കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രൈവറ്റ് ബസ് – പരശുറാം….

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രൈവറ്റ് ബസ് ഏതാണെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമായിരിക്കും നിങ്ങളെത്തേടി വരുന്നത് – ‘പരശുറാം’. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന പരശുറാം ഒരർത്ഥത്തിൽ സാധാരണക്കാരുടെ ലക്ഷ്വറി ബസ് ആയിരുന്നു.

എസി, ടിവി, സ്റ്റോപ്പ് അന്നൗൺസ്മെന്റ് എന്നിങ്ങനെ ഒരു മെട്രോ ട്രെയിൻ പോലെയായിരുന്നു പരശുറാം. പരശുറാമിൽ കയറി ഒരു യാത്ര.. അത് ഏതൊരു ബസ് പ്രേമിയുടെയും ആഗ്രഹമായിരുന്നു. ആ ആഗ്രഹം നിറവേറ്റാനാകാതെ എത്രയോപേർ ഇന്നും തങ്ങളുടെ സ്വന്തം പരശുവിനെ കാത്തിരിപ്പുണ്ടാകും. പരശുറാം ബസ് സർവ്വീസിന്റെ വിശേഷങ്ങൾ വായിക്കാം…

യാതകള്‍ പലപ്പോഴും വിരസമാകുന്നത് അതില്‍ വ്യത്യസ്ഥതയില്ലാത്തതു കൊണ്ടാണ്.പൊതുവേ ബസ് യാത്രകള്‍ പോലും നല്ലൊരു യാത്രാമൂഡ്‌ ഒരുക്കുന്ന എനിക്കു ജീവിതത്തില്‍ ഒരു ബസ് യാത്ര വേറിട്ടൊരനുഭാവമായെന്നു പറയാമല്ലോ. സംഭവം കുറെനാള്‍ മുന്‍പാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും കക്കാട്ടെക്കുള്ള ബസ് കാത്തു നില്‍ക്കുമ്പോഴാണ് പറവൂരിലേക്കുള്ള പരശുരാം സൂപ്പര്‍ഫാസ്റ്റ് വരുന്നത്.

ബസ്സില്‍ കയറിയതും ഓട്ടോമാറ്റിക്കായി പിന്നില്‍ ഡോറടഞ്ഞു. ഉള്ളില്‍ ഏസിയുടെ സുഖശീതളിമ.കൂളിംഗ് ഗ്ലാസ്സിനു പുറമേ വെയില്‍ ശല്യം ചെയ്യാതിരിക്കാനായി എല്ലാ ഗ്ലാസ്സിനരികിലും കര്‍ട്ടനും തൂക്കിയിട്ടുണ്ട്‌. എല്ലാ ബസ്സിലും ടിവി നിരോധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ മാത്രം LED യില്‍ സിനിമ തകര്‍ക്കുന്നു. ഒരു പക്ഷേ ഡ്രൈവര്‍ക്കായി പ്രത്യേക ക്യാബിന്‍ ഉള്ളതുകൊണ്ടാവാം.

എയര്‍ടൈറ്റായാതിനാല്‍ മറ്റു വാഹനങ്ങളുടെ പീ..പീ..കൂ..കൂ.. ശബ്ദങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നില്ല എന്നതും ഇതിലെ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് മറ്റൊരു ആശ്വാസമാകുന്നു. കൂരിയാട് പാലത്തിനടുത്തെത്തിയതും മെട്രോ ട്രെയിനിലേതു പോലെ അനൌണ്‍സ്മെന്‍റ് വന്നു.”നെക്സ്റ്റ് സ്റ്റേഷന്‍ ഈസ്‌ കക്കാട്,അടുത്ത സ്റ്റേഷന്‍ കക്കാട്”GPS ന്‍റെ സാധ്യതകളുപയോഗിച്ചു കേരളത്തിലാദ്യമായി നടപ്പിലാക്കിയ ഈ സംവിധാനം വഴി പ്രധാന സ്റ്റോപ്പുകളെത്തുംമുമ്പ് മലയാളത്തിലും ഇംഗ്ലീഷിലുമായി അനൌണ്‍സ്മെന്‍റ് ചെയ്യുന്നത് വളരെ ഉപകാരപ്രദമായിരിക്കുമെന്നതില്‍ സംശയമില്ലല്ലോ. പറവൂര്‍-കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍-കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി വഴിപോകുന്ന ഈ ബസ് 11/10/2011 ല്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ ഈ റോഡിലെ പുലിക്ക് മറ്റു ബസ്സുകള്‍ക്കില്ലാത്ത ഒരുപാടു പ്രത്യേകതകളുണ്ടായിരുന്നു.

ഇത്രയൊക്കെ സംവിധാനമുണ്ടെങ്കില്‍ ബസ് ചാര്‍ജ്ജ് ഇരട്ടിയായിരിക്കുമല്ലോ എന്നു അനുമാനിക്കാന്‍ വരട്ടെ, സൂപ്പര്‍ഫാസ്റ്റിന്റെ ചാര്‍ജ്ജല്ലാതെ അധികമൊന്നും ഈടാക്കുന്നില്ല എന്നറിയുമ്പോള്‍ ഈ ബസ് കേരളത്തിലൂടെ തന്നെയാണോ സര്‍വീസ് നടത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയേണ്ടതില്ല.മറ്റു ബസ്സുകളുടെ …… (നിങ്ങൾ തന്നെ പൂരിപ്പിച്ചു വായിക്കുക)….. മാത്രം കണ്ടു ശീലിച്ച നമ്മള്‍ക്ക് പരശുറാമിന്‍റെ ജനോപകാരപ്രദമായ ഈ സംരംഭത്തെ അഭിനന്ദിക്കാതെ വയ്യ.

ഇന്ന് എല്ലാവരുടെയും ഇഷ്ട സർവീസായ പരശുറാം സര്‍വ്വീസ് നടത്തുന്നില്ല. പകരം ഈ പെർമിറ്റിൽ സുൽത്താൻ ബത്തേരി ഡിപ്പോയുടെ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് ഈ റോട്ടിൽ ഓടുന്നത്. ടേക്ക് ഓവർ പ്രക്രിയയുടെ ഒരു ഇരയായി യാത്രക്കാരുടെ ഓർമകളിൽ ഒരു കനലായി പരശുറാം പതിയെ പിൻവലിഞ്ഞു. ഇന്ന് ആ നീലക്കുപ്പായക്കാരൻ പരശുറാം എവിടെയോ വിശ്രമിച്ചുകൊണ്ട് കിടക്കുന്നു. എന്തായാലും കേരളത്തിലെ ബസ് പ്രേമികളുടെ ഇഷ്ട ബസ് സര്‍വ്വീസ് ഏതാണെന്നു ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേ ഉണ്ടാകൂ. അത് പരശുറാം ആയിരിക്കും…

കടപ്പാട് – shinesham Karumbil.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply