“ഊർധ്വൻ വലിച്ചാലും KSRTC നന്നാവൂല…” ഒരു KSRTC യാത്രക്കാരന്‍റെ പോസ്റ്റ്‌…

തിങ്കൾ വൈകിട്ട് അരീക്കോട് ബസ് സ്റ്റാന്റ്… താമരശ്ശേരിക്കുള്ള കെ എസ് ആർ ടി സി ബസ് വരുന്നു… കയറി സീറ്റിൽ ഇരുന്നു, തോളിൽ ചാഞ്ഞു കിടക്കുന്ന മോൻ, മടിയിൽ ലാപ്ടോപ് അടക്കം നല്ല കനമുള്ളൊരു ബാഗ്. കണ്ടക്ടര്‍ വന്ന് ടിക്കറ്റ് ചോദിക്കുന്ന നേരം കുറെ പേർ പറയുന്നത് കേട്ടു, ‘എരഞ്ഞിമാവ്’… ‘നെല്ലിക്കാ പറമ്പ്’… കണ്ടക്ടറുടെ മറുപടി ഉടൻ എത്തി: “അവിടെയൊന്നും സ്റ്റോപ്പില്ല”. ടി ടി, സൂപ്പർ ഫാസ്റ്റ് എല്ലാം നിർത്തിക്കൊടുക്കുന്ന സ്റ്റോപ്പുകളിൽ പോലും നിർത്തില്ലത്രേ.

പിറകിൽ നിന്ന് മുന്നോട്ടു മൂന്നാമത്തെ സീറ്റിൽ ഇരിക്കുന്ന എന്റെ അടുത്തെത്തും മുമ്പ് വീട്ടിലേക്ക് വിളിച്ച് ചോദിക്കണം, നമ്മുടെ സ്റ്റോപ്പിൽ നിർത്തില്ല, അടുത്ത സ്റ്റോപ്പിൽ വന്നിറങ്ങിയാൽ കൂട്ടാൻ വരാൻ വല്ലവരും ഉണ്ടോ വീട്ടിൽ എന്ന്.

ഫോണെടുത്ത് ഡയൽ ചെയ്യുമ്പോഴേക്ക് കണ്ടക്ടർ എത്തി. “ഒരു മിനിറ്റ്, ഇറങ്ങേണ്ട സ്ഥലം ഒന്നുറപ്പിക്കട്ടെ”. ഇത് കേട്ടപ്പോള്‍ നമ്മുടെ കണ്ടക്ടര്‍ സാറിന് കലിപ്പ് കേറി. ‘ഇത്രേം നേരണ്ടായിട്ട് ഇപ്പൊ ആണോ വിളിക്ക്ണത്?’ അപ്പോള്‍ ഞാന്‍ ഫോൺ കട്ട് ചെയ്തു ചോദിച്ചു, എന്റെ സ്റ്റോപ്പിൽ നിർത്തുമോ എന്ന്. സ്പൊണ്ടേനിയസ് മറുപടി. ‘ഇല്ല നിർത്തൂെല, നീലേശ്വരത്ത് എറങ്ങിക്കോ’

“അവിടെ എത്തുമ്പോഴേക്കും 8 മണി കഴിയും. എന്നാലും നിർത്തൂലെ? സാധാരണ ആ സമയത്ത് നിർത്തി തരാറുണ്ട്.” “ഇല്ല, നിർത്തൂല” എന്നു കണ്ടക്ടര്‍ ഏമാനും. പിന്നെ സീൻ അല്പം കോണ്ട്രാ ആയിപ്പോയി… “വെറുതല്ലാ ങ്ങൾ ഗുണം പിടിയ്ക്കാത്തത്.. ഈ ഡിപ്പാർട്ട്‌മെന്റ് നന്നാവൂല” എന്നു ഞാനും.. “അന്നെ അവടെ എറക്കിത്തന്നാ ഗുണം പിടിയ്ക്കോ?” – കണ്ടക്ടര്‍ സാറിന് പിന്നെയും നന്നായി ദേഷ്യം വന്നു.

“വേണ്ട, എനിക്ക് മുക്കത്ത് ഇറങ്ങിയാ മതി. രാത്രി ആ സ്റ്റോപ്പിൽ ഉറങ്ങുന്ന കുഞ്ഞിനെയും ഭാരിച്ച ബാഗും കൊണ്ട് ഇറങ്ങി നടക്കാൻ വയ്യ. അതുകൊണ്ട് കുറച്ചൊരു മനുഷ്യപ്പറ്റു കാണിച്ചൂടെ…?” ഞാന്‍ അല്പം അപേക്ഷാഭാവത്തില്‍ പറഞ്ഞു നോക്കി.

ശബ്ദം അല്പം കൂടിപ്പോയിക്കാണും കുഞ്ഞ് ഉറക്കത്തിൽ നിന്ന് ഉണർന്നു. മുൻസീറ്റിൽ നിന്ന് ആളുകൾ തിരിഞ്ഞു നോക്കാൻ തുടങ്ങി. കാലം ചെല്ലും തോറും ഞാനടക്കം എല്ലാരുടെയും പ്രതികരണ ശേഷി കൂടിക്കൂടി വരുന്നതല്ലേ, ആരും ഒന്നും മൊഴിഞ്ഞതെയില്ല…  മുക്കത്ത് ഇറങ്ങിയാൽ ബസ് മാറിക്കേറിയാലും സ്വന്തം സ്റ്റോപ്പിൽ ഇറങ്ങാലോ. പണം കൊടുക്കലും ടിക്കറ്റ് വാങ്ങലും അതിനിടെ കഴിഞ്ഞിരുന്നു. “നിന്റെ സ്റ്റോപ്പിന് അപ്പുറത്തെ സ്റ്റേജ് കണക്കാക്കിയാ ഞാൻ ടിക്കറ്റ് തന്നത്…” വിജയശ്രീലാളിതനെപ്പോലെ നമ്മുടെ കണ്ടക്ടറുടെ മറുപടി.

ഇറങ്ങുന്നത് വരെ ആലോചിച്ചു, എത്ര നല്ല രീതിയിൽ യാത്രക്കാരോട് ഇടപഴകുന്ന ബസ് ജീവനക്കാർ പരിചിതരുണ്ട്, മൈസൂർ ബസിലെ ബാബുവേട്ടൻ, രാജു, രാജീവ് അങ്ങനെ ഏറെപ്പേർ, ബസ് വൈകിയാൽ വിളിച്ചറിയിക്കുന്ന, സ്വന്തം സ്റ്റോപ്പിൽ അസമയത്ത് മുഷിപ്പില്ലാതെ നിർത്തിത്തരുന്ന നല്ല മനുഷ്യർ..

അയാൾ എന്നെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെത്തന്നെയാവട്ടെ, പക്ഷേ അല്പം കൂടി നല്ല രീതിയിൽ സംസാരിച്ചാൽ ആർക്ക് എന്ത് നഷ്ടപ്പെടാനാണുള്ളത്…? ഏമാൻ മനോഭാവം എല്ലാരും മാറ്റാതെ, ‘എങ്ങോട്ടു പോകുന്നു, ഞങ്ങളുടെ കൂടെ വരൂ’ എന്നോ, ‘കെ എസ് ആർ ടി സി നമ്മുടെ വണ്ടി, ജീവനക്കാർ നിങ്ങളുടെ സഹോദരന്മാർ’ എന്നോ സ്റ്റിക്കർ പതിച്ചത് കൊണ്ടൊന്നും ഒരു ഉയർച്ചയും വരില്ല…

കണ്ടക്ടർ അദ്ദേഹം പറഞ്ഞ സ്റ്റോപ്പിൽ തന്നെ എന്നെ ഇറക്കിയുള്ളൂ.  അവസാനം ഏട്ടനെ വിളിച്ച് വണ്ടിയുമായി വരാൻ പറഞ്ഞു നീലേശ്വരത്തേക്ക്. അല്ലാതെ ഈ സമയത്ത് വേറെന്തു ചെയ്യാനാ? അദ്ദേഹത്തിനും KSRTC ക്കും നല്ലത് മാത്രം വരുത്തേണമേ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ വീട്ടിലേക്ക് യാത്രയായി. (വിവരണം – മുഹമ്മദ്‌ സഫീര്‍).

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply