മലാന; കഞ്ചാവിന്‍റെ മണമുള്ള നിഗൂഢതകളുടെ ഗ്രാമം..

ഇന്ത്യയിലാണെങ്കിലും സ്വന്തമായി നിയമങ്ങളും വ്യത്യസ്ത ആചാരങ്ങളുമുള്ളവർ. ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ​ഗ്രാമങ്ങളിലൊന്ന്. പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ ഉറവിടമാണ് മലാന.

കുളുവിൽ നിന്നും 45 കിലോമീറ്റർ സഞ്ചരിച്ചാലാണ് മലാനയിൽ എത്തുവാൻ സാധിക്കുക ഏകദേശം ഒന്നര മണിക്കൂർ മുകളിൽ വേണം ഇവിടെ എത്തുവാൻ. കസോളിലേക്കുള്ള പാതയിൽ കുറച്ച് ദൂരം സഞ്ചരിച്ചു ഇടത്തോട്ട് തിരിഞ്ഞു വേണം മലനായിൽ എത്തുവാൻ.
ഹരം പകരുന്ന കാഴ്ചകൾ മാത്രമല്ല ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളുടെയും ലഹരി പകരുന്ന ഒന്നാം ക്ലാസ്സ്‌ കഞ്ചാവിന്റേയും പേരിലാണ് മലാനയെ ലോകപ്രസക്തമാക്കുന്നത്.

തിരക്കൊട്ടും ഇല്ലാത്ത പാതയിലൂടെയാണ് യാത്ര ചെയ്യേണ്ടത്. പോകുന്ന വഴിക്കുള്ള പ്രധാന കാഴ്ചകളിൽ ഒന്നാണ് മലാന ജലവൈദ്യുത പദ്ധതി. മല കയറാൻ തുടങ്ങും മുൻപ് ചൗക്കി എന്ന സ്ഥലത്താണ് ഈ പവർഹൌസ്. ചൗക്കിയിൽനിന്ന് മുകളിലേക്കുള്ള യാത്ര ടാർ ചെയ്തതും വീതി കുറഞ്ഞതുമായ റോഡിലൂടെയാണ്. ജനവാസം ഒട്ടും ഇല്ലാത്ത പ്രദേശം ആണ് ഇത്. ഒരുപാട് വ്യൂ പോയിന്റ്കൾ തുടർന്നുള്ള വഴികളിൽ ഉണ്ട്. ഒറ്റപ്പെട്ട വീടുകളും കൃഷിയും ഒക്കെ മലനായിലേക്കുള്ള യാത്രയിൽ കാണാൻ ആകും. വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഹിമാചലിലെ ഗ്രാമങ്ങളുടെ നേർക്കാഴ്ചയാണ് ഇത്. ചെങ്കുത്തായ പാറകൾ വെട്ടിയുണ്ടാക്കിയതാണ് റോഡ് മറുവശത്തു അത്യഗാധമായ കൊക്കയും. 

മലാന നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടിന് ശേഷം ഉള്ള റോഡ് ഏറെ ദുർഘടമാണ്. ഇവിടെ നിന്ന് 6 കിലോമീറ്റർ കൂടി സഞ്ചരിക്കണം മലനായിൽ എത്തുവാൻ. ഈ റോഡിന്റെ ദുരവസ്ഥയായിരിക്കാം സഞ്ചാരികളെ മലനായിൽ നിന്നും അകറ്റുന്നത്. അരകിലോമീറ്റർ ദൂരമുള്ള മല തുരന്നുണ്ടാക്കിയ തുരങ്കവും പിന്നിട്ട് ഒടുവിൽ മലനായിൽ എത്തിച്ചേർന്നു.

മലാന ഗ്രാമത്തിൽ ഇതുവരെ വാഹനം എത്തിച്ചേരില്ല 4 കിലോമീറ്റർ ഇപ്പുറത്തു വാഹനം നിർത്തി കാൽനടയായി വേണം മലനായിൽ എത്തുവാൻ. ഗ്രാമത്തിലേക്കു സ്വാഗതം ഓതി വച്ചിരിക്കുന്ന ബോർഡ്‌ പിന്നിട്ട് ഒരു ട്രക്കിങ്. കാടുകളും മലയും തോടും കടന്നു ഒരു യാത്ര. സമുദ്രനിരപ്പിൽ നിന്നും 3049 മീറ്റർ ഉയർത്തിൽ ആണ് ഈ ഗ്രാമം. ഏകദേശം 1500റോളം ആണ് ഇവിടുത്തെ ജനസംഖ്യ. പൊതുവെ പുറംനാട്ടുകാരുമായി അധികം അടുപ്പം പുലർത്താത്ത ഇവർ അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുപോരുന്നു.

പൂർണ്ണമായും തടിയിൽ തീർത്ത വീടുകളാണ് ഇവിടെയുള്ളതിൽ അധികവും. മുകളിലെ നിലകളിൽ ആണ് താമസം. മഞ്ഞുകാലത്തു ചൂട് കായാനുള്ള വിറകുകളും മറ്റും താഴത്തെ നിലയിൽ ആണ് സൂക്ഷിക്കുക. കനാഷി എന്ന ഭാഷയാണ് ഇവർ സംസാരിക്കുന്നത് ഇവിടെയുള്ളവർക്ക് മാത്രം അറിയാവുന്ന ഈ ഭാഷയാണ് ഇവരെ പുറംലോകവുമായി മാറ്റി നിർത്തുന്നത്. മലാനയിലെ ജനങ്ങൾ രജപുത് വംശത്തിൽ പെട്ടവർ ആണ്.

വീട്ടുമുറ്റങ്ങളിൽ തഴച്ചുവളരുന്ന കഞ്ചാവ് ചെടികൾ. മൂത്തചെടികൾ വെട്ടിയെടുത്തു മലാന ക്രീം ഉണ്ടാക്കുന്നവർ. ഈ കാഴ്ച ഇവിടെ സാധാരണമാണ്. മൂത്ത ചെടികളുടെ ഇലകൾ കയ്യിൽ ഇട്ട് അമർത്തി തിരുമ്മുന്നു അപ്പോൾ കൈവെള്ളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയാണ് മലാന ക്രീം. ഇത് ഒരു പ്രത്യേക രീതിയിൽ തള്ളവിരൽകൊണ്ട് എടുത്ത് ശേഖരിക്കുന്നു. ഒരു കിലോ മലാന ക്രീമിന് 3 ലക്ഷം രൂപ വരെ വില വരും. ഗോവ മുതൽ ആംസ്റ്റർഡാം വരെ ഇതിന്റെ പ്രശസ്തി നീണ്ടുകിടക്കുന്നു. ഇവിടെ ഇത് ഒരു കുടിൽവ്യവസായം പോലെ ചെയ്യുന്നു എന്ന് കരുതി ഇത് നിയമവിധേയം ഒന്നും അല്ല. ഇവിടെ എത്തിപ്പെടാൻ ഉള്ള ബുദ്ധിമുട്ട് ആണ് അധികൃതരെ ഇവിടെ ഇത് തടയുന്നതിൽനിന്ന് അകറ്റുന്നത്.

ഇവിടുത്തെ കാഴ്ചകൾ കാണുമ്പോൾ നാം സംശയിച്ചു പോയേക്കാം ഇത് ഇന്ത്യയിൽ തന്നെ ഉള്ള സ്ഥലമാണോ എന്ന്. പുറംലോകം മലാനയെ സ്വതന്ത്രമായി വിട്ടിരിക്കുന്നു.

© /www.yaathrayaanujeevitham.com/

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply