ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ആരും കാണാത്ത  ജീവിതാനുഭവം..

പ്രിയ സുഹൃത്തുക്കളേ, ഞാൻ ഈ കുറിപ്പ് എഴുതാൻ കാരണം കുറച്ച് കാലങ്ങളായി സാമൂഹ്യ മാധ്യമങ്ങൾ വഴി KSRTC യുടെ തകർച്ചക്ക് കാരണം ഇതിലെ തൊഴിലാളികൾ പ്രത്യേകിച്ച് കണ്ടക്ടർ ഡ്രൈവർ വിഭാഗങ്ങൾ ആണ് എന്ന തരത്തിൽ വ്യാപകമായ ഒരു വ്യാജ പ്രചരണം അഴിച്ചുവിടുന്നു. മിക്ക യാത്രക്കാർക്കും ഈ വിഭാഗത്തിൽ പെടുന്ന ജീവനക്കാരുമായി വളരെ കുറച്ച് മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന യാത്രകളിൽ ഉള്ള ബന്ധം മാത്രമാണ്. പക്ഷേ ഒരു കണ്ടക്ടർ ഡ്രൈവർ വിഭാഗക്കാർ അവരുടെ ഒരുദിവസം തുടങ്ങുന്നത് വെളുപ്പിനെ 4 മണിക്കോ അതിനു മുൻപോ ആയിരിക്കും.

തുടർച്ചയായ 15 മണിക്കൂറോ അതിനു മുകളിലോ ഉള്ള യാത്ര.ബസിൽ ഉള്ള യാത്രക്കാർക്ക് 3 കിലോമീറ്റർ പിന്നിടുന്നതിന് മുൻപ് ടിക്കറ്റ് കൊടുത്ത് തീർക്കാനുള്ള തിടുക്കമായി. പലതരം യാത്രക്കാർ, വ്യത്യസ്ത സ്ഥലങ്ങളിലേക്ക്, പല ലക്ഷ്യത്തിലേക്ക് …ഭിക്ഷക്കാർ മുതൽ ഹയർ ഡിവിഷൻ ഓഫീസേഴ്സ് വരെ ഉൾക്കൊണ്ട് ഡബിൾബെൽ കൊടുക്കുമ്പോൾ മറ്റൊന്നും മനസിൽ വരാറില്ല.ചില സമയങ്ങളിൽ അടുത്ത ബന്ധുക്കൾ കയറിയാൽ പോലും മുഖത്ത് നോക്കി ചിരിക്കാൻ കഴിയാത്തത്ര മാനസിക സമ്മർദ്ദം പേറിയുള്ള ഒരു യാത്ര.

തിങ്ങി നിൽക്കുന്ന യാത്രക്കാർക്കിടയിൽ കൂടി ഒരു കൈയ്യിൽ ഒരു കിലോയോളം തൂക്കം വരുന്ന ടിക്കറ്റ് റാക്കും അതിൽ മുഴുവൻ നോട്ടുകളും കൈയിൽ നാണയ തുട്ടുകൾ അടുക്കി വെച്ച് ഒരു സർക്കസ് ട്രപ്പീസ് കാരന്റെ മെയ് വഴക്കത്തോടെ യാത്രക്കാരന്റെ വിയർപ്പിന്റെ ചൂരും ചൂടു മറിഞ്ഞുള്ള ജീവിക്കാൻ വേണ്ടിയുള്ള നീണ്ട യാത്ര.

ഡ്രൈവറുടെ കാര്യമാണ് അതിലും കഷ്ടം.മിക്ക ബസ്സുകളുടെയും സ്ഥിതി വളരെ മോശം ആയിരിക്കും. സ്റ്റിയറിങ്ങിന്റെ വൈബ്രേഷൻ കാരണം കൈയ്യിൽ കിടക്കുന്ന വാച്ച് വരെ ഊരി വീഴുന്ന സ്ഥിതി. ബ്രേക്കിന്റെ കാര്യം പറയാനുമില്ല.എങ്കിലും ഒരു ചെറുപുഞ്ചിരിയോടെ എല്ലാം ശുഭമായി വരും എന്ന പ്രതീക്ഷയോടെ കണ്ടക്ടറിന്റെ ഡബിൾ ബെല്ലിനായി കാതോർത്തിരിക്കും. നിറയെ യാത്രക്കാരെ കയറ്റി സുരക്ഷിത സ്ഥാനത്ത് കൃത്യസമയത്ത് എത്താനുള്ള ഓട്ടമായി തിരക്കേറിയ റോഡിലൂടെ ഉള്ള കുതിപ്പിൽ ചിലപ്പോ ചില ഒറ്റപ്പെട്ട യാത്രക്കാരെ കണ്ടില്ലന്ന് നടിക്കും കഴിവതും കയറ്റാനാണ് നോക്കുന്നത്.

ചില യാത്രക്കാരുടെ കാര്യമാണ് രസം. ബസിനുള്ളിൽ കയറിയാൽ വേഗം പോരാ. എല്ലായിടവും നിർത്തുന്നു എന്ന പരാതിയും. ചില്ലറ ഉണ്ടായാലും തരാതെ ഇവനിട്ട് ഒരു പണി കൊടുക്കണം എന്ന് കരുതി കയറുന്നവരും ഉണ്ട്. എല്ലാം ഉൾകൊണ്ട് കഴിവതും ആരോടും മുഷിയാതെയാണ് എല്ലാവരും ജോലി നോക്കുന്നത്. LDC റാങ്ക് ഒക്കെയാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ. കാക്കി ഇട്ടവനല്ലേ എന്നാ ചിന്താഗതിയാണ് മിക്കവർക്കും. 100 കണക്കിന് യാത്രക്കാരെ കയറ്റിപ്പോകുന്ന പൈലറ്റിനോട് ആരാധന ആകാം. പക്ഷേ ഞങ്ങളോടോ..?

നിങ്ങളുടെ ഒക്കെ അസാന്നിധ്യത്തിൽ നിങ്ങളുടെ കുട്ടികളെ പൂർണ്ണ സുരക്ഷിതമായി ഞങ്ങൾ സ്കൂളുകളിൽ വിടാറുണ്ട്. നിങ്ങളുടെ പ്രായമായ അച്ഛനനമ്മമാർക്ക് വേണ്ട പരിഗണന നൽകി അവരെ കൈ പിടിച്ച് കയറ്റി ഇരുത്താറുണ്ട്. പ്രായമായ നിങ്ങളുടെ പെൺമക്കൾക്ക് പൂവാലൻമാരിൽ നിന്നും ഉള്ള ശല്യം ഇല്ലാതെ കർശനമായി നിന്ന് സുരക്ഷ ഒരുക്കി യാത്ര ചെയ്യാനുള്ള അവസരം ചെയ്യുന്നില്ലേ? എന്നിട്ടും നിങ്ങൾ ഞങ്ങളെ ശത്രുവായി കാണുന്നു. ഞങ്ങളെ വന്ദിക്കണം എന്നു പറയില്ല. ഞങ്ങളുടെ മാനാഭിമാനത്തെ ചോദ്യം ചെയ്യരുത്. അപേക്ഷയാണ്.ഇതിൽ കാക്കി ഇട്ട് നിന്ന പോലെയുള്ള അഭിമാനം എനിക്ക് വേറെ ഒരു ജോലിയിലും ലഭിച്ചിട്ടില്ല. സ്നേഹപൂർവ്വം ശ്രീകുമാർ താമരശ്ശേരിൽ.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply