കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്ക് നേരേ ഗോലിയേറ്‌…

വൈറ്റില: യാത്രയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്ക് നേരെ ഗോലിയേറ്. ഒരു വര്‍ഷത്തിനിടെ ഉടഞ്ഞത് നൂറിലേറെ സ്വകാര്യ ബസുകളുടെ ചില്ലുകള്‍. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അന്‍പതിലേറെ പരാതികള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. യാത്രയ്ക്കിടെയുണ്ടാകുന്ന ഇത്തരം ആക്രമണം സഞ്ചാരികളെ ഭീതിയിലാക്കുന്നു.

തോപ്പുംപടി, കളമശ്ശേരി, തൃക്കാക്കര, തേവര, നോര്‍ത്ത്, സെന്‍ട്രല്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചത്. ഈയടുത്ത് മുപ്പത് ബസുകളുടെ ചില്ലുടച്ചതിനെതിരേ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ തൃക്കാക്കര അസി. കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

പോലീസിന്റെ ഭാഗത്തു നിന്ന് ക്രിയാത്മക ഇടപെടലില്ലാത്തതാണ് അക്രമം വര്‍ധിക്കാന്‍ കാരണമെന്നാണ് ബസ്സുടമകള്‍ പറയുന്നത്.

കൊച്ചി കേന്ദ്രമാക്കിയുള്ള ഒരു ഗുണ്ടാ സംഘമാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. വിവിധ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ഇവരുടെ കണ്ണികളുണ്ട്.

കഞ്ചാവ് വില്‍പ്പന, പോക്കറ്റടി, അനാശാസ്യം, ഗുണ്ടാപ്പിരിവ് എന്നിവയിലൂടെ പണം കണ്ടെത്തുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. പണം നല്‍കാത്ത സ്വകാര്യ ബസുകളെ നോട്ടമിടും. പിന്നീട് ഈ ബസുകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടും.

കൂടാതെ, ചില യൂണിയനുകള്‍ ആഹ്വാനം ചെയ്യുന്ന പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നേരേയും ആക്രമണം ഉണ്ടാകും. ഇതിലൂടെ ചില യൂണിയന്‍ നേതാക്കളുടെ പിന്‍ബലവും സംഘം നേടിയെടുക്കും.

വഴിയരികില്‍ പതുങ്ങിനിന്നോ ഓട്ടോറിക്ഷയ്ക്ക് വന്നോ ഗോലി, കവണികൊണ്ട് അടിച്ച് ബസിന്റെ ചില്ല് പൊട്ടിക്കും. ഒരു ചില്ലിന് അയ്യായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ വിലയുണ്ട്.

യാത്രയ്ക്കിടെ വിഷയമുണ്ടാക്കി ഡ്രൈവറെയോ കണ്ടക്ടറെയോ മര്‍ദിക്കുകയും ട്രിപ്പ് മുടക്കുകയും ചെയ്യുന്നുമുണ്ട്. അതുമല്ലെങ്കില്‍, രാത്രി പാര്‍ക്ക് ചെയ്ത് ജീവനക്കാര്‍ പോയിക്കഴിയുമ്പോള്‍ ബസിന്റെ ബാറ്ററിയോ മറ്റോ മോഷ്ടിക്കും.

പരാതിപ്പെടാന്‍ പേടി

: ആക്രമണങ്ങള്‍ ഭയന്ന് സംഘത്തിനെതിരേ ബസ്സുടമകളോ തൊഴിലാളികളോ പരാതിപ്പെടാറില്ല. ആക്രമണം അഴിച്ചുവിട്ട് സ്വകാര്യ ബസ് മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ച് ഉടമകളെ പിന്മാറ്റി ബസ് പാട്ടത്തിനെടുത്ത് നടത്തുക എന്നതും സംഘം ഉന്നംവയ്ക്കുന്നുണ്ടെന്നാണ് ചില ബസുടമകള്‍ പറയുന്നത്.

കഴിഞ്ഞ തിരുവോണ നാളില്‍ നാല്‍പ്പതിലേറെ യാത്രക്കാരുമായി പോയ ബസ്, സംഘം ആക്രമിച്ചു. തേവര പാലത്തില്‍ വച്ച് യാത്രയ്ക്കിടെ ഒരു സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരേയാണ് ആക്രമണം ഉണ്ടായത്.

ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവറെയാണ് സംഘം മര്‍ദിച്ചത്. അപകടം ഭയന്ന് യാത്രക്കാര്‍ ബഹളം വച്ചപ്പോഴാണ് സംഘം മടങ്ങിയത്.

മടങ്ങുന്നതിനു മുമ്പ് ബസിലെ യാത്രക്കാരിയായ ബംഗാളി യുവതിയെ സംഘം ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. പരുക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എറിഞ്ഞുടച്ച, ബസിന്റെ ചില്ല് തറച്ച് കണ്ടക്ടര്‍ മനുവിന്റെ കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു.

Source – http://www.mathrubhumi.com/ernakulam/malayalam-news/bus-attacked–1.2267725

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply