ഗൾഫിൽ പോകുന്നതിനു മുന്നേ പ്രിയതമയുമൊത്ത് ഒരു സ്വീറ്റ് യാത്ര..

യാത്രാ വിവരണം എഴുതി തയ്യാറാക്കിയത് – Aniyan JP.

ഇത്തവണ 4 മാസം ലീവ് ഉണ്ടായിരുന്നിട്ടും ആരോഗ്യപരമായ കാരണങ്ങളാൽ ഭാര്യയുമായി എങ്ങും യാത്ര പോകാൻ പറ്റിയിരുന്നില്ല. .ഗൾഫിൽ തിരിച്ചു പോകാൻ ഇനി 7 ദിവസം ..രാവിലെ 8 മണിക്ക് എണീറ്റ് ചായയും കുടിച്ച് മൊബൈലിൽ ഫെസ്ബുക്ക് നോക്കിയപ്പോൾ ആരോ ഒരാൾ ബൈക്കിൽ യാത്ര പോയ വിശേഷങ്ങൾ കണ്ടു. അപ്പോൾ ഒരു മോഹം ഒരു ദിവസത്തെ ഒരു ടൂർ പോയലോ? ഉടനെ പ്രിയതമയെ വിളിച്ച് കാര്യം പറഞ്ഞു. ഞാൻ പറഞ്ഞതും അവൾ കേൾക്കാൻ കൊതിച്ചിരുന്നപോലെ അവൾ 10 മിനിട്ടിനുള്ളിൽ റെഡി ആയി വന്നു .. ടൂർ പോകുന്ന കാര്യം വീട്ടിൽ പറഞ്ഞില്ല , ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകുന്നു, തിരിച്ചു വരുമ്പോൾ തിയറ്ററിൽ കേറി സിനിമ കാണും എന്നും പറഞ്ഞ് ഇറങ്ങി .. കാരണം പോകുന്നത് നല്ല ബെസ്റ്റ് വണ്ടിയിൽ ആണ് 🙂 വെസ്പ്പ സ്കൂട്ടി .. അതും പോകാൻ ഉദ്ദേശിയ്ക്കുന്നത് തമിഴനാട്ടിൽ , അതും ഒരു 350 കിലോമീറ്ററോളം 😉 … ആറ്റിങ്ങൽ നിന്നു തെന്മല ,പാലരുവി, തെങ്കാശി ,കുറ്റാലം അതാണ് പ്ലാൻ .. ഒരു കൂട്ടുകാരനെ വിളിച്ച് പോകുന്ന വഴിയും എല്ലാം തിരക്കി .. പിന്നെ ഗൂഗ്ല്ലി മാമനെ തിരഞ്ഞും വഴി കണ്ടെത്തി.

ഒൻപത് മണി ആയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി . നിരാശപെടുത്താൻ നല്ല മഴകാർ ഉണ്ട് . മഴ പെയ്താൽ എല്ലാം കുളമാകും , വണ്ടി ആണെങ്കിൽ പെട്ടെന്ന് ടയർ തെന്നുന്നതും ആണ്. എന്തായലും ഇറങ്ങി .ഇനി പോയിട്ടെ ഉള്ളു കാര്യം. 400 രൂപയ്ക്ക് പെട്രോളും അടിച്ച് ആറ്റിങ്ങലിൽ നിന്നും കിളിമാനൂർ… അവിടെ നിന്നും ഗൂഗ്ലി മാമൻ പറഞ്ഞു തന്ന എളുപ്പ വഴിയെ മടത്തറയിലേയ്ക്ക് .. “എന്റെ മാമ ഇങ്ങനെ മനുഷ്യനെ വലിയ്പ്പിക്കരുത് ,“ ഷോർട്ട്കട്ട് എന്നും പറഞ്ഞു പോകുന്ന വഴി ഒരു സൈക്കളിനു പോലും പോകാൻ പറ്റാത്ത വഴി , നല്ല മുട്ടൻ കല്ലുകളും കുഴികളും ഉള്ള കുറെ കൂതറ റോഡുകൾ .ആ വഴിയിലെങ്ങാനും വീണു പോയൽ ആരെങ്കിലും അറിയാൻ തന്നെ 2 ദിവസം എടുക്കും..വഴി തെറ്റി എവിടെയോക്കെയോ ചെന്നു .അവസാനം ചോദിച്ചൂ ,ചോദിച്ചൂ എങ്ങനെയെങ്കിലും മടത്തറ മെയിൻ റോഡിൽ എത്തി. അവിടെനിന്നും കുളത്തുപുഴയിലേയ്ക്ക് .സത്യം പറയാലോ നല്ല കൂതറ റോഡ് .. വണ്ടി കുഴിയിൽ വീഴുമ്പോൾ പ്രിയതമ ഇടയ്ക്കിടയ്ക്ക് പൊങ്ങി റോഡിലോട്ട് വീഴാൻ പോകുന്നുണ്ട്.. ഞാൻ എന്നെ കെട്ടി പിടിച്ചിരുന്നോളാൻ പറഞ്ഞു..

കുളത്തുപുഴയിൽ എത്തിയപ്പോൾ പ്രസിദ്ധമായ അയ്യപ്പൻക്ഷേത്രം ,എന്തായാലും ഇത്രയും ദൂരെ വന്നു ,പോകുന്നത് കാട്ടിൽ കൂടിയുള്ള വഴിയിലൂടെയും. ഒരു സഹായത്തിനു കാനനവാസനെ കണ്ട് തൊഴുതു. അവിടെ നിന്നു ഇറങ്ങി . 11 മണി ആയി . വിശപ്പിന്റെ അസുഖം എന്നെ അലട്ടുന്നുണ്ടായിരുന്നു .. അടുത്ത് കണ്ട ഗൾഫ് എന്ന പേരുള്ള ബേക്കറീയിൽ കയറി 2 മുട്ടപഫ്സും ചായയും കുടിച്ചു 😉 . പിന്നെ അവിടെ നിന്നു നേരെ തെന്മല . അവിടെ ഡാമും കാണാൻ ഇറങ്ങി , വണ്ടിയിൽ നിന്നു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു , “എടി ശ്രീജെ ബാഗ് വണ്ടിയുടെ അകത്ത് വയ്ക്ക് കൈയ്യിൽ കൊണ്ട് നടന്നാൽ വാനരരാജന്മാർ തട്ടിയെടൂക്കും എന്നു “. എവിടെ കേൾക്കാൻ , ഞാൻ തമാശയ്ക്ക് പറഞ്ഞതാണെന്ന് കരുതി അവൾ ബാഗും എടുത്ത് എന്റെ പിറകെ വന്നു ..ഡാമിൽ കേറാൻ ഉള്ള പാസ്സും ഏടുത്ത് ഡാം കണ്ടു.തിരിച്ച് റോഡിൽ വരുന്ന വഴി അടൂത്തു നിന്ന അവൾ ഒരു വിളി .. നോക്കിയപ്പോൾ അവളുടെ ബാഗ് ഒരു മരത്തിന്റെ മുകളിൽ .കുറച്ച് നേരമായി ഒരു കുരങ്ങച്ചൻ നമ്മുടെ പിറകെ നടക്കുന്നുണ്ട്.അവൾ കൈയ്യിൽ ഇരുന്ന ചിപ്സ് കൊടുക്കുന്നതും കണ്ട്.. ചിപ്സ് തീർന്നതും അവൻ ബാഗും തട്ടി എടുത്ത് മരത്തിന്റെ മുകളിൽ കേറി .പ്രിയതമ കരച്ചിലോട് കരച്ചിൽ.

“ഭർത്താവ് ചൊല്ലും കുരങ്ങൻ കഥ ആദ്യം ഭാര്യ ചിരിയ്ക്കും പിന്നെ കരയും “.. അവൾ പറഞ്ഞപ്പോൾ ആണ് അറിയുന്നത് മാറ്റി വാങ്ങാൻ വച്ചിരുന്ന 3 പവന്റെ സ്വർണ്ണവളയും അവളുടെ മൊബൈലും അതിൽ ആണെന്നു ..ഈശ്വരാ എന്റെ നെഞ്ചൊന്നു കാളി.കാട്ടിന്റെ അകത്ത് ആയതുകൊണ്ടും സഞ്ചാരികൾ കുറവായതുകൊണ്ടും ആരും ഇല്ല അടുത്ത് .ഞാൻ ഒരു കല്ല് എടുത്ത് എറിഞ്ഞു.. പാകിസ്താൻ വിട്ട റോക്കട്ട് പോലെ അത് എങ്ങോ പോയി.. ഇപ്പോൾ ആ കുരങ്ങന്റെ അടുത്ത് 2 പേർകൂടി വന്നു, അവർ ബാഗിനായി പിടിവലി കൂടുന്നു .ഞാൻ അടുത്ത് കണ്ട ഒരു കമ്പ് ഒടിച്ചെടുത്ത് എറിഞ്ഞു.ഭാഗ്യം അവന്റെ തലയിൽ തന്നെ കൊണ്ടു. ബാഗ് താഴേയ്ക്ക് വീണു.. ഞാൻ പോയി ഏടുത്തതും കുരങ്ങന്മാർ എല്ലാവരും അലറി വിളിച്ച് കൊണ്ട് ഇറങ്ങി താഴെയ്ക്ക് വന്നു .ഞാൻ ബാഗും കൊണ്ട് അവളുടെ കൈയ്യും പിടിച്ച് ഓടി.. കുരങ്ങന്മാർ പിറകെ .അവസാനം റോഡീൽ എത്തിയപ്പോൾ അവിടെ ഒരു ഗാർഡ് നിൽക്കുന്നു .അയാൾ കൈയ്യിൽ ഇരുന്ന വടി കൊണ്ട് കുരങ്ങന്മാരെ ഓട്ടിച്ചു ..

അവിടെ നിന്നും പെട്ടെന്നു തന്നെ വണ്ടിയിൽ കയ്യറി പാഞ്ഞു. നേരെ പാലരുവിയിലേയ്ക്ക് ..നല്ലത് പറയല്ലോ നല്ല സൂപ്പർറോഡ് , കാട്ടിന്റെ അകത്തുകൂടെ വളഞ്ഞും പുളഞ്ഞുമുള്ള റോഡ്.ആറു അറുപതിൽ വണ്ടി .. ഒരു വശത്ത് കാട്ഒരു വശത്ത് അച്ചൻ കോവിലാറും. ബ്രിട്ടീഷുകാർ കെട്ടിയ റെയിൽ 13 ആർച്ച് പാലവും കഴിഞ്ഞ് നേരെ പാലരുവിയിലേയ്ക്ക് . അവിടെന്ന് പാസ്സും എടുത്ത് പാലരുവിവെള്ളച്ചട്ടം കണ്ടു. പോകുന്ന വഴിയും വെള്ളച്ചട്ടവും നയനമനോഹരം. ഇനിയും കുറെ പോകാൻ ഉണ്ട്.പെട്ടെന്നു തന്നെ അവിടെന്നും ഇറങ്ങി വണ്ടി ആര്യങ്കാവ് ചെക്ക്പോസ്റ്റും കഴിഞ്ഞ് ചെങ്കോട്ടയിലേയ്ക്ക് .. ചെങ്കോട്ടയിലേയ്യ് മലയിറക്കം ആ‍ണ്. മുകളിൽ നിന്നു തന്നെ ദൂരെയുള്ള റോഡ് കാണം. ഹൊ എന്തു മനോഹരം .. പച്ചപരവതാനി വിരിച്ചത് പോലെ വയൽ‌പ്പാടങ്ങളും അതിന്റെ നടുവിലൂടെ വണ്ടികൾ പായുന്ന റോഡും റോഡിന്റെ വശങ്ങളിൽ കൂറ്റൻ കാറ്റാടി യന്ത്രങ്ങളും …

മലയിറങ്ങുന്ന വഴിയിൽ 2 പേർ‘ നൊങ്ക് (പനയുടെ ഇളങ്കരിക്ക്) വിൽക്കുന്നത് കണ്ടു.. ഒന്നു കഴിയ്ക്കാൻ തോന്നി , വണ്ടി റോഡീനരികെ നിർത്തി . നമ്മളെ കണ്ടപ്പോഴെ 2 കരിക്ക് വെട്ടി തന്നു . എന്നോട് പനങ്കള്ള് വേണോ എന്നു ചോദിച്ചു.. ഞാൻ പറഞ്ഞു ‘ വണ്ടി ഓട്ടിയ്ക്കാ‍ാൻ ഉള്ളതാ, പിടിത്തമായാലോ എന്നു “ .അവർ പറഞ്ഞു ഒരു കുഴപ്പവുമില്ല, നല്ല തണുപ്പായിരിയ്ക്കും എന്നു . പിന്നെ നോക്കിയില്ല എനിക്ക് 2 കോപ്പ കള്ള് തന്നു.അവൾക്ക് കരിക്കിന്റെ വെള്ളവും .. 3 കരിക്കും 2 കള്ളും കുടിച്ചപ്പോൾ രൂപ 600 ..ഈശ്വര നെഞ്ചോന്ന് കാളി .ചോദിച്ചപ്പോൾ അവർ അടിയ്ക്കാൻ നിൽക്കുന്നു.ഒന്നാമത് കാട്. റോഡീൽ ഒരു വണ്ടി പോലുമില്ല . കൂടുതൽ തർക്കിക്കാതെ പൈസയും കൊടൂത്ത് തടിതപ്പി..

പിന്നെ മലയിറങ്ങി ചെങ്കോട്ടയിലേയ്ക്ക് .. ആ റോഡ് എനിക്ക് വർണ്ണിയ്ക്കാൻ കഴിയുന്നില്ല.. അത്രയ്ക്ക് സുന്ദരം.. കേരളത്തിൽ നിന്നു അന്യംനിന്നു പോകുന്ന വയലോലകൾ , എല്ലയിടത്തും നെൽക്യഷി.. പച്ചപട്ട് ഉടുത്ത സുന്ധരമായ ഗ്രാ‍മം . പിന്നെ റോഡ് , സുന്ദരൻ റോഡ്. അത് കാണുംപ്പോൾ ആണ് കേരളത്തിലെ റോഡ് എത്രമാതം വ്യത്തികെട്ടതാണെന്ന് തോനുന്നത്. .. അവിടെ നിന്നു തെങ്കാശിയിലേയ്ക്ക് ,1.30 ആയപ്പോൾ തെങ്കാശിയിൽ എത്തി .പ്രസിദ്ധമായ ഉലഗമൺ അമ്പലത്തിലേയ്ക്ക് പോയി , പക്ഷേ അകത്ത് കയറാൻ പറ്റിയില്ല. പാറയിൽ തുരന്ന് ഉണ്ടാക്കിയ അമ്പലം .അടഞ്ഞ് കിടക്കുന്നു .. അവിടെ നിന്നും ചെറുതായി ആഹാരം കഴിച്ച് തിരിച്ച് പോകാമെന്നു വിചാരിച്ചു.. ഇപ്പോൾ ഇറങ്ങിയാലെ 5 മണിയ്ക്ക് എങ്കിലും വീട്ടിൽ എത്തു .അങ്ങനെ വിചരിച്ച് മുന്നോട്ട് പോയപ്പോൾ ഒരു ബോർഡ് കണ്ടു ..സുന്ധരപാണ്ഡ്യപുരം 9 കിലോമീറ്റർ. മുൻപ് എവിടെയോ വായിച്ചിട്ടുണ്ട് , അതി സുന്ദരമായ ഒരു ഗ്രാമം ആണ് . പിന്നെ അന്യൻ സിനിമയിൽ ഒരു പാട്ട് ശങ്കർ അവിടെയാണ് ഷൂട്ട് ചെയ്തതെന്നും .. എന്തായലും 9 കിലോമീറ്റർ ..

പിന്നെ ചിന്തിച്ചില്ല..അവൾ ആണെങ്കിൽ എന്നോട് എവിടെ പോകാനും റെഡി …സത്യം പറയാലോ ഇത്രയും സുന്ധരമായ ഒരു ഗ്രാമം ഞാൻ കണ്ടിട്ടില്ല… അങ്ങോട്ടുള്ള 9 കിലോമീറ്ററിൽ 7 കിലോമീറ്ററും വയലും മലകളും പുഴകളും ആണ്. എനിക്ക് വർണ്ണിയ്ക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത്ര നയനമനോഹരം ആണ് അങ്ങോട്ടുള്ള വഴി ..പകുതി എത്തുമ്പോൾ തന്നെ ഒരു പാറകൂട്ടം കാണാം.. അവിടെ പാറയിൽ തമിഴിലെ സൂപ്പർതാരങ്ങളുടെ പെയിന്റിംഗ് വരച്ചു വച്ചിട്ടുണ്ട്.. അന്യൻ സിനിമയ്ക്ക് വേണ്ടി ചെയ്തതാണ് അത് .അതിന്റെ മുന്നിൽ നിന്നു ചെറുതായി പാട്ടുപാടി ഡാൻസ് കളിച്ചു 😉 “ അണ്ടങ്കാക്ക കൊണ്ടക്കാരി രണ്ടക്ക രണ്ടക്ക “ 🙂 കുറച്ച് നേരം തണുത്ത കാറ്റേറ്റ് അവിടെ നിന്നു .. മാലിന്യങ്ങളും വിഷമയം ഇല്ലാത്തതുമായ ശുദ്ധവായു . അവിടെ നിന്നും വീണ്ടും ഗ്രാമത്തിലേയ്ക്ക് .വയലിന്റെ അരികിലും മരങ്ങളിലും റോഡിലും മയിലുകൾ . ആ കാഴ്ചകൾ എല്ലാം കണ്ട് മനസ്സിലുള്ള എല്ലാ വിഷമങ്ങളും മാറിയത് പോലെ. ഗ്രാമത്തിൽ എത്തി അപ്പോൾ തന്നെ വണ്ടീ‍ തിരിച്ചു വിട്ടു.. തെങ്കാശിയിൽ എത്തി .

അവിടെ നിന്നു 6 കിലോമീറ്റർ കുറ്റാലം വെള്ളച്ചാട്ടം.. എന്തായാലും നനഞ്ഞു ഇനി കുളിച്ച് കയറാം. നേരെ കുറ്റാലത്തേയ്ക്ക് . മെയിൻ വെള്ളച്ചാട്ടം കാണാൻ പോയി, അവിടെ നിന്നും ചായയും വടയും .. തിരിച്ചു വരാൻ നോക്കിയപ്പോൾ അടുത്ത ബോർഡ് കണ്ണിൽ പെട്ടു.ഫൈവ് വാട്ടർഫാൾസ് 5 കിലോമീറ്റർ. പിന്നെ അങ്ങോട്ട് പോയി .കുറച്ച് നേരം അവിടെ നിന്നു.. വെള്ളച്ചാട്ടത്തിൽ കുളിയ്ക്കണമെന്നുണ്ട്.പക്ഷേ സമയം അതിക്രമിച്ചിരിയ്ക്കുന്നു.. അവിടെ നിന്നും 3 കിലോമീറ്റർ കഴിഞ്ഞതും മഴ തുടങ്ങി.. നനയാൻ വയ്യത്തത്കൊണ്ട് ഒരു കടയിൽകേറി നിന്നു 20 മിനിട്ട്..പിന്നെ യാത്ര തിരിച്ചു വീട്ടിലേയ്ക്ക്. കുളത്തുപുഴ എത്തിയപ്പോൾ നല്ല ചിമിട്ടൻ മഴ ,മണി 6 ആയി. വീട്ടിൽ നിന്നും ഫോൺ വിളി വന്നു തുടങ്ങി.. 1 മണിക്കൂർ നിർത്താതെ മഴ പെയ്തു. ഒരു ബസ്സ്സ്റ്റോപ്പിൽ കയറി നിൽക്കേണ്ടി വന്നു ..

അപ്പോഴണ് അവൾ കൈയ്യിലെയ്ക്ക് നോക്കിയത് .അവിടെ കിടന്ന വാച്ച് കാണാൻ ഇല്ലാ . അവൾക്ക് ആകെ വിഷമം , അത് എവിടെയോ നഷ്ടപെട്ടിരുന്നു. ഞാൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന കൊടുത്ത ആദ്യ ഗിഫ്റ്റ് ആയിരുന്നു ആ വാച്ച് .അതുകൊണ്ടാകാം അവളുടെ വിഷമം. എവിടെ പോയി എന്നു ഓർമ്മയില്ല . മൊബൈലിലെ ഫോട്ടോസ് നോക്കിയപ്പോൾ അവസാനം കുറ്റാലം വരെ കൈയ്യിൽ വാച്ച് ഉണ്ട്. അവൾ പറഞ്ഞു “ ചേട്ടാ വാ നമുക്ക് തിരിച്ച് പോയി നോക്കാം എന്നു” . ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു “ എടി മോളെ സമയം ഇത്രയും ആയി , ഇനി വീണ്ടും 50 കിലോമീറ്റർ ഈ രാത്രി വണ്ടി ഓടിച്ച് പോയി എവിടെ എന്നും പറഞ്ഞു നോക്കും. അത് പോട്ടെ“. “എന്നാലും ചേട്ടാ ഇത്രയും വിലയുള്ള വാച്ച് ചേട്ടൻ ആദ്യമായി തന്ന സമ്മാനം,വിഷമം ആകുന്നു.“ അവളുടെ പരിഭവം. ” മോളെ ശ്രീ ഒരു സമ്മാനത്തേക്കാളും സന്തൊഷവും സുഖവും ഈ യാത്രയിൽ നമ്മൾ അനുഭവിച്ചു, അതുകൊണ്ട് അതു പോകട്ടെ, ഈ സന്തോഷത്തിൽ കൂടുതൽ ഒന്നും അല്ല ഒരു സമ്മാനവും വിലകൂടിയ വാച്ചും. നീ കൂൾ ആകൂ”. അവളെ ഞാൻ ആശ്വസിപ്പിച്ചു.

മഴ കുറയില്ല എന്നു കണ്ടപ്പോൾ പിന്നെ തൂവനന്തുമ്പികൾ സിനിമ ഓർമവന്നു.. മഴ നനയാൻ തീരുമാനിച്ചു. പ്രിയതമ രണ്ട് കൈകൾ കൊണ്ട് എന്നെ ഇറൂക്കി കെട്ടിപിടിച്ച് വണ്ടിയുടെ പിറകിൽ , ആ പ്രണയത്തിനു മേൽപൊടിയായിട്ട് മഴയും .. പിന്നെ എന്തു വേണം .വണ്ടി കുതിച്ചു പാഞ്ഞു .വണ്ടിയ്ക്ക് നല്ല മൈലേജ് ഉള്ളത്കൊണ്ട് കടയ്ക്കൽ വച്ച് വീണ്ടും 200 രൂപയ്ക്ക് കൂടി പെട്രോൾ അടിച്ചു 🙂 .. ഗൂഗിൾ മാമൻ പറഞ്ഞ വഴിയെ പോകാതെ നല്ല മെയിൻ റോഡീൽ കൂടി കിളിമാനൂർ എത്തി ,അവിടെ എം.സി റോഡിൽ “ വഴിയോരകട” എന്ന ഒരു നല്ല ഹോട്ടൽ ഉണ്ട്. അവിടന്ന് അപ്പവും താറാവ് ഇറച്ചിയും തിന്നു വീട്ടിൽ എത്തിയപ്പോൾ മണി 9.30.

 

12 മണിക്കൂർ കൊണ്ട് 12 വർഷം കൊണ്ട് പോലും കിട്ടാത്ത ഒരു മനസുഖമായിരുന്നു ഈ യാത്രയിൽ ഞങ്ങൾക്ക് കിട്ടിയത് .12 മണിക്കൂറിൽ 10 മണിക്കൂറും വണ്ടിയിൽ യാത്രയിൽ ആയിരുന്നുു. കൂടുതൽ ദൂരവും പിന്നെ ഒരു ദിവസത്തെ പ്ലാനും ആയത് കൊണ്ട് ഒരിടത്തും കൂടുതൽ ഇറങ്ങി സമയം കളഞ്ഞില്ല. വണ്ടിയിൽ യാത്ര ചെയ്തു തന്നെ ആണ് ഞങ്ങൾ ഈ യാത്ര ആസ്വദിച്ചത്. ഒരു ശതമാനം പോലും യാത്രക്ഷീണമോ വണ്ടിയിൽ ഇരുന്നുള്ള മടുപ്പോ ഞങ്ങൾക്ക് ഉണ്ടായില്ല 🙂 കാരണം ഞങ്ങൾക്ക് കാഴ്ചകൾ ഇറങ്ങി നിന്നു കണ്ട് ആസ്വദിയ്ക്കുന്നതിനെക്കാൾ ഇഷ്ടം സുന്ദരകാഴ്ചകൾ കണ്ട് വണ്ടിയിൽ എങ്ങോട്ടെന്നില്ലാതെ പോകുന്നത് ആണ് 😉 റൈഡ് ചെയ്തു പൊയ്ക്കൊണ്ടെയിരിയ്ക്കണം. യാത്രകൾ എന്നും പ്രണയാർദ്രമായ തൂവാനതുമ്പികളെ പോലെയാണ് ….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply