ഇല്ലാത്ത ഹര്‍ത്താലിന്‍റെ പേരില്‍ KSRTC ബസ്സുകള്‍ക്കു നേരെയും അക്രമം..

കാശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചെന്ന തരത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മലബാറിനെ ഹര്‍ത്താല്‍ പ്രതീതിയിലെത്തിച്ചു. പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു. ഹർത്താൽ അനുകൂലികൾ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു. പ്രകടനമായി എത്തിയവർ വാഹന ഗതാഗതവും തടയാൻ ശ്രമിച്ചു. കടകൾ അടപ്പിക്കുന്നത് വ്യാപാരികൾ കൂട്ടമായി തടഞ്ഞതോടെയാണ് സ്ഥലത്ത് ഉന്തു തള്ളുമുണ്ടായത്. വ്യാജ ഹർത്താൽ ആയിരുന്നതിനാൽ പോലീസും മുൻ കരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച ഹർത്താൽ എന്ന പേരിൽ നവമാധ്യമങ്ങൾ വഴി പ്രചരണം നടന്നത്. ആര്, എന്ത് കാര്യത്തിന് ഹർത്താൽ പ്രഖ്യാപിച്ചുവെന്ന് പോലും രേഖപ്പെടുത്താത്ത സന്ദേശങ്ങളായിരുന്നു സോഷ്യൽമീഡിയയിൽ എത്തിയത്. വഴിയില്‍ ഇറങ്ങി പ്രകടനം നടത്തിയ ചിലര്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ വ്യാപകമായ രീതിയില്‍ കല്ലേറ് നടത്തി. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണീ സംഭവം.

കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കടകള്‍ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പരപ്പനങ്ങാടിയിൽ  ഹർത്താലനുകൂലികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ടയറുകൾ റോഡിലിട്ട് കത്തിച്ചാണ് വാഹനഗതാഗതം തടസ്സപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിലും കോഴിക്കോട് മുക്കത്തും ഭീഷണിപ്പെടുത്തി കടകൾ അടപ്പിച്ചു. മൂവാറ്റുപുഴയിലും കണ്ണൂരും തിരൂരും ഹർത്താലനുകൂലികൾ പ്രകടനം നടത്തി.

 

മലപ്പുറം ജില്ലയിലാണ് ഹർത്താൽ ശക്തമായത്. വളാഞ്ചേരി, കുറ്റിപ്പുറം, തിരുനാവായ, തിരൂർ, വള്ളുവമ്പ്രം, വെട്ടിച്ചിറ, ചങ്കുവെട്ടി, കാസർകോട് ജില്ലയിലെ വിദ്യാനഗർ അണങ്കൂറും കോഴിക്കോട് ജില്ലയിലെ ഫറോക്ക്, വടകര, ചാലിയം, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വെള്ളനാട് എന്നിവിടങ്ങളിലും ബസുകൾ തടഞ്ഞു. വണ്ടൂർ-കാളികാവ് റോഡിൽ വാണിയമ്പലം, അഞ്ചച്ചവിടി, കറുത്തേനി എന്നിവിടങ്ങളിലും ഗതാഗതം ഭാഗികമായി സ്തംഭിച്ചു. കോഴിക്കോട്​ കൊടുവള്ളിയിൽ ഹർത്താലനുകൂലികൾ ​െപാലീസിനു ​േനരെ കല്ലെറിഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ ​െപാലീസ്​ കണ്ണീർവാതകം പ്രയോഗിച്ചു. 20 ഒാളം ഹർത്താൽ അനുകൂലികളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലും ഹർത്താലാണ്. കൊടുവായൂർ, പുതുനഗരം, പട്ടാമ്പി, വല്ലപ്പുഴ, ചെർപ്പുളശേരി, ഒറ്റപ്പാലം, മുതലമട മേഖലകളിലും പാലക്കാട് നഗരത്തിൽ വിവിധയിടങ്ങളിലും വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു.തിരുവനന്തപുരത്ത് നെടുമങ്ങാട്, വെള്ളനാട് എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടയാൻ ശ്രമം നടന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ജില്ലയിൽ ചില സ്ഥലങ്ങളിൽ ഹർത്താലിനെ പേടിച്ച് കടകളടച്ചു.

വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരേയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി ഡിപ്പോയുടെ കെഎസ്അരടിസി ബസ്സില്‍ സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് ‘Justice for Asifa’ എന്നെഴുതിയതും വിവാദമായിട്ടുണ്ട്.

Photos – Respected Owners.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply