ബംഗ്ലാദേശിലേക്ക് ചെലവു കുറച്ചൊരു യാത്ര പോകാം? എങ്ങനെ?

വിവരണം – രഞ്ജിത്ത് ഫിലിപ്പ്.

മുൻവിധികളെല്ലാം തിരുത്തികുറിച്ച അതിമനോഹരമായ ഒരു യാത്രക്കു ശേഷമാണ് കുറച്ചു ദിവസം മുമ്പ് ഞാൻ ബംഗ്ലാദേശിൽ നിന്ന് തിരിച്ചെത്തിയത്. ബംഗ്ലാദേശ് അടക്കമുള്ള ചില നാടുകളെ യാത്രികർ വല്ലാതെ അവഗണിക്കുന്നതിന് പല കാരണങ്ങളും ഉണ്ടാവാം. അതെന്തു കൊണ്ടായാലും അത്തരം നാടുകളും വഴികളും തേടി പിടിച്ച് യാത്ര ചെയ്താൽ കിട്ടുന്ന അനുഭവങ്ങളുടെ മനോഹാരിത നമുക്ക് ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്തതായിരിക്കും. ഏറ്റവും ഒടുവിൽ നടത്തിയ ഈ യാത്രയും അക്കാര്യം അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു.

ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഏറ്റവും പിന്നിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. ലോകത്തിന്റെ കാര്യം എന്താണെങ്കിലും ഇത്രയും സുന്ദരമായ ഒരു സ്ഥലം ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ലിസ്റ്റിൽ പോലും ഏറ്റവും പിന്നിൽ ഇടം പിടിച്ചിരിക്കുന്നതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്. പൊതുവേ എത്തിപ്പെടാൻ സാധിക്കാത്ത വിധം വിദൂരമായ സ്ഥലങ്ങളും, ഉത്തര കൊറിയ പോലെ പ്രവേശനത്തിന് കഠിന നിയന്ത്രണമുള്ള മേഖലകളും, അതീവ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുള്ള സ്ഥലങ്ങളുമൊക്കെയാണ് ടൂറിസം പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുക. പക്ഷെ ഇതിലേതു മാനദണ്ഡം വെച്ചു നോക്കിയാലും ബംഗ്ലാദേശ് വലിയ ഒരു പ്രശ്നക്കാരനല്ല.

ഒരിന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം വിസ വേണമെന്നതൊഴിച്ചാൽ ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്ത് പോയി വരുന്നത്രയും ലളിതമാണ് കാര്യങ്ങൾ. നൂറ്റാണ്ടുകളായി ചരിത്രവും സംസ്കാരവുമെല്ലാം നമ്മോടൊത്തു പങ്കുവെച്ചു കൊണ്ടിരുന്നവർ ഇന്നു മറ്റൊരു രാജ്യമായി സ്ഥിതി ചെയ്യുന്നു എന്നതു മാത്രമാണ് വ്യത്യാസം. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് ഏറ്റവും എളുപ്പത്തിലും ചിലവു കുറഞ്ഞും പോയി വരാൻ പറ്റുന്ന രാജ്യവുമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് പോലെ തന്നെ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാനിൽ ഇന്നൊരു ഇന്ത്യൻ പൗരനു പ്രവേശിക്കണമെങ്കിൽ നൂറു വേലിക്കെട്ടുകൾ മറി കടക്കേണ്ടതുണ്ട്. എങ്കിൽ പോലും സ്വതന്ത്രമായ ഒരു ടൂറിസ്റ്റ് വിസ ആ രാജ്യത്തേക്ക് കിട്ടുക എന്നത് ഏറെക്കുറെ അസാധ്യം തന്നെയാണ്. അപ്പോഴാണ് പ്രത്യേക സഞ്ചാരസ്വാതന്ത്ര്യ നിയന്ത്രണങ്ങളൊന്നുമില്ലാത്ത സൗജന്യ വിസയുമായി പഴയ ഈസ്റ്റ് പാക്കിസ്ഥാനായിരുന്ന ബംഗ്ലാദേശ് നമ്മളെ കാത്തിരിക്കുന്നത്.

ചിലവു കുറവും സൗജന്യ വിസയുമല്ല ബംഗ്ലാദേശിന്റെ പ്രധാന ആകർഷണം. ഹിമാലയത്തോളം തന്നെ ഗാംഭീര്യമുള്ള ഹിമാലയൻ നദികളുടെ നാടാണ് ബംഗ്ലാദേശ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചതുപ്പുനിലമെന്ന് പറയാൻ പറ്റുന്ന ബംഗ്ലാദേശിലേക്കാണ് ഹിമാലയൻ നദികളിലെ ജലത്തിന്റെ തൊണ്ണൂറു ശതമാനവും ഒഴുകിയെത്തുന്നത്. ലോകത്തിലെ തന്നെ വൻ നദികളിൽ പെട്ട ഗംഗയും ബ്രഹ്മപുത്രയും പിന്നെ മേഘനയുമെല്ലാം കൂടി ചേർന്ന് ഒന്നാവുന്നത് ബംഗ്ലാദേശിൽ വെച്ചാണ്. ഈ സംയുക്ത നദീ പ്രവാഹത്തേക്കാൾ കൂടുതൽ ജലം വഹിക്കുന്നവയായി ലോകത്താകെയുള്ളത് ആമസോണും, കോംഗോ നദിയും മാത്രമാണെന്ന് കൂടി ഓർക്കുമ്പോഴാണ് നമുക്കിതിന്റെ വലിപ്പം പിടികിട്ടുക. അതുകൊണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സ്വന്തം ആമസോണിനെ കാണേണ്ടവർ ബംഗ്ലാദേശിലേക്ക് വണ്ടി പിടിക്കുക.

വൻനദികളും ,ഉൾനാടൻജലഗതാഗതവും, ജലജീവിതവും എന്താണെന്ന് കാണാൻ ഇതിലും നല്ലൊരു സ്ഥലമുണ്ടാവില്ല. ഒരു പക്ഷെ ആമസോൺ പോലും ഇത്ര വലിയ ഒരു മനുഷ്യ ആവാസ വ്യവസ്ഥയെ സപ്പോർട്ട് ചെയ്യുന്നുണ്ടാവില്ല. എതാണ്ട് ഇരുപതു കോടിയോളം ജനങ്ങളധിവസിക്കുന്ന ബംഗ്ലാദേശിലെ ഈ നദികളിലോടുന്ന ഭീമാകാരൻ ലോഞ്ച്ബോട്ടുകളും, ചരക്കു കപ്പലുകളും വെച്ചു നോക്കിയാൽ വേമ്പനാട്ടു കായലിലെ ഹൗസ് ബോട്ടുകളൊക്കെ കൊച്ചു വള്ളങ്ങൾ മാത്രമാണെന്ന് പറയാം.

പക്ഷെ ഭൂമിശാസ്ത്രവും പ്രകൃതിഭംഗിയും മാത്രം നോക്കി യാത്ര ചെയ്യുന്നവർക്ക് ഇവിടം പെട്ടെന്ന് മടുത്തേക്കാം. നദികളും ചതുപ്പുകളും വയലുകളും മാത്രം നിറഞ്ഞ ഒരു ചെറിയ കയറ്റമോ കുന്നോ പോലുമില്ലാതെ ഒരു പോലെയിരിക്കുന്ന ഈ സമതലപ്രദേശം ഏറെക്കുറെ എല്ലായിടത്തും ഒരേ കാഴ്ചകൾ മാത്രമാണ് നൽകുന്നത്. ചിറ്റഗോംഗ് ഡിവിഷനിലെ കുന്നിൻ പ്രദേശങ്ങളും സിൽഹറ്റിലെ തേയില തോട്ടങ്ങളും മാത്രമാവും അപവാദം .

പക്ഷെ സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയപരവുമായുള്ള കാഴ്ചകൾ തീർച്ചയായും ഒട്ടും മടുപ്പിക്കുന്നതല്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിലൊന്നായിരുന്ന ഇന്ത്യാ വിഭജനത്തിന്റെ ഇരകളാണ് നാമെല്ലാവരും. അതിന്റെ ഈ മറുവാതിൽ കാഴ്ച തരുന്ന തിരിച്ചറിവുകൾ മാത്രം മതി ബംഗ്ലാദേശ് സന്ദർശനം ഒരു വലിയ മുതൽക്കൂട്ടാവാൻ.

കഴിഞ്ഞ ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെയുള്ള ഒരു മാസം ബംഗ്ലാദേശും , ത്രിപുരയടക്കമുള്ള വടക്കുകിഴക്കൻ മേഖലകളിലുമുള്ള ഒരു ഹ്രസ്വ സന്ദർശനം ലക്ഷ്യമിട്ടായിരുന്നു പോയതെങ്കിലും, കുടുംബത്തിൽ വന്ന ചില അടിയന്തര സാഹചര്യങ്ങൾ മൂലം ഇത്തവണ യാത്ര പതിനേഴ് ദിവസത്തിൽ അവസാനിപ്പിക്കേണ്ടി വന്നു. അതിൽ പതിനൊന്നു ദിവസം മാത്രമായിരുന്നു ബംഗ്ലാദേശിൽ ഉണ്ടായിരുന്നത്. എങ്കിലും ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ബംഗ്ലാദേശ് തന്ന നല്ല അനുഭവങ്ങൾ മറക്കാൻ സാധിക്കുന്നില്ല. വളരെ സാധാരണക്കാരനായ ഒരു സന്ദർശകനെ എല്ലാ അർത്ഥത്തിലും സഹായിക്കാൻ വേണ്ടി ആൾക്കാർ മൽസരിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. ടൂറിസം തൊട്ടുതീണ്ടാത്ത ബംഗാളി മാത്രം സംസാരിക്കുന്ന ഉൾനാടൻ മേഖലകളിൽ പോലും ഭാഷയറിയാത്ത എനിക്ക് യാതൊരു ബുദ്ധിമുട്ടും വരാതിരിക്കാൻ വഴിയിൽ കണ്ടവരെല്ലാം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

ബംഗ്ലാദേശിൽ കണ്ടതും കേട്ടതുമായ പ്രധാനപ്പെട്ട ചിലത് താഴെ കൊടുക്കുന്നു…. ധാക്ക , ചിറ്റഗോംഗ് എന്നീ വൻ നഗരങ്ങൾ, ഖുൽന , ജെസ്സോർ , കോമില്ല , ബരിസാൾ എന്നീ പ്രാദേശിക നഗരങ്ങൾ. കോക്സ് ബസാർ , കുവാക്കട്ട ബീച്ച് എന്നീ കടൽത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങൾ. കുവാക്കട്ടയിലെ ബുദ്ധിസ്റ്റ് ഗ്രാമങ്ങൾ. ധാക്കയിലെ സദർഘട്ട് തുറമുഖം ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ചതും വലുതുമായ നദീ തുറമുഖങ്ങളിലൊന്നാണ്. അവിടെ നിന്ന് ബരിസാളിലേക്കുള്ള രാത്രി ലോഞ്ച് , ചാന്ദ്പൂരേക്കുള്ള പകൽ ലോഞ്ച്. ബുരിഗംഗ ,പത്മ , മേഘന നദികളും പിന്നെ അവയുടെ പല കൈവഴികളും.

ധാക്ക നഗരത്തിന്റെയും ബംഗ്ലാ നേഷന്റെയും സാംസ്കാരിക തലസ്ഥാനമെന്ന് പറയാവുന്ന ധാക്ക യൂണിവേഴ്സിറ്റി കാമ്പസ് , ഷാബാഗ് ചത്വരം , നാഷനൽ ടെമ്പിൾ ആയ ധാക്കേശ്വരി ക്ഷേത്രമടക്കമുള്ള നിരവധി അമ്പലങ്ങൾ. നാഷനൽ മോസ്ക് ആയ Baitull Mukarram അടക്കം നിരവധി മോസ്കുകൾ. ഏറ്റവും ഇഷ്ടമായ മറ്റൊന്ന് , നമ്മുടെ പൈതൃക തീവണ്ടികളോട് ഉപമിക്കാവുന്ന, ബംഗ്ലാ നദികളിലൂടെ ഓടുന്ന ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ‘റോക്കറ്റ്’ എന്നറിയപ്പെടുന്ന പാഡിൽ സ്റ്റീമർ ലോഞ്ചിലെ യാത്രയായിരുന്നു. മ്യാൻമാർ അതിർത്തിയിലെ ടെക്നാഫ് പട്ടണം , നാഫ് നദി , സെന്റ് മാർട്ടിൻ ദ്വീപ് . വർത്തമാനകാലത്തെ ഏറ്റവും വലിയ അന്തർദേശീയ പ്രശ്നങ്ങളിലൊന്നായ റോഹിംഗ്യൻ പലായനത്തിന്റെ കേന്ദ്ര ബിന്ദുവാണ് ഈ മേഖല . (ടെക്നാഫ് മേഖലയിൽ വെച്ച് കണ്ട റോഹിംഗ്യൻ അഭയാർത്ഥികളും അവരുടെ ക്യാമ്പുകളും നമ്മളും ഈ അഭയാർത്ഥികളും തമ്മിലുള്ള വ്യത്യാസം എത്ര നേർത്തതാണെന്ന് ഞെട്ടലോടെ ഓർമ്മിപ്പിച്ചു).

ചിറ്റഗോംഗിൽ നിന്ന് Akhoura റൂട്ടിൽ ഇന്ത്യൻ അതിർത്തിക്ക് സമാന്തരമായി പോയിരുന്ന മീറ്റർഗേജ് പാതയിലെ ട്രെയിൻ യാത്ര. രണ്ടു കൊല്ലം മുൻപ് ആസാമിലെ ബരാക് വാലി റെയിൽവേയിൽ യാത്ര ചെയ്യാനെത്തിയപ്പോഴേക്കും നൂറ്റാണ്ടു പഴക്കമുള്ള ആ പാത പുതിയ ബ്രോഡ്ഗേജ് പാതക്കു വഴിമാറിയിരുന്നു പക്ഷെ ഇവിടെ വെച്ച് ആ പഴയ റെയിൽപാതയുടെ ഇന്നും ബാക്കി നിൽക്കുന്ന ബംഗ്ലാദേശി ഭാഗത്ത് യാത്ര ചെയ്യാൻ സാധിച്ചത് മനസ്സുനിറഞ്ഞ ഒരു യാദൃശ്ചികതയായി അനുഭവപ്പെട്ടു. ഇതിനെല്ലാമുപരിയായി ബംഗ്ലാദേശിന്റെ പലഭാഗങ്ങളിൽ വെച്ച് യാദൃശ്ചികമായും അല്ലാതെയുമൊക്കെ കണ്ടുമുട്ടിയ മനുഷ്യൻമാർ , അവരായിരുന്നു ശരിക്കും ഈ യാത്രയെ നിർണ്ണയിച്ചത്.

ഈ യാത്രയിൽ എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം ചിറ്റഗോംഗ് ഹിൽട്രാക്ട് മേഖല സന്ദർശിക്കാൻ പറ്റാതിരുന്നതാണ് . ബംഗ്ലാദേശിൽ ആകെയുള്ള പർവത മേഖലയായ ഇവിടം ബുദ്ധമതക്കാരായ ട്രൈബൽ വിഭാഗക്കാരുടെ കേന്ദ്രമാണ് . പക്ഷെ വിദേശ പൗരൻമാർ ഇവിടം സന്ദർശിക്കണമെങ്കിൽ മുൻകൂർ അനുമതി ആവശ്യമാണ് മാത്രമല്ല ഒരു അംഗീകൃത ഗൈഡിന്റെ ഒരുമിച്ചോ ,ട്രാവൽ ഏജൻസികൾ വഴിയോ മാത്രമേ പോകാൻ സാധിക്കൂ.

ബംഗ്ലാദേശ് യാത്രക്കാർക്ക് ഉപകാരപ്പെട്ടേക്കാവുന്ന കുറച്ചു വിവരങ്ങളും ചില നിർദേശങ്ങളും…. ബംഗ്ലാദേശ് വിസ:- ഇന്ത്യക്കാർക്കുള്ള സന്ദർശക വിസ സൗജന്യമാണ്. ഡൽഹിയിലെ എംബസിയിൽ നിന്നും അഗർത്തല, കൽക്കത്ത കോൺസുലേറ്റുകളിൽ നിന്നും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തന്നെ വിസ കിട്ടാറുണ്ട്. പക്ഷെ അതിന് നമ്മൾ തന്നെ നേരിട്ട് കോൺസുലേറ്റിലെത്തണം. അതല്ലെങ്കിൽ ഏതെങ്കിലും ഏജൻസി വഴി ചെയ്യുന്നതാണ്. കോഴിക്കോട് റിയ ട്രാവൽസിൽ നിന്നു വിസയെടുക്കാൻ എനിക്ക് ആയിരം രൂപയേ ചിലവു വന്നുള്ളൂ. പത്തു ദിവസം കൊണ്ട് വിസയടിച്ച് പാസ്പോർട്ട് കിട്ടി. ചിലപ്പോൾ പതിനഞ്ചു ദിവസം വരെ എടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യം വിസയടിക്കുന്ന അന്നു മുതൽ ഒരു മാസം വരെയാണ് പ്രവേശിക്കാനുള്ള സമയം. അതു കൊണ്ട് യാത്ര തുടങ്ങുന്നതിനും വളരെ മുന്നേ വിസയെടുക്കുന്നവർ എൻട്രി ഡേറ്റ് പ്രത്യേകം ശ്രദ്ധിക്കുക. എൻട്രി ഡേറ്റ് മുതൽ ഒരു മാസത്തേക്കായിരുന്നു എന്റെ വിസയുടെ കാലാവധി . (ഓൺലൈൻ വിസ പ്രൊസസിംഗ് ഉണ്ടോ അഥവാ ഉണ്ടെങ്കിൽ എങ്ങിനെയാണ് എന്ന് അറിയില്ല).

ട്രാവൽ :- അവനവന്റെ സൗകര്യവും സാമ്പത്തികവും അനുസരിച്ച് ബസോ , ട്രെയിനോ , ഫ്ലൈറ്റോ തിരഞ്ഞെടുക്കാം . നേരിട്ട് പോകാൻ ഏറ്റവും ചിലവ് കുറഞ്ഞത് ബസാണ്. AC Volvo ബസിന് കൽക്കത്ത – ധാക്ക Rs.1200 to Rs.1400 ആണ് ചാർജ്. Agartala – Dhaka , Guwahati -Dhaka റൂട്ടുകളിലും ബസുണ്ട് . കൽക്കത്ത സാൾട്ട്ലേക്കിലെ കരുണാമൊയി ബസ്ടെർമിനലിൽ നിന്ന് ഞായർ ഒഴികെ എല്ലാ ദിവസവും ബസുണ്ട്. രാവിലെ എട്ടിനും പതിനൊന്നരയ്ക്കും ഇടയിലാണ് സർവീസ് സമയം. വിസയടിച്ച പാസ്പോർട്ടുമായി എത്തിയാൽ അപ്പോൾ തന്നെ ടിക്കറ്റ് കിട്ടും. പന്ത്രണ്ടു മണിക്കൂർ യാത്രാ സമയം എന്നാണ് വെപ്പെങ്കിലും പത്മാ നദിയിലെ ജങ്കാർ ക്രോസ് ചെയ്യാനുള്ള ക്യൂ മാത്രം പലപ്പോഴും നാലും അഞ്ചും മണിക്കൂറുകൾ നീളാറുണ്ട്.

ട്രെയിൻ:- ബസിനേക്കാളും ചാർജ് കുറച്ചു കൂടി കൂടുതലാണെങ്കിലും യാത്രാ സമയം കുറവാണെന്നതു കൊണ്ടും , അതിർത്തിയിൽ ഇമിഗ്രേഷനു വേണ്ടി ഇറങ്ങണ്ട, വഴിയിൽ ജങ്കാർ കടക്കേണ്ട എന്നിങ്ങനെ പലതു കൊണ്ടും ട്രെയിനാണ് കൂടുതൽ സൗകര്യപ്രദം. പക്ഷെ ട്രെയിനുകളിൽ തിരക്ക് കൂടുതലായതിനാൽ അഡ്വാൻസ് റിസർവേഷൻ നിർബന്ധം. വിസയും പാസ്പോർട്ടുമായി നേരിട്ട് സ്റ്റേഷനിൽ ചെന്ന് എടുക്കണം. ഞാൻ പോയ സമയത്ത് രണ്ടാഴ്ച അപ്പുറത്തേക്കേ ടിക്കറ്റ് ലഭ്യമായിരുന്നുള്ളൂ. സമയം കുറവും സാമ്പത്തികം കൂടുതലുമുള്ളവർക്ക് വേണ്ടി ഫ്ളൈറ്റുകളുമുണ്ട്. പക്ഷെ ബസിലോ ട്രെയിനിലോ അതിർത്തി ക്രോസു ചെയ്യുന്ന ആ ഒരു സുഖം ഒരിക്കലും കിട്ടില്ല.

ഇതുകൂടാതെ ഏറ്റവും ചിലവു കുറഞ്ഞ മാർഗ്ഗം ബോർഡർ ചെക്ക് പോസ്റ്റുകളിൽ നേരിട്ടെത്തി ലോക്കൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതാണ്. കൽക്കത്തയിൽ നിന്ന് പെട്രാപോൾ ബെനാപോൾ ബോർഡറിലേക്ക് അൻപതു രൂപ ചിലവിലും എത്താം. പക്ഷെ കൽക്കത്തയിൽ നിന്ന് ഇങ്ങിനെ പോകുമ്പോൾ ചെക് പോസ്റ്റിലെ ക്യൂ സാമാന്യം വലുതാണ്. നേരിട്ടുള്ള ബസ് യാത്രക്കാരാണെങ്കിൽ ഈ ക്യൂവിൽ നിൽക്കാതെ പെട്ടെന്നു ഊരിപ്പോകാം. പക്ഷെ അഗർത്തലയിലെ ചെക് പോസ്റ്റിലാണെങ്കിൽ നേരിട്ട് വന്നാലും വലിയ തിരക്ക് ഉണ്ടാവില്ല.

താമസം , ഭക്ഷണം :- ഏതൊരു വടക്കേ ഇന്ത്യൻ നഗരങ്ങളും പോലെ തന്നെ ചിലവ് കുറച്ചു കൂടി കുറവ് ആയിരിക്കും. നോൺവെജ് സ്നേഹികളുടെ പറുദീസ ആണിവിടം. റൂമെടുക്കുമ്പോൾ കൊടുക്കാൻ പാസ്പോർട്ട് കോപ്പി ആവശ്യത്തിനു കരുതുക . booking.com ആണ് ഓൺലൈൻ ചെയ്യാൻ നല്ലത്.

ഇന്റർസിറ്റി ട്രാൻസ്പോർട്ട്:- ബസും , ട്രെയിനും , ലോഞ്ച് ബോട്ടും തുടങ്ങി നിരവധി വഴികൾ . ബസും , ബോട്ടും ബുക്ക് ചെയ്യാൻ Shohoz ആണ് നല്ലത് , അവരുടെ മൊബൈൽ ആപ്ളിക്കേഷൻ വഴി ബുക്ക് ചെയ്യുന്നതിലും നല്ലത് ബ്രൗസറിൽ ഓപ്പൺ ചെയ്ത് ചെയ്യുന്നതാണ് . Soudia , Shyamoli , Greenline , Hanif എന്നിങ്ങനെ നിരവധി കമ്പനികളുടേതായി ഏത് റൂട്ടിലും ബസുകൾ സുലഭം . സാധാരണ ബസ്റ്റാന്റുകളിൽ നിന്ന് പുറപ്പെടുന്ന ലോക്കൽ റൂട്ടിൽ ഓടുന്ന ബസുകളിൽ പോലും ചിലപ്പോൾ സീറ്റ് നമ്പർ കാണും. അതുറപ്പാക്കി ടിക്കറ്റ് എടുക്കുക . ട്രെയിൻ ഓൺലൈൻ ഇപ്പോൾ ലഭ്യമല്ല , നേരിട്ടെത്തി എടുക്കുക , തലേന്നെങ്കിലും ടിക്കറ്റ് എടുത്താൽ സീറ്റ് ഉറപ്പാക്കാം , അല്ലെങ്കിൽ ബോഗിയുടെ മുകളിൽ ഇരുന്നും പോകാം.

ഭാഷ:- സർവം ബംഗാളി മയം. ഇംഗ്ലീഷിലുള്ള ബോർഡുകൾ പോലും അപൂർവ്വം. ഏറ്റവും പ്രശ്നം അക്കങ്ങളിൽ പോലും ബംഗാളി മാത്രമാണ് ഉപയോഗിക്കുന്നത് എന്നതാണ്. അതു കൊണ്ട് തന്നെ ബസ് ട്രെയിൻ സമയവിവര പട്ടികകൾ, ബസ് നമ്പർ പ്ലേറ്റുകൾ, സീറ്റ് നമ്പരുകൾ എന്നിവ പോലും മനസ്സിലാക്കാൻ പ്രയാസം. വെസ്റ്റ് ബംഗാളിലെ പോലെ ഹിന്ദി കൊണ്ട് ജീവിക്കാമെന്നും കരുതേണ്ട. നഗരങ്ങൾക്കു പുറത്ത് സാർവലൗകിക ഭാഷയായ ആംഗ്യങ്ങളും മുഖഭാവവും തന്നെയാണ് ഏറ്റവും നല്ലത്.

കറൻസി:- ബംഗ്ലാദേശി ടാക്ക . ഞാൻ പോയ സമയത്ത് ഒരു രൂപക്ക് 1.28 ടാക്ക കിട്ടി. മടക്കയാത്രയിൽ 500 ടാക്ക കൈയ്യിൽ കരുതുക. ചെക്ക്പോസ്റ്റിലെ ബാങ്ക് കൗണ്ടറിൽ അഞ്ഞൂറു ടാക്ക അടച്ച രസീത് കാണിച്ചാലേ എക്സിറ്റാവാൻ സാധിക്കൂ. സിം കാർഡ് :- ഗ്രാമീൺ ഫോൺ സിം ആണ് ഏറ്റവും നല്ലത്. ഏത് മുക്കിലും മൂലയിലും സാമാന്യം നല്ല സ്പീഡിൽ നെറ്റ് കിട്ടും. ബോർഡർ കടക്കുമ്പോൾ തന്നെ എടുത്താൽ നല്ലത്.

സുരക്ഷിതത്വം:- ഇന്ത്യയുടെ വൻനഗരങ്ങളും ഉൾഗ്രാമങ്ങളും വടക്കുകിഴക്കൻ മേഖലകളുമൊക്കെ അത്ര സുരക്ഷിതമല്ല എന്നാണ് പറയുന്നത്. അതുപോലെ തന്നെയാണ് ബംഗ്ലാദേശും . നിലവിൽ മലയാളം യാത്രാ ഗ്രൂപ്പുകളിലൊന്നും ബംഗ്ലാദേശ് യാത്രയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും ലഭ്യമല്ലാത്തതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. ഞാൻ പോയി വന്നതിനു ശേഷം നിരവധി സുഹൃത്തുക്കൾ ഈ വിവരങ്ങൾ തിരക്കി വിളിച്ചിരുന്നു. ഈ കുറിപ്പ് എല്ലാവർക്കും കുറച്ചുകൂടി ഉപകാരപ്രദമാവും എന്ന് പ്രതീക്ഷിക്കുന്നു .

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply