ഇന്ത്യയുടെ ‘മാച്ചു-പിച്ചു’വിലേക്ക് ഒരു ട്രിപ്പ് പോയപ്പോള്‍…

മുൻപ് എപ്പോഴോ മനസ്സിൽ ഉടക്കിയ, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള നഗരത്തിലേക്ക് 2018 ലെ ആദ്യമാസം തന്നെ കൈയ്യിൽ കിട്ടിയ അവധിദിനങ്ങളെ കൂട്ടിയിണക്കി ഹംപിക്കു വണ്ടികയറുമ്പോൾ എനിക്ക് എന്നും പ്രിയപ്പെട്ട സൂര്യോദയവും അസ്തമയവുമുൾപ്പെടെ കണ്ടുതീർക്കേണ്ട സ്ഥലങ്ങളുടെ ഒരു നീണ്ടലിസ്റ്റുതന്നെ എന്റെ കൈയിലുണ്ടായിരുന്നു.എല്ലാം ആഞ്ഞു പിടിച്ചു തീർത്താൽ അതു വെറും ഓട്ട പ്രദക്ഷിണം ആയിപ്പോകും എന്ന പേടി മനസ്സിലുണ്ടായിരുന്നു.ഞാൻ ആഗ്രഹിച്ച പോലെ രാവിലെ 5 മണിക്ക് മുൻപ് തന്നെ ഹൊസപ്പെട്ട(hosapete) ജംഗ്ഷനിൽ ചെന്നെത്തി.

ആ തണുപ്പത്ത് ബസിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു KSTDCയുടെ ഹോട്ടലായ മയുരാഭുവനേശ്വരിയിലേക്ക് .11 മണിക്കേ റൂം റെഡിയാകൂ എന്നറിഞ്ഞപ്പോൾത്തന്നെ ബാഗ് റിസപ്ഷനിൽ ഏൽപ്പിച്ചിട്ട് ഹോട്ടലുകാർ അറേഞ്ച് ചെയ്ത് തന്ന ഓട്ടോയിൽ സൂര്യോദയം കാണാനായി ഇറങ്ങി. ഓട്ടോ നേരെ പോയത് ഹനുമാൻ ക്ഷേത്രത്തിലേക്കാണ്. കുറ്റാകൂരിരിട്ടും നല്ല തണുപ്പും.

   

ആകാശം മുട്ടി നിൽക്കുന്ന പാറകൂട്ടങ്ങൾക്കിടയിൽ നിന്ന് മാനം നിറഞ്ഞ നക്ഷത്രങ്ങളെ കാണാൻ എന്ത് രസമാ… അപ്രതീക്ഷിതമായി ഇങ്ങനെ കിട്ടുന്ന നിമിഷങ്ങളാണ് ഓരോ യാത്രയേയും പൂർണ്ണതയിലേക്കെത്തിക്കുന്നത്.എന്നും നമുക്കു മുന്നിൽ രാവും പകലുമുണ്ടെങ്കിലും യാത്രയിൽ കാണുന്ന ആകാശത്തിനും സൂര്യനും നക്ഷത്രങ്ങൾക്കും ഭംഗി ഒന്നു വേറെ തന്നെയാണ്. ഇരുട്ടിന്റെ നിറം മങ്ങി നക്ഷത്രങ്ങൾ മറഞ്ഞു, ക്ഷേത്രത്തിൽ അപ്പോഴേക്കും ആളുകൾ എത്തിത്തുടങ്ങി.

അമ്പലത്തിനോട് ചേർന്നുള്ള മണ്ഡപത്തിൽ കയറി, മേഘ പാളികളെ കീറിമുറിച്ച് ഉണർന്നു എഴുന്നേൽക്കുന്ന ആദിത്യനെ കൺകുളിർക്കെക്കണ്ടു. അവിടന്ന് അൽപ്പദൂരെ മാറി നല്ല മറ്റൊരു മണ്ഡപം ഉണ്ട്.ക്ഷേത്രത്തിൽ വന്ന ഒരാളോട് അങ്ങോട്ടേക്കുള്ള വഴി ചോദിച്ചു. കുറച്ചുദൂരം നടന്നപ്പോൾ ചെന്നുപെട്ടത് മുൾ ചെടികൾക്കിടയിലാണ് വഴിതെറ്റിയെന്ന് മനസിലായി.എങ്കിലും കുറച്ചു മുള്ളൊക്കെ കൊണ്ട് ശരിക്കുള്ള വഴി കണ്ടു പിടിച്ചു ആ മണ്ഡപത്തിലെത്തി. അൽപ്പനേരം അവിടെ ചെലവഴിച്ച ശേഷം തിരികെ ഹോട്ടലിൽ എത്തി.  ഫ്രഷായി ഫുഡും കഴിച്ചു വീണ്ടും ഇറങ്ങി.

ഒരു ഓട്ടോ റെന്റ് എടുത്തു.പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഓട്ടോഡ്രൈവറെ കാണിച്ചു. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന മാപ്പ് നോക്കി പോകേണ്ട സ്ഥലങ്ങൾ ഒന്നുകൂടി ഉറപ്പിച്ച ശേഷം എന്റെ ഹംപി യാത്ര തുടങ്ങി. രാവിലെ കണ്ട തണുത്ത അന്തരീക്ഷമല്ല, പകൽ പൊള്ളുന്ന ചൂട്. ഒരു കാലഘട്ടത്തിന്റ കഥകൾ പേറുന്ന ഈ നാട്ടിൽ കാണുന്ന ശില്പങ്ങളും പൂർവകാല നാഗരികതയുടെ ശേഷിപ്പുകളും ഇവിടെയെത്തുന്ന സഞ്ചരിക്കു മുന്നിൽ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ചെയ്യുന്നത്.  നമ്മുടെ നാടിന്റെ കലാ സൃഷിടിയുടേയും പൂർവകാല സമ്പന്നതയുടേയും മുഖം ആണ് ഈ സ്മാരകങ്ങൾ. സമ്പന്നതയുടെ സ്വപ്നങ്ങൾ ,കരിങ്കല്ലിൽ തീർത്ത കഥകൾ, ഇതാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വിജയനഗര സാമ്രാജ്യം.

എണ്ണിയാൽ ഒടുങ്ങാത്ത ക്ഷേത്രങ്ങളും ശില്പങ്ങളും മണ്ഡപങ്ങളും അഴകുചാർത്തുയിരുന്ന ഈ തലസ്ഥാന നഗരിയിൽ കഴിഞ്ഞുപോയ പ്രതാപകാലത്തിന്റെ ഒരു ശവപറമ്പു മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ഹംപിയിലെ ഏറ്റവും പുരാതനവും ആകർഷണീയവുമായക്ഷേത്രമാണ് വിരുപാക്ഷക്ഷേത്രം. കരിങ്കല്ലിൽ കഥകൾ പറയുന്ന ശിൽപ വൈവിദ്ധ്യം കൊണ്ട് ഈ ക്ഷേത്രം നമ്മെ അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രത്തിന്റെ ചുവരിൽ തീർത്ത തുളയിലൂടെ മുന്നിൽ ഉള്ള ബിസ്തപയ്യ ഗോപുരത്തിന്റെ ചിത്രം പിൻചുവരിൽ തലതിരിഞ്ഞു കാണാം .പിന്നീട് പോയ ഹസാരെ രാമക്ഷേത്രം ദ്രാവിഡ കലയുടെ നേർക്കാഴ്ച ആണ് കാട്ടിത്തരുന്നത്. രാമായണത്തിന്റെ ഏടുകൾ വരച്ച ചുവരുകൾ ,ഗ്രാനേറ്റിൽ തീർത്ത ശില്പങ്ങൾ എന്നിവ ഇവിടം വ്യത്യസ്തമാക്കുന്നു.. തകർന്ന വ്യാപാര സംസ്കാരത്തിന്റെ ശേഷിപ്പ് ആണ് ഇന്ന് പാൻസുപ്പാരി ബസാറിൽ കാണുന്ന തകർന്ന ചുവരുകളും തൂണുകളും.

പിന്നീട് പോയത് കൃഷ്ണദേവരായരുടെ പത്നി ചിന്ന ദേവിയുടെ കൊട്ടാരക്കെട്ടായ ലോട്ടസ് മഹലിലേക്കാണ്. വാസ്തുവിദ്യയുടെ വിസ്മയം തന്നെ ആണ് ഇവിടം. നാലു ഭാഗത്തു നിന്ന് നോക്കിയാലും ഒരുപോലെ കാണാൻ കഴിയുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്..രാജ്ഞിക്ക് നീരാടാനായി തീർത്ത ജലമഹൽ പുരാതന വസ്തുവിദ്യയുടെ ശേഷിപ്പായി ഇന്നും നിലകൊള്ളുന്നു . പകൽ മുഴുവൻ ഹംപിയുടെ ചരിത്രം കണ്ടു, അസ്തമയ സൂര്യനെ കാണാനായി പോയത് രാവിലെ കണ്ടെത്തിയ ഉയരം കൂടിയ അതേ മണ്ഡപത്തിക്കായിരന്നു.വലിയ ആൾബഹളങ്ങളി ല്ലാതെ ആ സൂര്യാസ്തമയം കണ്ട് ഇരുട്ട് വീണു തുടങ്ങും മുൻപ് താഴെ എത്തി.

അടുത്ത ദിവസം അതിരാവിലെ ശൈത്യകാലത്തിന്റെ തണുത്തകാറ്റുംകൊണ്ട്‌ മാതംഗ ഹില്ലിലേക്ക് ചെന്നെത്തുമ്പോൾ ചുറ്റും കാണുന്ന കാഴ്ചകൾക്ക് സൂര്യന്റെ വർണങ്ങൾ വീണുതുടങ്ങിയിട്ടില്ലായിരുന്നു. സൂര്യോദയവും കാഴ്ചകളും കണ്ടു തിരിച്ചു ഹോട്ടലിൽ എത്തി. ഹോട്ടൽ വെക്കേറ് ചെയ്തു ആദ്യംപോയത് വിറ്റല ക്ഷേത്രവും ബസാറും കാണാൻ ആയിരുന്നു ,നല്ല ദൂരം ഉണ്ട് അങ്ങോട്ടേക്ക് നടക്കാൻ വെയിലിന് കനം വെച്ചു തുടങ്ങി അപ്പോഴേക്കും ,കനാൽ മാർഗ്ഗം ജലം നിറഞ്ഞിരുന്ന കുളവും , ഒരു വാണിജ്യ സാമ്രാജ്യത്വത്തിന്റെ ശേഷിപ്പും കടന്നു ചെല്ലുമ്പോൾ കാണുന്നത് കല്ലിൽ തീർത്ത രഥവും ക്ഷേത്രവും ആണ്. അടുത്തത് കാലത്തിന്റെ വികൃതിയിൽ പൂർണത നഷ്ടപെട്ട ഉഗ്രനരസിംഹമൂർത്തിശില്പപം അവിടെ കാണാൻ സാധിച്ചു. അവിടുന്ന് അഞ്ജുനഹില്ലിൽ എത്തിയപ്പോഴേക്കും ഉച്ചയായി.പൊള്ളുന്നചൂടിൽ 517പടികൾ കയറി ഹനുമാൻ ക്ഷേത്രത്തിൽ എത്തിയപ്പോൾ ശരീരം കുറച്ചേറെ ക്ഷീണിച്ചിരുന്നു. പക്ഷെ അവിടെകണ്ട കാഴ്ചകൾ അതിനെ എങ്ങോട്ടേക്കോ നാടുകടത്തി.

ഹംപിയിലെ പച്ചപ്പ്‌ അവിടെ നിന്നാൽ കാണാം .ദൂരെ പരന്നു കിടക്കുന്ന പാടങ്ങൾ, മലകൾ, വികൃതികാട്ടി നടക്കുന്ന കുരങ്ങന്മാർ , നിത്യ പൂജ ക്ഷേത്രം, ഇവയെല്ലാം ഭക്തിയുടെയും കാഴ്ചയുടെയും ഒരേ വേദി തന്നെയാണ് നമുക്ക് സമ്മാനിക്കുന്നത്. ഇവിടെനിന്നും തുംഗഭദ്ര നദി മുറിച്ചു കടന്ന് ഹിപ്പി വില്ലേജിൽ എത്തി. ഇതുവരെ കണ്ട ലോകം അല്ല ആ നദിക്ക് അക്കരെ.പാശ്ചാത്യ സംസ്കാരത്തിന്റ് ഒരു ഇന്ത്യൻ പതിപ്പ്, വ്യത്യസ്തമായ അന്തരീക്ഷം, വേറെ ഏതോ ലോകത്തു എത്തിയ ഒരു തോന്നൽ!!!

ഹംപിയോട് വിടപറയാൻ സമയമായി. ശേഷിച്ചസമയം തുങ്കഭദ്ര ഡാമും അവിടുത്തെ ലൈറ്റ് ആൻഡ് മ്യൂസിക് ഷോ ഒക്കെ കണ്ടു നിറഞ്ഞ മനസ്സോടെ റയിൽവേ സ്റ്റേഷനിലേക്ക്‌ മടങ്ങി .
കാഴ്ചകൾക്കു പഞ്ഞം ഇല്ലാത്ത രണ്ടു ദിനങ്ങൾ,രണ്ടു സൂര്യോദയം ഒരു അസ്തമയം…  കുറേയേറെ നാളുകളായി ഞാൻ കാണാൻ കൊതിച്ച സ്ഥലങ്ങൾ , മുന്നിൽ കണ്ട വർണ്ണാഭമായ രാജവാഴ്ച്ചയുടെ ചരിത്രം കോറിയിട്ട കല്ലുകൾ ,ചുറ്റും ഒന്നു കണ്ണോടിക്കുമ്പോൾ കണ്ട കാഴ്ചകളെ അക്ഷരങ്ങളുടെ കള്ളികളിൽ ഒളിപ്പിക്കാൻ കഴിയാത്തത്ര ഭാരം.

ഹംപി ഒരു ഓർമപ്പെടുത്തലാണ്. കാലചക്രം തുടച്ചു നീക്കിയ ഒരു ജനതയുടെ,ഒരു പ്രൗഢിയുടെ ഓർമപ്പെടുത്തൽ. അവയെല്ലാം അല്പമെങ്കിലും കണ്ടറിഞ്ഞ ഈ യാത്ര അവസാനിക്കുമ്പോൾ. വിജയനഗര സാമ്രാജ്യത്തിന്ന് മുകളിൽ ഇരുൾ പടർന്നു തുടങ്ങിയിരുന്നു.

വിവരണം – ആര്യ ജയേഷ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply