ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ ബൈക്കിൽ ഒറ്റക്ക് പോയ 25 ദിവസത്തെ കാഴ്ചകളും അനുഭവങ്ങളും ..
വിവരണം – ഉവൈസ്.
സമയം ഏകദേശം രാത്രി 7 മണി.. ഹൈദരാബാദിന് 20km ഇപ്പുറത്ത് ഷംസാബാദ് എന്ന സ്ഥലത്താണിപ്പോൾ.. ബൈക്ക് റോഡ്സൈഡിൽ നിർത്തി..എന്ത് ചെയ്യും.. ഒരു അഭിപ്രായം ചോദിക്കാൻ പോലും ഒരുത്തനും കൂടെ ഇല്ല ..കുറച്ചു മുൻപ് ഹൈവേയിൽ വെച്ച് കണ്ട മലയാളികളാണ് ഹൈദരാബാദിൽ റൂം റെന്റ് കൂടുമെന്നും ഷംസാബാദിൽ റൂം എടുക്കാനും പറഞ്ഞത് .. ആദ്യം പോയ ഹോട്ടലിൽ റൂം റേറ്റ് കൂടുതൽ ആയത്കൊണ്ട് വേറൊരു ഹോട്ടലിൽ പോയി ..ഹോട്ടലിനോട് ചേർന്നുള്ള പലചരക്ക് കടയുടെ ഓണറുടെ ബുർഖ ഇട്ട മകൾ ഇടക്കിടക്ക് നോക്കുന്നുണ്ട് .. KL വണ്ടി കണ്ടിട്ടാവണം..യാത്രയുടെ രണ്ടാം ദിവസം ഹൈദെരാബാദിനടുത്ത് എത്തി നിൽക്കുന്നു .. ബാംഗ്ലൂർ വരെ പോയി നോക്കട്ടെ ഉമ്മാ..ബോറടിച്ചാ തിരിച്ചു വരാമെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഞാനാണ് ..
അലാറം വെച്ച് എണീറ്റ് രാവിലെ 6:30 നു തന്നെ റൈഡ് തുടങ്ങി ..മൊബൈൽ ഹോൾഡർ ഇല്ലാത്തോണ്ട് ഗൂഗിൾ മാപ്പിൽ റൂട്ട് അടിച്ച് ഫോൺ പോക്കറ്റിലിട്ട് ഇടക്കിടക്ക് നോക്കിയിട്ടാണ് പോവുന്നത് .. കുറെ ജംഗ്ഷനുകളും ഫ്ലൈ ഓവറും ഒക്കെ ഉണ്ട് .. കറങ്ങി കറങ്ങി അവസാനം നാഗ്പുരിലേക്കുള്ള ഹൈവേയിൽ എത്തി ..നല്ല അടിപൊളി റോഡ്..വാഹനത്തിരക്ക് തീരെയില്ല.. ഒരു km -ഒന്നര km ഒക്കെ സ്ട്രൈറ്റ് റോഡ് .. ദൂരെ മലകൾ ..റോഡിനു സൈഡിൽ കരിമ്പ്,നെൽ പാടങ്ങൾ ..എങ്ങും മനസ്സ് നിറക്കുന്ന കാഴ്ചകൾ.
കൂടെ ആരും ഇല്ലാത്തോണ്ട് സംസാരം ഒന്നുമില്ല .. എ ആർ റഹ്മാൻ സോങ്സ് +സ്ട്രൈറ്റ് റോഡ് +ബൈക്ക് റൈഡ് = മാരക കോമ്പിനേഷൻ ആണ്..അത് അനുഭവിച്ച് തന്നെ അറിയണം ..മുന്നിൽ കുറെ ദൂരേക്ക് നേരേയുള്ള റോഡ് ..ജീവിതത്തിൽ അന്നേ വരെ നടന്ന കാര്യങ്ങൾ ഒരു പടം കാണും പോലെ ഓർമയിൽ വന്നു .അതൊരു വല്ലാത്ത അനുഭവം ആയിരുന്നു .. കുട്ടിക്കാലം ..കുടുംബം .. സ്കൂൾ .. കൗമാരം..കോളേജ് ..സുഹൃത്തുക്കൾ.. പ്രണയം .. നഷ്ടം ..എല്ലാം …ചിലതൊക്കെ ചുണ്ടിൽ ചിരി പടർത്തും ..ചിലരുടെ ഓർമകൾ പതിയെ കണ്ണ് നനയിക്കും ..
ഇടക്ക് വിശ്രമിച്ചും ധാബയിൽ നിന്ന് ഭക്ഷണം കഴിച്ചും യാത്ര തുടർന്നു ..നാഗ്പുർ എത്തുന്നതിനു 100km ഇപ്പുറത്ത് റബ്ബറൈസ്ഡ് റോഡ് കഴിഞ്ഞു , പിന്നെ പോക്കറ്റ് റോഡിന്റെ നിലവാരം മാത്രമുള്ള റോഡ് ..ഇടക്ക് റോഡിലാകെ കുഴികൾ ..ഇടുങ്ങിയ റോഡിലൂടെ പൊടി പാറിച്ച് കുറെ ലോറികൾ ..നാഗ്പുർ എത്താനാകുമോയെന്ന് സംശയമായി ..കുറച്ചധികം ഓടിയപ്പോൾ വീണ്ടും നല്ല റോഡ് ആയി ..
രാത്രി 7 മണിയോടെ നാഗ്പുർ എത്തി.. റൂം മുൻകൂട്ടി ബുക്ക് ചെയ്യാത്തത് കൊണ്ട് (ആ സമയത്ത് ഓൺലൈൻ ബുക്കിങ്ങിനെ പറ്റി ധാരണ ഇല്ലായിരുന്നു ) റോഡ്സൈഡിൽ തന്നെയുള്ള ഏതെങ്കിലും ഹോട്ടലിൽ തങ്ങാമെന്ന പ്ലാനിൽ പതുക്കെ ബൈക്ക് ഓടിച്ചു .. ഒടുവിൽ റൂം കിട്ടി ..ഹോട്ടൽ ഓണർ ഭയങ്കര യാത്ര/വാഹന പ്രേമിയാണ് ..sukulal sadan. ആളുടെ ഏറ്റവും വല്യ ആഗ്രഹങ്ങളിലൊന്നാണ് ബൈക്കിൽ ലഡാക്ക് യാത്ര ..അച്ഛൻ സമ്മദിക്കാത്തത് കൊണ്ട് അതിപ്പോഴും നടന്നിട്ടില്ല ..റൂട്ട് പ്ലാനെഴുതിയ ലിസ്റ്റ് ഒക്കെ കാണിച്ചു തന്നു..ഹോട്ടൽ ഓണ റുടെ rx 100 il കേറി ഫുഡ് കഴിക്കാൻ പോയി.. രാത്രി നല്ല മഴ.
4 ആം ദിവസം..ഇന്ന് jhansi എത്തണം അതാണ് പ്ലാൻ .. 750km ഉണ്ട് അത്രേം ദൂരം ഒരു പകൽ കൊണ്ട് എത്തുമോയെന്ന് ഉറപ്പില്ല എന്നാലും ശ്രമിക്കാമെന്ന് വെച്ചു.. ഇടക്ക് കുറച്ച് റൈഡേഴ്സിനെ കണ്ടു.. നേപ്പാളിലേക്ക് പോകുന്നവർ ..കുറെ അധികം ഓടി, മണി ഒൻപതായി കാണും എവിടേം ഹോട്ടൽ ഒന്നും കാണാനില്ല.. കുറച്ച് കഴിഞ്ഞു ചെറിയൊരു അങ്ങാടിയെത്തി ചെറിയ കുറച്ച് കടകൾ മാത്രമുള്ള ചെറിയൊരു ചന്ത എന്നു പറയാം.. സമൂസ പോലൊരു സാദനമേ അവിടെ ആകെ ഉള്ള ഹോട്ടലിൽ ഉള്ളൂ.. അതെങ്കിലും വാങ്ങിച്ചു താടെ എന്നു വയർ വിളിച്ചു പറയുന്നുണ്ട്.. അതും കഴിച്ചു കടയിൽ നിന്ന് പരിചയപ്പെട്ട കുട്ടിയോട് കുറച്ച് സംസാരിച്ചു വീണ്ടും യാത്ര തുടങ്ങി ..
പിന്നീടങ്ങോട്ട് കാഴ്ചയുടെ പൊടിപൂരം ആയിരുന്നു സഞ്ചാരികളെ .. ഒട്ടും വാഹന തിരക്കില്ലാത്ത റോഡ്..ദൂരെ മലനിരകൾ ..ഇടക്കിടക്ക് പാടങ്ങൾ ..റോഡിനിരുവശത്തെ കൃഷികൾ മാറി മാറി വരുന്നു ..ആദ്യം കുറെ നെൽപ്പാടങ്ങൾ ആയിരുന്നു ..പിന്നെ കരിമ്പ് , ചോളം ഒക്കെ ..ഇത്രേം ആയപ്പോയേക്കും ഉച്ച ആയിരുന്നു ..ഒരു ധാബയിൽ നിന്ന് ഭക്ഷണം കഴിച്ച് കുറച്ചു നേരം അവിടെ വിശ്രമിച്ച് യാത്ര തുടർന്നു ..വൈകുന്നേരം 7 മണി ആയിക്കാണും , ഝാൻസി യിലേക്ക് ഇനിയും 200km ഉണ്ട് രാത്രി യാത്ര നല്ലതല്ലെന്ന തോന്നലിൽ സാഗർ ടൗണിൽ തങ്ങാമെന്ന് തീരുമാനിച്ചു ..വേറൊരു കാരണം കൂടി ഉണ്ട് ഉച്ചക്ക് ധാബയിൽ വെച്ചു കണ്ട ചേട്ടൻ ഝാൻസി റൂട്ടിൽ നക്സലൈറ്റ് ഉണ്ടാവുമെന്ന് പറഞ്ഞു പേടിപ്പിച്ചിരുന്നു ..
5ആം ദിവസം ആഗ്ര ലക്ഷ്യമാക്കി യാത്ര തുടങ്ങി ..വൈകുന്നേരം 4 മണിക്ക് മുന്നേ ആഗ്ര എത്താനായിരുന്നു പ്ലാൻ ..മോശം റോഡ് കാരണം വിചാരിച്ചതിലും വൈകി ആണ് ആഗ്ര എത്തിയത് ..അത്കൊണ്ട് വൈകുന്നേരം താജ് മഹൽ കാണാനുള്ള പ്ലാൻ നടന്നില്ല ..ആദ്യമായിട്ട് ബാക്ക്പാക്കേഴ്സ് ഹോസ്റ്റലിൽ റൂം എടുത്തു ..അടിപൊളി വൈബ് ആണ് ..ഫുൾ സഞ്ചാരികൾ..കൂടുതലും വിദേശികൾ..
പിറ്റേന്ന് രാവിലെ എണീറ്റ് താജ് മഹൽ കാണാൻ പോയി..മുൻപ് രണ്ട് തവണ കണ്ടിട്ടുണ്ടെങ്കിലും രാവിലെ കാണുന്നത് ആദ്യായിട്ടാണ് .. രാവിലെയുള്ള താജ് മഹലിന്റെ ഭംഗി മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ..ഫോണൊക്കെ എടുത്ത് വെച്ച് കുറെ നേരം താജ് മഹൽ തന്നെ നോക്കി ഇരുന്നു ..
റൂം വെക്കേറ്റ് ചെയ്ത് നേരെ ചണ്ഡീഗഡിലേക്ക് .. യമുന എക്സ് പ്രസ് വേ സൂപ്പറാണ് ..കുറെ ഓടി ഡെൽഹിയെത്തി.. മൊബൈൽ ഹോൾഡർ ഇല്ലാത്തോണ്ട് ഡെൽഹ ട്രാഫിക്കിൽ ഇടക്കിടക്ക് വണ്ടി നിർത്തി മാപ് നോക്കൽ നല്ല ബുദ്ധിമുട്ടായിരുന്നു .. ഇടക്ക് ഒരു ചേട്ടനെ പരിചയപെട്ടു .. ആളും ഒരേ റൂട്ടിൽ ആയോണ്ട് ഫോളോ ചെയ്തോളാൻ പറഞ്ഞു .. അങ്ങിനെ ആളുടെ സ്കൂട്ടറിന് പിറകെ ആയി എന്റെ പോക്ക് .. നിറയെ വണ്ടികളുള്ള റോഡിൽ ആളെ ഫോളോ ചെയ്യൽ ഇത്തിരി ബുദ്ധിമുട്ടായിരുന്നു .. ആളാണേൽ റോഡിൽ 8 ഇടും പോലെയുള്ള ഡ്രൈവിങ്ങും .. ആൾടെ വൈറ്റ് ഹെൽമെറ്റ് ആയിരുന്നു എന്റെ അടയാളം .. അത് ഇടക്ക് ഓട്ടോയുടേം ബൈക്കിന്റേം ഒക്കെ അപ്പുറത്തായിട്ട് കാണും .. അങ്ങിനെ ഫോളോ ചെയ്യും ..നല്ല കോമഡി ആയിരുന്നു.. ഒരു വിധം ഡൽഹി ട്രാഫിക് ഒക്കെ കഴിഞ്ഞു ചണ്ഡീഗഡ് എത്തിയപ്പോ രാത്രി ആയി ..
ചണ്ഡീഗഡിൽ വെച്ച് മലയാളി റൈഡറായ പ്രവീണ വസന്ത് (ദീദി ) യെ പരിചയപെട്ടു .. അവിടെ താമസ സൗകര്യവും മറ്റു സഹായങ്ങളുംസഹായങ്ങളും ചെയ്ത് തന്നത് ദീദിയാണ് ..ഫുൾ ഫേസ് ഹെൽമെറ്റ് വാങ്ങിയിട്ടല്ലാതെ നിന്നെ ചണ്ഡീഗഡിൽ നിന്ന് വിടൂലെന്ന് ദീദി പറഞ്ഞത് കേട്ട് ഹെൽമെറ്റ് വാങ്ങാൻ പോയപ്പോഴാണ് ഞാൻ അവനെ ആദ്യായിട്ട് കാണുന്നത്..Anu kuhal..കാശ്മീരിയാണ് ..ചണ്ഡീഗഡിൽ പഠിക്കുന്നു.. അപ്പോ കുറച്ചു തിരക്കിലായൊണ്ട് നമ്പർ കൊടുത്ത് പോന്നു.. രാത്രി അവന്റെ കൂടെ പുറത്ത് പോയി.. അടിപൊളി ബട്ടർ ചിക്കനും റൊട്ടിയും കഴിച്ച് കുറെ നേരം സംസാരിച്ചിരുന്നു ..കാശ്മീർ , പട്ടാളക്കാരുടെ ജീവിതം ഒക്കെ.. anu kuhal രാത്രി റൈഡ് ഇഷ്ടപെടുന് നആളാണ് .. രാത്രി റൈഡ് ചെയ്യും , അർധ രാത്രിയോടെ പ്ലാൻ ചെയ്ത സ്ഥലത്തെത്തി ടെന്റ് അടിച്ചു കിടക്കും, രാവിലെ സൂര്യോദയവും കണ്ട് തിരിച്ചു പോരും..
എന്ത് കൊണ്ട് രാത്രി യാത്രകൾ?!അതിനുത്തരമായി പറഞ്ഞത് രാത്രി റൈഡ് ചെയ്യുമ്പോ മുഖത്തടിക്കുന്ന തണുത്ത കാറ്റിനെ പറ്റിയാണ്..ഒപ്പം വേറൊരു കഥയും.. അവന്റെ ജൂനിയറായ പെൺകുട്ടി.. കുറച്ചു കാലം പിറകെ നടന്നു പിന്നെ അവൾക്കും ഇഷ്ടമായി.. കുറച്ച് കാലത്തിന് ശേഷം ആ കുട്ടി എന്തോ കാരണം പറഞ്ഞു ബ്രേക്ക് അപ്പ് ആയി ..അതിന്റെ വിഷമം മറികടക്കാൻ അവൻ യാത്രകൾ തുടങ്ങി ..“Either she took my soul or my happiness “ എന്നാണവൻ പറഞ്ഞത് ..അതിനുമപ്പുറം ഞാൻ വേറൊന്നും ചോദിച്ചില്ല. ബൈക്ക് സർവീസ് ചെയ്ത് കിട്ടാൻ ഒരു ദിവസം കൂടി ചണ്ഡീഗഡ് നിൽക്കേണ്ടി വന്നു ..
ദീദി പറഞ്ഞ പ്രകാരം ചണ്ഡീഗഡിൽ നിന്ന് നേരെ പോയത് ഹിമാചൽ പ്രദേശിലെ നാർകണ്ടയിലേക്കാണ് ..ഷിംല വഴി നാർകണ്ടയിലേക്കുള്ള റൂട്ട് സൂപ്പറാണ് ..ഇത് വരെയുള്ള യാത്രയിൽ ഇപ്പോഴാണ് തണുപ്പുള്ള സ്ഥലത്തേക്ക് പോവുന്നത് .. പൈൻ മരങ്ങൾ അരിക് പറ്റി നിൽക്കുന്ന റോഡിലൂടെ കുറെ മലകൾ ചുറ്റി വൈകുന്നേരത്തോടെ നാർക്കണ്ട എത്തി.. ദീദി വഴി പരിചയപ്പെട്ട അവിനാശ് ഭായിയുടെ ക്യാമ്പിൽ ടെന്റിലാണ് ഇന്നത്തെ ഉറക്കം ..
നാർക്കണ്ടയിൽ നിന്നും സ്പിറ്റി വാലി പോകുവാനായിരുന്നു പ്ലാൻ..പക്ഷെ കയ്യിൽ പഞ്ചർ കിറ്റ് പോലുമില്ലാതെ, ബൈക്ക് റിപ്പയറിങ്ങിന്റെ എബിസിഡി അറിയാതെ അങ്ങോട്ട് പോകേണ്ടെന്ന് തീരുമാനിച്ചു.. പകരം ജലോരി പാസ് വഴി മണാലിയിലേക്ക് തിരിച്ചു.. അങ്ങനെ 9 മത്തെ ദിവസം ഞാൻ മണാലിയിലെത്തി.. നേരെ വശിഷ്ട്ടിലേക്ക്.. ബാബുക്കയുടെ അടുത്തേക്ക് ..ഒരു പഴം പൊരിയും ചായേം മാത്രം കഴിച്ച് ഒരു പകൽ മുഴുവൻ ബൈക്കോടിച്ച് ക്ഷീണിച്ച് വശിഷ്ട്ടിലെത്തി അവിടുന്ന് ഒരു കുന്ന് കേറി ബാബുക്കയുടെ ഫാമിലെത്തി .. ബാബുക്കാന്റെ സ്പെഷ്യൽ സുലൈമാനിം കുടിച്ച് താഴെ മണാലി ലൈറ്റിൽ കുളിച്ച് നിൽക്കുന്ന കാഴ്ച കണ്ടപ്പോ ക്ഷീണം ഒക്കെ മാറി.. ഒരു സ്ഥലത്തേക്ക് പോകുമ്പോ അവിടം എങ്ങനെ ആയിരിക്കുമെന്ന് നമ്മുടെ മനസ്സിൽ ഒരു ഐഡിയ ഉണ്ടാവില്ലേ, പക്ഷെ ഞാൻ വിചാരിച്ചതിലും അപ്പുറമായിരുന്നു ബാബുക്കയുടെ സ്ഥലം.. അത് നേരിട്ട് തന്നെ കണ്ടറിയണം ..
പിറ്റേന്ന് മണാലി ഒന്ന് കറങ്ങി.. ഹഡിംബ ടെംപിൾ ഒക്കെ കണ്ടു .. 2 ദിവസത്തെ മണാലി വാസത്തിന് ശേഷം അമൃതസർ പോകാമെന്ന് കരുതി (അത്ര നേരത്തെ അവിടന്നു പോരേണ്ടിയിരുന്നില്ലെന്ന് ഇപ്പോ തോന്നുന്നു).. ബാബുക്കയോട് യാത്ര പറഞ്ഞിറങ്ങി.. പോകുന്ന വഴിക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം ഒക്കെ കഴിച്ച് കുറച്ച് വൈകി .. ഉച്ചയായി കാണും മണാലി വിടുമ്പോ .. അമൃതസറിലേക്കുള്ള യാത്ര പകുതി വഴിക്ക് വെച്ച് നിർത്തേണ്ടി വന്നു.. കുറെ ഓടി വൈകുന്നേരത്തോട ഒരു സ്ഥലത്തെത്തി (പേരറിയില്ല ) മുന്നിൽ 2 വഴികൾ .. ചണ്ഡീഗഡിലേക്കും അമൃതസറിലേക്കും.. നല്ല തലകറക്കം തോന്നിയത് കൊണ്ട് അമൃതസറിലേക്ക് പോകുന്നതിന് പകരം ചണ്ഡീഗഡിലേക്ക് പോകാൻ തീരുമാനിച്ചു.. രാത്രി ചണ്ഡീഗഡ് എത്തി ..
12ആം ദിവസം ചണ്ഡീഗഡിൽ l നിന്നും ഡൽഹിക്ക് തിരിച്ചു.. 10 ൽ കൂടെ പഠിച്ചവൻ ഇപ്പോ ഡെൽഹി ജാമിയ മില്ലിയ യൂണിവേസിറ്റിയിലാണ് പഠിക്കുന്നത് ,അവനെ കാണണം.. 7 മണിയോടെ ഡെൽഹി എത്തി .. ജാമിയ മില്ലിയയുടെ 4ആം നമ്പർ ഗേറ്റിനു മുന്നിൽ അവനേം കാത്തു നിൽക്കാണ്.. ഗേറ്റിനപ്പുറത്ത് എന്തോ സമരം നടക്കുന്നു .. കുറച്ച് കഴിഞ്ഞു അവൻ വന്നു .. ഹോസ്റ്റലിൽ ബാഗ് വെച്ച് നേരെ നിസാമുദ്ധീൻ ദർഗയിലേക്ക് .. റോക്സ്റ്റാർ മൂവിയിൽ കുൻ കുൻ പാട്ട് ഷൂട്ട് ചെയ്തത് ഇവിടെയാണ് .. പോയപ്പോ ഖവാലി നടക്കുന്നു .. വേറൊരു ഫീൽ ..
3 ദിവസം ഡെൽഹിയിൽ.. ഒരു വിധം എല്ലാ സ്ഥലങ്ങളും കണ്ടു.. പിന്നെ നേരെ ജയ്പ്പൂരിലേക്ക് .. ബാക്ക്പാക്കേഴ്സ് ഹോസ്റ്റലിൽ വെച്ച് പരിചയപ്പെട്ട 19 കാരൻ ചൈനക്കാരന്റെ കൂടെ ഒരു ദിവസം ജയ്പൂർ കറങ്ങി.. hawa mahal, jal mahal, city palace, Nahargarh fort എല്ലാം കണ്ടു. ജയ്പ്പൂരിൽ നിന്ന് നേരെ അജ്മീരിലേക്ക്.. ഉച്ചക്ക് അജ്മീർ ദർഗയിൽ പോയിട്ട് നേരെ പുഷ്കർ ഫെസ്റ്റിവൽ കാണാൻ പോയി..ഒട്ടകങ്ങളും സർക്കസ് ഐറ്റംസും രാത്രി ഗാനമേളയുമൊക്കെയായി സൂപ്പർ ഫെസ്റ്റിവൽ ..
രാത്രി തിരിച്ച് അജ്മീർ ദർഗയിലേക്ക് വന്നു..കുറെ നേരം ഖവാലി കേട്ടിരുന്നു.. 17 ആം ദിവസം ഉദയ്പൂരിലേക്ക്..രാജകുടുംബത്തിന്റെ എന്തോ പരിപാടി ഉള്ള കാരണം സിറ്റി പാലസ് കാണാൻ പറ്റിയില്ല..അതിനു അടുത്തുള്ള Bagore Ki Haveli മ്യുസിയം കണ്ടിട്ട് Lake pichola യിലെ ബോട്ടിങ്ങിനു പോയി .. സിറ്റി പാലസിന്റെ മനോഹരമായ വ്യൂ പിച്ചോള തടാകത്തിലെ ബോട്ടിങ്ങിനു ഇടയിൽ കാണാം. ഉദയ്പൂരിൽ നിന്നും നേരെ സൂററ്റിലേക്ക് , വൈകുന്നേരത്തോടെ സൂററ്റ് എത്തി രാത്രി അവിടെ തങ്ങി.. പിറ്റേന്ന് മുംബൈയിലേക്ക്.. മുംബൈയിൽ എത്തി രാത്രി മറൈൻ ഡ്രൈവ് കാണാൻ പോയി.. തണുത്ത കാറ്റ് കൊണ്ട് കുറെ നേരമിരുന്നു..
പിറ്റേന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യ, ഹാജി അലി ദർഗ എല്ലാം കണ്ടു. പിന്നെ നേരെ ഗോവയിലേക്ക്.. അറിയാതെ എക്സ്പ്രസ്സ് വേയിൽ കേറി.. ഫൈൻ കിട്ടാതെ രക്ഷപെട്ടു.. അത് കഴിഞ്ഞു അടുത്ത പണി കിട്ടി .. കുറെ ഓടിയപ്പോ ഗൂഗിൾ മാപ്പ് 2 റൂട്ട് കാണിക്കുന്നു.. ഇപ്പോൾ ഉള്ള റൂട്ടിനെക്കാൾ അര മണിക്കൂർ മുന്നേ എത്തുന്ന റൂട്ട് കണ്ടപ്പോൾ അത് എടുത്തു.. ഒടുക്കത്തെ ചുരം മോശം റോഡും.. രാത്രി ആയിട്ടും ഗോവക്ക് 100km ഇപ്പുറത്തെ എത്തിയുള്ളു അവസാനം വഴിയിൽ കണ്ട ഒരാളോട് ചോദിച്ചു ഹോട്ടലിൽ എത്തി .. പിറ്റേന്ന് രാവിലെ 6 മണിക്ക് നോർത്ത് ഗോവയിലേക്ക്.. calangute beach,baga beach,anjuna beach ഒക്കെ കണ്ടു.. വൈകുന്നേരം chapora ഫോർട്ട് പോയി.. ഇവിടുന്നുള്ള അസ്തമയ കാഴ്ച സൂപ്പറാണ്..
ഗോവയിലെ രണ്ടാം ദിവസം ഓൾഡ് ഗോവ പോയി.. ചർച്ച് ഒക്കെ കണ്ടു.. ഗോവ കഴിഞ്ഞു നേരെ കാസർഗോഡേക്ക്.. രാത്രി എത്തി അന്നവിടെ നിന്നു…. പിറ്റേന്ന് വീട്ടിലേക്ക്.. യാത്ര തീരുന്ന സങ്കടം ഒപ്പം വീട്ടിലെത്തുന്നതിന്റെ സന്തോഷവും.. ഉച്ചക്ക് കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ നിന്ന് നല്ല ബീഫ് ബിരിയാണിയും കല്ലുമ്മക്കായ പൊരിച്ചതും.. കഴിഞ്ഞ കുറെ ദിവസങ്ങൾ റൊട്ടിയും ദാലും കഴിച്ചതിന്റെ പ്രതികാരം…. അങ്ങിനെ പതുക്കെ വണ്ടി ഓടിച്ച് മലപ്പുറം പരപ്പനങ്ങാടി എത്തി.. ടൗണിൽ നിന്ന് വീട്ടിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിയുമ്പോൾ തോന്നിയ ഫീൽ ഉണ്ട് സഞ്ചാരികളെ അത് പറഞ്ഞറിയിക്കാൻ കഴിയില്ല..
കശ്മീർ, ലഡാക് സ്പിറ്റി വാലി ഒന്നും കിട്ടിയില്ല but there is always a next time. ഇത് വരെയുള്ള യാത്രകളിൽ ഏറ്റവും എൻജോയ് ചെയ്ത യാത്രയിതാണ് ..ദൂരെ മലകളും വശങ്ങളിൽ നെല്പാടങ്ങളുമൊക്കെയായി ഒട്ടും വാഹനത്തിരക്കില്ലാത്ത റോഡുകൾ..നഗരങ്ങൾ, ഗ്രാമങ്ങൾ, പച്ച മനുഷ്യർ, ചുരങ്ങൾ, ട്രാഫിക്, ഖവാലി, മലമുകളിൽ തണുത്തു വിറച്ച് ടെന്റിലെ ഉറക്കം, കണ്ടു മുട്ടിയ ആളുകൾ, അവരുടെ കഥകൾ(ജീവിതം), ഒറ്റക്ക് കോട്ടയിൽ വെച്ചു കണ്ട സൂര്യാസ്തമയം, ബുർഖക്കുള്ളിലെ കണ്ണുകൾ, വഴിയരികിലെ പുഞ്ചിരികൾ..ഞാനും ബൈക്കും കൂട്ടിന് ഏകാന്തതയും..
യാത്രകൾ പോകാനാഗ്രഹിക്കുന്നവരോട് ഒന്നേ പറയാനുള്ളു .. all you have to do is start.. everything else will happen.. നമ്മൾ ചെയേണ്ടതായിട്ടുള്ളത് തുടങ്ങുകയെന്നത് മാത്രമാണ് ..ബാക്കി എല്ലാം സംഭവിച്ചിരിക്കും (യാത്രകൾ അവസാനിക്കാതിരിക്കട്ടെ).