ഏറെ ആസ്വദിച്ച ഒരു തീവണ്ടിയാത്രയും അവസാനം ഒരു വിഷമവും…

വിവരണം – Fahis Kodasseri‎.

സമയം 11:00 ആവുന്നു ട്രെയിൻ ഇരുളിനെ ഭേദിച്ച് കുതിച്ച് പാഞുകൊണ്ടിരിക്കുന്നു. ചെറിയ ചാറ്റൽ മഴ ഉണ്ട് നല്ല തണുത്ത കാറ്റ് ജനലിലൂടെ വീശുന്നു ജനറൽ കബാർട്ട്മെൻ്റിൽ നല്ല തിരക്കാണ് അവധിക്കാലമായതിനാൽ നാട്ടിൽ പോവുന്നവരുടെയും വരുന്നവരുടെയും തിരക്കാണ്. ചിലർ വലിയ സന്തോഷത്തിലാണ്. അവർ ഉച്ചത്തിൽ സംസാരിക്കുന്നു. മറ്റുചിലർ ഫോണിൽ അവരുടെതായ ലോകത്താണ്. കുറെ കാലമായി ഒന്നു യാത്രചെയ്യാൻ കരുതിട്ട് ഒടുവിൽ അത് സാധിച്ചിരിക്കുന്നു ഉമ്മയോട് കാര്യം പറഞ്ഞപ്പോൾ നീ ഒറ്റക്കോ? എന്ന ചോദ്യമായിരുന്നു പിന്നെ ഞാൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ? എന്നെല്ലാം പറഞ് ഒടുവിൽ സമ്മതം കിട്ടി ..

അങ്ങിനെ ട്രെയിൻ കയറി കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് ഷോർണൂരിൽ നിന്നും ട്രെയിൻ 10:30 ക്ക് ആണെന്ന് അറിഞ്ഞപ്പോൾ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് ഒന്നിറാങ്ങാം എന്നു വച്ചു. ശരിക്കും വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷോർണൂർ എത്ര എത്ര ആളുകളാണ് പല ഭാഷ സംസാരിക്കുന്നവർ പല വേഷങ്ങളും എല്ലാവരും അവരുടെ ട്രെയിൻ വരുന്നതും കാത്തിരിക്കുകയാണ്. രാത്രിയും ഇവിടെ ഇങ്ങിനെ തിരക്കാണ് . ഒടുവിൽ ട്രെയിൻ കയറി നല്ല തിരക്കായിരുന്നു അതിനാൽ തന്നെ സീറ്റ് കിട്ടാൻ നന്നെ ബുദ്ധിമുട്ടി

എത്ര എത്ര സുന്ദരമായ കാഴ്ചകൾ. വിശാലമായ ക്യഷി ചെയ്യുന്ന സ്ഥലങ്ങളും ഇടക്കിടക്ക് ചെറിയ വീടുകൾ അതിൽ നിന്നും പ്രകാശിക്കുന്ന വെളിച്ചവും നിലാവെളിച്ചത്തിൻ്റെ ശോഭയിൽ കുന്നിൻ ചരിവുകളിലെ വീടുകൾ കാണാം ഇടക്ക് വലിയ നഗരങ്ങളും പിന്നിട്ട് ട്രെയിൻ കുതിച്ച് കൊണ്ടിരുന്നു. അധികം ആളുകളും ഉറങ്ങിയിരിക്കുന്നു. എത്ര ശാന്തമായാണ് അവർ ഉറങ്ങുന്നത്. എനിക്കെന്തോ ഉറങ്ങാൻ കഴിഞ്ഞില്ല … കാരണം യാത്ര എന്നാൽ ഉറക്കം അല്ലല്ലോ… മറഞുകൊണ്ടിരിക്കുന്ന കാഴ്ച്ചകളിലേക്ക് നോക്കികൊണ്ടങ്ങിനെ ഇരുന്നു.

ട്രെയിൻ ഇടക്ക് ചില സ്റ്റേഷനുകളിൽ നിർത്തുന്നു അവിടെയും കാണാം ഉറക്കമില്ലാതെ തങ്ങളുടെ ജോലികൾ ചെയ്യുന്നവർ ചായ വിൽകുന്നവർ. പോലീസുകാർ.ട്രെയിൻ കാത്തുനിൽകുന്നവർ അങ്ങിനെ ഇടക്ക് എപ്പോഴോ ഉറങ്ങിപ്പോയി. സമയം 6:30 ആയിരിക്കുന്നു മഞ്ഞ് മൂടിയ അന്തരീക്ഷം. മങ്ങിയ വെളിച്ചത്തിൽ പച്ചപുതച്ച വിശാലമായ പാടങ്ങൾ ക്കിടയിലൂടെ ട്രെയിൻ അലസമായി നിങ്ങികൊണ്ടിരുന്നു.. അധികമാരും എണീറ്റിട്ടില്ല …. ഒടുവിൽ 7:00 മണിയോടുകൂടെ തിരുവനന്തപുരത്ത് എത്തി. .. റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നു ഫ്രഷ് ആയി. പിന്നീട് കാഴ്ചകളിലേക്ക് എന്തൊരു തിരക്കായിരുന്നു. അതിരാവിലെ തന്നെ വാഹനങ്ങളും വഴി യാത്രക്കാരും ആയി നല്ലതിരക്കാണ് എല്ലാവർക്കും അവരവരുടെതായ ലക്ഷ്യസ്ഥാനങ്ങൾ ആരെയും ശ്രദ്ധിക്കാതെ അവർ അങ്ങിനെ നടന്നുകൊണ്ടിരുന്നു അവരിലൊരാളായി ഞാനും …

പടുകൂറ്റൻ കെട്ടിടങ്ങളും വലിയ വലിയ വ്യവസായ സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ നഗരത്തിലൂടെ നടക്കുബോൾ പല പല ചിന്തകളായിരുന്നു… അപരിചിതരായ പല മുഖങ്ങളെ പറ്റിയും . വിത്യസ്തങ്ങളായ നിർമിതികളും അവ നിർമ്മിച്ച വരെ പറ്റിയും അങ്ങിനെ അങ്ങിനെ …. സെക്രട്ടറിയേറ്റും തിരുവനന്തപുരം മൃഗശാലയും. കന്യാകുമാരിയിലെ കണ്ടാൽ മതിവരാത്ത ബീച്ചുകളും പേരറിയാത്ത കുറെ മനുഷ്യരും എന്നിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. കാണുന്നതും കേൾക്കുന്നതും എല്ലാം പുതിയ അനുഭവം.. സായം സന്ധ്യയുടെ ചെറു തണുപ്പുള്ള കാറ്റേറ്റ് കൊണ്ട് അസ്തമയ സൂര്യന്റെ അവസാന ശ്വാസവും നിലച്ചു കഴിഞ്ഞപ്പോഴേക്കും സമയം പോയതറിഞ്ഞില്ല ..

ഒടുവിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ കയറിയതാണ് ട്രിണീം ട്രിണീം.. പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത് നോക്കുമ്പോൾ ഉമ്മയാണ് ഉച്ചയ്ക്ക് എപ്പഴോ വിളിച്ചതാണ് പിന്നെ ഇപ്പോഴാണ് .. ആ ഉമ്മാ ഞാൻ വന്നുക്കൊണ്ടിരിക്കുവാ രാവിലെ ആവുബഴേക്കും എത്തും. നീ ഭക്ഷണം കഴിച്ചോ? . ആ കഴിച്ചു. എന്നാൽ ശരി ഞാൻ വിളിക്കാം ഉമ്മാ.. ആ ശരി.. ജീവിതത്തിൽ എവിടെയൊക്കെ പോയാലും നമ്മുടെ മനസ്സിൽ എപ്പോഴും ഓർമ്മയുടെ ചിന്തകളിൽ തെളിയുന്നത് വീടും വീട്ടുകാരും സുഹൃത്തുക്കളും ആവും അതിനാൽ തന്നെ മനുഷ്യൻ എന്ന നിലയിൽ ജീവിതത്തിൽ ഒറ്റപെടുവാൻ നമുക്ക് സാധിക്കില്ല…

ട്രെയിൻ വേഗം കുറച്ചിരിക്കുന്നു നീണ്ട ഒരു ഹോൺ അടിച്ചു ഒരു ആലസ്യത്തോടെ ഒരു സ്റ്റേഷനിൽ നിന്നു. വിജനമായ പ്ലാറ്റ് ഫോമിൽ കുറച്ച് ചിലർ മാത്രം.. ട്രെയിൻ വീണ്ടും യാത്ര തുടങ്ങുകയാണ് എന്നുള്ള ഹോൺ നീട്ടി അടിച്ചു തണുപ്പുള്ള കാറ്റ് അകത്തേക്ക് വീശാൻ തുടങ്ങി.. പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് കയ്യിൽ രണ്ട് ബാഗുകുമായി ഒരു പെൺകുട്ടി.. കറുത്ത ഒരു ഷാൾ കഴുത്തിൽ ചുറ്റിയിരിക്കുന്നു നെറ്റിയിൽ ഒരു ചെറിയ പൊട്ടും ഉണ്ട് ഞാൻ നോക്കുമ്പോൾ ഒരു സീറ്റ് കിട്ടുമോ എന്ന അന്വേഷണത്തിലാണ് . പക്ഷെ എവിടെയും സീറ്റ് ഇല്ല. എനിക്ക് അറിയാമായിരുന്നു സീറ്റില്ലാതെ യാത്ര ചെയ്യുന്ന ആ അവസ്ഥ.. എന്റെ അഭിമുഖമായിരിക്കുന്നത് ചില അന്യസംസ്ഥാന തൊഴിലാളികളാണ്. അതിനാൽ തന്നെ ഞാൻ ഒന്നു പറഞ്ഞു നോക്കി कृपया आगे बढ़ें……? അവരുടെ ഭാഷയിൽ സംസാരിച്ചത് കൊണ്ടാവണം അവർ ശരിക്കും എന്നെ ഒന്ന് പരിഗണിച്ചു. ഞാൻ ആ പെൺകുട്ടിയോട് അവിടെ ഇരിക്കാൻ പറഞ്ഞു.. പൊടുന്നനെ ആ മുഖം ഒന്ന് പ്രസന്നമായി.തൻ്റെ ബാഗ് എടുത്ത് കിട്ടിയ സീറ്റിൽ ഇരുന്നു ഒന്നു പുഞ്ചിരിച്ച് തലയാൽ ഒരു നന്ദി പറഞ്ഞു..

ട്രെയിൻ വീണ്ടും ഒരു സ്റ്റേഷനിൽ എത്താൻ അടുത്തിരിക്കുന്നു പക്ഷെ അവിടെ ഒന്നോ രണ്ടോ മിനുട്ട് മാത്രം വീണ്ടും യാത്ര തുടർന്നു.. ഞാൻ എന്റെ ബാഗിൽ കരുതിയ വെള്ളകുപ്പി എടുത്ത് രണ്ട് കവിൾ കുടിച്ചു.. അപ്പോഴാണ് എന്റെ മുന്നിൽ ഇരിക്കുന്ന പെൺകുട്ടി വെള്ളകുപ്പിയിലേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചത് ഞാൻ അത് അവൾക്ക് നേരെ നീട്ടി… അവളും അതിൽ നിന്നും കുറച്ച് കുടിച്ച് എനിക്ക് നീട്ടി. ഞാൻ കുപ്പി വാങ്ങി ബാഗിൽ ഇടാൻ നിൽക്കവെ അവൾ ചോദിച്ചു. നിങ്ങൾ എവിടെക്കാണ് ? ഞാൻ നിലബൂർക്ക്. ഒ ഞാനും നിലബൂർക്കാണ്. ഒറ്റകാണോ?. അതെ ഒറ്റക്കാണ് . തിരുവനന്തപുരത്ത് എന്താ ചെയ്യുന്നത്. ഇല്ല ഞാൻ തിരുവനന്തപുരം ഒന്ന് കാണാൻ വേണ്ടി വന്നതാണ്. എന്നിട്ട് തിരുവനന്തപുരം കണ്ടോ എങ്ങിനെ ഉണ്ട്? ആ കാണാൻ കുറച്ച് സ്ഥലത്തൊക്കെ പോയി..കുഴപ്പമില്ല… നിങ്ങളെന്താണ് ചെയ്യുന്നത് ? ഞാൻ ഇവിടെ എറണാകുളത്ത് ഒരു ആശുപത്രിയിൽ നഴ്സാണ് ഒ ഇപ്പോൾ നിങ്ങൾക്ക് ലീവാകുമല്ലേ.. അല്ല ഞങ്ങൾക്ക് ഇപ്പോൾ ലീവല്ല.. നാട്ടിൽ നിന്നും ഒരു ഫോൺ ഉണ്ടായിരുന്നു അച്ഛന് തീരെ സുഖമില്ല .
അപ്പോ ഒന്ന് പോവാം ന്ന് വച്ചു… നിലമ്പൂരിൽ എവിടെയാ …? ഞാൻ നിലബൂർ ക്കില്ല അതിന് മുമ്പ് ഇറങ്ങും തുവ്വൂരിൽ..
ഒ..

പെട്ടെന്ന് ആകുട്ടിയുടെ ഫോൺ ശബ്ദിച്ചു പെട്ടെന്ന് അവൾ വല്ലാതെ തളർന്നു തന്റെ ബാഗിൽ തല വച്ച് കിടന്നു.
കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ട്രെയിൻ അതിന്റെ സർവ്വ ശക്തിയും ഉപയോഗിച്ച് നല്ല വേഗതയിൽ ഓടികൊണ്ടിരുന്നു .. വിഷമിക്കാതിരിക്കൂ.. അച്ഛന് ഒന്നും സംഭവിക്കില്ല.. ധൈര്യമായിരിക്കൂ. നീണ്ട നിശബ്ദത കൊടുവിൽ അവൾ തല ഉയർത്തി രണ്ട് കൈകൾ കൊണ്ട് മുഖം ഒന്നമർത്തി തടവി ഒരു ദീർഘ നിശ്വാസം വിട്ടു.. എങ്കിലും ആ മുഖത്ത് ഒരു ഭയം നിഴലിച്ച് നിൽപ്പുണ്ടായിരുന്നു. അമ്മയാണ് വിളിച്ചത് അച്ഛനെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് …. എനിക്ക് എന്തോ പേടി ആവുന്നു . വിഷമിക്കേണ്ട ഒന്നും സംഭവിക്കില്ല എന്നല്ലാതെ എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.

ഫോണിൻ്റെ ലോക്ക് സ്ക്രീൻ അമർത്തി സമയം നോക്കുമ്പോൾ സമയം 1:48 ആയിരിക്കുന്നു. പുറത്തെ ഇരുൾ പരപ്പിലുടെ നോക്കുമ്പോഴും ഞാൻ ചിന്തയിലായിരുന്നു. ഇങ്ങിനെ ഒരവസ്ഥയിൽ എന്താണ് ഞാൻ ചെയ്യേണ്ടത് അതല്ലെങ്കിൽ എന്താണ് പറഞ് സമാധാനിപ്പിക്കുക .. ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല. എങ്കിലും പറഞു എന്തിനാണ് വെറുതെ ഇങ്ങിനെ വിഷമിക്കുന്നത് അച്ഛന് ഒന്നും സംഭവിച്ചിട്ടില്ലലോ…. ദൈവം നമ്മെ ചില സമയങ്ങളിൽ സങ്കടപെടുത്തും അത് നമ്മോടുള്ള ദേഷ്യം കൊണ്ട് ഒന്നുമല്ല അത് ചില തിരിച്ചറിവുകളാണ് നമ്മൾ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ.. അതല്ലെങ്കിൽ നമ്മോടൊപ്പം ആരെല്ലാം ഉണ്ടാവും എന്നത് അറിയാൻ നമുക്ക് തുറന്നു തരുന്ന ചില അവസരങ്ങൾ. അല്ലാതെ നമ്മെ കഷ്ട്ടപെടുത്താനോ വിഷമിപ്പിക്കാനോ ഒന്നും അല്ല….

എന്തോക്കെയോ ആലോചിച്ചു കൊണ്ട് ശരിയാണ് എന്ന മട്ടിൽ തലകുലുക്കി സീറ്റിലേക്ക് ചാരി ഇരുന്നു . കുറച്ച് നേരം കഴിഞ്ഞപ്പോൾ അറിയാതെ ഒന്ന് ഉറങിയെങ്കിലും അധികം വൈകാതെ തന്നെ ഉണർന്നു. പുറത്തേക്ക് നോക്കുമ്പോൾ ഇരുൾ പരപ്പിൽ പ്രഭാതത്തിൻ്റെ മങ്ങിയ വെളിച്ചം പരന്നു തുടങ്ങിയിരുന്നു. അങ്ങിനെ എന്റെ ഈ യാത്ര അവസാനിക്കാൻ നേരമായിരിക്കുന്നൂ എന്നോർത്തപ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമം പോലെ. എങ്കിലും എനിക്ക് അവസാനിപ്പിച്ചല്ലേ മതിയാവൂ.. ഒടുവിൽ ഇതാ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ ട്രെയിൻ എത്താൻ അടുത്തിരിക്കുന്നു മുന്നിൽ ഇരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോടും കൂട്ടത്തിൽ പേരു പോലും അറിയാത്ത ആ പെൺകുട്ടിയോടും.. യാത്ര പറഞ്ഞു. എന്റെ കൈയിൽ കരുതിയിരുന്ന വെള്ളകുപ്പി അവൾക്ക് നേരെ നീട്ടി.. എല്ലാം ശരിയാകും എന്ന് പറഞ്ഞു. അവൾ ഹംം എന്നു തലയാട്ടി ഒന്നു ചിരിച്ചു…

അപ്പോഴേക്കും വലിയ ഒരു ശബ്ദത്തോടെ ട്രെയിൻ സ്റ്റേഷനിൽ നിന്നിരുന്നു. ഒടുവിൽ അവസാന യാത്ര പറച്ചിൽ എന്ന നിലയിൽ എന്നാൽ ശരി എന്ന മട്ടിൽ തലകൊണ്ട് യാത്ര പറഞ്ഞു. ഞാൻ ട്രെയിനിൽ നിന്നും ഇറങ്ങി നടന്നു. തിരികെ നടക്കുമ്പോൾ ഞാൻ ഓർത്തു. എന്റെ ഈ യാത്ര എത്ര സുന്ദരമായിരുന്നൂ. എത്രയോ പേരെ കണ്ടുമുട്ടി.. എത്രപേരോട് സംസാരിച്ചു.. എന്തെല്ലാം കാഴ്ചകൾ കണ്ടു.. ഒടുവിൽ ഇന്നും ഒരാകാംക്ഷയായി ആ പെൺകുട്ടിയും. അവളുടെ അച്ഛന് ഭേദമായിക്കാണില്ലേ? അങ്ങനെ ആയിരിക്കട്ടെ.  യാത്രകൾ അങ്ങിനെയാണ്. ചില യാത്രകൾ നമ്മുടെ കാഴ്ചകളും കാഴ്ചപ്പാടുകളും മാറ്റി മറിക്കും… അത് എത്ര ചെറിയ യാത്രകളാണെങ്കിലും.. കല്ലു പതിച്ച സ്റ്റേഷനിലെ നീണ്ട പ്ലാറ്റ്ഫോമിലൂടെ എന്റെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply