വിമര്‍ശകരുടെ വായടപ്പിച്ച് മിന്നല്‍ വിവാദത്തില്‍ വിശദീകരണവുമായി KSRTC

കെ.എസ്.ആര്‍.ടി.സിയുടെ പാലാ-കാസര്‍ഗോഡ്‌ മിന്നല്‍ ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ അവര്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കി വിടാഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരിയെ അവിടെ വന്നു കൂട്ടിക്കൊണ്ടു പോകാന്‍ അവരുടെ പിതാവിനുള്ള വൈമനസ്യമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്. പോലീസല്ല പോലീസിനൊപ്പം നിന്ന പെണ്‍കുട്ടിയുടെ പിതാവാണ് ബസിന് കൈകാണിച്ചതെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്.

സൂപ്പര്‍ ഡീലക്‌സ് ശ്രേണിയില്‍പ്പെടുന്ന സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രികാലങ്ങളില്‍ മാത്രം ഓടുന്ന സൂപ്പര്‍ സര്‍വ്വീസ് ബസാണ് മിന്നല്‍. ബസ് റിസര്‍വ് ചെയ്യുമ്പോള്‍ തന്നെ ജില്ലാ ആസ്ഥാനങ്ങളിലാണ് ബസിനു സ്റ്റോപ്പുള്ളതെന്ന് യാത്രക്കാരെ അറിയിക്കാറുണ്ട്. ഇതറിഞ്ഞു കൊണ്ടാണ് സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി മിന്നല്‍ ബുക്ക് ചെയ്തത്. പാലായില്‍ നിന്നും കോഴിക്കോടേക്കായിരുന്നു ഈ പെണ്‍കുട്ടിയുടെ റിസര്‍വേഷന്‍. യാത്രയ്ക്കിടയിലാണ് ഈ ബസ് പയ്യോളി വഴിയാണ് കടന്നു പോകുന്നതെന്ന കാര്യം പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്ന് ഇവര്‍ കണ്ടക്ടറോട് പയ്യോളിക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ സ്റ്റോപ്പുണ്ടാവില്ലെന്ന് കണ്ടക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കണ്ണൂരിലേക്ക് ടിക്കറ്റെടുത്തു. എന്നാല്‍ ഈ വിവരം പെണ്‍കുട്ടി പിതാവിനെ അറിയിച്ചപ്പോള്‍ കണ്ണൂര്‍ വരെ വന്ന് മകളെ കൂട്ടിക്കൊണ്ടു പോകാന്‍ അദ്ദേഹം തയ്യാറായില്ലെന്നും തുടര്‍ന്നാണ് ബസ് തടയുന്നതടക്കമുള്ള നടപടികളിലേക്ക് കാര്യങ്ങള്‍ പോയതെന്നും കെഎസ്ആര്‍ടിസി വിശദീകരിക്കുന്നു.

കണ്ടക്ടര്‍ പയ്യോളി നിര്‍ത്തില്ല എന്ന് അറിയിച്ചപ്പോള്‍ കണ്ണൂര്‍ ബസ് സ്റ്റേഷനില്‍ ഇറക്കിയാല്‍ മതി എന്ന് പറഞ്ഞ് ടിക്കറ്റെടുത്ത ശേഷമുണ്ടായ സംഭവങ്ങള്‍ ഗൂഢാലോചനയുടെ ഫലമാണെന്നും കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ജി. അനില്‍ കുമാര്‍ പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. ബസ് പോലിസിനെ കൊണ്ട് തടയുന്നതിനു പകരം തൊട്ടടുത്ത ബസ് സ്റ്റേഷനിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലോ അറിയിച്ച് പ്രശ്‌നം പരിഹരിക്കാനായിരുന്നു പെണ്‍കുട്ടിയുടെ പിതാവും പോലീസും ശ്രമിക്കേണ്ടിയരുന്നെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. പോലീസ് കൈ കാണിച്ചിട്ടും ബസ് നിര്‍ത്തിയില്ല എന്ന വാദവും കെഎസ്ആര്‍ടിസി തള്ളിക്കളയുകയാണ്. പോലീസല്ല പോലീസിനൊപ്പം നിന്ന പെണ്‍കുട്ടിയുടെ പിതാവാണ് ബസിന് കൈകാണിച്ചതെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്.

കെ.എസ്.ആര്‍.ടി.സി പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പ്…..

പയ്യോളിയില്‍ മിന്നല്‍ ബസ് നിര്‍ത്താതെ പോയതിനെ സംബന്ധിച്ചും പോലീസ് ജീപ്പ് കുറുകെ ഇട്ട് സര്‍വ്വീസ് തടസ്സപ്പെടുത്തിയതിനെ സംബന്ധിച്ചുമുള്ള വാദപ്രതിവാദങ്ങള്‍ നടക്കുകയാണല്ലോ എന്താണ് ഈ വിഷയത്തിലെ നിയമപരമായ കാര്യങ്ങളെന്ന് നോക്കാം. നിശ്ചിതമായ മുന്‍പേ പരസ്യപ്പെടുത്തിയ സ്റ്റോപ്പുകളുമായി സൂപ്പര്‍ ഡീലക്‌സ് ശ്രേണിയില്‍ സര്‍വ്വീസ് നടത്തുന്ന ഒരു ദേശസാല്‍കൃത സര്‍വ്വീസ് ആണ് ‘മിന്നല്‍’ എന്ന് KSRTC ഈ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. അമിത വേഗതയല്ല മോട്ടോര്‍ വാഹന നിയമം 1988, വകുപ്പ് 112 പ്രകാരം നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗനിയന്ത്രണം പാലിച്ച് സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി ട്രാഫിക് കുറവുള്ള രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസ് ആണ് ‘മിന്നല്‍”. ഇത് ദീര്‍ഘദൂര യാത്രക്കാരെ മാത്രം ഉദ്ദേശിച്ചുള്ള സര്‍വ്വീസ് ആണ്. മാത്രമല്ല ഈ കാര്യങ്ങള്‍ പരസ്യപ്പെടുത്തി മുന്‍കൂര്‍ ഓണ്‍ലൈന്‍ റിസര്‍വേഷനും കെ.എസ്.ആര്‍.ടി.സി നല്‍കുന്നുണ്ട്.

പയ്യോളി സംഭവത്തില്‍ പരാതിക്കാരി പാലായില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് സീറ്റ് റിസര്‍വ്വ് ചെയ്ത് യാത്ര ചെയ്യുകയും എന്നാല്‍ ബസ് പയ്യോളി വഴിയാണ് കടന്നു പോകുന്നത് എന്ന് മനസ്സിലാക്കി കോഴിക്കോട് എത്തിയതിനു ശേഷം കണ്ടക്ടറോട് പയ്യോളിക്ക് ടിക്കറ്റ് ആവശ്യപ്പെടുകയും പയ്യോളിയില്‍ മിന്നലിന് സ്റ്റോപ്പില്ല എന്നറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഇറങ്ങുന്നതിനായി ടിക്കറ്റ് ആവശ്യപ്പെട്ട് വാങ്ങുകയുമായിരുന്നു. ഈ വിവരം പിതാവിനെ അറിയിച്ചതിനു ശേഷം ടിയാന്റെ കണ്ണൂര്‍ വരെ പോയി മകളെ കൂട്ടാനുള്ള വിമുഖതയാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള അടിസ്ഥാന കാരണം എന്ന് നമുക്ക് മനസ്സിലാക്കാം. മാത്രമല്ല വനിതാസുരക്ഷയാണ് ഈ വിഷയത്തില്‍ പ്രധാനം എന്ന് പറയുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം ഈ പെണ്‍കുട്ടി പാലായില്‍ നിന്ന് പയ്യോളിയിലേക്കല്ല ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നത്. രാത്രി 1: 20 ന് കോഴിക്കോട്ടേക്ക് എത്തും വിധമാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നത്. ശേഷം അവിടെ നിന്നും പയ്യോളി വഴി കണ്ണൂര്‍ പോകുന്ന പയ്യോളി സ്റ്റോപ്പുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഉദ്ദേശം എന്നു വ്യക്തം.

കണ്ടക്ടര്‍ പയ്യോളി നിര്‍ത്തില്ല എന്ന് അറിയിച്ചപ്പോള്‍ കണ്ണൂര്‍ ബസ് സ്റ്റേഷനില്‍ ഇറക്കിയാല്‍ മതി എന്ന് പറഞ്ഞ് ടിക്കറ്റെടുത്ത ശേഷം നടത്തിയ മറ്റ് നാടകങ്ങള്‍ ഒരു ഗൂഡാലോചനയിലേക്കാണോ വിരല്‍ ചൂണ്ടുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബസ് തടയുന്നതിനു പകരം തൊട്ടടുത്ത ബസ് സ്റ്റേഷനിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലോ അറിയിച്ച് പ്രശ്‌നം പരിഹരിക്കുന്നതിനു പകരം പ്രശ്‌നം വഷളാക്കുകയല്ലേ ഉണ്ടായത്?… ഇനി ഇതിലെ നിയമപ്രശ്‌നങ്ങള്‍ എന്താണെന്നും നിയമപരമായ ശരി ആരുടെ ഭാഗത്താണെന്നും നോക്കാം. അതാണല്ലോ ആത്യന്തികമായി (പോലീസ് കേസെടുക്കാന്‍ തീരുമാനിച്ചതിനാല്‍) പരിശോധിക്കപ്പെടുക.

സ്റ്റേജ് കാര്യേജുകള്‍ എവിടെ നിര്‍ത്തണം എങ്ങനെ നിര്‍ത്തണം എന്നിവയെ സംബന്ധിച്ച് കേരള മോട്ടോര്‍ വാഹനച്ചട്ടങ്ങള്‍ 1989, ചട്ടം 206 വ്യക്തമായി പ്രതിപാദിക്കുന്നു. ഇതില്‍ 206 (b) യില്‍ സൂപ്പര്‍ എക്‌സ്പ്രസ്സ് ബസ്സുകള്‍ മുതല്‍ മുകളിലേക്കുള്ള ക്ലാസ്സ് സര്‍വ്വീസുകളുടെ സര്‍വ്വീസിനെ സംബന്ധിച്ച് വ്യക്തമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നു. റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്‌സ് ശ്രേണിയില്‍പ്പെട്ട ബസായ മിന്നല്‍ സര്‍വ്വീസിന് ജില്ലാ ആസ്ഥാനങ്ങളിലാണ് സ്റ്റോപ്പ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ത്തന്നെ മറ്റെവിടെയെങ്കിലും ഏത് സമയത്തും നിര്‍ത്തണം എന്ന ആവശ്യം നിയമവിരുദ്ധമാണ്.

അടുത്തതായി ഉയരുന്ന പ്രശ്‌നം റൂള്‍ 141 എ പ്രകാരം എല്ലാ സ്റ്റേജ് കാര്യേജുകളും രാത്രി 06:30 നും രാവിലെ 6:00 മണിക്കും ഇടയിലുള്ള സമയം സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്നയിടത്ത് നിര്‍ത്തണം എന്നത് എല്ലാ പെര്‍മിറ്റുകളുടെയും വ്യവസ്ഥ ആയതിനാല്‍ അത് ലംഘിച്ച കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ കുറ്റക്കാരല്ലേ എന്നതാണ്. അതും നിലവിലെ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമത്തിലെ അധ്യായം 6ലെ വകുപ്പ് 98 പ്രകാരം നിലവിലെ മോട്ടോര്‍ വാഹന നിയമത്തിലെ ചാപ്റ്റര്‍ 5 ലെയും മറ്റേതെങ്കിലും നിയമത്തിലെയും വ്യവസ്ഥകള്‍ക്ക് മേല്‍ ഓവര്‍ റൈഡിംഗ് എഫക്ട് അധ്യായം 6ലെ വകുപ്പുകള്‍ക്കുണ്ട്.

ഈ അധ്യായം 6ലെ വ്യവസ്ഥ പ്രകാരം ദേശസാല്‍ക്കരിക്കപ്പെട്ട സൂപ്പര്‍ ക്ലാസ് സര്‍വ്വീസിന്റെ പരിധിയില്‍ വരുന്ന സൂപ്പര്‍ ഡീലക്‌സ് ബസുകളുടെ പെര്‍മിറ്റില്‍ യാതൊരു വിധ നിബന്ധനയും ഏര്‍പ്പെടുത്താന്‍ മറ്റാര്‍ക്കും അധികാരമില്ല. മാത്രമല്ല അധ്യായം 5 ന്റെ അനുബന്ധമായ ചട്ടം 149 എ യിലെ നിബന്ധന, അധ്യായം 6ലെ വകുപ്പ് 100 (3) പ്രകാരം ദേശസാല്‍ക്കരിക്കപ്പെട്ട സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളില്‍ അടിച്ചേല്‍പ്പിക്കുന്നതും നിയമവിരുദ്ധമാണ്. മാത്രമല്ല റൂള്‍ 206 ലെ വ്യവസ്ഥ പ്രകാരം തന്നെ നിശ്ചയിക്കപ്പെടാത്ത സ്റ്റോപ്പുകളില്‍ സ്റ്റേജ് കാര്യേജുകള്‍ നിര്‍ത്താന്‍ ജീവനക്കാര്‍ ബാധ്യസ്ഥരല്ല.

യാത്രക്കാരി തനിക്ക് കണ്ണൂര്‍ ഇറങ്ങിയാല്‍ മതി എന്നു പറഞ്ഞ് സ്റ്റോപ്പുള്ളയിടത്തേക്ക് ടിക്കറ്റെടുത്ത ശേഷം സ്റ്റോപ്പില്ലാത്ത പയ്യോളിയില്‍ ഇറക്കണം എന്നാവശ്യപ്പെട്ട് ഡ്രൈവറോട് കയര്‍ത്ത് സംസാരിച്ചതു തന്നെ റൂള്‍ 227 പ്രകാരം തെറ്റാണ്. പിന്നെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല എന്ന വാദവും തെറ്റാണ്. യഥാര്‍ത്ഥത്തില്‍ കൈകാണിച്ചത് സിവില്‍ പോലീസ് ഓഫീസറോടൊപ്പം നിന്ന പെണ്‍കുട്ടിയുടെ അച്ഛനാണ്. റൂള്‍ 229, 230 എന്നിവ പ്രകാരം സബ്ബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കേ ബസ് തടഞ്ഞ് പരിശോധന നടത്താന്‍ പോലും അധികാരമുള്ളൂ. അദേഹം ബസ് തടഞ്ഞതോ ജീപ്പ് റോഡിന് കുറുകെ ഇട്ട ശേഷം.

കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് പ്രകാരം മിന്നല്‍ സര്‍വ്വീസുകള്‍ രാത്രികാലങ്ങളില്‍ നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളിലെ നിര്‍ത്താവൂ എന്ന നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത്.എന്തായാലും അര്‍ദ്ധരാത്രി 2 മണിക്ക് നടന്ന സംഭവം അന്ന് രാവിലത്തെ പത്രത്തില്‍ തന്നെ വാര്‍ത്തയായതും, ഉടന്‍ പോലീസ് വണ്ടി തടഞ്ഞതും എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ലാഭകരമായ മിന്നല്‍ സര്‍വ്വീസിനെ തകര്‍ക്കാനുള്ള ഒരു നീക്കമാണോ ഇതെന്ന സംശയം ന്യായം. സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജ് ബസ്സ് ലോബി ഈ സംഭവത്തിന് പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

വാര്‍ത്ത കടപ്പാട് : http://www.asianetnews.com/news/ksrtc-minnal-payyoli-incident.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply