ഓരോ സ്ഥലങ്ങളുടെയും പ്രശസ്തിക്കു പിന്നിൽ പല കാരണങ്ങളും ഉണ്ടായിരിക്കും. ചില സ്ഥലങ്ങൾ ടൂറിസ്റ്റു കേന്ദ്രങ്ങൾ കൊണ്ട് പ്രശസ്തമാകും. ചിലത് ചരിത്രപരമായ സംഭവങ്ങൾ കൊണ്ടും. എന്നാൽ ഇവയെക്കൂടാതെ ചില വ്യക്തികൾ കാരണം പ്രശസ്തമായ അല്ലെങ്കിൽ പേരുകേട്ട ചില സ്ഥലങ്ങളുണ്ട് നമ്മുടെ കേരളത്തിൽ. ഈ സ്ഥലപ്പേര് കേട്ടാൽ നമ്മുടെയുള്ളിൽ ആദ്യം വരുന്നത് ആ വ്യക്തിയുടെ രൂപമായിരിക്കും. അത്തരത്തിൽ ചില സ്ഥലങ്ങളെ ഒന്നു പരിചയപ്പെടാം.
1. പിണറായി – കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പിണറായി. കണ്ണൂർ നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തലശ്ശേരിയിൽനിന്നും 8 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. സി.പി.എം-ന്റെ പ്രമുഖ നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹത്തിൻറെ പേരിനൊപ്പം നിലനിൽക്കുന്നതു കൊണ്ടാണ് ഈ നാടും പ്രശസ്ഥമായത്.
2. കോടിയേരി – കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് അടുത്തുള്ള ഒരു സ്ഥലമാണ് കോടിയേരി. മുൻനിര കമ്മ്യൂണിസ്റ്റ് നേതാവായ കോടിയേരി ബാലകൃഷ്ണനിലൂടെയാണ് ഈ സ്ഥലം നാടൊട്ടുക്കും പ്രശസ്തമായത്. ഇന്നും കോടിയേരി എന്നു പറഞ്ഞാൽ ആദ്യം മനസ്സിൽ ഓടിയെത്തുക ഇദ്ദേഹത്തിന്റെ രൂപമാണ്.
3. മാള – നിന്നും ഏകദേശം 35 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 50 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി. മി ദൂരത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മാള. പ്രശസ്തനായ നടൻ മാള അരവിന്ദന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ആളുകൾ ഒരിക്കലും അരവിന്ദൻ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നില്ല, പകരം മാള എന്നായിരുന്നു സിനിമാരംഗത്തും പൊതുസമൂഹത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നത്. മാളയെ പ്രശസ്തനാക്കിയ മാള അരവിന്ദന്റെ ജന്മനാട് പക്ഷെ മാളയല്ല. എറണാകുളം ജില്ലയിലെ വളവുകോട്ടാണ്. ഇതുകൂടാതെ മറ്റൊരു പ്രശസ്തി കൂടിയുണ്ട് മാളയ്ക്ക്. പണ്ട് കെ.കരുണാകരൻ മത്സരിച്ചു വിജയിച്ച മണ്ഡലമായിരുന്നു മാള.
4. പല്ലാവൂർ – പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പല്ലാവൂർ. ചിറ്റൂർ താലൂക്കിൽ പല്ലശ്ശന ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ വയലേലകളും മലകളും കുന്നുകളും കുളങ്ങളും കൊണ്ട് സമൃദ്ധമായ ഗ്രാമമാണിത്. മലയാളക്കരയിലെ വാദ്യചക്രവർത്തിമാരായിരുന്ന പല്ലാവൂർ സഹോദരന്മാർ (പല്ലാവൂർ അപ്പുമാരാർ, മണിയൻ മാരാർ, കുഞ്ഞുകുട്ടൻ മാരാർ) ഈ നാട്ടുകാരായിരുന്നതിനാൽ ഇവിടാരുടെ പേരിൽക്കൂടിയായിരുന്നു ഈ നാട് പുറംലോകമറിയപ്പെട്ടത്. പാലക്കാട് നഗരത്തിൽ നിന്ന് 22 കിലോമീറ്റർ തെക്കുമാറി നെല്ലിയാമ്പതിയിലേയ്ക്ക് പോകുന്ന വഴിയിലാണ് പല്ലാവൂർ സ്ഥിതിചെയ്യുന്നത്.
5. താമരശ്ശേരി ചുരം – വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം പണ്ടുമുതലേ ഉണ്ടായിരുന്നുവെങ്കിലും വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ ആ ഡയലോഗ് ആണ് താമരശ്ശേരിയെ ഇത്രകണ്ട് പ്രശസ്തമാക്കിയത്. ഇന്നും ഇതുവഴി കടന്നുപോകുമ്പോൾ പപ്പുവിനെയും അദ്ദേഹം പറഞ്ഞ ആ ഡയലോഗിനെയും ഓർക്കാത്തവർ ചുരുക്കമായിരിക്കും.
6. ചെന്നിത്തല – ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ചെന്നിത്തല. മാവേലിക്കരയിൽ നിന്നും പരുമല തിരുവല്ല റോഡിൽ 7 കി.മി. സഞ്ചരിച്ചാൽ ചെന്നിത്തലയിൽ എത്താം. ദേശീയപാതയിൽ ഹരിപ്പാട്ടുനിന്നും എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. മുൻനിര കോൺഗ്രസ് നേതാവായ (ഇപ്പോൾ പ്രതിപക്ഷ നേതാവ്) രമേശ് ചെന്നിത്തലയിലൂടെയാണ് കൂടുതലാളുകളും ഈ നാടിനെക്കുറിച്ച് അറിഞ്ഞത്.
7. കായംകുളം – ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 47 കായംകുളത്ത് കൂടി കടന്നുപോകുന്നു. ‘കേരളത്തിന്റെ റോബിൻ ഹുഡ്’ എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. എത്രയോ രാജാക്കന്മാരും പദവിക്കാരുമെല്ലാം ഉണ്ടായിട്ടും കൊച്ചുണ്ണിയുടെ പേരിലാണ് ഇന്നും കായംകുളം അറിയപ്പെടുന്നത്.
8. ജഗതി – ജഗതി എന്നു കേട്ടാൽ അറിയാത്ത മലയാളികൾ ആരുമുണ്ടാകില്ല. മലയാളികളെ കുടുകുടേ ചിരിപ്പിച്ച ജഗതി ശ്രീകുമാര്‍ എന്ന മഹാനടനെ ആർക്കാണ് അറിഞ്ഞുകൂടാത്തത്. എന്നാൽ ജഗതി എന്നത് ഒരു സ്ഥലപ്പേരാണ് എന്നകാര്യം അധികമാർക്കും അറിയില്ല. തിരുവനന്തപുരം നഗരത്തിലെ ഒരു സ്ഥലമാണ് ജഗതി.
9. ഉള്ളൂർ – തിരുവനന്തപുരം നഗരത്തിന്റെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഉള്ളൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇവിടെ നിന്നും ഏകദേശം 1 കിലോ മീറ്റർ ദൂരത്തായും, കേശവദാസപുരം ഏകദേശം 1.5 കിലോ മീറ്റർ ദൂരത്തായും സ്ഥിതി ചെയ്യുന്നു. എന്നാൽ ഈ നാട് അറിയപ്പെടുന്നത് മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യരുടെ പേരിലാണ്. ഇദ്ദേഹം ജനിച്ചത് ചങ്ങനാശ്ശേരിയിൽ ആയിരുന്നെങ്കിലും അച്ഛന്റെ നാടായ ഉള്ളൂരിലേക്ക് പിന്നീട് മാറുകയായിരുന്നു.
10. കുതിരവട്ടം – കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന ഒരു വില്ലേജ് ആണ് കുതിരവട്ടം. താമരശ്ശേരി ചുരം പോലെത്തന്നെ കുതിരവട്ടം പപ്പു എന്ന നടൻറെ പേരിൽ അറിയപ്പെടുന്ന ഒരു സ്ഥലമാണിത്. കോഴിക്കോട് ഫറോഖില്‍ ജനിച്ച പനങ്ങാട്ട് പത്മദളാക്ഷന് എന്ന കുതിരവട്ടം പപ്പുവിന് കോഴിക്കോട്ടെ കുതിരവട്ടവുമായി യാതൊരു ബന്ധവുമില്ല. ഭാര്‍ഗവിനിലയം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സാക്ഷാല്‍ ബഷീര്‍ ആണ് കുതിരവട്ടം പപ്പുവിന് ആ പേര് നല്‍കിയത്. കൂടാതെ ഇവിടത്തെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പേരിലും കുതിരവട്ടം പ്രശസ്തമാണ്.
11. അടൂർ – പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് അടൂർ. ഒരാൾ കൊണ്ടു മാത്രമല്ല അടൂർ പ്രശസ്തമായത്. ചലച്ചിത്ര താരങ്ങളായ അടൂർ ഭാസി, അടൂർ ഭവാനി, അടൂർ പങ്കജം എന്നിവരും പിന്നെ സംവിധായകനായ അടൂർ ഗോപാലകൃഷ്ണനും ആണ് അടൂരിനെ ആളുകൾക്കിടയിൽ പ്രശസ്തിയിൽ എത്തിച്ചത്.
12. തകഴി : ആലപ്പുഴ ജില്ലയില്‍, ചമ്പക്കുളം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തകഴി. പ്രശസ്ത മലയാള സഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദേശം കൂടിയായ തകഴി അദ്ദേഹത്തിലൂടെയാണ് പ്രസിദ്ധമായത്. കാർഷിക ഗ്രാമമായ തകഴി, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്നു.
13. വെഞ്ഞാറമൂട് – തിരുവനന്തപുരത്ത് നിന്ന് 27 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമായ വെഞ്ഞാറമൂട് മലയാളികള്‍ക്ക് സുപരിചിതമായത് സൂരജ് വെഞ്ഞാറമൂടിലൂടെയാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലുക്കിലാണ് വെഞ്ഞാറമൂട് സ്ഥിതി ചെയ്യുന്നത്.
14. നെടുമുടി – ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് നെടുമുടി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ആലപ്പുഴ നഗരത്തിൽനിന്നും 13 കിലോമീറ്റർ കിഴക്കുമാറിയാണ് നെടുമുടി സ്ഥിതിചെയ്യുന്നത്. കുട്ടനാട്ടിലെ മനോഹരമായ ഒരു സ്ഥലമായ നെടുമുടി അറിയപ്പെടുന്നത് പ്രശസ്ത നടൻ നെടുമുടി വേണുവിന്റെ പേരിലാണ്.
ഇതുപോലെ വ്യക്തികളുടെ പേരിൽ പ്രശസ്തമായ നാടുകൾ ഇനിയുമുണ്ട്. ചാലക്കുടി – കലാഭവൻ മണി, പാലാ – കെ.എം. മാണി, കൊട്ടാരക്കര – കൊട്ടാരക്കര ശ്രീധരൻ നായർ, പൊൻകുന്നം – പൊൻകുന്നം വർക്കി തുടങ്ങിയവയെല്ലാം അത്തരത്തിൽ ഉള്ളതാണ്.