റാസൽ ഖൈമയിലെ പ്രേതങ്ങൾ പാർക്കുന്ന ഗോസ്റ് വില്ലേജിലേക്ക്

വിവരണം – മജീദ് തിരൂർ.

പ്രേതങ്ങൾ പാർക്കുന്ന റാസൽ ഖൈമയിലെ ഗോസ്റ് വില്ലേജിലേക്ക് അഥവാ RAK ലെ ജാസിറത്ത് അൽ ഹംറയിലേക്ക്. ജബൽ ജൈസിലേക്ക് പോകുന്ന വഴിയിലാണ് റാസൽ ഖൈമയിലെ ജാസിറത്ത് അൽ ഹംറയെ ചുറ്റിപ്പറ്റിയുള്ള കഥകളെയും വിശ്വാസങ്ങളേയും , അവിടുത്തെ അസാധാരണമായ ശാന്തതയെക്കുറിച്ചും സുഹൃത്തായ അൻസാർ ( Ansar Kp ) എന്നോട് പറയുന്നത്.

ജാസിറത്ത് അൽ ഹംറയെ ചുറ്റിപ്പറ്റിയുള്ള കഥകളും വിശ്വാസങ്ങളും വിശ്വസിക്കുന്നെങ്കിൽ, പകൽ വെളിച്ചത്തിൽ പോലും അത് സന്ദർശിക്കാൻ ഇത്തിരി കഷ്ടപ്പെട്ടേക്കാം. എന്നാൽ ഈ പ്രേത കഥകളെക്കുറിച്ച് വലിയ അറിവുകളൊന്നും ഇല്ലാത്തതിനാലും, മറ്റൊരു ദിവസം ഇതിനായി മാറ്റിവെക്കാൻ ഇല്ലാത്തതിനാലും ഞങ്ങൾ ഈ ഗോസ്റ് വില്ലേജിൽ എത്തുന്നത് പ്രേതങ്ങളുടെ സഞ്ചാരസമയത്ത് തന്നെയായിരുന്നു .

സമയം രാത്രി 12 :30 കഴിഞ്ഞിരിക്കുന്നു റാക്കിലെ പ്രേതങ്ങളുടെ അടുത്തെത്തുമ്പോൾ. ഈ പുരാതന മത്സ്യബന്ധനഗ്രാമത്തെ കുറിച്ച് സുഹൃത്തായ നിയാസിന്റെ ( Niyas Ck)ഇൻസ്റ്റന്റ് ഗൂഗിൾ സെർച്ചിങ് റിപ്പോർട്ട് വന്നു തുടങ്ങി. ഗോസ്റ് വില്ലേജിലെ പ്രേതങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് പഠിക്കുവാനും റിപ്പോർട്ട് ചെയ്യുവാനുമായി പ്രമുഖ പത്രമായ ഖലീജ് ടൈംസിലെ മൂന്ന് പേരടങ്ങുന്ന ജേര്ണലിസ്റ് സംഘം സ്വയം തയ്യാറായി ഒരു രാത്രി ഇവിടെ തങ്ങി പുറത്ത് വിട്ട മനുഷ്യന്റേതല്ലാത്ത സാന്നിധ്യത്തെ കുറിച്ചുള്ള വാർത്തകളെ കുറിച്ച് നിയാസ് പറഞ്ഞപ്പോഴാണ് സംഗതിയുടെ കിടപ്പിനെ കുറിച്ച് ഒരു ഗൗരവം വന്നുചേരുന്നത്. അല്ല ..കളി കാര്യമായിപ്പോയോ എന്നും ഓർത്തത് അപ്പോഴാണ്. ഒന്നും മിണ്ടാതെ ശ്വാസമടക്കിപ്പിടിച്ച് കണ്മുന്നിലെ കാഴ്ചകളിലേക്ക് നടന്ന് നീങ്ങി.

റാസ് അൽ ഖൈമയുടെ ചരിത്രത്തിലെ കിംവദന്തികളാൽ വലയം ചെയ്യപ്പെട്ട, പുരാതന പ്രേതബാധകളാൽ ആക്രമിക്കപ്പെട്ട, ദുരൂഹതയിൽ നിശബ്ദത മൂടി തണുത്തുറഞ്ഞ പുഷ്പങ്ങളുള്ള, ഒരു കുഗ്രാമം. അതാണ് ജസീറത്ത് അൽ ഹംറ . പ്രേതങ്ങളാൽ വേട്ടയാടപ്പെട്ടതും പിന്നീട് ഉപേക്ഷിക്കപ്പെട്ടതുമായ നഗരം. 1968 മുതൽ ഇവിടം ആൾതാമസമില്ലാത്ത, അല്ലങ്കിൽ ആളുകൾക്ക് താമസിക്കാനാവാത്ത അമാനുഷികമായ എന്തോ സാന്നിധ്യമുള്ളയിടം. പതിനാലാം നൂറ്റാണ്ടിൽ മൂന്ന് പ്രാദേശിക ഗോത്രങ്ങളാണത്രെ അൽ ജസീറത്ത് അൽ ഹംറ നിർമിച്ചത്. പണ്ട് ഇവിടം വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ടൈഡൽ ഐലൻഡ് ആയിരുന്നത്രേ .അങ്ങനെയാണ് ഇതിന് അൽ-ജസീറത്ത് അൽ ഹംറ അഥവാ ചുവന്ന ദ്വീപ് എന്ന പേര് ലഭിച്ചത്.

പവിഴപുറ്റുകലും ചെളിയും കൊണ്ട് നിർമ്മിച്ചെടുത്ത ചുമരുകൾ, വലിയ മരവാതിലുകളും , ഈന്തപ്പനയോലകളാൽ മെടഞ്ഞെടുത്ത മേൽക്കൂരയുള്ള ഇവിടുത്തെ വീടുകൾക്ക്, പ്രത്യേക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ജനാലകങ്ങളും വിശാലമായ മുറ്റവും ഉണ്ട് . നൂറു കണക്കിന് വർഷങ്ങൾ കത്തിജ്വലിക്കുന്ന സൂര്യന് കീഴിൽ ഇങ്ങനെ നിന്നിട്ടും മണലാരണ്യത്തിലെ മണൽകാറ്റുകളോട് പൊരുതി നിന്നിട്ടും ഇവയിൽ ചിലതൊക്കെ പൂർണ്ണമായും നശിച്ചു പോകാതെ നിൽക്കുന്നത്തിന്റെ കാരണം ചിന്തിക്കുമ്പോൾ അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നുമില്ല പറയാൻ .

രാത്രിയായതിനാൽ പലകാഴ്ചകളും അവ്യക്തമാണ് . നിശബ്ദതയിൽ ഉറങ്ങിക്കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ.പല കെട്ടിടങ്ങളിലും DO NOT ENTER എന്ന് കരി കൊണ്ട് എഴുതിവെച്ചിരിക്കുന്നു. ഒഴിഞ്ഞ മൈതാനം പോലോരിടത്ത് ഉയർന്നു നിൽക്കുന്ന വിൻഡ് ടവർ വല്ലാതെ ആകർഷിക്കുന്നു . ചില സ്ഥലങ്ങളിലൊക്കെ കടന്ന് ചെല്ലാൻ കഴിയാത്ത വിധം കല്ലുകളും മണലുകളും കൂമ്പാരമായിരിയക്കുന്നു.

കടലിന്റെ തണുത്ത കാറ്റിനെ ആവാഹിച്ചെടുത്ത് ഇനിയും തകർന്ന് പോകാത്ത അവസാന ചുമരുകളും തലയുയർത്തി നിൽക്കുന്ന വിൻഡ് ടവറും അനുബന്ധ കെട്ടിടങ്ങളും റാക്കിലെ ഈ പ്രേത ഗ്രാമത്തെ രാമേശ്വരം ഐലൻഡിലെ ധനുഷ്കോടിയിലെ പ്രേതാലയങ്ങളോട് വല്ലാത്ത സാമ്യത തോന്നിച്ചു.

Check Also

അഴീക്കൽ ബീച്ചിൽ വിരുന്നിനെത്തിയ കപ്പലും സായാഹ്നവും

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ ജീവിതം പോലെ തന്നെ യാത്രകളും അനന്ത സാഗരമാണ്. നിമിഷ നേരം കൊണ്ട് …

Leave a Reply