ഭാരതമണ്ണിൽ നിന്നുകൊണ്ട് ചൈനയുടെ ആകാശത്തിലേക്ക്…

വിവരണം – ജിതിൻ ജോഷി.

രാവിലെ നേരത്തെ തന്നെ എണീറ്റു.. 8.00 ന് റെഡി ആയി നിൽക്കാനായിരുന്നു വിശാൽ ഭായ് പറഞ്ഞിരുന്നത്..
പറഞ്ഞ സമയത്തു തന്നെ വജ്റ ടാക്സി സ്റ്റാൻഡിൽ എത്തി.. വണ്ടി നമ്പർ നേരത്തെ തന്നിരുന്നത് കൊണ്ട് തപ്പാൻ തീരുമാനിച്ചു.. ടാക്സി സ്റ്റാണ്ടിനുള്ളിലേക്ക് കടന്നതും കണ്ണ് തള്ളിപ്പോയി.. ഒരേ നിറത്തിലും രൂപത്തിലും ഉള്ള നൂറുകണക്കിന് വണ്ടികൾ അടുക്കി വച്ചിരിക്കുന്നു.. കൂടുതലും ക്രൂയിസർ, മാക്സ് കാറുകൾ ആണ്.. എന്തു ചെയ്യും എന്ന് ആലോചിച്ചു നിക്കുമ്പോൾ ഡ്രൈവറുടെ കാൾ വന്നു… ആശാൻ ഇപ്പോളും പെർമിറ്റ്‌ ഓഫീസിൽ ആണത്രേ..
ഇന്നലെയെ പെർമിറ്റ്‌ എല്ലാം ഓക്കേ ആയി എന്നു തള്ളീട്ടുപോയ മഹാനാണിപ്പോ ഇങ്ങനെ പറയുന്നത്..

ഏതാണ്ട് ഒരുമണിക്കൂർ അവിടവിടെ വായിനോക്കി നിന്നപ്പോളേക്കും ആശാൻ വന്നു.. എല്ലാവരും വണ്ടിയിലേക്ക്..
ഏറ്റവും പിറകിലാണ് സീറ്റ്‌ കിട്ടിയത്.. യാത്ര തുടങ്ങി.. ഇടുങ്ങിയ വഴിയാണ്.. ഗാങ്ടോക്ക് വിട്ട് മുന്നോട്ടു പോകുന്തോറും വഴി കൂടുതൽ ഭീകരമായി വന്നു.. ഇത്രയും ഉയരത്തിലും റോഡ് അത്യാവശ്യം ഭംഗിയായി സൂക്ഷിക്കാൻ BRO ചെയ്യുന്ന പ്രവർത്തങ്ങൾ വിലമതിക്കാൻ ആവാത്തതാണ്.. ഒരു വശം അത്യഗാധമായ കൊക്ക.. ഓക്സിജന്റെ ലഭ്യതക്കുറവ്.. ഇവയുടെയെല്ലാം ഇടയിലും റോഡുപണിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളെ കാണാനിടയായി..

ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ പേടിപ്പിക്കുന്ന യാത്രയ്ക്കവസാനം മെയിൻ ചെക്‌പോസ്റ്റിൽ എത്തി..
ഇവിടെയാണ്‌ നമ്മുടെ പെർമിറ്റും id കാർഡും ചെക്ക് ചെയ്യുന്നത്… ഇവയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മുന്നോട്ടുള്ള യാത്ര നടക്കില്ല.. അങ്ങനെ തിരിച്ചുപോവുന്ന നിരവധി വാഹനങ്ങൾ കണ്ടു.. (ഒറിജിനൽ id കാർഡ് കൈവശം വയ്ക്കാൻ ശ്രദ്ധിക്കണം ). ചെക്കിങ്ങിനു ശേഷം വീണ്ടും യാത്ര.. പിന്നെയും കുറച്ചു നേരത്തെ ഓട്ടത്തിനു ശേഷം ആ ഇളം ചുവപ്പുനിറത്തിലുള്ള കെട്ടിടം കണ്ണിൽപെട്ടു..

ഇത്‌ നാഥുലാ ബോർഡർ.. ഇന്ത്യയും ചൈനയും അതിരുകൾ പങ്കുവയ്ക്കുന്നയിടങ്ങളിൽ ഒന്ന്.. ഞാനിവിടെ എത്തുമ്പോൾ സമയം ഏതാണ്ട് രാവിലെ പതിനൊന്നുമണി കഴിഞ്ഞിരുന്നു.. അതിർത്തി കൂടാരത്തിലേക്കുള്ള പടവുകൾ കയറുമ്പോളെ കണ്ടു ശ്വാസതടസം മൂലം ഓക്സിജൻ മാസ്കിന്റെ സഹായത്തോടെ ശ്വസിച്ചുകൊണ്ട് നിലത്തിരിക്കുന്ന ഒരുപാട് പേരെ.. ആ സമയത്തും വീശിയടിക്കുന്ന ശീതക്കാറ്റ് ഇട്ടിരിക്കുന്ന ജാക്കേറ്റുകളുടെ എണ്ണം പോരാ എന്നോർമിപ്പിച്ചുകൊണ്ടിരുന്നു.. ഒരുപാട് ബഹുമാനം തോന്നി അവിടെ സേവനം ചെയ്യുന്ന ധീരജവാന്മാരോട്.. ഇത്രയും മുകളിൽ ശ്വാസം എടുക്കാൻ പോലും വിഷമിച്ചുകൊണ്ട് ഓരോനിമിഷവും ജാഗരൂകരായി നിൽക്കുമ്പോളും അതിൽ ഒരാളുടെ മുഖത്തുപോലും അൽപ്പം ക്ഷീണമോ മുഷിപ്പോ കണ്ടില്ല എന്നത് അഭിമാനം ഉണ്ടാക്കി.. കൂടെ ഉള്ളിൽ അൽപ്പം സങ്കടവും.. ഇവർ നാടും വീടും കുടുംബവും വിട്ട് ഈ മലമുകളിൽ തോക്കേന്തി നിൽക്കുന്നതിന്റെ ഫലമാണ് നമ്മൾ ഇന്നും വരയ്ക്കുന്ന അംഗഭംഗം വരാത്ത ഇന്ത്യ..

കൂടെ ഉണ്ടായിരുന്ന അനിയൻ ഒരു ആർമി ഓഫീസർ ആയതുകൊണ്ട് ഇവരുടെ താമസ സ്ഥലങ്ങളും മറ്റ് സൗകര്യങ്ങളും നേരിൽ കാണുവാനിടയായി.. തന്ത്രപ്രധാന ഭാഗങ്ങൾ ആയതുകൊണ്ടുതന്നെ ആ ചിത്രങ്ങൾ ഇവിടെ പങ്കുവയ്ക്കാൻ നിർവാഹമില്ല.. ക്ഷമിക്കുക.. എന്റെ ഇന്ത്യ എന്ന് ഓരോ നിമിഷവും അഭിമാനത്തോടെ പറയുമ്പോൾ ഓർക്കുക ഇങ്ങനെയും ചില മനുഷ്യജന്മങ്ങൾ ഉണ്ട്.. നമ്മുടെ രാജ്യത്തിന്റെ, നമ്മുടെ സ്വന്തം പടയാളികൾ.. എല്ലാവരോടും കുശലം പറഞ്ഞു, സംശയങ്ങൾ ചോദിക്കുന്നവരുടെ ചോദ്യങ്ങൾക്കു ചിരിച്ച മുഖത്തോടെ തന്നെ മറുപടി പറഞ്ഞു അവർ ആ മലമുകളിലെ സഞ്ചാരികളുടെ ഓർമ്മകളിൽ ഇടം പിടിക്കുന്നു..

ഇന്ത്യൻ സഞ്ചാരികളുമായ് ചെറിയ രീതിയിൽ കുശലം പറയുന്ന ചൈനയുടെ ജവാന്മാരും പുതിയ ഒരു അനുഭവമായി. മനുഷ്യൻ തീർത്ത ഒരു മുള്ളുവേലിക്കപ്പുറവും ഇപ്പുറവുമായി കുറേ ജീവിതങ്ങൾ.. അളന്നും തൂക്കിയും പരസ്പരം ചിരിക്കാൻ വിധിക്കപ്പെട്ടവർ. കുശലം ചോദിക്കുമ്പോളും “ശത്രു” എന്ന മുദ്ര മായ്ച്ചുകളയാൻ അനുവാദമില്ലാത്ത അതിർത്തിയിലെ സുഹൃത്തുക്കൾ. പക്ഷേ ഇവിടെയും സൗഹൃദങ്ങൾ പൂക്കാറുണ്ട്.. പക്ഷേ അവ ഈ മുള്ളുവേലിയുടെ അപ്പുറവും ഇപ്പുറവും ആയിത്തന്നെ ഒതുങ്ങിപ്പോവുന്നു..

നിറഞ്ഞ മനസോടെയാണ് അവിടെനിന്നും പടികൾ ഇറങ്ങിയത്. പക്ഷേ ഞാൻ എത്ര നോക്കിയിട്ടും ഇന്ത്യൻ മണ്ണും ചൈനയുടെ മണ്ണും തമ്മിൽ ഒരു വ്യത്യാസവും കാണാനായില്ല.. പിന്നെന്തിനാണാവോ ഈ അതിർത്തികൾ.. ?? ഇനി ലക്ഷ്യം ചങ്കു തടാകവും ബാബ ഹർഭജൻ സിംഗിന്റെ അമ്പലവും.. ഒരുപാട് സ്നേഹത്തോടെ, തികഞ്ഞ ബഹുമാനത്തോടെ നാഥുലാ അതിർത്തിയിൽ നിന്നും ഞാൻ യാത്രയായി..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply