യാത്രയ്ക്കു ശേഷം കെഎസ്ആര്‍ടിസി ഡ്രൈവറെ അനുമോദിച്ച് യാത്രക്കാരന്‍…

നമ്മളൊക്കെ ബസുകളില്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കലെങ്കിലും നമ്മെ യാതൊരു അപകടവും കൂടാതെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച ആ ഡ്രൈവര്‍ക്ക് ഒരു പുഞ്ചിരിയോ നന്ദിവാക്കോ പറഞ്ഞിട്ടുണ്ടോ? അധികമാരും അങ്ങനെ ഉണ്ടാകില്ല. എന്നാല്‍ താന്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവറെ അനുമോദിച്ച് അദ്ദേഹവുമായി നല്ലൊരു ചങ്ങാത്തവും ആയിക്കഴിഞ്ഞു മുഖ്താര്‍ പുതുപ്പറമ്പ് എന്ന യാത്രക്കാരന്‍. മുഖ്താറിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ…

“തട്ടലോ മുട്ടലോ ഇല്ലാതെ ഒരു ദീര്‍ഘദൂര യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിച്ച ആശ്വാസത്തില്‍ ബസ് ഡ്രൈവറെ ഒന്നനുമോദിക്കാന്‍ വേണ്ടി അദ്ദേഹത്തിന്‍റെ സീറ്റിനടുത്തേക്ക് ചെന്നപ്പോള്‍ ആദ്യമൊന്നു സംശയിച്ചുപോയെങ്കിലും പിന്നീടദ്ദേഹം അത് സ്നേഹത്തോടെ സ്വീകരിച്ചു. തങ്ങളെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ച ബസ് ജീവനക്കാരോട് ഒരു നന്ദിവാക്കു പോലും പൊതുവേ ആരും പറയാറില്ല. അതിനാവശ്യമില്ലയെന്നതാണ് വെപ്പ്. നാം കാശ് കൊടുത്തല്ലെ യാത്രചെയ്യുന്നത്.

പക്ഷെ ഒരു ജോലി ഭംഗിയായി നിര്‍വഹിച്ചാല്‍ നാം കൊടുക്കുന്ന ആദരം, ചുരുങ്ങിയത് ഒരു നന്ദിവാക്കാണെങ്കില്‍ പോലും അയാള്‍ വാങ്ങുന്ന കൂലിയേക്കാള്‍ അവരെ സന്തോഷിപ്പിക്കുക അതായിരിക്കുമെന്ന് ഒരിക്കല്‍ കൂടി ആ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു. 16-ാം വയസ്സില്‍ വളയം പിടിക്കാന്‍ തുടങ്ങിയതാണ് ഉദയനാപുരം വൈക്കം സ്വദേശിയായ ബക്കര്‍. വയസ്സ് 52 ആയെങ്കിലും ഡ്രൈവിംഗ് ഇപ്പോഴും ഒരു ക്രേസി തന്നെ മൂപ്പര്‍ക്ക്.

19-ാം വയസ്സില്‍ ബാപ്പ മരിച്ചതിന് ശേഷം കുടുംബ ഭാരങ്ങള്‍ ചുമലിലേറ്റിയ ബക്കറിന് പിന്നീട് ആക്സിലറേറ്ററില്‍ നിന്ന് കാലെടുക്കാന്‍ പറ്റിയിട്ടില്ല. ആദ്യം ചടയമംഗലം – തിരുവനന്തപുരം റൂട്ടിലായിരുന്നു യാത്ര. ഇപ്പോള്‍ പിറവം – കോഴിക്കോട് യാത്രക്കാരെയും കൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് പായുകയാണ്.

സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ 4 വര്‍ഷം കൂടി ബാക്കിയുള്ളുയെന്ന് തെല്ലൊരഭിമാനത്തോടെ അദ്ദേഹം സൂചിപ്പിച്ചു. KSRTC യില്‍ കുത്തഴിഞ്ഞ കുറെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്ന് ഒരു പാട് മാറ്റങ്ങള്‍ വരുന്നുണ്ടെന്നും ഇത് ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ KSRTC യെ കരകയറ്റാന്‍ ഉതകുന്നതാണെന്നും ബക്കര്‍ പ്രത്യാശിച്ചു.
പ്രായം ബക്കര്‍ക്കയെ വെറുതെയിരിക്കാന്‍ സമ്മതിക്കില്ല. അവധി ദിവസങ്ങളില്‍ വീട്ടിലെ ജോലികളിലെല്ലാം വ്യാപൃതനാണദ്ദേഹം. ഭാര്യയും 2 മക്കളും ഉമ്മയുമായി സന്തോഷത്തോടെ ജീവിക്കുന്നു.”

കടപ്പാട് –  മുഖ്താര്‍ പുതുപ്പറമ്പ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply