കെഎസ്ആര്‍ടിസി: പണി മുടക്കിയവർക്ക് കൂട്ടസ്ഥലം മാറ്റം

കെഎസ്ആര്‍ടിസിയിൽ (KSRTC) ബുധനാഴ്ച്ച നടന്ന പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാർക്ക് കൂട്ടസ്ഥലം മാറ്റം. പണിമുടക്കില്‍ പങ്കെടുത്ത മുന്നൂറോളം ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. എഐടിയുസി, ബിഎംഎസ് എന്നീ യൂണിയനുകളിലെ ജീവനക്കാർക്കാണ് സ്ഥലം മാറ്റം.

കരുനാഗപ്പള്ളി,എറണാകുളം, തിരുവനന്തപുരം സിറ്റി, കൊട്ടാരക്കര ഡിപ്പോകളില്‍ നിന്നുള്ള ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. കരുനാഗപ്പള്ളിയിലുള്ളവരെ പൊന്നാനി, ഗുരുവായൂര്‍, കാസര്‍കോട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേയ്ക്ക് സ്ഥലം മാറ്റി. എറണാകുളത്തു നിന്നുള്ള ജീവനക്കാരെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും സ്ഥലം മാറ്റി.

തിരുവനന്തപുരം സിറ്റിയില്‍ നിന്നുള്ളവരെ ചാലക്കുടി, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഡിപ്പോകളിലേക്കും സ്ഥലം മാറ്റി. സമരം മൂലം യാത്രക്കാർ വലഞ്ഞതായും കെഎസ്ആര്‍ടിസിയ്ക്ക് സാമ്പത്തിക നഷ്‌ടമുണ്ടായതായും മാനേജ്മെന്റ് വിശദീകരിച്ചു.

എന്നാൽ ചട്ടപ്രകാരം പതിനഞ്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ നോട്ടീസ് നൽകിയ ശേഷമാണ് സമരം നടത്തിയതെന്ന് യൂണിയൻ പ്രതിനിധികൾ ന്യായീകരിച്ചു. എന്നാല്‍ നോട്ടീസ് നല്‍കിയതു കൊണ്ടു മാത്രം അത് പണിമുടക്കാനുള്ള അവകാശമാവില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. സ്ഥലംമാറ്റ നടപടി പുനഃപരിശോധിക്കില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply