മൂന്നാറിലേക്ക് ഒറ്റയ്ക്കൊരു യാത്ര; കൂട്ടിനു കിട്ടിയത് വിദേശികളെയും…

മഴയത്ത് KSRTC ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു മൂന്നാറിലെ തേയിലതോട്ടത്തിലെ മഞ്ഞിനെ വകഞ്ഞു മാറ്റി യാത്ര ചെയ്തിട്ടുണ്ടോ ???? ഇല്ലെകിൽ വാ ഒന്ന് പോയേച്ചും വരാം.. 😉  വിവരണം – അനൂപ് അനിൽ.

രാവിലെ എഴുനേറ്റപ്പോ തന്നെ നല്ല ഉഗ്രൻ മഴ തകർത്തു പെയ്യുന്നുണ്ട്.. ജനാലയിലുടെ പുറത്തേക്കു തല ഇട്ടു നോക്കിയപ്പോൾ.. നീ ഇന്ന് ഇനി എങ്ങും ഊര് തെണ്ടാൻ പോവണ്ട എന്നാ രീതിയിൽ മഴ ഒന്നുകൂടെ തകർത്തു പെയ്യാൻ തുടങ്ങി.. ശോ… യാത്ര ചെയ്യാൻ ഉള്ള എന്റെ സമയം ആണെല്ലോ ഈ മഴ കാരണം നഷ്ട്ടം ആവുന്നത് എന്ന് ഓർത്തു കുഞ്ഞന്നാമ്മ (അമ്മച്ചി ) ഉണ്ടാക്കി തന്ന ചൂട് ചായ ഞാൻ ആ മഴ ജനാലയിലുടെ നോക്കി ഇരുന്നു ഊതി ഊതി കുടിച്ചു…. ആ തണുപ്പിൽ ആ ചൂട് ചായ എന്റെ തൊണ്ടയിലുടെ വയറ്റിലേക്ക് പോകുന്നതിനു അനുസരിച്ചു എന്റെ തലയിൽ ചൂടൻ ഐഡിയകളും വന്നിരുന്നു…

മൂന്നാർ… സുരേഷ്ഏട്ടൻ…!! ആളു ഒരു ജീപ്പ് ഡ്രൈവ് ആണ് 2 വർഷത്തിന് മുന്നെ ഒരു മൂന്നാർ യാത്രയിൽ കിട്ടിയ സൗഹൃദം ആണ്.. പക്ഷെ ഇപ്പൊ ബന്ധപെടാൻ നമ്പറോ വിലാസമോ ഒന്നുമില്ല.. അല്ലേലും എനിക്കു യാത്രയിൽ കിട്ടിയ സുഹൃത്തുക്കൾ എല്ലാം ഇങ്ങനെ തന്നെ ആണ്.. തപ്പി കണ്ടു പിടിക്കേണ്ടി വരും ഒന്ന് കാണണമെങ്കിൽ അന്ന് പിരിയാൻ നേരം ഇനി കാണുമോ എന്നാ ചോദ്യവും ആയി എന്നെ നോക്കി നിന്ന ആ മനുഷ്യന്റെ മുഖം മാത്രമേ ഉള്ളു ഇപ്പൊ മനസ്സിൽ . അപ്പൊ മൂന്നാർ.. പക്ഷെ.. ഈ മഴ…?? അപ്പോളാണ് വേറെ ഒരു ഐഡിയ മനസ്സിൽ തെളിഞ്ഞതു ksrtc.. ആഹാ.. ഈ മഴയത്തു KSRTC ടെ സൈഡ് സീറ്റിൽ ഇരുന്നു ചുരം കേറുന്നത് ഞാൻ മനസിൽ ഓർത്തു മുറിയുടെ ഒരു സൈഡലോട്ട് നോക്കിയപ്പോൾ.. വാ എങ്ങോട്ടേലും പോയേക്കാം എന്നാ മട്ടിൽ എന്റെ ട്രാവൽ ബാഗും ക്യാമറയും എന്നെ നോക്കി ഇരുപ്പാണ്..

പിന്നെ ഒന്നും ചിന്തിചില്ല.. ഭാഗ്യത്തിന് മഴയും ഒന്ന് തോർന്നു നിൽക്കുന്നു.. ബാഗും പാക്ക് ചെയ്തു ഇറങ്ങാൻ തുടങ്ങി.. ഇന്ന് എങ്ങോട്ടാണ് സഞ്ചാരി എന്നാ ചോദ്യവുമായി കുഞ്ഞന്നാമ്മ.. മൂന്നാർ വരെ പോയേച്ചും നാളെ ഇങ്ങു എത്തിയെക്കാം എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.. എന്തിനു മൂന്നാർ?? അതും ഈ മഴയത്തു..?? വട്ടുണ്ടോ ഈ ചെറുക്കന്.. !! പല ചോദ്യങ്ങൾ കുഞ്ഞന്നാമ്മയുടെ മുഖത്ത് ഞാൻ കണ്ടു … പക്ഷെ അതിനൊക്കെ ഉള്ളു ഉത്തരം എന്റെ കൈയ്യിൽ ഉണ്ടാരുന്നു.. അടുത്ത മഴക്ക് മുന്നേ ഞാൻ വീട്ടിനു ഇറങ്ങി..

ബസ് സ്റ്റോപ്പിൽ വന്നു നിന്നു.. സമയം ഇപ്പൊ തന്നെ 11 മണി ആയിട്ടുണ്ട്.. വീട്ടിൽ നിന്നും ഒരു 170km ഉണ്ട് മൂന്നാർ.. ബസ് ഒക്കെ കേറി എപ്പോ എത്തും?? എങ്ങോട്ടാ പോവുന്നെ… ?? ഒന്നിനെയും കുറിച്ച് ഒരു ധാരണയും ഇല്ല…. പക്ഷെ ഒരു കാര്യത്തിൽ നല്ല വിശ്വാസം ആരുന്നു… ഒറ്റക്കു ഉള്ള യാത്രയിൽ എനിക്ക് ഒരു പ്ലാനും ഇല്ല.. അപ്പൊ മുന്നിൽ എന്ത് കാണുന്നു അതിന്റെ പുറകെ ആണ് യാത്ര… മറക്കാനാവാത്ത നല്ല ഒരുപാട് അനുഭവങ്ങൾ അരിക്കും ആ യാത്ര കഴിയുമ്പോൾ കിട്ടുന്നത്. വീട്ടിൽ നിന്നും മൂന്നാർ പോകുന്ന റൂട്ട് എരുമേലി – മുവാറ്റുപുഴ – കോതമംഗലം -അടിമാലി – മൂന്നാർ ഇങ്ങനെ ആണ്.. പറഞ്ഞു തിർന്നില്ല എരുമേലിക്ക് ഉള്ള ബസ് വന്നു…

ബസ് വന്നതും കണ്ടക്ടർ : ആഹാ കേറ്.. കേറ് പോവാം പോവാ… ഞാൻ ചാടി കയറി.. ശിവമല്ലികാവിൽ കോവളം പൂത്തു കുങ്കുമം പൂത്തു കാവാലം കിളി പാട്ടു പാടും പഞ്ചാമം കേട്ടു… നല്ല പറ്റിയ പാട്ട്.. ഞാൻ മനസ്സിൽ ഓർത്തു… വലിയ ബാഗ് ഒക്കെ ആയി കേറിയ എന്നെ പല ചോദ്യങ്ങളോടെ നോക്കുന്ന മുഖങ്ങൾ.. എല്ലാരേം ഞാനും ഒന്ന് ഓടിച്ചു നോക്കി ആടി ആടി ബാക്കിൽ ഒരു സീറ്റിൽ പോയി ഇരുപ്പ് ഉറപ്പിച്ചു… എരുമേലി വരെ എത്തണം.. എന്നിട്ട് വേണം അവിടെ നിന്നും ഇങ്ങനെ പോകണം എന്ന് തീരുമാനിക്കാൻ.. കൊച്ചിയിലുള്ള സുഹൃത്തിനെ വിളിച്ചു മൂന്നാർ പോവണനെന്നു പറഞ്ഞു.. അവിടുന്നും ചോദ്യങ്ങൾ ആരുന്നു.. നീ അവിടെ ഒക്കെ പോയി കറങ്ങിയതല്ലേ കുറെ..? ഇനി ഇപ്പൊ ഈ മഴയത്തു അങ്ങോട്ട്‌ പോവണോ !

സുരേഷേട്ടനെ ഒന്ന് തപ്പി എടുക്കണം… ഒരുമിച്ചു ഒന്ന് തേയിലതോട്ടം കേറണം… പക്ഷെ മൂന്നാർ തന്നെ പോവാൻ തീരുമാനിച്ചത്തിനു പിന്നിൽ എനിക്ക് വേറെ ചില കാരണങ്ങൾ കൂടെ ഉണ്ടാരുന്നു… ഉയ്യോ എരുമേലി എത്തി… ഇനി ട്രാൻസ്‌പോർട് സ്റ്റാൻഡ് വരെ നടക്കണം… മഴ ഏതായാലും ഇല്ല.. റോഡിൽ ഇക്കെ എന്താ ചള്ള.. മഴ പെയ്താൽ ഇന്ത്യയിൽ മാത്രം കാണാവുന്ന ചില കാഴ്ചകൾ ഒക്കെ കണ്ട് ഞാൻ നടന്നു ട്രാൻസ്‌പോർട് സ്റ്റാൻഡിൽ എത്തി.. ഇനി ഇവിടുന്നു മുവാറ്റുപുഴ.. സമയം 12.. മുവാറ്റുപുഴക്ക് ഉള്ള ഒരു KSRTC യിൽ കേറി ഇരുപ്പായി…

മഴയത്ത് KSRTC യുടെ സൈഡ് സീറ്റിൽ ഇരുന്നു ഒന്ന് യാത്ര ചെയ്യണം.. ഓ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സുഖം ആണ്.. ഒറ്റക്കു യാത്ര ചെയുന്ന സഞ്ചാരികളുടെ ഇഷ്ട്ട യാത്രകൾ ആയിരിക്കും KSRTC സൈഡ് സീറ്റ്‌ യാത്ര വിത്ത്‌ മഴ..  അധികം ആളുകൾ ഇല്ല 12:10 ആയെപ്പോ ചേട്ടൻ വണ്ടി എടുത്തു.. മുവാറ്റുപുഴയിലേക്ക്… ഇനി എത്ര ദൂരം കിടക്കുന്നു. അങ്ങനെ KSRTC യാത്ര തുടങ്ങി… സൈഡിൽ പല പല കാഴ്ചകൾ ഒറ്റ സെക്കന്റ്‌ കൊണ്ട് മിന്നി മറഞ്ഞു പോകുന്നു… കവലകളിൽ കൂടി നിക്കുന്ന ഓട്ടോ ചേട്ടൻമാർ.. സിനിമ പോസ്റ്ററുകൾ… മഴ പെയ്തു നിറഞ്ഞു ഒഴുകുന്ന ചെറു കൈതൊടുകൾ… പള്ളികൾ.. നല്ല വീടുകൾ.. പച്ചക്കറി കടകളിൽ നിന്നും സാധനം വാങ്ങുന്ന ചേച്ചിമാർ.. പാറ പൊട്ടിച്ചു സൈഡിൽ കൂട്ടി ഇട്ടിരിക്കുന്ന കല്ലുകൾ… അങ്ങനെ അങ്ങനെ പല കാഴ്ചകൾ… ഇതെല്ലാം കേവലം നമ്മുടെ കേരളത്തിലെ ഏതു ഒരു ബസിൽ പോയാലും കാണാൻ പറ്റുന്ന വെറും കാഴ്ചകൾ മാത്രമാണ്.. പക്ഷെ ഒരു യാത്രികന്റെ മനസ്മായി നമ്മൾ ആ കാഴ്ചകൾ കണ്ട് യാത്ര ചെയുമ്പോൾ ആ കാഴ്ചകൾക്ക് ഒക്കെ ഒരു പ്രത്യേക ഭംഗി ആണ്..

ഞാൻ എന്റെ ബാഗ് എന്റെ സൈഡിൽ വെച്ച് വിശാലമായി ആ സീറ്റിൽ കാഴ്ചകൾ കണ്ടിരുന്നു.. വേഗം തന്നെ ബസ് കാഞ്ഞിരപ്പള്ളി സ്റ്റാൻഡിൽ എത്തി.. ആളുകൾ കയറാൻ തുടങ്ങി… ഒരു ചേട്ടൻ ( Josef K Jijo ഈ യാത്രയിൽ കിട്ടിയ സുഹൃത്ത്‌ ) എന്റെ അടുത്ത് വന്നു. ബാഗ് ഞാൻ സൈഡിൽ വെച്ചിട്ടുണ്ട് അത് കാരണം ചേട്ടൻ ചോദിച്ചു ആരെങ്കിലും ഉണ്ടൊ എന്ന്.. ആരുമില്ല എന്ന് പറഞ്ഞു ഞാൻ അദ്ദേഹത്തെ എന്റെ അടുത്ത് ഇരുത്തി.. ഒരു കാഞ്ഞിരപ്പള്ളി അച്ചായൻ… തൃശൂർ പോകുന്ന ബസിൽ ആണ് ഞാൻ കേറിയത്‌.. എനിക്ക് മുവാറ്റുപുഴ ഇറങ്ങിയാൽ മതി.. അച്ചായൻ തൃശൂർക്ക് ആണ് പോവുന്നത്.. എന്നോട് എങ്ങോട്ട് ആണ് പോവുന്നത് എന്ന് തിരക്കി.. മൂന്നാർ എന്ന് ഞാൻ പറഞ്ഞു.. ഒറ്റക് ആണോ.. എന്ന ഞാൻ പ്രതീക്ഷിച്ച ചോദ്യം ഉടനെ ഉണ്ടാരുന്നു.. അതെ എന്ന് ഞാനും.. അപ്പോളേ അച്ചായന് എന്റെ ആ ഒരു ലൈൻ പിടി കിട്ടി.. സോളോ ട്രാവൽ.. !! സഞ്ചാരിയിൽ ഉണ്ടോ എന്ന് ഉള്ള ചോദ്യം എന്നെ സന്തോഷിപ്പിച്ചു.. ഉണ്ടെന്നു ഞാനും മറുപടി പറഞ്ഞു..

അങ്ങനെ ഞങ്ങൾ മുവാറ്റുപുഴ വരെ സംസാരം തുടർന്ന് അച്ചായനും ഒരു യാത്ര പ്രേമി ആണ്.. ജിജോ അച്ചായന്റെ യാത്ര കഥകളും അനുഭവങ്ങളും ഒക്കെ കേട്ട് ഞാൻ അങ്ങനെ ഇരുന്നു… സമയം പോയത് ഇങ്ങനെ എന്ന് അറിഞ്ഞില്ല… ബസ് മുവാറ്റുപുഴ എത്തി നടക്കുമോ എന്ന് ഉറപ്പില്ലാത്ത ചെറിയ യാത്ര പ്ലാനും ചയ്തു ഞാൻ ആ ബസിൽ നിന്നും അച്ചായനോട് യാത്ര പറഞ്ഞു വേഗം ഇറങ്ങുമ്പോൾ അപ്രതീക്ഷിതമായി യാത്ര എനിക്ക് തന്ന സൗഹൃദത്തെ ഓർത്തു ഞാൻ സന്തോഷിച്ചു…. ബസ് ഇറങ്ങി ഞാൻ ജിജോച്ചായന് ഒരു ടാറ്റായും കൊടുത്തു.. അങ്ങനെ ആ ബസ് തൃശൂർക്ക് പോയി… ഇനി ആര്??

മുവാറ്റുപുഴ നിന്നും മൂന്നാർ ബസ് കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് അറിഞ്ഞ ഞാൻ അവിടെ നിന്നും വേഗം തന്നെ ഒരു ബസ് കേറി കോതമംഗലം ഇറങ്ങി.. അവിടെയതാ വിടാൻ തയാറായി കിടക്കുന്ന മൂന്നാർ KSRTC❤ . ഇനി ആണ് ശെരിക്കും ഉള്ള യാത്ര ഞാൻ മനസ്സിൽ ഓർത്തു. സമയം മൂന്നു മണി ആയി.. ഞാൻ ബസിൽ കേറി മുന്നാറിനു ടിക്കറ്റ് എടുത്തു ഇരുപ്പ് ഉറപ്പിച്ചു.. ഒരു 6:45 ആവുമ്പോൾ മുന്നാറിൽ എത്തും എന്ന് ആണ് കണ്ടക്ടർ ചേട്ടൻ പറഞ്ഞത്. അടുത്ത് ഒരു തമിഴ് ചേട്ടൻ ആണ്.. ഞാൻ ഒരു മണിക്കൂറോളം നല്ലതായി ഒന്ന് ഉറങ്ങി. ബസിന്റെ അതിവേഗത്തിൽ ഉള്ള ഒരു ബ്രേക്ക്‌ ചവിട്ടിൽ ഉറക്കത്തിൽ ആരോ തട്ടി വിളിച്ച പോലെ ഞാൻ ഞെട്ടി ഉണർന്നു.. അടുത്ത് ഉണ്ടാരുന്ന ആ ചേട്ടൻ ഒക്കെ ഇറങ്ങി പോയി ബസ് ഇപ്പോൾ പകുതി മുക്കാലും കാലിയാണ്… ഇപ്പൊ ഒരു കാട്ടിൽ കൂടെ ആണ് ബസ് പോക്കൊണ്ടിരുന്നത് യെസ്.. ഇതാണ് ഞാൻ ആഗ്രഹിച്ച യാത്ര..

ബസിൽ അങ്ങും ഇങ്ങും കുറച്ചു ആളുകൾ… മഴ പെയ്തു കുതിർന്നു കിടക്കുന്ന കാട് രണ്ടു സൈഡ്ലും.. KSRTC ബസ്.. സൈഡ് സീറ്റ്‌ ചേർന്ന് തല ചെറുതായി പുറത്തേക്കു ഇട്ടു മുഖത്തേക്ക് അടിക്കുന്ന തണുത്ത കാറ്റു കൊണ്ട്… മഞ്ഞു മൂടി കിടക്കുന്ന പേരറിയാത്ത മലനിരകളെ നോക്കി… വളവിൽ ഏലക്കാടുകളുടെ ഇടയിലെ ചെറിയ പാറകെട്ടുകൾക്ക് ഇടയിലൂടെ അരുവികൾ ഒഴുകി വരുന്ന കാഴ്ച.. അതിന്റെ ശബ്‌ദം… ഇതെല്ലാം കണ്ട് ആസ്വദിച്ചു ഞാൻ ആ സൈഡ് സീറ്റിൽ ഇരുന്നു മൂന്നാർ മല മുകളിലേക്ക് യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു…

അങ്ങനെ ബസ് അടിമാലി സ്റ്റാൻഡിൽ എത്തി.. കണ്ടക്ടർ : “10 മിനിറ്റ് ഉണ്ട് കേട്ടോ ചായ കുടിക്കേണ്ടവർക്കു ചായ കുടിച്ചിട്ട് വരാം…” കണ്ടക്ടർ ചേട്ടൻന്റെ കൂടെ ഞാനും ഇറങ്ങി ചായ കുടിക്കാൻ.. അങ്ങനെ ഒരു സ്ട്രോങ്ങ്‌ ചായ കുടിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.. സമയം ഒരു 5 :45 ആയിട്ട് ഉണ്ട്. മഴ ഇല്ല.. നല്ല മഞ്ഞ് ഉണ്ട്.. തണുത്ത വെള്ളതുള്ളികൾ മുഖത്തേക്ക് അടിക്കുന്ന കാറ്റിനൊപ്പം മുഖത്തേക്ക് അടിക്കുമ്പോൾ വല്ലാത്ത ഒരു കുളിരു തോന്നുന്നു.. ഓരോ വളവു തിരിഞ്ഞു ബസ് മുകളിലോട്ടു കയറുമ്പോളും തണുപ്പ് കൂടി വരുന്ന പോലെ ഫീൽ ചെയ്തു..

ഇരുട്ട് വീണിരിക്കുന്നു.. മഞ്ഞു കയറിയിരിക്കുന്നു… തേയിലതൊട്ടതിനു നടുവിലുടെ കോടമഞ്ഞിനെ വകഞ്ഞു മാറ്റി നമ്മടെ kstrc ബസ് ഇങ്ങനെ മുന്നോട്ടു കുതിക്കുബോൾ ഈ കാഴ്ചകൾ ഒക്കെ കണ്ട് ഞാൻ ഒരു 6 :45ഓടെ മൂന്നാർ ടൗണിൽ എത്തി ചേർന്നു… കണ്ടക്ടർ: ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്‌ ഇറങ്ങിക്കോളു… ഞാൻ ബാഗും പൊക്കി എടുത്തു ഇറങ്ങി… നല്ല മഴ… പല സ്ഥലങ്ങളിലൊട്ടു പോവാൻ മഴ നനഞ്ഞു കിടക്കുന്ന KSRTC ബസുകൾ… ചെറിയ കടകൾ.. ചാറ്റൽ മഴയിൽ നിന്നും രക്ഷനേടി കടത്തിണ്ണയിൽ കേറി നിൽക്കുന്ന സ്വദേശികൾ..

ഞാൻ എങ്ങോട്ട് പോവും? സുരേഷ്ഏട്ടനെ എവിടെ പോയി തപ്പും.. !! ആ ചാറ്റൽ മഴയിൽ ഇനി എങ്ങോട്ട് പോകും എന്ന് ഊഹം ഇല്ലാത്ത ഞാൻ വെറുതെ നടന്നു.. ഇന്ന് ഇവിടെ റൂം എടുത്തിട്ട് നാളെ ഇറങ്ങിയലോ എന്ന് ചിന്തിച്ചു… അങ്ങനെ ഞാൻ ചിന്തിച്ചു ഒരു പള്ളിയുടെ മുന്നിൽ ഇങ്ങനെ നിന്നെപ്പോൾ ആണ് … ഒരാൾ ഇതെല്ലാം കണ്ട് എന്നെ ഒരു ഇത്തിരി ദൂരെ നിന്നും നോക്കി നിൽക്കുന്നു… ആള് ഒരു വിദേശി ആണ്.. നല്ല ഉയരം മെലിഞ്ഞ ശരീരം… റൈൻകൊട്ട് ധരിച്ചിട്ടുണ്ട്… കൈയിൽ എന്തോ ഒന്ന് ചുരുട്ടി പിടിച്ചിട്ടുണ്ട്.. ഞാൻ ഒന്ന് നോക്കി.. എന്നെ തന്നെ വീണ്ടും നോക്കുന്നുണ്ട്.. അയാൾ എന്റെ അടുത്തേക്ക് വന്നു…

അയാൾ ചോദിച്ചു : “hey are you lost uh? You are here now..” കൈയിൽ ചുരിട്ടി പിടിച്ചിരുന്നതു ഒരു മാപ്പ് ആയിരുന്നു അത് എനിക്ക് നേരെ നീട്ടി..”Oh thanks my friend ! I wanna get a room over here so i was thinking about that..” ഞാനും മറുപടി പറഞ്ഞു..എന്നെ സഹായിക്കാൻ താല്പര്യപെട്ട അയാളോട് ഞാൻ നന്ദി പറഞ്ഞു ഞങ്ങൾ സംസാരം തുടർന്നു… ജോൺ എന്നാണ് പേര് എന്നും താൻ ഫ്രാൻസിൽ നിന്നും ആണ് വന്നിരിക്കുന്നതു എന്നും പറഞ്ഞു അദ്ദേഹം സ്വയം പരിചയപെടുത്തി… ഞാൻ എന്നെയും പരിചയപെടുത്തി.. ഒരു പുതിയ സൗഹൃദത്തിനുള്ള തുടക്കം ആയിരുന്നു ആ പരിചയപെടുത്തൽ…

ജോണും  ഒറ്റക്കുള്ള യാത്രകൾ ആണ്… തമിഴ്നാട് ഒക്കെ കറങ്ങി മൂന്നാർ വന്നിരിക്കുവാണ് .ഇപ്പോൾ സമയം 7pm മഴ തോർന്നു നിൽക്കുന്നു…ജോൺ ടോപ് സ്റ്റേഷനിൽ നിന്നും കണ്ട് മുട്ടിയ രണ്ടു അമേരിക്കൻസ്നെ കാത്തു പള്ളിയുടെ മുന്നിൽ അടയാളവും പറഞ്ഞു നിൽക്കുമ്പോൾ ആണ് എന്നെ കാണുന്നത്… പറഞ്ഞു തിർന്നതും അവർ രണ്ടു പേരും എത്തി.. വിളിക്കാൻ നമ്പർ ഒന്നും ഇല്ലാത്തതു കൊണ്ട് ഇങ്ങനെ സമയവും സ്ഥലവും പറഞ്ഞു ആണ് ആളുകളെ കണ്ടു മുട്ടുന്നതു എന്നും ജോൺ എന്നോട് പറഞ്ഞു.. അങ്ങനെ അമേരിക്കൻസ് എത്തി ജോൺ അവർക്ക് എന്നെയും പരിജയപെടുത്തി… പ്ലാനുകൾ ഒന്നും ഇല്ലാത്ത എന്റെ യാത്ര അവരെയും ഹരം കൊള്ളിച്ചു വിരോധം ഇല്ലെങ്കിൽ അവരുടെ കൂടെ ആവാം ഡിന്നർ എന്ന് പറഞ്ഞു ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് നീങ്ങി.. മുന്നിൽ അപ്പൊ കാണുന്നത് എന്ത് അതിന്റെ പുറകെ എന്നാ ഒരു യാത്ര രീതി ആയതു കൊണ്ട് എനിക്ക് അവരെ കണ്ടു മുട്ടിയതിൽ വളരെ സന്തോഷം തോന്നി…

അങ്ങനെ ഡിന്നർ കഴിഞ്ഞു ഞങ്ങൾ വലിയ ഒരു സംഭാഷണത്തിലേക്ക് തിരിഞ്ഞു… ഇന്ത്യ, അമേരിക്ക, ഫ്രാൻസ്.. മൂന്നു രാജ്യങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നു… ഇന്ത്യയെ പറ്റി ഉള്ള അവരുടെ ചില ചോദ്യങ്ങൾ.. ഭാഷകൾ.. വേഷങ്ങൾ.. ആഹാരങ്ങൾ.. ഇന്ത്യൻ യാത്രകളിൽ അവർക്ക് ഉണ്ടായ പല അനുഭവങ്ങൾ.. പലതും സംസാരിച്ചു ഞങ്ങൾ അങ്ങനെ നടന്നു… മറ്റുള്ളവരുടെ യാത്ര അനുഭവങ്ങൾ കേൾക്കാൻ തന്നെ ഒരു രസമാണ്… അങ്ങനെ നാളെ കാണാം എന്നാ വിശ്വാസത്തോടെ അമേരിക്കൻസ് യാത്ര പറഞ്ഞു… ജോണും ഞാനും.. ഇനി എന്താ പ്ലാൻ… നാളെ ഒരു trekking ഒരുമിച്ചു ചെയ്യാം.. രാവിലെ 8:30നു ആഹാരം കഴിച്ച ഹോട്ടലിനു മുന്നിൽ കാണാം എന്ന് പറഞ്ഞു ഞാനും അയാളും പിരിഞ്ഞു… സമയം ഇപ്പൊ 11 ആയിട്ടുണ്ട്.. ഞാൻ മുന്നിലേക്ക്‌ നടന്നു.. ഒരു റൂം എടുത്തു.. ഒന്നു കുളിച്ചു.. ഉറങ്ങാൻ കിടന്നു.. അപ്പോൾ അതാ instagram ൽ ഒരു മെസ്സേജ്.. “I am so happy we met, let’s definitely try to meet for dinner tomorrow!! I hope you sleep well:). ” അമേരിക്കൻസ് അയച്ചതാണ്.. ഒരു ബാഗും എടുത്തു വെറുതെ ഒരു പ്ലാനും ഇല്ലാതെ മുന്നാറിലെക്കു വച്ചു പിടിച്ച എനിക്ക് എന്ത് നല്ല അനുഭവങ്ങൾ ആണ്… എത്ര നല്ല സൗഹൃദങ്ങൾ ആണ്… ഞാൻ പതുക്കെ ഇതൊക്കെ ഓർത്തു ഉറക്കത്തിലേക്കു കടന്നു…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply