നത് സ്വാദിന്റെ കലവറയിലേക്കാണ് ..ഒരു മണിക്കൂർ അടങ്ങിയിരി..ഫെറിയിൽ കയറുന്നതിനു മുൻപ് ഒരു അടിപൊളി അവിസ്മരണീയമായ ഫുഡ് നോം സെറ്റ് അപ്പ് ആക്കിയിരിക്കും ” എന്റെ മറുപടി തീരെ ഇഷ്ടപെട്ടിലെങ്കിലും ഒരുമണിക്കൂർ അല്ലെ പോട്ടെ പുല്ല് എന്ന് അവരും വിചാരിച്ചു.
ഇനി ഇവിടുന്നു ഏകദേശം ഒന്നര മണിക്കൂർ യാത്ര ഉണ്ട് യൂറോപ്യൻ സൈഡിലേക്കു . Sultanahamet എന്നാണ് പോകേണ്ട സ്ഥലത്തിന്റെ പേര്. ഹോട്ടൽ ബുക്ക് ചെയ്യുമ്പോഴും Sultanahmet എന്ന് ഏരിയ കൊടുത്തു തന്നെ ബുക്ക് ചെയ്യാൻ ശ്രമിക്കുക. നേരത്തെ പറഞ്ഞിരുന്നതുപോലെ പാക്കേജ് ടൂർ ഇവിടെയും ഞങ്ങൾ എടുത്തിട്ടില്ല. അതുകൊണ്ടു യാത്ര ഒക്കെ ഞങ്ങൾ തന്നെ പ്ലാൻ ചെയ്തതാണ്. ഇവിടെ ഞങ്ങൾ കാർ എടുത്തില്ല. കാരണം, ഇസ്താൻബുൾ റോഡ് തിക്കും തിരക്കും ആണ്. കാർ ഓടിച്ചു എത്തുന്നതിനേക്കാൾ വേഗത്തിൽ പബ്ലിക് ട്രാൻസ്പോർട്ടിൽ നമുക്ക് എത്താൻ കഴിയും. **ഒരു ലിറ എന്നാൽ 10 .50 രൂപയാണ്.
എയർപോർട്ടിൽ നിന്നും ഇറങ്ങിയ ഉടനെ ഹവാ ബസ് എടുത്ത് Kadikoy എത്തുക എന്നതാണ് ആദ്യത്തെ പരിപാടി. പത്തു ലിറ ആണ് ചാർജ്.. സ്റ്റോപ്പുകൾ കുറവായതു കൊണ്ടാണ് ഹവാ ബസ് എടുത്തത്. പതുക്കെ എത്തിയാൽ മതിയെങ്കിൽ പബ്ലിക് ബസ് (E 11 )ഉണ്ട്. അതിലാണെങ്കിൽ 3 ലിറ ക്കു കാര്യം നടക്കും. ഓർക്കുക , ചീപ്പ് റേറ്റ് ആയതുകൊണ്ട് പബ്ലിക് ബസ് എപ്പോഴും ഫുൾ ആയിരിക്കും. ലഗേജ് ഒക്കെ ഒത്തിരി ഉണ്ടെങ്കിൽ ഹവാ ബസ് എടുക്കുന്നതാവും ബുദ്ധി . ടാക്സിയെ പറ്റി ആലോചിക്കാതിരിക്കുന്നതാണ് നല്ലതു. എയർപോർട്ടിൽ നിന്ന് Sultanahmet പോകുവാൻ ടാക്സി ഏതാണ്ട് 100 ലിറ ഏറ്റവും കുറഞ്ഞത് വാങ്ങും.
എയർപോർട്ടിൽ എത്തിയാൽ ഉടൻ അത്യാവശ്യം ചെയ്യേണ്ട ഒന്ന് രണ്ടു കാര്യങ്ങൾ – 1 . ഒരു സിം കാർഡ് എടുക്കുക. – ചിലപ്പോൾ ഒരു ചെറിയ ലൈൻ ഒക്കെ കാണും..സാരമാക്കേണ്ട, സിം എടുത്തിട്ടു പതുകെ ഇറങ്ങിയാൽ മതി. പുറത്തേക്കു ഇറങ്ങിയാൽ പിന്നെ ഷോപ് അന്വേഷിച്ചു നടക്കേണ്ടി വരും. എന്റെ അനുഭവം ആണ്. Turkcell ആണ് ഏറ്റവും ചീപ് . എന്നാൽ ഞാൻ അന്വേഷിക്കുമ്പോൾ ഒരു ഷോപ് യിലും ഇത് സ്റ്റോക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടു vodafone എടുക്കേണ്ടി വന്നു.
2 . IstanbulKart :- ക്രെഡിറ്റ് കാർഡ് വലുപ്പത്തിലുള്ള ഒരു കാർഡ് ആണ് ഇത്. istanbulkart ഉപയോഗിച്ചാണ് നമ്മൾ പബ്ലിക് ട്രാൻസ്പോർട് പേയ്മെന്റ് ചെയ്യുന്നത്. ഈ കാർഡ് സ്വൈപ് ചെയ്തു വേണം വണ്ടിയിൽ /ഫെറിയിൽ പ്രവേശിക്കാൻ. 10 ലിറായാണ് ഇതിന്റെ ചാർജ്. ഒരു കാർഡ് ഉണ്ടെങ്കിൽ എത്ര ആളുകൾക്ക് വേണമെങ്കിലും യാത്ര ചെയാം. ഓരോ തവണയും സ്വൈപ് ചെയ്യണം എന്ന് മാത്രം. ഈ കാർഡ് ഉണ്ടെങ്കിൽ 40 ശതമാനം വരെ ഡിസ്കൗണ്ട് കിട്ടുന്നതായിരിക്കും. കാർഡ് ബാലൻസ് പബ്ലിക് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മെഷീനുകളിൽ നോക്കാവുന്നതാണ്. അതുപോലെ ടോപ് അപ്പ് ചെയ്യാനും ഈ മെഷീനുകളിൽ സാധിക്കും. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്ത് നിൽക്കുന്ന ആരോടെങ്കിലും ചോദിച്ചാൽ മതി..അവർ വേണേൽ സ്വന്തം പോക്കെറ്റിനു ക്യാഷ് ഇട്ടു വരെ ചാർജ് ചെയ്തു തരും.. അത്രയ്ക്ക് സഹായികൾ ആണ് തുർക്കിഷ് ആളുകൾ. കപ്പഡോക്കിയ പോയപ്പോൾ ചെറുതായി വഴിതെറ്റിയിട്ട് (ഗൂഗിൾ അമ്മാവൻ ചതിച്ചു ) ഒരു തുർക്കിഷ് ചേട്ടൻ പുള്ളിയുടെ ബൈക്കിൽ എസ്കോര്ട് തന്നാണ് ഞങ്ങളെ എത്തിച്ചത്.
ഞങ്ങൾ ഹവാ ബസിൽ കയറി യാത്ര ആരംഭിച്ചു . ബസ് ഒക്കെ നല്ല സെറ്റ് അപ്പ് ആണ്. ഫ്രീ wi -fi ഒക്കെ ഉണ്ടെങ്കിലും password കിട്ടണമെങ്കിൽ മൊബൈൽ കണക്ഷൻ വേണ്ടി വരും. തിരക്ക് പിടിച്ച റോഡിലൂടെ ബസ് നീങ്ങിത്തുടങ്ങി. ഒരു മണിക്കൂർ കൊണ്ട് Kadikoy എത്തി. ഇവിടെയാണ് ഫെറി. Eminonu എന്ന സ്ഥലത്തേക്ക് ഇനി പോകേണ്ടത്.
വിശപ്പു വയറിനെ വല്ലാതെ കീഴ്പെടുത്തിക്കഴിഞ്ഞു..ഇനി വെയിറ്റ് ചെയ്യാൻ പറഞ്ഞാൽ ചിലപ്പോ അടി കിട്ടാൻ സാധ്യത തെളിയുന്നത് കണ്ടിട്ടാവണം ആദ്യം ദൃഷ്ടിയിൽ ഉടക്കിയ റെസ്റ്റാറ്റാന്റിൽ തന്നെ ഓടിക്കയറി.. റെസ്റ്റാറ്റാന്റിന്റെ ഒരുവശം കടൽ ആണ്. അടിപൊളി വ്യൂ..രണ്ടുപേരേം റെസ്റ്റാറ്റാന്റിൽ കയറ്റിയിരുത്തിയിട്ട് എങ്ങനുണ്ട് എന്ന രീതിയിൽ അഹങ്കാരത്തോടെ ഒന്ന് നോക്കി.. “സേട്ടാ ഓരോ ഡോനോർ കബാബ് പോരട്ടെ ” എന്ന് വിളിച്ചു പറഞ്ഞു.. (സംഭവം 5 ലിറ ഉള്ളു ) ഏകദേശം നമ്മുടെ മസാലദോശയുടെ പകുതിയോളം നീളത്തിൽ ചിക്കൻ സ്റ്റഫ് ചെയ്ത ഡോനോർ കണ്ടു ഞങ്ങൾ ഞെട്ടി…കഴിച്ചു തുടങ്ങിയപ്പോ വീണ്ടും ഞെട്ടി..ഉപ്പു മാത്രം ഇട്ട ചിക്കൻ..വേറൊന്നും അതിനകത്തില്ല…ഇതായിരുന്നോ തന്റെ അവിസ്മരണീയ ഫുഡ്, ബ്ലഡി ഫൂൾ എന്ന രീതിയിൽ വൈഫ് നോക്കുന്നു..മോൾ ആണെങ്കിൽ കടിച്ചിട്ടു ഇറക്കണോ വേണ്ടയോ എന്ന രീതിയിൽ കല്യാണരാമനിൽ ദിലീപ് ഹനുമാൻ വേഷം കെട്ടി ബൺ കടിച്ചു നില്കുന്നപോലെ എന്നെ നോക്കുന്നു..കടലിലേക്ക് എടുത്തു ചാടി അങ്ങ് അവസാനിപ്പച്ചാലോ എന്നുവരെ തോന്നിപോയി.. ഒരുവിധത്തിൽ അവിടുന്നിറങ്ങി…സത്യം പറഞ്ഞാൽ തുർക്കിയിൽ ചെന്നിട്ടു ഏറ്റവും മോശം കബാബ് കിട്ടിയ സ്ഥലം ഇതാണ്. സംഭവം ഒരെണ്ണം കഴിച്ചാൽ പിന്നെ പിറ്റേ ദിവസം വരെ ഒന്നും കഴിക്കേണ്ടി വരില്ല.. എന്നാപ്പിന്നെ എന്താടോ റേറ്റിംഗ് മോശം എന്ന് ചോദിച്ചാൽ, ടെയ്സ്റ് എന്ന സാധനം ഇല്ല…അപ്പൊ ഇത്രേ റേറ്റിംഗ് ഇടാൻ പറ്റുള്ളൂ സേട്ടാ .. ഇഷ്ടപെടാത്ത കബാബ് കുത്തിനിറച്ച വയറുമായി ഞങ്ങൾ ഫെറി ലക്ഷ്യമാക്കി നടന്നു.
ഫെറിയിൽ കയറുന്നതിനു മുൻപ് istanbulkart ഒന്ന് ടോപ് അപ്പ് ചെയ്തു..അടുത്ത് നിന്ന ഒരു തുർക്കി ചേട്ടൻ ആണ് അതിനു സഹായിച്ചത്. അതിനുശേഷം കാർഡ് സ്വൈപ് ചെയ്തു ബോട്ടിലേക്ക് പ്രവേശിച്ചു.ഒരാൾക്ക് 2 .15 ലിറ ആണ് ചാർജ് ..ഫെറി എന്ന് പറയുമ്പോ ഓർമ്മ വരുന്നത് നമ്മുടെ നാട്ടിലെപോലെ 2 വശത്തും ടയർ ഒക്കെ ചുറ്റികെട്ടി ഠപ ഠപ ശബ്ദത്തിൽ നീങ്ങുന്ന ബോട്ടായിരുന്നു..എന്നാൽ ഇവിടെ കിടു സെറ്റ് സെറ്റപ്പിൽ ഒന്നാന്തരം ഡബിൾ ഡക്കർ ക്രൂസ് .. കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ എമ്മിനും ലക്ഷ്യമാക്കി ബോട്ട് കുതിച്ചു. ഡെക്കിൽ നിന്നാൽ seagulls പറക്കുന്നതും ഇസ്താൻബൂളിന്റെ ഇരുവശങ്ങളും ഒക്കെ നിറഞ്ഞ മനോഹര കാഴ്ചകൾ. 20 മിനിറ്റെടുത്തു എമ്മിനും എത്താൻ ..ഇനി ഇവിടെ നിന്നും T 1 ട്രാം പിടിക്കണം ..പുറത്തിറങ്ങി ഒരു തുരങ്കത്തിലൂടെ വേണം ട്രാം സ്റ്റേഷനിൽ എത്താൻ ..ഇതിനും ഒരു തുർക്കി ബ്രോ കൂടെ വന്നു എത്തിച്ചു.. കാർഡ് വീണ്ടും സ്വൈപ് ചെയ്തു സ്റ്റേഷനിൽ കടന്നു..ട്രാം എത്തി..തിക്കും തിരക്കും നിറഞ്ഞ സൂചി കുത്താൻ പോലും ഇടമില്ലാതെ ഒരു ട്രാം. ആഗസ്ത് മാസം ആയതുകൊണ്ട് ചൂടിന് തെല്ലും കുറവില്ല..ആളുകൾ ഒക്കെ വിയർത്തുകുളിച്ചാണ് നില്കുന്നത്..ലഗേജ് ഒക്കെ ഒരുവിധത്തിൽ കയറ്റി ഒരു വള്ളിയിൽ തൂങ്ങിപിടിച്ചു നിന്നു ..ആഗസ്ത് മാസം ഇവിടെ സീസൺ ആണ്..അതുകൊണ്ടാണ് ഇത്ര തിക്കും തിരക്കും.. ട്രാം നീങ്ങിത്തുടങ്ങി..ഓരോ സ്റ്റേഷൻ എത്തുമ്പോഴും ഡിസ്പ്ലേ ഒക്കെ ഉണ്ട്. sultanhamet ഡിസ്പ്ലേയിൽ വരുന്നുണ്ടോ എന്ന് നോക്കി ഞാൻ ഇമചിമ്മാതെ നിന്നു. അങ്ങനെ സ്ഥലം എത്തി ..
ഇസ്താൻബുൾ കപ്പഡോകിയയിൽ നിന്ന് വളരെ വളരെ വത്യസ്തമാണ്..തിക്കും തിരക്കും നിറഞ്ഞ റോഡുകൾ. .റോഡ് സൈഡിൽ വെറുതെ നിന്നാ മതി..ആളുകൾ ഉന്തിത്തള്ളി എവിടെങ്കിലും എത്തിച്ചുകൊള്ളും..നിറയെ ടൂറിസ്റ്റുകൾ..ഞങ്ങൾ ഇവിടെ ബുക്ക് ചെയ്തിരിക്കുന്നത് അപാർട്മെന്റ് ആണ് (greenlife apartment ). ബുക്കിംഗ്.കോം ഇലൂടെയാണ് ആദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ചതെങ്കിലും ഓണറിന്റെ വാട്സപ് നമ്പർ നെറ്റി ൽ നിന്ന് കിട്ടി ബന്ധപ്പെട്ടപ്പോൾ പുള്ളി റേറ്റ് കുറച്ചു തന്നു..സ്റ്റോപ്പിൽ നിന്നും പത്തു മിനിറ്റ നടക്കാൻ ഉണ്ട് റൂമിലേക്ക്. നട്ടുച്ചയായതിനാൽ നല്ല വെയിലും ..നടന്നു അപ്പാർട്മെന്റിന് താഴെ എത്തിയപ്പോൾ റൂം ബോയ് അവിടെ കാത്തു നില്പുണ്ട്. വെയിലത്ത് നടന്നു ബാർബിക്യു് ചെയ്തപോലെ ഇരിക്കുന്ന ഞങ്ങളെ കണ്ടപ്പോഴേ ഓടി വന്നു ബാഗ് ഒക്കെ വാങ്ങി അവൻ റൂമിലേക്ക് കയറ്റി. . കിടിലം റൂം ..സീ വ്യൂ വേണം എന്നൊക്കെ പ്രത്യേകം പറഞ്ഞിരുന്നതുകൊണ്ടു അതൊക്കെ ഉണ്ട്. .പ്രത്യേകിച്ച് കാര്യമുണ്ടായിട്ടുനും അല്ല..ചുമ്മാ ചോദിച്ചു നോക്കീതാ.അപ്പൊ ധാ കിടക്കുന്നു സീ വ്യൂ ….
ഇനി രണ്ടു മണിക്കൂർ വിശ്രമിച്ചിട്ടാകാം കറക്കം എന്ന് തീരുമാനിച്ചു..കുറച്ചു നേരം ഉറങ്ങി..5 മണി ആയപ്പോഴേക് എണീറ്റ് ഞാനും വൈഫ് ഉം Blue Mosque ലക്ഷ്യമാക്കി നടന്നു..റൂമിലേക്ക് പോകുമ്പോൾ അസഹ്യമായ ചൂട് കാരണം ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല..ഇപ്പൊ ഴാണ് ഓരോന്ന് നോക്കി കാണുന്നത്..റോഡിനു ഇരുവശത്തും റെസ്ററൗറന്റുകളുടെ നീണ്ട നിര..നടന്നുകൊണ്ടിരിക്കുമ്പോത്തന്നെ ആളുകൾ അങ്ങോട്ട് ക്ഷണിച്ചു കൊണ്ടിരിക്കുന്നു.. ഇന്ത്യൻ ആണോ പാകിസ്താനി ആണോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നുണ്ട്..ഇതൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾ കാഴ്ച്ചകൾ കണ്ടു ഇങ്ങനെ നടക്കുകയാണ്..വിശപ്പു തീരെ ഇല്ല..അതെങ്ങനെ..മറ്റവൻ (കല്യാണരാമൻ) വയറ്റിൽ കെടക്കുകയല്ലേ..
അറസ്റ്റ ബസാറിനുള്ളിലൂടെ ഞങ്ങൾ, ഇസ്താൻബുള്ളിന്റ വിഖ്യാതമായ, പ്രധാന ലാൻഡ്മാർക്, ആയ blue mosque ന്റെ പരിസരത്തേക്ക് കടന്നു..അത്യാവശ്യം നല്ല തിരക്കുണ്ട്.. ഇപ്പോൾ നല്ല ഇളം കാറ്റ ഉം ..സുഖകരമായ കലാവസ്ഥ ..വൈകീട്ട് അഞ്ചര കഴിഞ്ഞാൽ ഇവിടെ അകത്തേക്ക് പ്രവേശനം ഇല്ല..ഞങ്ങൾ ഓരോ കൊച്ചു വർത്തമാനം ഒക്കെയായി, നമ്മുടെ നാട്ടുകാരെയൊക്കെ കുറ്റം പറഞ്ഞു, ഇവിടത്തെ റോഡുകളെ പ്രകീർത്തിച്ച` Hipodrome നടുത്തുള്ള ഗാർഡനിൽ ഇരുന്നു..കുറച്ചായപ്പോഴേക്കു ബോസ്ഫറസ് ടൂർ ഓപ്പറേറ്റേഴ്സിന്റെ തിരക്കായി തുടങ്ങി..എങ്ങനെങ്കിലും ആളുകളെ ചാക്കിട്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോരുത്തരും ..3 പേർക്കും കൂടി 450 യൂറോ തന്നാൽ മതി..2 മണിക്കൂർ ബോസ്ഫറസിലൂടെ കറങ്ങി വരാം എന്നൊക്കെ മോഹനവാഗ്ദാനങ്ങൾ.. ഈ ബോസ്ഫറസ് തന്നെയാണ് ചേട്ടാ ഞങ്ങൾ ഫെറിയിലൂടെ കടന്നു വന്നത് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഒന്നൊന്നര പുച്ഛത്തോടെ ഓരോരുത്തരെയും ഒഴിവാക്കികൊണ്ടിരുന്നു..പിന്നെപ്പിന്നെ ഞങ്ങൾ ഇന്നലെ വന്നതാണെന്നും ഇന്നലെ രാത്രി തന്നെ ബോസ്ഫറസ് ക്രൂസ് ചെയ്തു എന്നും പറഞ്ഞു ഒഴിവാക്കാൻ തുടങ്ങി..അല്ലാതെ വേറെ വഴിയില്ല ..
നല്ലപോലെ കാശ് ചെലവാക്കാൻ ആഗ്രഹിക്കുന്നവരും..ഒരു ചെറിയ ക്രൂസ് ട്രിപ്പ് ചെയ്യാൻ കൊതിയുള്ളവരും ഈ ബോസ്ഫറസ് പാക്കേജ് സെലക്ട് ചെയ്യാവുന്നതാണ്.. ഫെറി സഞ്ചരിക്കുന്ന അതെ ബോസ്ഫറസഇൽ കൂടി തന്നെയാണ് ഈ ക്രൂസ് പോകുന്നത്..അകത്തു പാട്ടും ഡാൻസും ഫുഡും ഉണ്ടാകുമെന്നു മാത്രം.. ഈ പാക്കേജ് ഒഴിവാക്കാൻ കൂടി വേണ്ടിയാണു ഞങ്ങൾ ഫെറി തിരഞ്ഞെടുത്തത്. ഒരുവിധം ഹോട്ടൽ ടൂർ പാക്കേജിൽ ഒക്കെ ബോസ്ഫറസ് ക്രൂസ് ടൂർ ഉള്പെടുത്തിയിട്ടുണ്ടാവും… കാരണം മറ്റൊന്നും അല്ല..കമ്മീഷൻ..കമ്മീഷൻ.., പോരാതെ ഒരു പകുതി ദിവസം അങ്ങനെ കവർ ചെയ്യുകയും ആകാം..
രാത്രി ഭക്ഷണം ചാർട് ചെയ്തിരിക്കുന്നത് സോഫിയ കെബാബ് ഹൌസ ൽ നിന്നാണ് ..ഇതും highly rated റെസ്ററൗരന്റ്സിൽ ഒന്നാണ്..വലിയ ആര്ഭാടങ്ങളൊന്നും ഇല്ലാത്ത ഒരു കൊച്ചു റെസ്റ്റോറന്റ് ..സൗഹ്രദപരമായ പെരുമാറ്റം..ആദ്യം തന്നെ ഒരു ടേസ്റ്റി കബാബ് പറഞ്ഞു..ഇത് ഒരു സ്പെഷ്യൽ തുർക്കിഷ് വിഭവം ആണ്.. മൺചട്ടിയില് ചിക്കാനോ, ലാംബോ കുക്ക് ചെയ്തു നമ്മുടെ മുന്നിൽ വച്ചുതന്നെ പൊട്ടിച്ചു തരും..ഞങ്ങളുടെ ആർത്തികൊണ്ടാണോ എന്നറിയില്ല..അവൻ ചട്ടിപൊട്ടിച്ചത് കറക്ട് ആയില്ല..അതുകൊണ്ടു പാത്രത്തിൽ വിളമ്പേണ്ടി വന്നു..തുർക്കിയിൽ പോകുന്നെങ്കിൽ എന്തായാലും ഈ ഐറ്റം കഴിച്ചിരിക്കണം..ഇതിന്റെ പിന്നാലെ ഓര്ഡറുകളുടെ ഒരു വലിയ നിരയായിരുന്നു.. ഉച്ച മുതൽ വയറിൽ കിടക്കുന്ന കല്യാണരാമന്റെ ക്ഷീണം തീർക്കേണ്ടേ ..
ഒരു യുദ്ധം കഴിഞ്ഞു ഞങ്ങൾ തിരികെ റൂമിൽ എത്തി..വളരെ വൈകി സൂര്യൻ അസ്തമിക്കുന്നതുകൊണ്ടു നമ്മുടെ ഉറക്കവും അതിനൊപ്പം വൈകും.. രാവിലെ ബ്രേക്ഫാസ്റ് റൂം റെന്റിൽ ഉൾപ്പെട്ടിട്ടില്ല.. ഓ..എന്തായാലും ഇവർ രാവിലെ തരുന്നത് ബ്രെഡും ജാമും മുട്ടയും തന്നെ.. രാവിലെ പോയി അടുത്തുള്ള സ്റ്റോറിൽ നിന്നും ബ്രെഡും ജാമും ബട്ടറും ഒക്കെ വാങ്ങി റൂമിൽ എത്തി..ചായ ഉണ്ടാകാനുള്ള കെറ്റിൽ ഒക്കെ റൂമിൽ ഉണ്ടായിരുന്നു..അങ്ങനെ രാവിലത്തെ ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ഇറങ്ങി..
പുറത്തിറങ്ങുമ്പോൾ അത്യവശ്യം വെള്ളം കയ്യിൽ കരുതുക.. 2 ലിറ്റർ വെള്ളത്തിന് 1 .25 ലിറായാണ് വില.(ഡിപ്പാർട്മെന്റ് സ്റ്റോറിൽ ).എന്നാൽ പുറത്ത് , അതായതു ടൂറിസ്റ്റുകൾ അധികം വരുന്നയിടത്തു 500 മില്ലി ബോട്ടിലിനു 5 ലിറ വരെ വാങ്ങുന്നുണ്ട്.. ഇസ്താൻബുളിൽ നിറയെ മ്യൂസിയങ്ങൾ ആണ്..എല്ലാറ്റിലും പാസ് എടുക്കണം..ഇതിനുവേണ്ടി മ്യൂസിയം പാസ് എന്ന ഒരു കാർഡ് ഇറക്കിയിട്ടുണ്ട്..ഇതുണ്ടെങ്കിൽ കുറെയേറെ മ്യൂസിയം എൻട്രി ഫ്രീ ആയിരിക്കും..ഒരു പാസ്സിന് 125 ലിറ ആണ് വില..അതില്ലെങ്കിൽ 3 മ്യൂസിയം കയറുമ്പോഴേക്ക് നമുക്കു 120 ലിറ ചെലവാക്കേണ്ടി വരും..സീസണിൽ പാസ് എടുക്കാനൊക്കെ വലിയ ക്യൂ ആയിരിക്കും..അതുകൊണ്ടു താരതമ്യേനെ തിരക്ക് കുറഞ്ഞ മൊസൈക്ക മ്യൂസിയം പോലുള്ള കൗണ്ടറിൽ ആരും തന്നെ കാണില്ല.. (അനുഭവം )
മൊസൈക്ക മ്യൂസിയത്തിൽ തുടങ്ങി Aya sofiya (Hagiya Sophia) വഴി topkapi പാലസ് ആണ് പ്ലാൻ..എല്ലാം നടന്നെത്താവുന്ന ദൂരത്താണ്..
Aya sofiya (Hagiya Sophia) ഇന്ന് കാണുന്നത് മൂന്നാമത് നിർമ്മിച്ച പള്ളിയാണ്..ആദ്യത്തേത് രണ്ടും തീ പിടിച്ചു നശിപ്പിക്കപ്പെട്ടു. ഓട്ടൊമൻറെ വരവോടെ ഇതൊരു Mosque ആയി മാറി. 1935 ഓടെ ഇതൊരു മ്യൂസിയം ആയിത്തീർന്നു.. നൂറ്റാണ്ടുകൾക്കു മുൻപ് മൊസൈക്കിൽ ചെയ്ത ഒരുപാടു ചിത്രങ്ങൾ ആണ് ഇവിടുത്തെ പ്രത്യേകത.
TOPKAPI PALACE – ഇതൊരു വലിയ കൊട്ടാര സമുച്ചയം ആണ്. 400 വർഷത്തോളം Ottomons താമസിച്ചിരുന്നത് ഇവിടെയാണ് രാജകീയ പൂന്തോട്ടം ഇപ്പോൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരിക്കുകയാണ് .ഓട്ടോമൻ കാലത്തെ വസ്തുവിദ്യയും , അന്നേക്കാലത് ഉപയോഗിച്ചിരുന്ന അടുക്കള, വലിയ വലിയ പാത്രങ്ങൾ, കൂജകൾ, പിഞ്ഞാണികൾ, തുടങ്ങി ഓരോ കാലത്തെയും ആയുധങ്ങൾ വരെ സൂക്ഷിച്ചിരിക്കുന്നു.
Blue Mosque – അഹ്മദ് I ന്റെ ഭരണകാലത്തു നിർമ്മിച്ച ഈ പള്ളി ഇസ്താൻബുളിന്റെ പ്രതീകമാണ്. ഒരേ സമയം പതിനായിരത്തിലധികം ആളുകൾക്ക് പ്രാര്ഥനക്കുള്ള സൗകര്യം ഇവിടെ ഉണ്ട്. ഇങ്ങോട്ടുള്ള പ്രവേശനം സൗജന്യമാണ്. സ്ത്രീകൾക്ക് അകത്തു കയറുന്നതിനു തട്ടം ധരിക്കേണ്ടി വരും . അതുപോലെ ആണുങ്ങൾക്ക് ഷോർട്സ് പോലുള്ള വസ്ത്രങ്ങൾ ധരിച്ചു അകത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ല..പുറത്തു ഫ്രീ ആയി തട്ടവും മിഡിയും ഒക്കെ കിട്ടും..വൃത്തിയായി വസ്ത്രം ധരിച്ചു അകത്തേക്ക് കടക്കുക .
ഈ കറക്കത്തിനിടയിൽ വേറെ ഒരുപാടു മ്യൂസിയങ്ങൾ കയറിയിറങ്ങിയിട്ടുണ്ട് കേട്ടോ..ഓരോന്നും വിവരിച്ചു വരുമ്പോഴേക്കു സമയം ഒരുപാടാകും..
ഉച്ചക്കുള്ള ഭക്ഷണം Ortaklar Kebap Lahmacunഇൽ നിന്നാണ്. ഈ റെസ്റ്റോറന്റും ഞങ്ങൾ റെക്കമെന്റ് ചെയ്യുന്നു..വിലക്കുറവും എന്നാൽ രുചിയുടെ കാര്യത്തിൽ വളരെ മുന്നിലും.. ഇവിടുത്തെ Kunefe തീർച്ചയായും കഴിക്കേണ്ട ഒരു ഐറ്റം തന്നെയാണ്..
Gulhane Park – പലരും topkapi പാലസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും അതിനു പിന്നിൽ ഒളിച്ചുവച്ചിരിക്കുന്ന പോളിഷ് ചെയ്യാത്ത ഒരു വജ്രമാണ് Gulhane Park. മർമ്മര കടലും ബോസ്ഫറസ്സും കൂടിച്ചേരുന്നിടത്താണ് ഈ മനോഹര പാർക്ക്. ഈ ചൂട് സമയത്തുപോലും കുളിര്മയാണ് അതിനകത്തു..പാതയുടെ ഇരുവശത്തുമുള്ള വെളുത്ത മരങ്ങൾ നമ്മെ പിന്തുടരുന്നപോലെ തോന്നിക്കും..യൂറോപ്പിലെ ഏറ്റവും ഭംഗിയേറിയ പൂന്തോട്ടങ്ങളിൽ ഒന്നാണിത്.
ഡിന്നർ കഴിക്കാൻ പ്രത്യേകിച്ച് ഷോർട്ലിസ്റ് ചെയ്ത റെസ്റ്റോറന്റ്സ് ഉണ്ടായിരുന്നില്ല..അതുകൊണ്ടു തിരിച്ചു വരുന്ന വഴിക്കുള്ള ഒരു Doy Doy റെസ്റ്റോറന്റിൽ കേറി.. റൂഫ് ടോപ് റെസ്റ്റോറന്റ് ആയതിന്റെ ഒരു ഭംഗി ഒഴിച്ചാൽ എക്സ്ട്രാ ഓർഡിനറി ഫുഡ് എന്നൊന്നും .പറയാനില്ല.എന്നാൽ വില അൽപ്പം കൂടുതലാണ് താനും..പൊതുവെ ഇവിടുത്തെ പല റെസ്റ്റോറന്റുകളിലും ചായ ഫ്രീ കിട്ടും..ഇവന്മാർ അതിനും കണക്കു പറഞ്ഞു കാശ് വാങ്ങി..അതും ഞങ്ങൾക്കത്ര ഇഷ്ടപ്പെട്ടില്ല.. അതുകൊണ്ടു നാളത്തെ ലഞ്ച് Sofya Kebab House ഇൽ നിന്ന് തന്നെ മതി എന്ന് തീരുമാനമായി.. നാളെ രാത്രി തിരിച്ചു പോവാനുള്ള ഫ്ലൈറ്റ് ആണ്..രാവിലെ ഗ്രാൻഡ് ബസാറിൽ ഒന്ന് കറങ്ങി കുറച്ചു ഷോപ്പിംഗ് നടത്തം എന്നാണു പ്ലാൻ. കുറച്ചു Dinar ലിറ ആക്കി മാറ്റണം..ഗ്രാൻഡ് ബസാറിന് പുറത്തുള്ള കുറച്ചു എക്സ്ചേഞ്ച് കളിൽ ഭേദപ്പെട്ട റേറ്റ് കിട്ടുന്നുണ്ട്. എന്നാൽ ഏറ്റവും ലാഭം നമ്മുടെ കറൻസി ഉപയോഗിച്ച് പർച്ചേസ് ചെയ്യുക എന്നതാണ്..കടക്കാരൻ ഗൂഗിൾ നോക്കിയാണ് റേറ്റ് .കണ്ടുപിടിക്കുന്നത്.അതുകൊണ്ടു മാക്സിമം റേറ്റ് നമുക്ക് കിട്ടും.. (പരീക്ഷിച്ചു വിജയിച്ചത്).
Grand Bazar – ഗ്രാൻഡ് ബസാർ ഒരു കടലാണ്.. ഷോപ്പിങ്ങിന്റെ ലോകം..എന്തും കിട്ടും..എന്നാൽ അത്യാവശ്യം നല്ല വിലയാണ്..ബാർഗൈൻ ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ കീശ കാലിയാവുന്നതു അറിയില്ല..വളരെ ചെറുതാണെങ്കിലും അരസ്റ്റാ ബസാർ ആണ് വില കുറവായി ഞങ്ങൾക്ക് തോന്നിയത്..വലിയ തിരക്കും കണ്ടില്ല.. ടർക്കിഷ് ഡിലൈറ് വാങ്ങുന്നുണ്ടെങ്കിൽ Kosko അല്ലെങ്കിൽ Haci Bekir ഐറ്റംസ് വാങ്ങുവാൻ ശ്രദ്ധിക്കുക..ക്വാളിറ്റിയുടെ കാര്യത്തിലും ടേസ്റ്റിലും ഇവരാണ് മുന്നിൽ..വില അത്ര കൂടുതൽ അല്ല..
അങ്ങനെ 3 ദിവസത്തെ ഇസ്താൻബുൾ യാത്ര കഴിഞ്ഞു ഞങ്ങൾ തിരികെ ട്രാമിൽ Eminonu വഴി വീണ്ടും ഫെറി, പിന്നെ ഹവ ബസിൽ ഐര്പോര്ട്ടിലേക്കു… പേഴ്സണൽ ആയിട്ട് പറയുകയാണെങ്കിൽ ഞങ്ങൾ എന്ജോയ് ചെയ്തത് കപ്പഡോക്യ ആണ്.. ഒരുപക്ഷെ ഗ്രാമഭംഗി കൂടുതൽ ഇഷ്ടപെടുന്നവരായതുകൊണ്ടാവാം ..ഇസ്താൻബുൾ ലെ തിക്കും തിരക്കും ചൂടും കാരണം ചെറിയ മടുപ്പുണ്ടായി..പിന്നെ, പല കൊട്ടാരങ്ങളിലും പള്ളികളിലും അകത്തു മിക്ക ഏരിയകളിലും എൻട്രി ഇല്ല , ചിലയിടത്തു ഫോട്ടോഗ്രാഫി പാടില്ല..അതുപോലെ പല മ്യൂസിയങ്ങളും ഏതാണ്ട് ഒരേപോലെയൊക്കെ തന്നെ…. ബഹുജനം പലവിധം എന്നാണല്ലോ.. ഭക്ഷണപ്രിയർക്ക് അർമ്മാദിക്കാനുള്ള വകുപ്പ് ധാരാളം..
Budget : വിസ, റിട്ടേൺ എയർ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, കാര് റെന്റൽ, ബലൂൺ റൈഡ് , ഡൊമസ്റ്റിക് ഫ്ലൈറ്റ് ടിക്കറ്റ്, ഭക്ഷണം, ഷോപ്പിങ്, മ്യൂസിയം പാസ്, എൻട്രി ഫീ, അങ്ങനെ എല്ലാ ചെലവും അടക്കം ഒരാൾക്ക് അഞ്ചു ദിവസത്തെ ട്രിപ്പിന് കുവൈറ്റ് ദിനാർ 170/- (അതായത് ഇന്ത്യൻ റുപ്പീ 34000/- മാത്രം )
മടിച്ചു നിൽക്കേണ്ട..ബാഗ് പാക്ക് ചെയ്തോളു….