രണ്ടു പെണ്ണുങ്ങൾ.. രണ്ടു യാത്രകൾ, ഒന്ന് പശ്ചിമഘട്ടത്തിലേക്ക് മറ്റേതു അറബിക്കടലിന്റെ തീരത്തേക്ക്..

രണ്ടു പെണ്ണുങ്ങൾ.. രണ്ടു യാത്രകൾ, ഒന്ന് പശ്ചിമഘട്ടത്തിലേക്ക് മറ്റേതു അറബിക്കടലിന്റെ തീരത്തേക്ക്.. അപ്രതീക്ഷിതമായ ഒരു യാത്രയായിരുന്നു അത്. കൃത്യമായ ഒരു തയാറെടുപ്പുകൾ ഇല്ലാതെ, പെട്ടെന്ന് സംഭവിച്ച ഒരു യാത്ര. ചെറിയ പെരുന്നാൾ തിങ്കളാഴ്ച ആകും എന്നും അങ്ങനെ ആയാൽ 3 ദിവസം അവധി കിട്ടും എന്നും സുഗമായി വീട്ടിൽപോയി വരാം എന്ന കാര്യമൊക്കെ ഞാൻ മറന്നുപോയി. ഇനി വീട്ടിൽ പോകണമെങ്കിൽ യാതൊരു പ്രതീക്ഷയും ഇല്ലാത്ത തത്ക്കാൽ എടുക്കണം. വല്യ മെനക്കേടാണ് . ബസിനു പോകാം എന്ന് വിചാരിച്ചാൽ ആളെകൊലുന്ന വിലയും. 3 ദിവസം മുറിയിൽ ചുമ്മാ കുത്തിഇരിക്കാനും വയ്യ.

 

എങ്ങോട്ടേലും ഒന്ന് പൊയ്കളയാം എന്ന് ആലോചിചിരിക്കുമ്പോൾ ദാവരുന്നു നമ്മുടെ ഫ്രണ്ട് ഉർമികയുടെ ഫോൺ കാൾ. അടുത്ത ക്യാമ്പ് എവിടെ ആണ് എന്ന് അറിയാൻ വിളിച്ചതാ. ആളു ഒരു ബംഗാളി ആണ് കേട്ടോ, എന്റെ ഒരു കട്ട ഫ്രിൻഡും . ക്യാമ്പ് ഇനി അടുത്ത മാസമേ ഉള്ളു നമുക്ക് രണ്ടാൾക്കും കൂടി ഈ ആഴ്ച എങ്ങോട്ടേലും പോയാലോ എന്ന് ഞാൻ വെറുതെ ഒന്ന് ചോദിച്ചതേ ഉള്ളു ചട പടാ വന്നു മറുപടി. പിന്നെന്താ പോകാലോ ഷിമോഗ തന്നെ, ജോഗ് വെള്ളച്ചാട്ടം കാണാം മഴ നനയാം എന്നൊക്കെ പറഞ്ഞപ്പോ കൂടുതൽ ആലോചിച്ചില്ല, ഓക്കേ പറഞ്ഞു തീരുംമുമ്പു ആള് ശിവമോഗയിലേക്കു ബസും അവിടെ ഒരു ഹോട്ടലും ബുക്ക് ചെയ്തു എന്ന് വിളിച്ചു പറഞ്ഞു. തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ബഹളത്തിൽ ആയിരുന്നു അവൾ. പെട്ടെന്ന് എനിക്ക് ബോധം വീണത്. റിട്ടേൺ ബുക്ക് ചെയ്യല്ലേ എന്ന് ഞാൻ അവളെ വിളിച്ചു പറഞ്ഞു. ശിവമോഗ വരെ പോയിട്ട് ജോഗ് വെള്ളച്ചാട്ടം മാത്രം കണ്ടു വരുന്നത് മോശം അല്ലെ. ഞാൻ എന്റേതായ റിസർച്ച് ആരംഭിച്ചു.

ഗൂഗിൾ മാപ്പ് എടുക്കുന്നു. സ്ഥലങ്ങൾ ദൂരം എല്ലാം നോക്കുന്നു. അവിടെ ഫ്രണ്ട് ഉണ്ടോ എന്ന് അന്യോഷിക്കുന്നു.. അധികം ആരും പോകാത്ത ഗ്രാമങ്ങൾ ഉണ്ടോ എന്ന് നോക്കുന്നു… അങ്ങനെ എടുപിടീന്ന് കുറെ സ്ഥലങ്ങൾ അങ്ങ് കുറിച്ചെടുത്തു. ജോഗ് വെള്ളച്ചാട്ടത്തിനു ഏകദേശം ഒരു 2 മണിക്കൂർ യാത്രയുള്ളു മുരുഡേശ്വർ എന്നാൽ പിന്നെ അങ്ങോട്ടും പോയിക്കളയാം എന്ന് കരുതി.. പാതിരാത്രിക്ക് മുരുഡേശ്വറിന് ഒരു റിട്ടേൺ ബസും ബുക്ക് ചെയ്തു.

പിന്നെ വെള്ളിയാഴ്ച ആകാനുള്ള കാത്തിരിപ്പായിരുന്നു. ഒരുപാട് കാത്തിരിക്കാനൊന്നും ഇല്ല. മുകളിൽ പറഞ്ഞ സംഭവങ്ങൾ എല്ലാം നടക്കുന്നത് വ്യാഴാഴ്ച ആണ്. അങ്ങനെ രാവിലെ തന്നെ ബാഗ് ഒക്കെ പാക്ക് ചെയ്തു ഓഫീസിലേക്ക് ഇറങ്ങി. ചെന്നപ്പൊത്തന്നെ മാനേജറിന്റെ അടുത്തുപോയി വീട്ടിൽ പോകുകയാണ് നേരത്തെ ഇറങ്ങണം എന്നൊക്കെ തള്ളി. ശരിക്കും പറഞ്ഞാൽ ബസ് രാത്രി 12 മണിക്കായിരുന്നു. ഉർമികയുടെ വീട്ടിൽ ‘അമ്മ വന്നിട്ടുണ്ട് നല്ല കിടിലൻ ബംഗാളി ഫുഡ് കഴിക്കാം എന്നൊക്കെ കരുതി 5 മണിക്ക് തന്നെ ഓഫീസിന് ഇറങ്ങി ബസ് കയറി.

 

ബ്ലോക്ക് എന്നുവച്ച ബാംഗളൂരിലെ ബ്ലോക്ക് ആണ് , എന്റമ്മോ ഒരു 3 മണിക്കൂറോളം ബസിൽ നിന്ന നിൽപ്. കല്യാൺ നഗറിൽ ഇറങ്ങി ഊർമികയെ കാത്തുനിൽപ്പുതുടങ്ങി. ഇടക്കിടക്ക് ഗൂഗിളിൽ പോയി ഷിമോഗ ജോഗ് വെള്ളച്ചാട്ടം ഇക്കേരി എങ്ങനെ ഒക്കെ ടൈപ്പ് ചെയ്തോണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ യൂബർ അവൾ എത്തി. വഴിയിൽ ഇറങ്ങി കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി. അപ്പോളേക്കും മഴ തുടങ്ങി കഴിഞ്ഞിരുന്നു. അടിപൊളി നല്ല ശകുനം ഞങ്ങൾ രണ്ടാൾക്കും സന്തോഷം ആയി. കല്യാൺനഗറിലെ കാഴ്ചകളൊക്കെ കണ്ടു വീട് എത്തിയപ്പോൾ മണി 8. ‘അമ്മ അപ്പോഴേക്കും ചപ്പാത്തിയും ഭിണ്ടി കറിയും തയാറാക്കിയിരുന്നു. അതിനിടക്ക് അച്ഛൻ വിളിച്ചു. എവിടെആണ് എന്ന് ചോദിച്ചു. ഉർമികയുടെ വീട്ടിൽ ആണ്ഇപ്പൊ തന്നെ ഇറങ്ങും എന്ന് പറഞ്ഞപ്പോൾ അച്ഛൻ അറിയണം എത്രപേർ ഉണ്ടെന്നു.

ചുമ്മാ അച്ഛനെയും അമ്മയെയും പേടിപ്പിക്കണ്ട എന്ന് കരുതി 5 പേർ ഉണ്ടെന്നു തട്ടി. ഈ 5 എന്റെ സ്ഥിരം നമ്പർ ആണ് എന്ന് അച്ഛന് കൃത്യമായി അറിയാവുന്നത് കൊണ്ട് സത്യം പറ മോളെ ശരിക്കും എത്രപേരുണ്ട് സത്യം പറഞ്ഞാൽ എന്താ എന്നൊക്കെ ഉള്ള അച്ഛന്റെ ചോദ്യത്തിന് ഞാൻ പിടികൊടുക്കാതെ 5 തന്നെ ഉറച്ചു നിന്നു. അച്ഛൻ അത് വിശ്വസിക്കില്ല എന്ന് അറിയാർന്നു, എന്നാലും അവർക്കും ഒരു സമാധാനം എനിക്കും ഒരു സമാധാനം. അങ്ങനെ 11 മണിയായി. അമ്മയോടും അടുത്തുള്ള ബംഗാളി ആന്റിയോടും ബൈ ബൈ പറഞ്ഞു ഞാനും ഉര്മികയും വീട്ടിൽ നിന്നും ഇറങ്ങി.

 

മഴ ചാറുന്നുണ്ട്. നല്ല തണുപ്പും. ഞാൻ ആണേൽ ഒരു സ്വെറ്റർ പോലും എടുത്തിട്ടില്ല. ഉർമികയെ നോക്കി ഒന്ന് ചിരിച്ചു. അങ്ങനെ 11 .30 ഓടെ ഞങ്ങൾ മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ എത്തി. ഞാൻ ആണേൽ വാച്ച് എടുക്കാനും മറന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഉര്മിക ബാഗ് എടുത്തോണ്ട് തെക്കു വടക്കു ഓടുന്നതാണ് കാണുന്നത്. ഞാൻ കരുതി ഈ കൊച്ചിനെന്താ വട്ടായോ എന്ന് ഒരു ബസിന്റെ അടുത്തുപോയി കണ്ടക്ടർ നോട് എന്തോ ചോദിക്കുന്നു മറ്റേ ബസിൽ പോയി ഡ്രൈവറിനോട് എന്തോകെയോ ചോദിക്കുന്നു. ബംഗാളിയിൽ ആരൊക്കെയോ ചീത്ത വിളിക്കുന്നു.

കുറച്ചുനേരം ഇതൊക്കെ ഞാൻ നോക്കി രസിച്ചു. പിന്നെ പോയി എന്താ കാര്യം എന്ന് അന്യോഷിച്ചു, അപ്പോഴാണ് മനസിലായത് 12 മണി ആയിരിക്കുന്നു ബസ് ഇതുവരെ എത്തിയിട്ടില്ല. മെസ്സേജും വന്നിട്ടില്ല. ബസ് പോയോ എന്ന് അവൾക്കു ഡൌട്ട് അതാണ് വെപ്രാളത്തിന്റെ കാര്യം. അവൾക്കാനേല് കന്നട തീരെ വശം ഇല്ല. ഞാൻ ആണേൽ മുറികന്നട സംസാരിക്കും, അതിന്റെ ഒരു അഹങ്കാരത്തിൽ ബസ് എപ്പോ വരും എന്നൊക്കെ തമിഴും കന്നടയും കലർത്തി ഒന്ന് ചോദിച്ചു. ഉർമികയുടെ കണ്ണുതള്ളിപ്പോയി. നിനക്ക് കന്നട അറിയുമോ എന്ന് ചോദിച്ചപ്പോൾ യെസ് എന്ന് അഹങ്കാരത്തോടെ ഞാൻ വച്ചുകാച്ചി!! എങ്ങനെയാ പറഞ്ഞൊപ്പിച്ചതെന്നു എനിക്ക് മാത്രമേ അറിയൂ..

 

അങ്ങനെ 12.15 ബസ് എത്തി. 12.30 നു ഞങ്ങൾ ഞങ്ങളുടെ ഏതോ തീരാറായ കന്നട പടം ഒക്കെ കണ്ടു കഥകളൊക്കെ പറഞ്ഞു പറഞ്ഞു എപ്പോളോ ഉറങ്ങിപ്പോയി.. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ സ്വപ്ന യാത്ര ആരംഭിച്ചു.. അങ്ങനെ പടം കണ്ടും കഥകൾ പറഞ്ഞും സ്വപ്നം കണ്ടും ഞങ്ങൾ ഷിമോഗ ബസ്സ്റ്റാൻഡിൽ എത്തി. ഏകദേശം ഒരു 6 മണിആയികാണും. അലാറം ഒന്നും വെച്ചില്ല. കാരണം അവസാന സ്റ്റോപ്പ് ഷിമോഗ ആണ് എങ്ങാനും ഉറങ്ങിപോയാലും കണ്ടക്ടറും ഡ്രൈവറും വന്നു ഇറക്കി വിടും എന്ന് നല്ല ഉറപ്പുണ്ടാർന്നു. അങ്ങനെ എണീറ്റപ്പോളെക്കും ബസിൽ നിന്ന് എല്ലവരും ഇറങ്ങിയിരുന്നു .

6 മണി ആയിട്ടുള്ളു എന്നാലും നല്ല വെളിച്ചം. ഉറക്ക ക്ഷീണം ഒക്കെ മാറ്റി പുറത്തേക്കു ചാടി ഇറങ്ങി.. വെൽക്കം ടു ഷിമോഗ നൈസ് ടു മീറ്റ് യൂ എന്നൊന്നും പറയാൻ ആരും ഉണ്ടായിരുന്നില്ല. എന്നാലും വല്ലാത്ത ഒരു സന്തോഷം. ഉർമിക അവസാനം നമ്മൾ ഷിമോഗയിൽ എത്തിട്ടാ എന്നും പറഞ്ഞു ഇനി പല്ലു തെക്കേണ്ടേ? മുഖം കഴുകണ്ടേ എന്നൊക്കെ ചോദിച്ചു ബാത്രൂം അന്യോഷിച്ചു നടന്നു. ഞങ്ങളുടെ എല്ലാ യാത്രകളിലേം പല്ലുതേക്കൽ ആൻഡ് ഫ്രഷ് ആകൽ സ്ഥലം ബസ് സ്റ്റാൻഡിലെ പ്രധാന ബാത്രൂം ആണ്. അങ്ങനെ അത് കണ്ടുപിടിച്ചു ഒരാൾ ആദ്യം പല്ലുതേക്കും അപ്പൊ മറ്റേ ആൾ ബാഗെല്ലാം താങ്ങി നിൽക്കും. പിന്നെ അടുത്ത ആൾ അങ്ങനെ..

അതിനിടയ്ക്കാണ് ഞങ്ങളെ പോലെ മറ്റൊരു താരം അകത്തേക്ക് കയറിവന്നത്. ഞാൻ കരുതി സ്ഥലങ്ങൾ ഒക്കെ കൊണ്ടുപോകാൻ ഇറങ്ങിയ ആളാകും എന്ന് . ആള് നല്ല ആക്റ്റീവ് ആയിരുന്നു. വന്നപ്പോൾ തന്നെ ഹിന്ദിയിൽ എവിടെക്കാ പോകുന്നെ എന്ന് ചോദിച്ചു. ആഹാ നല്ല ഒരു കമ്പനി കിട്ടി എന്ന് കരുതി ഞാൻ അങ്ങ് വിശദീകരിക്കാൻ തുടങ്ങി. ആള് ഒറീസയിൽ നിന്ന് വന്നതാണ്. 4 ദിവസം ആയി പല പല സ്ഥലങ്ങളിൽ ആയി യാത്ര ആണത്രേ. ഇവിടെ ക്യാൻസറിന് മരുന്ന് നൽകുന്ന ഏതോ വൈദ്യൻ ഉണ്ടത്രേ. ആ മരുന്ന് വാങ്ങൽ വന്നതാണ് അവൾ. 20 വയസു പ്രായം കാണും അവക്ക്. അച്ഛനും ഉണ്ട് കൂടെ . എനിക്ക് പെട്ടെന്നെന്തോ സങ്കടം തോന്നി. കൂടുതൽ ഒന്നും ചോദിക്കാനും പറയാനും തോന്നിയില്ല. ഒരുപാട് പ്രതീക്ഷയും ആയി ഒറീസയിൽ നിന്നും വണ്ടികയറിയ അവളോട് ഞാൻ എന്ത് പറയാനാണ് . അവളോട് റ്റാ റ്റാ പറഞ്ഞു ഞാനും ഉര്മികയും ബസ്സ്റ്റാൻഡിന് വെളിയിലേക്കു ഇറങ്ങി.

ആനകൾ ധാരാളം ഉള്ള ഒരുസ്ഥലം ആണ് ഞങ്ങൾ ആദ്യം പോകാൻ പ്ലാൻ ചെയ്തത്. എനിക്ക് വല്യ താല്പര്യം ഇല്ലാത്ത സ്ഥലം ആണ് അത് . കൂട്ടിലിട്ടു ചട്ടം പഠിപ്പിക്കുന്ന ആനകളെ കാണുക എന്നത് അയ്യോ സഹിക്കാൻ പറ്റാത്ത കാര്യം ആണ് . അവൾക്കു ഒരു ആനയെ അടുത്ത് കാണാൻ ഒരു ആഗ്രഹം, ഞാൻ പറഞ്ഞു നമ്മൾ വിചാരിക്കുന്ന പോലെ അല്ലകാര്യങ്ങൾ അവിടെ, കാട്ടിൽ പോകുമ്പോ കാണുന്ന പോലെ അത്ര ഹാപ്പി ഒന്നും അല്ല അവിടെത്തെ ആനകൾ , എന്നാലും അവളുടെ ആഗ്രഹം അല്ലെ പോയേക്കാം എന്ന് കരുതി . ഇനി അറിയേണ്ടത് എങ്ങനെ പോകും എന്നാണ്. വഴിയിൽ കണ്ട കണ്ടറ്ററിനോട് സ്ഥലം ചോദിച്ചു. അങ്ങേരു വേറെ ഒരു ബസ് സ്റ്റാൻഡ് കാണിച്ചു തന്നു. ഞങ്ങൾ പെട്ടെന്ന് നടന്നു അവിടെ എത്തി. വഴിയിൽ കണ്ട ചേട്ടനോട് ഞാൻ ചോദിച്ചു, ചേട്ടാ ഗാജൂർ ഡാമിലേക്ക് പോകുന്ന ബസ് ഏതാണ്. പുള്ളി പറഞ്ഞു ഇപ്പൊ വരുമെന്ന് . എന്നാപ്പിന്നെ വേറെ കാണാൻ പറ്റുന്ന സ്ഥലങ്ങൾ കൂടി അന്യോഷിക്കാം എന്ന് കരുതി വെറുതെ ചോദിച്ചോള്ളൂ, ചേട്ടൻ പുറകോട്ടു കൈ ചൂണ്ടി ബസ്റ്റാൻഡിലെ മതിലുകൾ മുഴുവൻ ഷിമോഗയിലെയും അടുത്തുള്ള സ്ഥലങ്ങളിലെയും അടിപൊളി സ്ഥലങ്ങൾ ആണ്. ഞാൻ അതിൽ കുറേ സ്ഥലങ്ങൾ പോയിട്ടുണ്ട് പോകാത്ത സ്ഥലങ്ങൾ എല്ലാം ഫോട്ടോ എടുത്തു.

 

ആ ചേട്ടന്റെ അടുത്തുനിന്ന വേറെ ചേട്ടൻ ബസ് വന്ന പാടെ ഓടിക്കോ ബസ് ബസ് എന്നലറി,ബാഗ് എല്ലാം വലിച്ചു വാരി എടുത്തു അപ്പോളേക്കും ബസ് വിട്ടു പോകുമെന്ന കരുതീത് പക്ഷെ നമ്മുടെ കടയിലെ ചേട്ടൻ ഓടിപോയി ബസൊക്കെ പിടിച്ചു നിർത്തി. അങ്ങനെ ഞാനും ഊർമികയും രാജകീയ ഭാവത്തിൽ ബസിലേക്ക് കയറി. എന്നാൽ ഒറ്റ സീറ്റ് പോലും ഉണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സീറ്റുകിട്ടി. വേറൊരു ചേട്ടന്റെ അടുത്ത്. ഉര്മിക പുറകിൽ പോയിരുന്നു അടുത്തുള്ള ആളുകളോടും കണ്ടക്ടറിനോടും എല്ലാം ഒരേ സംസാരം. സ്ഥലങ്ങളെ കുറിച്ചുള്ള അന്യോഷണം ആണ്. അവര് പറയുന്നതു അവൾക്കോ അവള് പറയുന്നത് അവർക്കോ മനസിലാകുന്നില്ല. പാവം ഇടക്കിടെ ഭയങ്കര നിസ്സഹായ അവസ്ഥയിൽ എന്നെ നോക്കും. ഞാൻ ആണേൽ പല്ലിളിച്ചു കാണിക്കും. പൂച്ച ഭാവം !!

ഞങ്ങൾ യാത്രക്കാരാണ്എന്ന് മനസിലായ എന്റെ അടുത്തിരുന്ന ചേട്ടൻ, ഒരു 40 വയസു പ്രായം കാണും എങ്ങട്ടാണ് പോകുന്നത് എന്ന് അന്യോഷിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞു. പിന്നെ ചേട്ടൻ ഒരു റൂട്ട് മാപ്പ് തന്നെ റെഡിയാക്കി തന്നു എങ്ങനെ പോകണം എവിടെ പോകണം അങ്ങനെ അങ്ങനെ.. ഹോ ഞാൻ ആകെ ഹാപ്പി ആയി. പുള്ളിക്കാരൻ ഒരു സ്കൂൾ മാഷ് ആണ്. പേര് മഞ്ജുനാഥ്.. എല്ലാം പേപ്പറിൽ കുറിച്ചെടുത്തു ഉർമികയെ പൊക്കികാണിച്ചു കണ്ട കണ്ട എന്ന്. മഞ്ജുനാഥ് സിറിന്റെ ഫോൺ നമ്പറും വാങ്ങി എങ്ങാനും വല്ല ഡൗട്ടും വന്നാൽ ചോദിക്കലോ എന്ന് കരുതി. അങ്ങനെ സ്കൂൾ എത്തിയപ്പോൾ മാഷും ടീച്ചർമാരും കൂടി ഇറങ്ങി എല്ലാവരും ഞങ്ങൾക്ക് ബൈ പറഞ്ഞു സ്കൂളിലേക്ക് പോയി.

മഴപെയ്തു തുടങ്ങി. അങ്ങനെ ഞങ്ങൾ ശക്കരബേലു സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി. ഒരു 8.30 യിക്കാനും ഒരു കൊച്ചു ഗ്രാമം. അധികം ആരും ഇല്ല ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ സ്റ്റാഫ്സ് ഉണ്ട് അവിടെ ആനകൾ വരാൻ തിടങ്ങിയിരിക്കുന്നു. ഉർമിക പെട്ടെന്ന് പോയി ടിക്കറ്റ് ഒക്കെ എടുത്തു. എനിക്ക് ഒരു താല്പര്യം ഇല്ലാരുന്നു എന്നാലും ഗജാനൂര് ഡാമിന്റെ അടിപൊളി വ്യൂ ആണ് അവിടെ നിന്നും. അങ്ങനെ തുങ്ക ഒഴുകുന്ന ഗജാനൂര് ഡാം നോക്കി നില്കുമ്പോ ദാ വരുന്നു ആനകൂട്ടം. ആഹാ ഉർമികക്ക് പ്രാന്തുപിച്ചപോലെ അവൾ ഓടി ഫോട്ടോ എടുക്കുന്നു മുന്നിൽ കയറി നില്കുനന്നു. പാപ്പാൻമാർ മാറ് മാറ് എന്നൊക്കെ പറയാനുണ്ട് ഞാൻ കരുതി ഏതെങ്കില് ഒരാന പിടിച്ചു വലിച്ചെറിയും എന്ന്. എങ്ങനെയോ ഓടിച്ചാടി എന്റെ അടുത്ത് വന്നു.

 

ആനകളെ കുളിപ്പിക്കാൻ വരുന്നതാണ് വരുന്നതാണ്. കാലൊക്കെ ചങ്ങല ഇട്ടു അനങ്ങാൻ വാഴാത്ത അവസ്ഥയിൽ ആണ്. പിന്നെ ഒരു കുഞ്ഞാനയേം കൊണ്ട് വേറൊരു പാപ്പാൻ വന്നു അവൻ ആളൊരു വികൃതി ആണെന്ന് തോനുന്നു. ചങ്ങല നല്ല കിടിലൻ ആയി പുറത്തുകൂടി തൂക്കിയിട്ടുണ്ട്. കുളിപ്പിക്കുന്നത് കാണാൻ കുഞ്ഞുങ്ങളും ആയി കുറെ അച്ഛനമ്മമാർ എത്തി തുടങ്ങി. എനിക്കെന്തോ വല്ലാത്ത മനപ്രയാസം. ഞാൻ അങ്ങോട്ട് നോക്കിയില്ല. പാപ്പാന്മാർ പറയുന്നതനുസരിച്ചു കാണികൾക്കു വേണ്ടി എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാകുന്നു കാലുകൾ പോകുന്നു വെള്ളം ചീറ്റുന്നു. അതൊക്കെ കണ്ടു രസിക്കാൻ കുറെ ആൾക്കാരും. ഞാൻ പതുക്കെ അവിടെന്നു മാറി ഒരു സിമെന്റ് കുടയുടെ അടിയിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഉര്മികയും വന്നു. നീ പറഞ്ഞതു ശരിയാ എന്ത് സന്തോഷം ആണ് ആണ് ഉള്ളത്. പാവം ആനകൾ അവർക്കിനി ഇവിടെ നിന്ന് ഒരിക്കലും രക്ഷപെടാൻ പറ്റിയല്ലേ എന്നൊരു ചോദ്യം. എനിക്കും ഉത്തരം ഒന്നും ഉണ്ടായില്ല. നമുക്കിവിടെന്നു പോകാം എന്ന് ഞാൻ അവളോട് ചോദിച്ചു.

തിരിച്ചു നടക്കുമ്പോൾ ഒരിക്കലും മകളെ പോലും കൂട്ടിലിട്ടു ചട്ടം പഠിപ്പിച്ചു കോപ്രായങ്ങൾ കാണിക്കുന്നത് കണ്ടു രസിക്കാൻ ഇവിടെ എന്നല്ല ഇങ്ങനെ ഉള്ള ഒരുസ്ഥലത്തും കൊണ്ടുവരില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ ശകാര്ബെലുവിലെ ആനകളെ എന്നെങ്കിലും കാട്ടിൽ കൊണ്ടുപോയി തുറന്നു വിടണേ എന്ന് പ്രാർത്ഥിച്ചു ഞാനും ഉര്മികയും അവിടെനിന്നും ഇറങ്ങി.
മഞ്ജുനാഥ് സർ എഴുതിത്തന്ന സ്ഥലം, അതൊരു പക്ഷിസങ്കേതം ആണ് മണ്ടഘട്ട പക്ഷിസങ്കേതം (Mandagadde Bird Sanctuary). വിശപ്പിന്റെ വിളി രണ്ടാളിലും ഉണ്ടാരുന്നു. പക്ഷെ പുറത്തു പറഞ്ഞട്ടു ഒരു കാര്യവും ഇല്ല. അവിടെ അടുത്തെന്നും ഒരു കടപോലും ഇല്ല. അപ്പോഴേക്കും ബസ് എത്തി.

 

ഓടിപിടിച്ചു പക്ഷി സങ്കേതത്തിലേക്കു പോകണം എന്ന് പറഞ്ഞപ്പോ കണ്ടക്ടർ ഇല്ല എറങ്ങിക്കോ എന്ന് പറഞ്ഞു. കുറച്ചു മുന്നോട്ടെടുത്ത ബസ് വീണ്ടും നിർത്തി. കണ്ടക്ടർനു ബോധോദയം ഉണ്ടായി എന്ന് തോനുന്നു, എന്ന പിന്നെ മക്കള് കയറ് എന്നും പറഞ്ഞു കണ്ടക്ടർ ചേട്ടൻ ഞങ്ങക്ക് വണ്ടിയിൽ കയറ്റി . വീടും ഞങ്ങളുടെ സ്ഥിരം പരുപാടി ബസിലുള്ള ആളുകളും ആയി കത്തി അടിക്കാൻ തുടങ്ങി. എപ്പോ എത്തും വേറെ എവിടെ ഒക്കെ പോകാം എന്നൊക്കെ ഉള്ള ചോദ്യങ്ങൾ . പിന്നെ ആണ് കാര്യം മനസിലായത് ഏതൊക്കെയോ ഉൾഗ്രാമത്തിലൂടെ പോകുന്ന ആകെ ഒരു ബസ് ആണ് ഇത് 30 മിനുറ്റിൽ തീർക്കേണ്ട യാത്ര 1 :30 മണിക്കൂറിൽ. ശെടാ, പെട്ടല്ലോ , എന്നൊക്കെ കരുതി ഇരുന്ന ഞങ്ങൾക്ക് കിട്ടിയത് അടിപൊളി ഒരു യാത്ര ആയിരുന്നു..

പേരറിയാത്ത ആ കൊച്ചു ഗ്രാമത്തിലൂടെ ഉള്ള യാത്രയും , പക്ഷിപാളയത്തു കണ്ടുമുട്ടിയ കരയുന്ന അപ്പൂപ്പനും, ഉപ്പട്ടിയും അടുത്തഭാഗത്തില്‍ വായിക്കാം…

വിവരണം – ഗീതു മോഹന്‍ദാസ്‌.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply