ബസ് നിര്‍ത്താത്തതിനെച്ചൊല്ലി കെ.എസ്.ആര്.ടി.സി ഡ്രൈവറും യാത്രക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.
സംഭവത്തില്‍ യാത്രക്കാരന് തൂക്കുപാലം പാനാവിള പുത്തന്‍വീട് ടി.വി ഗിരീഷ്കുമാറിനും(35) ഡ്രൈവര്‍ സുബ്രഹ്മണ്യനും(35) പരുക്കേറ്റു. സംഘര്‍ഷത്തില്‍ കെ.എസ്.ആര്.ടി.സി അന്വേഷണ വിഭാഗം കൗണ്ടറിന്റെ ചില്ലു തകര്‍ന്നു. ഇന്നലെ രാവിലെ ഒന്‍പതോടെ നഗരസഭ ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
നെടുങ്കണ്ടം-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് കട്ടപ്പനയിലേക്ക് വരുന്നതിനിടെ പാറക്കടവിലെ സ്റ്റോപ്പില്‍ നിര്‍ത്താന്‍ ഗിരീഷ് കുമാര്‍ ആവശ്യപ്പെടുകയും കണ്ടക്ടര്‍ ബെല്ലടിക്കുകയും ചെയ്തു. എന്നാല്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ ബസ് സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്നു.
സ്റ്റാന്‍ഡിലെത്തിയ ശേഷം ഗിരീഷ്കുമാര്‍ ഇതു ചോദ്യം ചെയ്തതു വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമാകുകയായിരുന്നു.
യാത്രക്കാരും ഇതര ബസ് ജീവനക്കാരും നോക്കിനില്‍ക്കേയായിരുന്നു വാക്കുതര്‍ക്കം. ഇതിനിടെ സുബ്രഹ്മണ്യന് ഗിരീഷ്കുമാറിനെ പിടിച്ചുതള്ളുകയും ഇയാളുടെ തലയിടിച്ച് അന്വേഷണ കൗണ്ടറിന്റെ ചില്ലു തകരുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗിരീഷിന്റെ കഴുത്തിനു സാരമായി പരുക്കേറ്റു. പിന്നീട് യാത്രക്കാര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ഇരുവരും കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗിരീഷ്കുമാറിന്റെ കഴുത്തിലെ മുറിവിനു ഏഴു തുന്നലുണ്ട്. കട്ടപ്പന മാതാ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്കുമാര്‍. വര്‍ക്ക് ഷോപ്പ് തൊഴിലാളിയെ മര്‍ദിച്ചെന്നാരോപിച്ച് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്സ് അസോസിയേഷന് നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സമരക്കാര്‍ ബസ് സ്റ്റാന്‍ഡിലേക്കു കടന്നതു സംഘര്‍ഷ സാധ്യതയ്ക്ക് കാരണമായെങ്കിലും പോലീസ് സ്റ്റാന്‍ഡിന്റെ കവാടത്തില്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് ലിജോ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
എം.കെ മോഹനന്, കെ. സുലുമോന്‍, കെ.ടി രവീന്ദ്രന്, കെ.ജെ ജയന്, കെ.എന്‍ പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി. ഡ്രൈവറെ മര്‍ദിച്ചെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാരും പ്രതിഷേധിച്ചു. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്തു.
News : Mangalam