പോറ്റിവളർത്തിയ ഒരേയൊരു മകനെക്കാത്ത് വഴിക്കണ്ണുകളുമായ് ഒരച്ഛൻ

എഴുത്ത് – പ്രകാശ് നായർ മേലില.

ശരീരത്തിന്റെ വലതുവശം പൂർണ്ണമായും തളർന്ന അച്ഛനെയും കൊണ്ട് ആയൂർവേദ ചികിത്സ നടത്താൻ ഒരു മാസം മുൻപാണ് മകൻ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വന്നത്. അവിടെ അച്ഛനെ ഹരിദ്വാർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഇരുത്തിയശേഷം ആശുപത്രിയുടെ അഡ്രെസ്സ് അന്വേഷിക്കാൻ പോയ മകൻ പിന്നീട് തിരിച്ചുവന്നതേയില്ല. അച്ഛനറിയാതെ അടുത്ത ട്രെയിനിൽക്കയറി മകൻ നാസിക്കിന് തിരിച്ചുപോകുകയായിരുന്നു. ആ വൃദ്ധപിതാവിനെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു മകന്റെ ലക്ഷ്യം. ഇന്ന് ഓരോ നിമിഷ വും മനസ്സുനീറി ജീവിക്കുന്ന അദ്ദേഹത്തിന്റെ ജീവിതകഥ ആരുടേയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്.

നാസിക്കിൽ GTV എന്ന ഒരു സ്വകാര്യ സ്ഥാപനത്തി ൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്ന സുനിൽ മഹേന്ദു (70) വിന്റെ ഒരേയൊരു മകനാണ് കിഷൻ മഹേന്ദു. ഗൃഹണിയായ ഭാര്യയും മകനുമടങ്ങിയ തികച്ചും സന്തുഷ്ടകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സ്വന്തമായി വീടും തരക്കേടില്ലാത്ത ശമ്പളവും സാമാന്യം നല്ല സാമ്പത്തിക നിലയുമായിരുന്നു സുനിലിനുണ്ടായിരുന്നത്. മകനെ പഠിപ്പിച്ചു നല്ലനിലയിലാക്കണമെന്ന ഒരേയൊരു ലക്ഷ്യമായിരുന്നു മാതാപിതാക്കൾക്ക്. മകനെ ജീവനുതുല്യം സ്നേഹിച്ച അവർ അവനെ പഠിപ്പിച് എഞ്ചിനീയറാക്കി. ഒരു സ്വകാര്യ സ്ഥാപനത്തിൽ മുന്തിയ ശമ്പളത്തിൽ കഴിഞ്ഞ 10 ലേറെ വർഷമായി ജോലിചെയ്യുകയാണ്. മരുമകൾ സർക്കാർ സ്കൂളിൽ അദ്ധ്യാപികയും. അവർക്കു രണ്ടാണ്മക്കൾ , ഇരുവരും ഷോലാപ്പൂരിലെ ഉന്നത റെസിഡൻഷ്യൽ സ്കൂളിലാണ് പഠിക്കുന്നത്.

സുനിൽ മഹേന്ദുവിന്റെ ഭാര്യ അഞ്ചുവർഷം മുൻപാണ് മരണപ്പെടുന്നത്. ഭാര്യയുടെ വിയോഗം അയാളെ ആകെ തളർത്തിയിരുന്നു. കഴിഞ്ഞ മൂന്നു വർഷം മുൻപ് സുനിൽ മഹിന്ദു ഒരു വശം തളരുന്ന് കിടപ്പിലായി. ആദ്യമൊക്കെ പരിചരിക്കാൻ ഒരു സഹായിയെ വച്ചിരുന്നു. സുനിലിന് ശാരീരികമായ അസ്വസ്ഥതകൾ കൂടിവന്നതോടെ സഹായിക്കു ജോലിയും കൂടി. അയാൾ ശമ്പളം കൂടുതൽ ചോദിക്കാൻ തുടങ്ങിയത് മകനും മരുമകളും ശ്രദ്ധിക്കാതെയായി. പരിചാരകനും ചിലദിവസങ്ങളിൽ വരാതെയായി. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സുനിൽ മഹേന്ദുവിനു പെൻഷനോ മാറ്റാനുകൂല്യങ്ങളോ ഇല്ലായിരുന്നു. ഒരു ദിവസം മകൻ തന്നെയാണ് ഹരിദ്വാറിലെ ഒരു ആയൂർവേദ ആശുപത്രിയിലെ മികച്ച ചികിത്സയെപ്പറ്റി പറയുന്നതും അവിടേയ്ക്കു സുനിൽ മഹേന്ദുവിനെ ട്രെയിൻമാർഗ്ഗം കൂട്ടിക്കൊണ്ടു വന്നതും.

മകൻ സ്റ്റേഷനിൽ തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും അദ്ദേഹത്തിന് കഴിയുന്നില്ല. പരസഹായമില്ലാതെ നടക്കാൻ കഴിയാതെ സ്റ്റേഷനിലെ ബഞ്ചിൽ മകന്റെ വരവും കാത്ത് കുത്തിയിരുന്നു. രണ്ടാം ദിവസം ഒരു റെയിൽവേ ജീവനക്കാരനോട് വിവരം പറഞ്ഞതിനെത്തുടർന്ന് റെയിൽവേ ഹെൽപ്പ് ലൈൻ വഴി മകനെ തിരിയാനുള്ള ശ്രമം നടത്തിയതും വിജയിച്ചില്ല. മകന്റെയും മരുമകളുടെയും മൊബൈലുകൾ സ്ഥിരമായി സ്വിച് ഓഫ് ആയിരുന്നു. വലതു കാലിനും വലതു കൈക്കും സ്വാധീനമില്ലാത്ത അദ്ദേഹം ആഹാരത്തിനായി ആളുകളോട് യാചിക്കാൻ നിർബന്ധിതനായി.

അധികം സംസാരിക്കാനും അദ്ദേഹത്തിന് കഴിവില്ല. ഇടതുകൈകൊണ്ട് എഴുതിയാണ് ആളുകളെ വിവരങ്ങൾ ധരിപ്പിക്കുന്നത്. കൊടും തണുപ്പിൽ പുതപ്പുപോലുമില്ലാതെ യാത്രക്കാരുടെ സഹായവും സ്റ്റേഷനിലെ ഉറക്കവുമായി ദിവസങ്ങൾ കഴിഞ്ഞു. ഹരിദ്വാറിലെ സാമൂഹ്യപ്രവർത്തകയായ പുനിതാ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സംഘം സുനിൽ മഹേന്ദുവിനെപ്പറ്റിയുള്ള വിവരമറിഞ്ഞു സ്റ്റേഷനിലെത്തുകയും സുനിലിന് കമ്പളിയും, സ്വറ്ററുകളും, ആഹാരവും നൽകി അദ്ദേഹത്തോട് വിവരങ്ങൾ ചോദിച്ചറിയുകയും അവർ ഹരിദ്വാർ പോലീസ് വഴി നാസിക്ക് പോലീസുമായി ബന്ധപ്പെടുകയും കിഷൻ മഹേന്ദുവിനേയും കുടുംബത്തെപ്പറ്റിയും അന്വേഷിക്കുകയും ചെയ്തു.

മകൻ കിഷൻ മഹേന്ദുവും കുടുംബവും അവിടെ നിന്നു താമസം മാറിയെന്നും ബോർഡിങ്ങിലുള്ള കുട്ടികളുമായി ബന്ധപ്പെട്ടപ്പോൾ അവർക്കും മാതാപിതാക്കൾ എവിടെയാണെന്നതിനെപ്പറ്റി അറിവൊന്നുമില്ലെന്നുമായിരുന്നു വിവരം. കിഷനും ഭാര്യയും അവധിയിലാണെന്നും അറിവായിട്ടുണ്ട്. സുനിലിന്റെ നാസിക്കിലെ മറ്റു ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. സുനിൽ മഹേന്ദു ഇപ്പോൾ ഹരിദ്വാറിലെ ശ്രീറാം വൃദ്ധസദനത്തിൽ കഴിയുകയാണ്. താൻ ജീവനുതുല്യം സ്നേഹിച്ച മകൻ ഒരുതവണയെങ്കിലും കുഞ്ഞുങ്ങളുമായി തന്നെ കാണാൻ വരുമെന്ന പ്രതീക്ഷയോടെ. വൃദ്ധസദനത്തിന്റെ വാതിൽ ഓരോ തവണ തുറക്കുമ്പോഴും ഏറെ പ്രതീക്ഷയോടെ ആ ശോഷിച്ച കണ്ണുകൾ മകനെത്തേടി അവിടേക്കു നീളുന്നത് പതിവാണ്. മകൻ തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കിലും മരിക്കുന്ന തിനുമുൻപ് ഒരേയൊരുതവണ അവനെ കാണണമെന്ന അതിയായ മോഹം അദ്ദേഹം ആരോടുമൊളിക്കുന്നില്ല..

ഗുണപാഠം – മക്കളാണ് സർവ്വവും എന്നുകരുതി അവരെ കഴിവിനുമപ്പുറം പഠിപ്പിച്ച് ഉന്നതിയിലെത്തിക്കുമ്പോഴും എല്ലാ സ്വത്തും സമ്പാദ്യവും അവർക്കായി മാറ്റി വയ്ക്കുമ്പോഴും സ്വയം കടക്കെണിയിൽ അകപ്പെട്ടും പട്ടിണികിടന്നും അവരുടെ ഭാവിക്കായി ജീവിക്കുമ്പോഴും ഓർക്കേണ്ടത് നമുക്കും ജീവിക്കണം, നമ്മുടെ ജീവിതവും ബാക്കിയുണ്ട് എന്ന കാര്യമാണ്. പല മാതാപിതാക്കളും അതോർക്കാറില്ല. മക്കൾ വിവാഹിതരായിക്കഴിയുമ്പോൾ പലർക്കും മാതാപിതാക്കളെ നേരാംവണ്ണം ശ്രദ്ധിക്കാൻ കഴിയുന്നില്ല. അഥവാ അവർ അവരുടെ സ്വന്തം കുടുംബത്തിലേക്ക് കൂടുതൽ വഴുതിമാറിപ്പോകുകയാണ്. നമ്മുടെ നാട്ടിൽ 90 % മാതാപിതാക്കളും വൃദ്ധാവസ്ഥയിൽ ശരിയായ പരിചരണവും, ശ്രദ്ധയും, ചികിത്സയും ലഭിക്കാതെ മാനസികവ്യഥ അനുഭവിക്കുന്നവരാണ്… അല്ലെങ്കിൽ പറയുക….?

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply