ഒരു വീട്ടിൽ ഇരട്ടകൾ ഉണ്ടാകാം; എന്നാൽ ഒരു ഗ്രാമം നിറയെ ഇരട്ടകളായാലോ?

ഇരട്ടക്കുട്ടികളെ കാണാത്തവർ ആരും തന്നെയുണ്ടാകുവാനിടയില്ല. മിക്കവാറും നമ്മുടെ കൂടെ സ്‌കൂളിലോ കോളേജിലോ ഇരട്ടക്കുട്ടികൾ പഠിച്ചിട്ടുണ്ടാകും. ചില ഇരട്ടകളെ തമ്മിൽ തിരിച്ചറിയുവാൻ വളരെ പാടായിരിക്കും. അപ്പോൾ ഒരു ഗ്രാമം തന്നെ ഇരട്ടകൾ ആയാലോ? എങ്ങനെയിരിക്കും? പഴയ കെട്ടുകഥയാണെന്ന് വിചാരിക്കേണ്ട. സംഭവം സത്യമാണ്. അപ്പോൾ ആ സ്ഥലം ഏതാണെന്നു അറിയണ്ടേ? മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്തുള്ള കൊടിഞ്ഞി എന്ന ഗ്രാമമാണ് ഇരട്ടക്കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നത്.

ഈ ഗ്രാമം വാർത്തകളിൽ നിറഞ്ഞത് ഇവിടുത്തെ ഇരട്ടക്കുട്ടികളുടെ ജനനങ്ങൾ കൊണ്ടായിരുന്നു. ആദ്യ കണക്കെടുപ്പിൽ, ഏകദേശം 100 ജോടികളെ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ കണക്കെടുപ്പിൽ 204 ജോടി ഇരട്ടകളെ കണ്ടെത്തുകയുണ്ടായി. ഇതിനെ പറ്റി ധാരാളം പഠനങ്ങൾ നടത്തിയെങ്കിലും ഇതിന്റെ ശരിയായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഇവിടെ നിന്ന് വിവാഹം കഴിഞ്ഞ് പോയ പെൺകുട്ടികളും ഇരട്ടക്കുട്ടികൾ ജനനം നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ തന്നെ ഇരട്ടകളുടെ ജനന നിരക്കില്‍ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളില്‍ ഒന്നാണിത്.

കൊടിഞ്ഞിയുടെ വഴികളിലൂടെ ഇരട്ടകള്‍ നടക്കുവാന്‍ തുടങ്ങിയത് മൂന്ന് തലമുറകള്‍ മുന്‍പാണ്. പിന്നെയും കാലം കുറെ കഴിഞ്ഞപ്പോള്‍ ഇരട്ടകളെ തട്ടിയിട്ടു നടക്കാന്‍ വയ്യെന്നായി. ഇവിടെ ഏറ്റവും പ്രായം കൂടിയ ഇരട്ടകൾ 1949 ൽ ജനിച്ചവരാണ്. ഇന്ത്യയില്‍ 1000 പ്രസവങ്ങള്‍ നടക്കുമ്പോള്‍ 4 ഇരട്ടകള്‍ എന്ന കണക്കാണെങ്കില്‍ കൊടിഞ്ഞിയില്‍ 1000 പ്രസവങ്ങള്‍ നടക്കുന്നതില്‍ 45 ഉം ഇരട്ടകളാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇവിടുത്തെ ഇരട്ടകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. 0-10 വയസ്സിനിടയിലുള്ള ഇരട്ടകൾ 80ഓളം എണ്ണം ഉണ്ട്. ഇരട്ട കുട്ടികൾ ജനിക്കുന്ന ഈ അഭൂത പ്രതിഭാസം കൊടിഞ്ഞി കൂടാതെ, നൈജീരിയ രാജ്യത്തെ ഇക്ബോ-ഒറ എന്ന സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടുത്തെ സ്ത്രീകളുടെ ആഹാരരീതികൊണ്ടാണെന്ന് പറയപ്പെടുന്നു.

കൊടിഞ്ഞിയിലെ ഏതു വഴികളിലൂടെ നടന്നാലും രണ്ട് ഇരട്ടകളെ കാണാം. ചെറുതും വലുതുമായി 220 ഇരട്ടകളാണ് ഈ ഗ്രാമത്തിലുള്ളത്. അതു കൊണ്ട് തന്നെ കൊടിഞ്ഞിയുടെ ഖ്യാതി കടലും കടന്ന് അങ്ങ് പാശ്ചാത്യ നാടുകളിലും വാര്‍ത്തയായി. ഇരട്ടകളെക്കൊണ്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് അധ്യാപകരാണ്. ഓരോ ക്ലാസ്സിലും ഒന്നിൽക്കൂടുതൽ ഇരട്ടകൾ ഉണ്ടായിരിക്കും. മിക്ക ഇരട്ടകളെയും തിരിച്ചറിയാന്‍ പ്രയാസമാണ്. ഇതിനൊരു പരിഹാരമെന്നോണം ഇരട്ടകളെ വെവ്വേറെ ഡിവിഷനുകളിൽ ആക്കാമെന്നു വിചാരിച്ചാലോ അത് കുട്ടികൾക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. ഇക്കാരണത്താൽ അധ്യാപകർ പലപ്പോഴും കുഴങ്ങിപ്പോകാറുണ്ട്.

2008 ൽ എകദേശം ഇരട്ടകളും അവരുടെ മാതാപിതാക്കളും ചേർന്ന് ഇവിടെ ഒരു ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷന് രൂപം കൊടുത്തു. ഇങ്ങനെ ഒന്ന് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു. ഇതിന്റെ സ്ഥാപകർ പറയുന്നതനുസരിച്ച്, ഇതിന്റെ ഉദ്ദേശ്യം, ഇങ്ങനെയുള്ള ഇരട്ടക്കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് സഹായം നൽകുക എന്നുള്ളതാണ്.

നാലു ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യയാകട്ടെ ഇരുപതിനായിരവും. ഇരട്ടകളുടെ കാര്യത്തിലുള്ള പ്രസിദ്ധി പുറംലോകമറിഞ്ഞതോടെ അവരെ ഇന്റര്‍വ്യൂ ചെയ്യാനും, വീഡിയോ പിടിക്കാനും ധാരാളമാളുകള്‍ എത്തുന്നത് ഗ്രാമത്തിനു തന്നെയും ജനങ്ങള്‍ക്കും പൊല്ലാപ്പായി മാറിയിട്ടുണ്ട്. പലപ്പോഴും അനുമതിയൊന്നും വാങ്ങാതെ സ്‌കുളുകളിലും മറ്റും പോയി ഇരട്ട കുട്ടികളെ ഇന്റര്‍വ്യു ചെയ്യുന്ന സംഭവങ്ങളുമുണ്ടായി. ഏതായാലും ഈ ഗ്രാമം ഉള്‍പ്പെടുന്ന നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സമിതി യോഗം ചേര്‍ന്ന് ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ള പരാതികള്‍ പരിഗണിച്ച് ഗൗരവതരമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇത്തരത്തിലുള്ള ചൂഷണം തടയാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ജനപ്രതിനിധികളും, ഗ്രാമത്തിലെ പ്രമുഖ വ്യക്തികളും, ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളുടെ പ്രതിനിധികളും ഈ കമ്മിറ്റിയില്‍ ഉണ്ടാകും.

ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്കു വേണ്ടി ഇരട്ടകളെപ്പറ്റി ഒരു ഫിലിം ഷൂട്ട് ചെയ്യാന്‍ ചിലർ നടത്തിയ ശ്രമം ഏറെ ഒച്ചപ്പാടുകള്‍ക്കു കാരണമായിരുന്നു. ഗ്രാമവാസികള്‍ രംഗത്തു വന്നു ഷൂട്ടിംഗ് നിറുത്തി വയ്പിക്കുകയായിരുന്നു. വ്യക്തികളുടെ സ്വാകര്യതയിലേക്കു കടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും, മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളുടെ ഫിലിം ചിത്രീകരിക്കുന്നത് അനുവദിക്കാനാവില്ലെന്നും നാട്ടുകാർ പറയുന്നു. സ്പപഷല്‍ കമ്മിറ്റി നിലവില്‍ വരുന്നതോടെ അവരുടെ അനുമതിയോടെ മാത്രമേ ഇരട്ടകളെ ഫീച്ചറാക്കുന്ന ഇന്റര്‍വ്യൂവുകള്‍ക്കും, ചിത്രീകരണത്തിനും അനുമതി നല്‍കുകയുള്ളു. വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പഠന സംഘങ്ങളില്‍ നിന്ന് പണം വാങ്ങി ഇരട്ടകളുമായുള്ള അഭിമുഖം തരപ്പെടുത്തി കൊടുക്കാന്‍ ഏജന്റുമാരും, ഇടനിലക്കാരും വരെ ഇവിടെ സജീവമായിട്ടുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply