ലഹരിയുടെ ദ്വീപിലേക്ക് വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരു യാത്ര..!!

വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരു യാത്രയായിരുന്നു ഇത്. എന്നാൽ, പലവിധ കാരണങ്ങളാൽ, പൂർത്തീകരിക്കപ്പെടാതെ, ഇവളെ പുണരാനുള്ള ആഗ്രഹം വിസ്മൃതിയുടെ ആഴങ്ങളിൽ എപ്പോഴോ ഉറങ്ങിത്തുടങ്ങിയിരുന്നു. പക്ഷെ,ഒരു ലക്ഷ്യമുണ്ടെങ്കിൽ,എത്ര സമയമെടുത്താലും നമ്മൾ എത്തുക തന്നെ ചെയ്യും!
അപ്രതീക്ഷിതമായി കിട്ടിയ ഒരു അവധിയാണ് ഈ യാത്രയെ വീണ്ടും പുനർജീവിപ്പിച്ചത്. ചരിത്രത്തോട്, താൽപര്യമുള്ളതുകൊണ്ട്, ഇറ്റലിയിൽ വരുന്നതിനു മുൻപേ തന്നെ ഈ ദ്വീപിനെക്കുറിച്ച് ചെറിയ ധാരണയൊക്കെ ഉണ്ടായിരുന്നു. #സഖാവ് #ലെനിൻ ഇവിടെ താമസിച്ചതായി, എവിടേയോ? വായിച്ച ഒരു ഒാർമ്മ മാത്രം ബാക്കി വെച്ചാണ് യാത്ര തുടങ്ങിയത്. നീലക്കടലിന്റേയും,മലകളുടേയും, മനുഷ്യ നിർമ്മിതികളുടേയും സൗന്ദര്യം തേടി അങ്ങനെ ഞാനും…..!!!!! ബാക്കി വന്നീട്ട് പറയാം!!??

രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി നേരെ അമാൽഫി ലക്ഷ്യമാക്കി ബൈക്ക് കുതിച്ചു. അവിടെ നിന്നാണ് എനിക്ക് പോകേണ്ട ബോട്ട്, ഏകദേശം 1മണിക്കൂർ 15 മിനിട്ട് സഞ്ചരിച്ച്, 8:15 ന് അമാൽഫിയിലെത്തി. പോർട്ട് നഗരത്തോട് ചേർന്ന് തന്നെയായതുകൊണ്ട്,കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ല. 8:25 നാണ് എന്റെ ബോട്ട് പുറപ്പെടുന്നത്. വണ്ടി പാർക്ക് ചെയ്ത്, വേഗം ടിക്കെറ്റ് കൗണ്ടറിലേക്ക് ഒാടി,23 യൂറോയാണ് സിംഗിൾ യാത്രയുടെ നിരക്ക്, GESCAB ALICOST എന്ന കമ്പനിയാണ് ഈ സർവ്വീസ് നടത്തുന്നത്.

#തുടക്കത്തിൽ, വളരെകുറച്ച് ആളുകൾ മാത്രമേ മുകളിലെ ഡെക്കിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും,പോസിത്താനോ (Positano) എത്തിയപ്പോൾ അവസ്ഥയാകെ മാറി, സാമാന്യം നല്ല തിരക്കായി. മെഡിറ്റേറിയൻ കടലിന്റെ പ്രഭാത സൗന്ദര്യം ആസ്വദിച്ച്, 1മണിക്കൂർ 40 മിനിട്ട് സഞ്ചരിച്ച് 10:20ന് കാപ്രിയിലെ മരീന ഗ്രാന്തേ പോർട്ടിലെത്തി.

#നാപ്പോളി ഉൾക്കടലിൽ നിന്നും 5 കിലോമീറ്റർ മാറി, തിറേനിയൻ കടലിൽ, സോറെന്തോ (Sorrento) മുനമ്പിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന, ഒരു കൊച്ചു ദ്വീപാണ് കാപ്രി. റോമാക്കാരുടെ കാലത്തു തന്നെ ഇതൊരു അറിയപ്പെടുന്ന റിസോർട്ടായിരുന്നു. ആദ്യ റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസാണ് ഈ ദ്വീപിനെ വികസിപ്പിച്ചത്. ക്ഷേത്രങ്ങളും,വീടുകളും,പൂന്തോട്ടങ്ങളും, മറ്റും നിർമ്മിച്ച് ഒരു സ്വകാര്യ പറുദീസയായി കാപ്രിയെ അഗസ്റ്റസ് മാറ്റി.

തുടർന്ന് തിബേരിയസ് ചക്രവർത്തിയും ഇവിടെ വളരെയധികം പുരോഗമനങ്ങൾ നടപ്പിലാക്കി, ഇന്നും നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്ന, വില്ല ജോവിസ് (Villa Jovis) ഉൾപ്പെടെ ധാരാളം ആഡംബര ഭവനങ്ങൾ നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. A.D 72ൽ കാപ്രിയിലേക്ക് താമസം മാറ്റിയ തിബേരിയസ് A.D 37 ൽ മരണം വരെ,ജീവിച്ചതും, ഭരണകാര്യങ്ങൾ നിർവഹിച്ചതും ഇവിടെ നിന്നായിരുന്നു. നെപ്പോളിയന്റെ പടയോട്ട കാലത്ത് 1806 ൽ ഫ്രഞ്ചുകാരും, പിന്നീട് ബ്രിട്ടീഷുകാരും, അവരെ കീഴടക്കി, വീണ്ടും 1808 മുതൽ 1815 വരെ ഫ്രഞ്ചുകാർ തന്നെ ഇവിടെ ഭരണം നടത്തി.

പ്രശസ്തരായ വളരെയധികം വ്യക്തികൾക്ക് ഇവിടെ ഭവനങ്ങളുണ്ട്. 1908 ൽ പ്രശസ്ത റഷ്യൻ സാഹിത്യകാരനായ മാക്സിം ഗോർക്കിയുടെ ക്ഷണപ്രകാരം കമ്മ്യൂണിസ്റ്റ് ആചാര്യൻ V.I.ലെനിൻ ഇവിടെ സന്ദർശനം നടത്തിയിരുന്നു. അതിന്റെ ഒാർമ്മയ്ക്കായി, 1970 തിൽ ശില്പി ജ്യക്കോമോ മൻസുവിനാൽ ഒരു സ്മാരകം ഇവിടെ സ്ഥാപിച്ചീട്ടുണ്ട്.. യാത്രാ സൗകര്യങ്ങൾക്കായി രണ്ട് പ്രധാന പോർട്ടുകളാണ് ഇവിടെയുള്ളത്. 1. മരീന ഗ്രാന്തേ (Marina Grande), 2. മരീന പിക്കോള( Marina Piccola).

#കാണേണ്ടത് – (One Day Trip) 1.ഗ്രോത്ത അത്സുറ (Grotta Azzurra) : മരീന ഗ്രാന്തേയിൽ നിന്നും 18 യൂറോ ടിക്കെറ്റിൽ 2 മണിക്കൂർ കറങ്ങുന്ന ബോട്ടിൽ കയറുക. തുടർന്ന് ഗ്രോത്ത അത്സുറയിൽ വന്ന്, “വിസ്മയ നീല നിറ പ്രതിഭാസം” കാണുക. പ്രവേശനത്തിന് 14 യൂറോയുടെ വെറെ ടിക്കെറ്റ് എടുക്കണം. (NB:കാലാവസ്ഥ മോശമാണെങ്കിൽ ഇവിടെ പ്രവേശനം അനുവദിക്കാറില്ല). പിന്നെ,ഈ യാത്രയിൽ പരിചയപ്പെട്ട ഒരു ജർമൻ കുടുംബത്തെ സോപ്പിടാൻ വേണ്ടി ഞാൻ അവരുടെ ദേശീയഗാനം ഒന്നു പാടി, രണ്ടാമത്തെ വരി പാടിയപ്പോൾ, കൂടെ ഉണ്ടായിരുന്ന സുന്ദരിയായ ആ ജർമൻ പെൺകുട്ടിയുടെ അമ്മ എന്നോട് പറഞ്ഞു, ഇനി പാടരുത്;!!?

ആശ്ചര്യത്തോടെ! കാരണം ചോദിച്ചപ്പോൾ അവർ പറഞ്ഞു, ആ വരി ശരിയല്ല “über alles in der Welt”
ജർമനി മാത്രം ലോകത്തിലെ നെറുകയിൽ ഒന്നാമതായി വരണം അത് ശരിയല്ല, എല്ലാ രാജ്യങ്ങൾക്കും അതിന്റേതായ സംസ്കാരവും,വഴിതെറ്റലുകളുമുണ്ട്,അതുകൊണ്ട് ഞങ്ങളുടെ രാജ്യം എല്ലാത്തിനും മുകളിൽ വരണമെന്ന ചിന്ത ആധുനീക യുഗത്തിന് ചേർന്നതല്ല, അതുകൊണ്ടുതന്നെ ആ വരി ശരിയല്ലയെന്ന് അവർ താത്ത്വീകമായി വാദിച്ചു. എന്തായാലും എനിക്കും സന്തോഷമായി, പൊതുവേ സ്വജനപക്ഷവാദം കൂടുതലുള്ള അവരുടെ ചിന്താഗതികളും മാറികൊണ്ടിരിക്കുന്നു!!!!

2. മോന്തേ സോളാറോ (Monte Solaro, ANACAPRI) – രണ്ട് മണിക്കൂർ ബോട്ട് യാത്രയ്ക്ക് ശേഷം മരീന ഗ്രാന്തേയിൽ വന്ന്,
2 യൂറോ ടിക്കെറ്റെടുത്ത്, അനാകാപ്രിയിലേക്കുള്ള ബസ്സ് പിടിക്കുക. ആദ്യത്തെ സ്റ്റോപ്പിൽ ഇറങ്ങുക. (20 മിനിട്ട്).
തുടർന്ന്, പിയാത്സാ വിത്തോറിയയിൽ ചെന്ന് ചെയർ ലിഫ്റ്റ് (Seggiovia) വഴി 589 മീറ്റർ ഉയരത്തിലുള്ള മോന്തേ സോളാറോ കാണുക, (ആവശ്യത്തിന് ഫോട്ടോസ് എടുക്കുക, പ്രത്യേകിച്ച് കാപ്രിയുടെ അടയാളമായ ഫാരാല്യിയോണി (Faraglioni). സാഹസീക യാത്ര ഇഷ്ടപ്പെടുന്നവർ തിരിച്ച് നടക്കുകയാണെങ്കിൽ(40 മിനിട്ട്) അതിമനോഹരങ്ങളായ കാഴ്ചകൾ കണ്ട് തിരിച്ച് അനാകാപ്രിയിൽ വരാം. നടക്കാൻ മടിയുള്ളവർ പോയതു പോലെ തന്നെ തിരിച്ചു വരിക. (NB:ടിക്കെറ്റ് എടുക്കും മുൻപ് ഏങ്ങനെ മടങ്ങണമെന്ന് തീരുമാനിക്കുക അല്ലെങ്കിൽ 3.50€ നഷ്ടം വന്നേക്കാം). Ticket: 11€ (Up and Down), 7.50 € One Way.

3.വില്ല സാൻ മിഖേയേലെ Villa San Michele – അനാകാപ്രിയിൽ തന്നെ ഉച്ചഭക്ഷണം കഴിച്ച്, കുറച്ച് വിശ്രമിച്ചതിനു ശേഷം, 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഴുത്തുകാരനും,പുരാവസ്തു സൂക്ഷിപ്പുകാരനുമായ സ്വീഡൻകാരന്റെ “വില്ല സാൻ മിഖേയേലെ” മ്യൂസിയം സന്ദർശിക്കുക. (സമയക്കുറവ് മൂലം ഞാൻ പോയില്ല).

4.പ്യത്സേത്തയിലെ കാപ്പിക്കടകൾ. അനാകാപ്രിയിൽ നിന്നും, 2 യൂറോയുടെ ടിക്കെറ്റ് എടുത്ത് ബസ്സ് മാർഗം കാപ്രിയിൽ വരിക, ഒരു കാപ്പി കുടിക്കുക.(നിങ്ങൾ ഭാഗ്യമുള്ളവരാണെങ്കിൽ,ഇവിടെ വെച്ച് ഏതെങ്കിലും സിനിമാ താരങ്ങളെ കണ്ടേക്കാം). തുടർന്ന് ആഡംബരത്തിന്റെ തെരുവായ വിയ കമേരേല്ലേയിലൂടെ നടക്കുക, വിയ സെരേനയിലെത്തി വലത്തോട്ട് തിരിഞ്ഞ് വിയ മത്തേയോത്തിയിൽ പ്രവേശിച്ച് അഗസ്റ്റസ് ഗാർഡൻ (Giardini di Augusto) സന്ദർശിക്കുക. (1യൂറോ). ഇതിനടുത്താണ് സഖാവ് ലെനിൻ താമസിച്ചത്. ഫാരാല്യിയോണിയുടെ ഫോട്ടോസ് എടുത്ത് Zigzag വഴിയായ ക്രുപ്പ് വഴി 25 മിനിട്ട് നടന്ന് മരീന പിക്കോളയിൽ എത്തിച്ചേരുക.(കാലാവസ്ഥ മോശമാണെങ്കിൽ ഈ യാത്രയും തടസപ്പെട്ടേക്കാം).

കാഴ്ചകൾ കണ്ട് അവിടെ നിന്നും, ബസ്സ് മാർഗം കാപ്രിയിലേക്ക് മടങ്ങുക. വീണ്ടും ഫുനിക്കുളാർ വഴി മരീന ഗ്രാന്തേയിൽ വന്ന്,ലക്ഷ്യ സ്ഥാനത്തേക്ക് മടങ്ങുക.. സമയക്കുറവ് മൂലം തിബേരിയോ,മാത്തേർമാനിയ,പുൻന്തകരേന, മരീന പിക്കോള എന്നീ സ്ഥലങ്ങളെ സന്ദർശിക്കാതെ കാപ്രിയിൽ നിന്നും ഫുനിക്കുളാർ വഴി മരീന ഗ്രാന്തേയിൽ വന്നാണ് ഞാൻ മടക്കയാത്ര ആരംഭിച്ചത്.

#Expense #Details: Amalfi – Capri: 23,00 €, Marina Grande – Grotta Azzurra Round trip: 18,00 € , Entrance fee to Grotta: 14,00 €, M.G – Anacapri: 2,00 €, Anacapri – Monte Solaro: 11€, Cool Drink: 3,00€ (@ Top of M.S), Lunch: 16.50 € , Anacapri – Capri: 2,00 € , Giardini di Augusto:​ 1,00 € , Drinks: 3,00 €, Capri – MG: 2,00 € (Funicolare) , MG – Amalfi: 20.50 € , Others (Tip): 6.50 €, Total #Expense : 122.50 €
(Around 10000 Rs). ബോട്ട്/ബസ്സ് സമയങ്ങൾ അറിയുന്നതിന് CapriSchedule എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അവസാനം വരെ വായിച്ച എല്ലാവർക്കും നന്ദി…..

വിവരണം  & ചിത്രങ്ങള്‍ – Sajeev Puthussery.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply