ഭൂമിക്കടിയിലെ അത്ഭുത വെള്ളച്ചാട്ടം- ഡേവിസ് വെള്ളച്ചാട്ടം !!

നേപ്പാള്‍ യാത്രയില്‍ കണ്ട വിശേഷങ്ങള്‍ : ഭൂമിക്കടിയിലെ അത്ഭുത വെള്ളച്ചാട്ടം- ഡേവിസ് വെള്ളച്ചാട്ടം !!!!  “സത്യം പറഞ്ഞാൽ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഭൂമി പിളർന്നു ഗ്രൗണ്ട് ലെവലിൽ നിന്നും താഴേക്കു പതിക്കുന്ന ഒരു അത്യുഗ്രൻ അണ്ടർ ഗ്രൗണ്ട് വെള്ളച്ചാട്ടം!!! ”

സമയം 8 :30 നോട് അടുക്കുന്നു.. ഇനി ഇവിടെ കണ്ടുതീർക്കാൻ മനോഹരമായ രണ്ടു കാഴ്ചകൾ കൂടിയുണ്ട്. ഡേവിസ് വെള്ളച്ചാട്ടവും ഗുപ്തേശ്വർ ഗുഹകളും. വെള്ളച്ചാട്ടങ്ങളുടെ നാടായ കേരളത്തിൽ നിന്നും വരുന്നതുകൊണ്ട് ഡേവിസ് ഒക്കെ എന്ത് എന്ന തോന്നൽ ആയിരുന്നു എനിക്ക്. വലിയ വാഹനങ്ങൾ നിരനിരയായി പോയ്കൊണ്ടിരിക്കുന്ന വഴിയരികിൽ ഞങ്ങളുടെ വാഹനം നിർത്തി. ഇവിടെ ആണോ വെള്ളച്ചാട്ടം, ഞാൻ ഒന്ന് അത്ഭുതപ്പെട്ടു. വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഒന്നും കേൾക്കുന്നില്ല. എന്നാലും നിരനിരയായി കച്ചവടക്കാരെ കാണാം. കൂടുതലും സ്ത്രീകൾ ആണ്. മുടി പോലെ എന്തോ എല്ലാ കടകളുടെയും മുന്നിൽ തൂക്കി ഇട്ടിട്ടുണ്ട്. എന്താണാവോ ഇതു, വിദേശീയരായ ആളുകൾ വന്നു വാങ്ങുന്നുണ്ട്. ഐശ്വര്യം ഉണ്ടാകാൻ വീട്ടിലും വണ്ടികളിലും തൂക്കി ഇടാനുള്ള എന്തോ ഒന്നാണ്.

എന്തായാലും പതുക്കെ വെള്ളച്ചാട്ടം കാണാൻ ആയി നടന്നു. മനോഹരമായി ആലങ്കരിച്ച പൂന്തോട്ടം. അവിടെനിന്നും കുറച്ചു താഴോട്ടിറങ്ങണം.. വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാം.. പക്ഷെ വെള്ളച്ചാട്ടം കാണുന്നില്ല.. വീണ്ടും താഴേക്കു ഇറങ്ങി.. സത്യം പറഞ്ഞാൽ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഭൂമി പിളർന്നു ഗ്രൗണ്ട് ലെവലിൽ നിന്നും താഴേക്കു പതിക്കുന്ന ഒരു അത്യുഗ്രൻ അണ്ടർ ഗ്രൗണ്ട് വെള്ളച്ചാട്ടം!!! സാധാരണ വെള്ളച്ചാട്ടം കാണാൻ നമ്മൾ മുകളിലേക്കല്ലേ നോക്കുന്നത്.. ഇവിടെ താഴോട്ട് നോക്കണം.. വെളിച്ചമെത്താത്ത അഗാധതയിലേക്കു വെള്ളം അങ്ങനെ ചന്നം പിന്നം ഒഴുകി വീഴുകയാണ്.

ഇതു താഴേക്കെത്തുമ്പോൾ ഒരു അണ്ടർഗ്രൗണ്ട് ടണൽ ആയി മാറും. ആ ടണലിലൂടെ വെള്ളം ഒഴുകി നദികളിലേക്കെത്തും.. മനോഹരമായ കാഴ്ച.. മഴക്കാലത്തു വെള്ളം ഒഴുകി ഒഴുകി കരഭാഗം ഏതോ ശിൽപികൾ തീർത്ത കാവ്യ ഭംഗി പോലെ. വെളിച്ചക്കുറവുകാരണം ഫോട്ടോ ക്ലിയർ ആയി കിട്ടുന്നില്ല. പക്ഷെ കാഴ്ചകൾ അത്ഭുതങ്ങൾ ആയി തീരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

ഈ വെള്ളച്ചാട്ടത്തിന്റെ പേരിനു പിന്നിൽ ഒരു ഒരു അച്ഛന്റെ നഷ്ടപെടലുകളുടെ കഥയുണ്ട്. 1961 ജൂലൈ 31 നു സ്വിസ്സ് ദമ്പതിമാർ ഈ വെള്ളച്ചാട്ടത്തിലെ മുകളിലെ ശാന്തമായ ഭാഗത്തു കുളിക്കാനായി ഇറങ്ങി. എന്നാൽ ഭാര്യ ഒഴുക്കിൽ പെട്ട് ഭൂമിക്കടിയിലെക്ക് ഒഴുകുന്ന ടണലിലേക്കു പെട്ടുപോയി.. പിന്നീട് മൂന്നു ദിവസങ്ങൾക്കു ശേഷം അവിടെ ഉള്ള മറ്റൊരു നദിയായ Phusre ൽ ഒരുപാട് തിരച്ചിലുകൾക്കു ശേഷം അവരുടെ മൃതശരീരം ലഭിച്ചത്. തന്റെ മകൾ നഷ്ടപെട്ട ഈ വെള്ളച്ചാട്ടം മകളുടെ പേരിൽ അറിയപ്പെടണം എന്ന് അവളുടെ അച്ഛൻ ആഗ്രഹിച്ചു. നല്ലവരായ നാട്ടുകാർ ഈ വെള്ളച്ചാട്ടത്തിനു അവരുടെ പേരുനല്കി ഡേവിസ്.

ഇന്ന് ഡേവിസ് വെള്ളച്ചാട്ടം ലോകത്തെ എല്ലാ സഞ്ചാരികളെയും ആകർഷിച്ചു, അത്ഭുതപ്പെടുത്തി പൊഖ്‌റയിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. നേപ്പാളിൽ ഇതിന്റെ യഥാർത്ഥപേര് Patale Chango, ഭൂമിക്കടിയിലെ വെള്ളച്ചാട്ടം എന്ന അർഥം . വളരെ അധികം സുരക്ഷാ ഉറപ്പാക്കി ശക്തമായ കമ്പി വേലികൾ, ക്യാമറ, പോലീസ് അങ്ങനെ എല്ലാം ഉണ്ട് . കുട്ടികൾക്ക്‌ കളിക്കാനായി ചെറിയ ഒരു പാർക്കും അവിടെ തയാറാക്കിയിട്ടുണ്ട്. കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടികൾ ആയ രാജി, രതി, ബീന ടീച്ചർ അരുണിന്റെ കൂടെ അവിടെ പോയി കളിക്കുന്നുണ്ട്. മെമ്മറി ഫുൾ ആയി എന്റെ ഫോൺ ഫോട്ടോ എടുക്കാൻ പറ്റാത്ത പരുവത്തിൽ ആയി.

ഈ റോഡിനു മറുവശത്താണ് ഗുപ്പ്‌തേശ്വർ ഗുഹകൾ…. റോഡ് ക്രോസ്സ് ചെയ്തു, കച്ചവടക്കാർ തിങ്ങിയ ചെറു വഴികൾ അതിലൂടെ നടനെത്തുന്നത് ഒരുപാട് പ്രതിമകൾ നിറങ്ങ ഒരു കറങ്ങുന്ന ഗോവണി. സ്റ്റെപ്പുകളുടെ ഇരുവശത്തും മനോഹരമായ പ്രതിമകൾ.. ഒരുപ്പാട്‌ ആളുകൾ ഇല്ലെങ്കിലും പതുക്കെ സഞ്ചാരികൾ എത്തി തുടങ്ങുന്നുണ്ട് . സ്റ്റെപ്പുകൾ ഓരോന്നോരോന്നായി ഇറങ്ങി, വെളിച്ചത്തെ പതുക്കെ ഇരുട്ട് കവർന്നെടുക്കാൻ തുടങ്ങി. ഇനിയുള്ള അത്ഭുതങ്ങൾ എനിക്ക് ചിത്രങ്ങളിലൂടെ കാണിക്കാൻ കഴിയില്ല.. ഒരാൾക്കു മാത്രം നടന്നു പോകാൻ കഴിയുന്ന രീതിയിൽ വശങ്ങളിൽ തുള്ളി തുള്ളി ആയി വെള്ളം ഒഴുകുന്ന പാറകളിലൂടെ താഴേക്കു. ഫോൺ ലൈറ്റ് ആണ് ആകെ ഉള്ള ആശ്രയം. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. അകത്തു ബൾബ് ഇടാനുള്ള ശ്രമങ്ങൾ. കമ്പി വേലികൾ കെട്ടാനായി പാറകളിൽ തുളയിട്ടിരിക്കുന്നു. വെള്ളം കട്ടിയായി മുള്ളുകൾ പോലെ ഭാഗങ്ങളിൽ . നടന്നിറങ്ങുമ്പോൾ നമ്മളെ നനയിച്ചു ചെറു വെള്ള ചട്ടങ്ങൾ.. ഇരുട്ടിൽ തീർത്ത മായാലോകം അതാണ് ഗുപ്തേശ്വർ ഗുഹകൾ.

നടന്നിറങ്ങി വരുമ്പോൾ ഏകദേശം നടുഭാഗം പോലെ തോന്നുന്ന സ്ഥലത്തു സ്വയംഭൂ ആയ വലിയ ഒരു ശിവലിംഗം, ഒരു കരക്ക്‌ ചുറ്റും വെള്ളം ഒഴുകി ഒഴുകി മണ്ണ് അവിടെനിന്നും മാറി ബാക്കിയായ കരഭാഗം ശിവലിംഗം ആയി മാറിയിരിക്കുന്നു. വെള്ളം ഒഴുകി മറഞ്ഞതിന്റെ പാടുകൾ വ്യക്തമായി കാണാം. അത്ഭുതം, ഭക്തി സാഹസം, എല്ലാം ഒരുമിച്ചു കണ്ണിനു മുന്നിൽ. പൂജ നടക്കുന്ന അവിടെ നിരവധി ആളുകൾ പൂജ വസ്തുക്കൾ സമര്പിക്കുന്നുണ്ട്. ശിവലിംഗത്തിന്റെ പുറകിലൂടെ വീണ്ടും ഒരു കമ്പി ഏണിയിലൂടെ താഴേക്കിറങ്ങണം.. ഭൂമിയുടെ ഉള്ളറകളിലേക്ക് , അവിടെ വിശ്വസിക്കാൻ കഴിയാത്ത ഒരു കാഴ്ച. ഭൂമി രണ്ടായി പിളർന്നു അതിലൂടെ ഒരു ചെറുവെളിച്ചം അകത്തേക്ക് കടക്കുക്കയാണ്. ഡേവിസ് വെള്ളച്ചാട്ടത്തിലെ ടണൽ, റോഡിനടിയിലൂടെ ഈ ഗുഹകളിലൂടെ എങ്ങോട്ടോ ഒഴുകുകയാണ്. ഒരുനിമിഷം ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ഒരു കാഴ്ച.

നേപ്പാളിലെ ഏറ്റവും നീളം കൂടിയ ഗുഹകളിൽ ഒന്നിലൂടെ ആണ് ഞങ്ങൾ ഇപ്പോൾ നടക്കുന്നത്. ഈ കാഴ്ചയും ഈ യാത്രയും ഒരിക്കലും കണ്ണിൽ നിന്നും മായില്ല!! അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും ഈ അനുഭവത്തെ പൂർണ്ണം ആക്കാൻ ഒരിക്കലും കഴിയുകയും ഇല്ല . പൊഖ്‌റയോട് വിടപറഞ്ഞു, കഠ്മണ്ഡുവിലേക്കുള്ള ലോങ്ങ് ജേർണി ആരംഭിച്ചു.

വിവരണം – ഗീതു മോഹന്‍ദാസ്‌.

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply